കേരളത്തിലെ മറ്റു 139 മണ്ഡലങ്ങളിൽ നിന്നും വ്യത്യസ്തമാണ് പൂഞ്ഞാർ മണ്ഡലം. 139 ഇടത്ത് നിന്നും നിന്നും തെരഞ്ഞെടുത്ത അണികൾ എൽഡിഎഫിലോ, യുഡിഎഫിലോ, എൻഡിഎയിലോ അംഗമാണ്. എന്നാൽ പൂഞ്ഞാർ ഒരു ഒറ്റയാനാണ്. അവിടെ നിന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് എത്തിയത് ആരുടേയും പക്ഷത്ത് അല്ലാത്ത ജനപക്ഷത്തിന്റെ സ്വന്തം പി സി ജോർജ്ജാണ്.
ഒറ്റയാൻ എന്ന പേരിനെ അന്വർത്ഥമാക്കുന്ന വ്യക്തിയാണ് പി സി ജോർജ്ജ്. ആരെയും കൂസാതെ, ആരോടും എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതം. എവിടേക്കും ചാടിപ്പുറപ്പെടുന്ന എന്തിലും ശരി തെറ്റുകൾ പോലും ഗൗനിക്കാതെ അഭിപ്രായങ്ങൾ പങ്കുവെക്കുന്ന അയാളുടെ പ്രകൃതം തന്നെയാണ് പൂഞ്ഞാറിനെ കേരള രാഷ്ട്രീയ ഭൂപടത്തിൽ വ്യത്യസ്തമാക്കുന്നത്.
കേരളത്തിൽ പ്രബലരായി നിൽക്കുന്നത് രണ്ട് പക്ഷക്കാർ മാത്രമായതിനാൽ മിക്ക മണ്ഡലങ്ങളിലും ഒരു ത്രികോണ മത്സരം പോലുമില്ല. എന്നാൽ പൂഞ്ഞാറിലാകട്ടെ സ്ഥിതി വ്യത്യസ്തമാണ്. ചതുഷ്കോണ മത്സരമാണ് പൂഞ്ഞാറിൽ നടക്കുന്നത്. എൽഡിഎഫും യുഡിഎഫും എൻഡിഎയും ശക്തമായ പ്രചാരണങ്ങളുമായി മുന്നിൽ നിൽക്കുമ്പോൾ ഒരു സഖ്യവുമില്ലാതെ ഒറ്റയാനായി ജനപക്ഷവുമുണ്ട്. സിറ്റിംഗ് സീറ്റ് നിലനിർത്താൻ ജനപക്ഷത്തിന്റെ നേതാവ് പിസി ജോർജ്ജ് മുന്നിൽ തന്നെ നിൽക്കുമ്പോൾ ഒറ്റയാൻ വീഴ്ത്താൻ വാരിക്കുഴികളുമായി മൂന്ന് മുന്നണികളുമുണ്ട്.
ഇത്തവണ പി സി ജോർജ്ജിന് കാര്യങ്ങൾ എളുപ്പമാകില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പിടിച്ചുകെട്ടാനാളില്ലാതെ പി സി ജോർജ്ജ് നടത്തിയ തേരോട്ടം തന്നെയാണ് അതിനു പിന്നിൽ ചൂണ്ടി കാണിക്കുന്ന പ്രധാന കാരണം. മുസ്‌ലിം വിരുദ്ധ പരാമർശം മുതൽ വിവിധ വിഷയങ്ങളിൽ ജോർജ്ജ് നടത്തിയ പരാമർശങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്ന സ്വീകാര്യതക്ക് മങ്ങൽ ഏൽപ്പിച്ചിട്ടുണ്ട്. ഈ അവസരം മുതലെടുക്കാൻ കണക്കാക്കിയുള്ള പ്രചാരണമാണ് മറ്റു മുന്നണികൾ നടത്തുന്നത്.
മണ്ഡലത്തിലെ മറ്റൊരു പ്രധാന ശക്തിയായ യുഡിഎഫ് ഏറ്റവും സ്വീകാര്യനായ സ്ഥാനാർത്ഥിയെ തന്നെയാണ് രംഗത്ത് ഇറക്കിയിരിക്കുന്നത്. മണ്ഡലത്തെ അടുത്തറിയുന്ന കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ടോമി കല്ലാനിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കൈപ്പത്തി ചിഹ്നത്തില്‍ അദ്ദേഹം മത്സര രംഗത്തേക്ക് എത്തിയത് പ്രവർത്തകർക്ക് ഏറെ ആവേശം നല്കുന്നുമുണ്ട്. എങ്കിൽ താഴെ തട്ടിലെ സംഘടനയുടെ പ്രവർത്തന കുറവ് കോൺഗ്രസ് ക്യാമ്പിലും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. വരും ദിനങ്ങളിൽ അതെല്ലാം മാറ്റി എടുത്ത് മുന്നേറാൻ തന്നെയാണ് കോൺഗ്രസ് തീരുമാനം.
