അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 17.5 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
നായകന് വിരാട് കോലിയുടെയും ഇഷാന് കിഷന്റെയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ മികവിലാണ് ഇന്ത്യയുടെ വിജയം. കോലി 49 പന്തുകളില്‍ നിന്നും 73 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ ഇഷാന് കിഷന് അരങ്ങേറ്റ മത്സരത്തില്‍ തന്നെ 32 പന്തുകളില്‍ നിന്നും 56 റണ്‍സെടുത്തു.
സ്കോര്‍ ഇംഗ്ലണ്ട് 20 ഓവറില്‍ ആറിന് 164.
ഇന്ത്യ 17.5 ഓവറില്‍ മൂന്നിന് 166.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 45 റണ്‍സെടുത്ത ജേസണ്‍ റോയിയുടെ പ്രകടന മികവിലാണ് ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്.
ഇന്ത്യയ്ക്ക് വേണ്ടി വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടിനൊപ്പമെത്തി (1-1). ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.