തൃശൂർ നഗരസഭയിലെ 41 വാർഡുകൾ ഉൾപ്പെടുന്നതാണ് തൃശൂർ നിയമസഭാ മണ്ഡലം. നഗരസഭയിലെ 1 മുതൽ 11 വരെ, 14 മുതൽ 22 വരെ, 32 മുതൽ 39 വരെ , 43 മുതൽ 50 വരെ എന്നീ വാർഡുകൾ ഉൾക്കൊള്ളുന്നതാണ് ഈ മണ്ഡലം. 1991 മുതൽ തുടര്‍ച്ചയായി കോൺഗ്രസ് ആണ് തൃശൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരിക്കുന്നത്.
2016 ലെ തെരഞ്ഞെടുപ്പിൽ സിപിഐ നേതാവും എൽഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വിഎസ് സുനിൽ കുമാര്‍ 53,664 വോട്ടുകളോടെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായ പദ്മജ വേണുഗോപാലിനെ പരാജയപ്പെടുത്തി വിജയം നേടിയിരുന്നു. 46,677 വോട്ടുകളാണ് പദ്മജക്ക് കിട്ടിയത്. 24,748 വോട്ടുകളോടെ ബിജെപി സ്ഥാനാര്‍ത്ഥിയായ ബി ഗോപാലകൃഷ്ണൻ മൂന്നാമതെത്തി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ടിഎം പ്രതാപനാണ് തൃശൂരിൽ നിന്നും വിജയിച്ചത്. സിപിഐയുടെ രാജാജി മാത്യു തോമസാണ് രണ്ടാമതെത്തിയപ്പോൾ ബിജെപിയുടെ സ്ഥാനാർത്ഥിയായി നിന്ന സുരേഷ് ഗോപി മൂന്നാം സ്ഥാനം നേടി.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐയുടെ പി ബാലചന്ദ്രനാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായി തൃശ്ശൂരിൽ മത്സരിക്കുക. നിലവില്‍ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്. കാംകോ ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു. പൗരത്വ ഭേദഗതി ബിൽ വന്നതിനുശേഷം ന്യൂനപക്ഷങ്ങളിൽ വലിയൊരു വിഭാഗത്തിന് മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പി ബാലചന്ദ്രൻ പറയുന്നത്. തൃശൂരിൽ വിഎസ് സുനിൽകുമാർ തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്ന് തൃശ്ശൂർ ആഗ്രഹിക്കുന്നുണ്ടെന്നും ഇടതുപക്ഷത്തിന് വിജയം ഉറപ്പാണെന്നുമാണ് പി ബാലചന്ദ്രൻ പറയുന്നത്.
കോൺഗ്രസിന്റെ പദ്മജ വേണുഗോപാലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തുടർച്ചയായി രണ്ടാം തവണയാണ് തൃശൂരിൽ നിന്നും പദ്മജ ജനവിധി തേടുന്നത്. കഴിഞ്ഞ തവണ മുഖം തിരിച്ചവർ ഇത്തവണ ജയിപ്പിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ലീഡറുടെ മകൾ. വിജയിക്കുകയാണെങ്കിൽ കൃഷിയും വ്യവസായവും ടൂറിസവുമായി ബന്ധപ്പെട്ട് എല്ലാത്തരം വികസനങ്ങളും നടത്തുമെന്നാണ് പദ്മജയുടെ വാഗ്ദാനം. സംഘടന പ്രവർത്തന പരിചയവും കഴിവും നിശ്ചയദാർഡ്യവുമെല്ലാം പത്മജയുടെ പ്രചാരണങ്ങളിൽ പ്രകടമാണ്.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂർ മണ്ഡലത്തിൽ ഇത്തവണ ബിജെപിക്കുള്ള പ്രതീക്ഷ അത്ര തന്നെ വലുതാണ്. അതു കൊണ്ടു തന്നെയാണ് ജന ശ്രെദ്ധ ഏറെയുള്ള സുരേഷ് ഗോപിയെ വീണ്ടും ഇവിടെ സ്ഥാനാർത്ഥിയാക്കിയത്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ എടുക്കാൻ കഴിയാത്ത തൃശ്ശൂരിനെ ഇത്തവണ ജനങ്ങൾ തനിക്ക് തരുമെന്ന ‘വിശ്വാസം’ രക്ഷയാകുമോ എന്നും കണ്ടറിയണം.