ഇടത് പാളയത്തിലേക്ക് ചുവട് മാറിയ കേരള കോണ്‍ഗ്രസിന്റെ (എം) അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജില്ല പഞ്ചായത്ത് പ്രസിഡന്റ്, അംഗം എന്ന നിലയിലെ ജനകീയ, വികസന മുഖമുള്ള വ്യക്തിയാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ. പി.സി. ജോര്‍ജിലേക്കുള്ള വോട്ട് ചോര്‍ച്ചയിലൂടെ കഴിഞ്ഞതവണ മൂന്നാംസ്ഥാനത്തായ എല്‍ഡി.എഫ്, ആ വോട്ടുകള്‍ തിരിച്ചെത്തിക്കാന്‍ കഠിനശ്രമത്തിലാണ്. ഇടത് വോട്ടുകൾക്കൊപ്പം പുതുതായി കൂടെ കൂടിയ കേരള കോണ്‍ഗ്രസ് വോട്ടുകളും പിടിച്ചാൽ അത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.
എസ്എന്‍ഡിപി യോഗം നേതാവായ എം പി സെന്നാണ് എൻഡിഎ സ്ഥാനാർഥി. ബിഡിജെഎസ് സ്ഥാനാർത്ഥിക്ക് വേണ്ടി കാലം നിറഞ്ഞ് കളിക്കാൻ പലയിടത്തും ബിജെപി ഇല്ലെന്ന അവസ്ഥയാണുള്ളത്. ബിജെപി വോട്ടുകള്‍ ജോര്‍ജിന് ചോരുമോയെന്ന ഭയം ഇവര്‍ക്കില്ലാതില്ല.
2016ല്‍ എല്ലാ മുന്നണികളെയും പരാജയപ്പെടുത്തി 27,821 വോട്ടുകള്‍ക്കായിരുന്നു പി സി ജോര്‍ജിന്റെ ജയം. അവസാനനിമിഷം സിപിഎം സീറ്റ് നിഷേധിച്ചത് സൃഷ്ട്ടിച്ച സഹതാപതരംഗവും ജോർജ്ജിന്റെ വ്യക്തിപ്രഭാവവുമാണ് അന്ന് ജോർജ്ജിന് സഹായകരമായത്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. ജോർജ്ജിന് വേണ്ടി പ്രത്യേക തരംഗമില്ലെന്ന് മാത്രമല്ല, വ്യക്തി പ്രഭാവത്തിന് മങ്ങൽ ഏൽക്കുകയും ചെയ്തു.
2016 നിയമസഭ തെരഞ്ഞെടുപ്പിൽ പി.സി. ജോര്‍ജ് (ജനപക്ഷം) – 63,621 വോട്ടുകൾ നേടിയപ്പോൾ ജോര്‍ജ്കുട്ടി ആഗസ്തിക്ക് (കേരള കോണ്‍ഗ്രസ് -എം) – 35,800 രണ്ടാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളു. പി.സി. ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്) – 22,270 വോട്ടുകളും, എം.ആര്. ഉല്ലാസ് (ബിഡിജെഎസ്) -19,966 വോട്ടുകളും നേടി.
എന്നാൽ, 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ആന്റോ ആന്റണി (യുഡിഎഫ്) -61,530 വോട്ടുകൾ നേടി മണ്ഡലത്തെ പ്രവചനാതീതമാക്കി. വീണാ ജോര്‍ജ് (എല്‍ഡിഎഫ്) -43,601 വോട്ടുകളും കെ.സുരേന്ദ്രന് (ബിജെപി) -30,990 വോട്ടുകളും നേടി. 2020 തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് വിഹിതം ലഭിച്ചത് എൽഡിഎഫിനാണ്. എല്‍ഡിഎഫ് -54,202 വോട്ട് നേടിയപ്പോൾ യുഡിഎഫ് -52,498 വോട്ടുകളും ബിജെപി -14,159 വോട്ടുകളും നേടി.
ആറ് പതിറ്റാണ്ട് കാലം കെ.എം. ജോര്‍ജിലൂടെ ‘കേരള കോണ്‍ഗ്രസായ’ പൂഞ്ഞാറിൽ ഇത്തവണ ആരെത്തുമെന്ന സസ്പെൻസ് തുടരുകയാണ്. അത് അവസാനിക്കണമെങ്കിൽ മെയ് 2 വരെ കാത്തിരിക്കണം.