സന: യെമനില്‍ പ്രസിഡന്റിന്റെ കൊട്ടാരം പ്രതിഷേധക്കാര്‍ കൈയേറി. ഏദനില്‍ മആഷിഖ് പ്രസിഡന്‍ഷ്യല്‍ കൊട്ടാരമാണ് പ്രക്ഷോഭകര്‍ കൈയേറിയത്.
സേവനങ്ങളുടെ അഭാവം, മോശം ജീവിത സാഹചര്യങ്ങള്‍, പ്രാദേശിക കറന്‍സിയുടെ മൂല്യത്തകര്‍ച്ച എന്നിവയ്ക്കെതിരായ ജനങ്ങളുടെ രോഷത്തിനിടയിലാണ് പ്രതിഷേധക്കാര്‍ മാഷീഖ് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ അതിക്രമിച്ച് കയറിയത്. അവശ്യ സേവനങ്ങളും ജീവിത സാഹചര്യങ്ങളും സാധാരണ നിലയിലേക്ക് എത്തിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഏറെയായി സമരത്തിലാണ്. യെമന്‍ നാണയം ആഗോള വിപണിയില്‍ കുത്തനെ ഇടിയുന്നത് ജീവിതം താറുമാറാക്കുന്നതായും പ്രക്ഷോഭകര്‍ പറയുന്നു.
ഒമ്ബതു മാസമായി ശമ്ബളം ലഭിക്കാത്ത സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പ്രകടനമായി നീങ്ങിയത്. പ്രധാനമന്ത്രി മഈന്‍ അബ്ദുല്‍ മലിക് ഉള്‍പെടെ ഭരണ നേതാക്കള്‍ കെട്ടിടത്തിനകത്ത് കുടുങ്ങിയിരുന്നു. പ്രതിഷേധക്കാര്‍ കൊട്ടാരത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നതില്‍ നിന്നും പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡുകള്‍ പരാജയപ്പെട്ടു. ഏദന്‍ പോലീസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുത്തഹര് അല്‍-ഷുയിബിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ കൊട്ടാരത്തില്‍ നിന്ന് പിന്മാറിയത്.
പ്രശ്നം തണുപ്പിക്കാനും മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.