ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടുകൂടി നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണ് സംസ്ഥാനത്ത് രേഖപ്പെടു്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്കൂളുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനം. 9,10,11 ക്ലാസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കില്ല. ഹോസ്റ്റലുകളും അടച്ചു.
എന്നാല്‍ പത്താം ക്ലാസിലെ ചില ബോര്‍ഡ് പരീക്ഷകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അവയ്ക്കായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്പെഷല്‍ ക്ലാസ് നടത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. തഞ്ചാവൂരിലെ 11 സ്കൂളുകളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് മാനദണ്ഡം ലംഘിച്ച രണ്ട് സ്വകാര്യ സ്കൂളുകള്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയും സ്വീകരിച്ചു. ഇതിന് ശേഷമാണ് എല്ലാ സ്കൂളുകളും അടച്ചിടാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്.
80 ദിവസത്തിന് ശേഷം പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നതാണ് ആശങ്കയ്ക്ക് കാരണമായത്. രണ്ടാഴ്ച മുന്‍പ് വരെ പ്രതിദിന രോഗികളുടെ എണ്ണം അഞ്ഞൂറില്‍ താഴെമാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസത്തെ രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. 1,087 പേര്‍ക്കാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. മാര്‍ക് ധരിക്കുന്നതുള്‍പ്പടെ രോഗം പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദ്ധേശിക്കുന്നു.
പുതുച്ചേരി, ആന്ധ്ര, കര്‍ണാടക എന്നിവ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിന്ന് വരുന്നവരെ തമിഴ്നാട്ടില്‍ നിരീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ തമിഴ്നാട്ടില്‍ എത്തുന്നവര്‍ പാസ് നിര്‍ബന്ധമായും എടുക്കണം. എന്നാല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. ആളുകള്‍ ജാഗ്രത കൈവിടരുതെന്നും മാസ്ക് ധരിക്കണമെന്നും ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണന് അഭ്യര്‍ത്ഥിച്ചു.