മുംബൈ: പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരില്‍ 2.60 ലക്ഷം വ്യാജ ഭവന വായിപ്പകള്‍ വഴി കോടികള്‍ തട്ടിച്ച കേസില്‍ ധനകാര്യ സ്ഥാപനം ഡിഎച്ച്എഫ്എല്ലിനെതിരെയും പ്രമോട്ടര്‍മാര്‍ക്കെതിരെയും സിബിഐ കേസ് എടുത്തു. ഡിഎച്ച്എഫ്എല്‍ പ്രോമട്ടര്‍മാരായ കപില്‍ വദവാന്‍, ധീരജ് വദവാന്‍ എന്നിവര്‍ക്കും അറിയപ്പെടാത്ത പൊതുസേവര്‍ക്കെതിരെയുമാണ് കേസ്.
11, 755 കോടിയിലധികം രൂപയുടെ വ്യാജ ഭവനവായ്പാ അക്കൗണ്ടുകള്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇതിലൂടെ ഇവര്‍ സബ്സിഡി ഇനത്തില്‍ 1,880 കോടി രൂപയാണ് തട്ടിയെടുത്തത്. 2022-ല്‍ എല്ലാവര്ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. സാമ്ബത്തിക ദുര്‍ബല വിഭാഗങ്ങളില്‍ (ഇഡബ്ല്യുഎസ്) നിന്നുള്ളവര്‍ക്കും താഴ്ന്ന, ഇടത്തരം വരുമാന ഗ്രൂപ്പുകളില്‍ നിന്നുള്ളവര്‍ക്കുമാണ് വായ്പ അനുവദിക്കുന്നത്. ഈ വായ്പയുടെ പലിശ സബ്സിഡിയായി ലഭിക്കും. വായ്പകള്‍ അനുവദിച്ച ഡിഎച്ച്എഫ്എല്‍ പോലുള്ള ധനകാര്യ സ്ഥാപനങ്ങളാണ് സബ്സിഡി ക്ലെയിം ചെയ്യേണ്ടത്.
കപിലും ധീരജ് വാധവനും ഡിഎച്ച്എഫ്എലിന്റെ ബാന്ദ്രാ ശാഖയില്‍ മാത്രം 2.6 ലക്ഷം വ്യാജ ഭവനവായ്പ അക്കൗണ്ടുകള്‍ ആരംഭിച്ചിരുന്നു. 2007-2019 കാലയളവില്‍ 14,046 കോടി രൂപ ഈ അക്കൗണ്ടുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചു. ഇതില്‍ 11,755 കോടി മറ്റ് വ്യാജ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചു.
സമൂഹത്തിലെ അവശവിഭാഗങ്ങള്‍ക്ക് വീടുകള്‍ അനുവദിക്കുന്ന പ്രധാനമന്ത്രി ആവാസ് യോജനയിലേക്ക് വായിപ്പ നല്കുന്ന പ്രധാന സ്ഥാപനങ്ങളില്‍ ഒന്നായിരുന്നു ഡിഎച്ച്എഫ്എല്‍. 2019 ഡിസംബര്‍ മുതല്‍ ഡിഎച്ച്എഫ്എല്‍ ബോര്‍ഡിനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മരവിപ്പിച്ചിരിക്കുകയാണ്. ഇതിന് പുറമേ യെസ് ബാങ്ക് കേസിലും ഈ സ്ഥാപനവും പ്രമോട്ടര്‍മാരും ഇ.ഡി അന്വേഷണത്തിലാണ്.