ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനെ കണ്ടെത്താന്‍ നടപടി തുടങ്ങിയതായി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് പറഞ്ഞു. മികച്ച പരിശീലകര്‍ ബ്ലാസ്റ്റേഴ്‌സുമൊത്ത് പ്രവര്‍ത്തിക്കാന്‍ താത്പര്യം അറിയിച്ചിട്ടുണ്ട്.പരിശീലകനെ വൈകാതെ പ്രഖ്യാപിക്കുമെന്ന് സ്‌കിന്‍കിസ് പറഞ്ഞു. അടുത്ത സീസണില്‍ ടീം ശക്തമായി തിരിച്ചു വരും. മോശം പ്രകടനം ഒരു സീസണില്‍ക്കൂടി ആവര്‍ത്തിക്കാന്‍ കഴിയില്ല. അതിനാല്‍ മികച്ച ടീമിനെ ഒരുക്കിയെടുക്കാനാണ് ശ്രമിക്കുന്നത്.
കഴിഞ്ഞ സീസണില്‍ ഉണ്ടായ പാകപ്പിഴവുകള്‍ തിരിത്തും. ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം കളിക്കാര്‍ക്കല്ല, തനിക്കാണ് എന്നും ക്ലബ്ബ് പുറത്തുവിട്ട വീഡിയോയിലൂടെ സ്‌കിന്‍കിസ് അറിയിച്ചു. യുവതാരങ്ങള്‍ അടങ്ങിയ ടീം അടുത്ത സീസണില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കും.ചില താരങ്ങളെ യൂറോപ്പിലേക്ക് അയച്ച് പരിശീലിപ്പിക്കാനും പദ്ധതിയുണ്ട്. പുതിയ കൂട്ടുകെട്ടുകള്‍ക്ക് ശ്രമിക്കുകയാണെന്നും സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ പറഞ്ഞു.