ന്യൂഡല്‍ഹി: ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഹോളി പോലുള്ള ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ.
വരാനിരിക്കുന്ന ഹോളി, ഷബ്-ഇ- ബാരാത്ത്, നവരാത്രി തുടങ്ങിയവ പൊതുസ്ഥലത്ത് ആഘോഷിക്കുന്നതിനും പൊതുസ്ഥലത്തുള്ള ഒത്തുചേരലുകള്‍ക്കും അനുമതിയില്ല. ഇക്കാര്യം കൃത്യമായി പാലിക്കുന്നുണ്ടെന്ന് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാരും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരും ഉറപ്പു വരുത്തണമെന്നും ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.
കൊവിഡ് രൂക്ഷമായി ബാധിച്ച ആദ്യ ഏഴ് സംസ്ഥാനങ്ങളുടെ പട്ടികയിൽ ഡൽഹിയില്ലെങ്കിലും, സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തിലധികം പേർക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം.
വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തുമെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.