പിറവത്തെ പടപ്പുറപ്പാട്

വലിപ്പത്തിലും വോട്ടര്‍മാരുടെ എണ്ണത്തിലും എറണാകുളം ജില്ലയില്‍ ഒന്നാം സ്ഥാനത്തുള്ള മണ്ഡലമാണ് പിറവം. എല്ലാതവണയും വാശിയേറിയ പോരാട്ടം നടക്കുന്ന നിയമസഭാ മണ്ഡലം കൂടിയാണിത്. കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ, ചോറ്റാനിക്കര, മുളന്തുരുത്തി എന്നീ ഗ്രാമപഞ്ചായത്തുകളും മൂവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന ഇലഞ്ഞി, കൂത്താട്ടുകുളം, മണീട്, പാമ്പാക്കുട, പിറവം, രാമമംഗലം, തിരുമാറാടി എന്നീ പഞ്ചായത്തുകളും തൃപ്പൂണിത്തുറ നഗരസഭയുടെ ഭാഗങ്ങളുമാണ് ഈ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.

പൊതുവെ യുഡിഎഫിനോട് ആഭിമുഖ്യമുള്ള മണ്ഡലത്തില്‍ 2012 മുതല്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബാണ് നിയമസഭാപ്രതിനിധി. 2016ലെ തെരഞ്ഞെടുപ്പില്‍ സിപിഐഎം നേതാവ് എംജെ ജേക്കബിനെ 45.77% വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അനൂപ് വിജയിച്ചത്. അതുകൊണ്ടു തന്നെ, കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് പിറവം പാട്ടും പാടി സ്വന്തമാക്കുമെന്ന ആത്മവിശ്വാസവും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. പക്ഷേ, ഇത്തവണ ജോസ് കെ മാണി പക്ഷത്തെ ഒപ്പം കൂട്ടി വന്‍ പരീക്ഷണത്തിന് തന്നെയാണ് എല്‍ഡിഎഫ് മുതിരുന്നത്.


ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ പിറവം ചര്‍ച്ചാകേന്ദ്രമാകുന്നത് സിപിഎമ്മില്‍ നിന്ന് പുറത്തായി കേരള കോണ്‍ഗ്രസിന്‍റെ രണ്ടില ചിഹ്നത്തില്‍ ജനവിധി തേടാനിരിക്കുന്ന ഡോ. സിന്ധുമോള്‍ ജേക്കബിന്‍റെ പേരിലായിരിക്കും. സിപിഎം ബ്രാഞ്ച് അംഗവും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ സിന്ധുമോള്‍ ജേക്കബിനെ, കേരള കോൺഗ്രസ് എം പിറവത്ത് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎം പുറത്താക്കിയത്.

എന്നാൽ, സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്നത് എന്നാണ് സിന്ധുമോള്‍ പ്രതികരിക്കുന്നത്. സിപിഎമ്മിന് സമ്മതമാണെങ്കില്‍ മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ കുഴപ്പമില്ലെന്നായിരുന്നു തന്‍റെ നിലപാടെന്നും ഇനി കേരള കോണ്‍ഗ്രസില്‍ ചേര്‍ന്ന് രണ്ടില ചിഹ്നത്തില്‍ തന്നെ പിറവത്ത് മത്സരിക്കാനാണ് തീരുമാനമെന്നും സിന്ധുമോള്‍ വ്യക്തമാക്കിക്കഴിഞ്ഞു.


പിറവത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം കേരള കോണ്‍ഗ്രസ് എമ്മിലും ചില പടലപ്പിണക്കങ്ങള്‍ക്ക് കാരണമായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപ്പുറം പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുകയും ചെയ്തു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്‍റു കൂടിയായ ജില്‍സിനെ പിറവം സീറ്റിലേക്ക് പരിഗണിച്ചിരുന്നു. സിന്ധുവിന്‍റേത് പേയ്‌മെന്‍റ് സീറ്റാണെന്നുള്‍പ്പെടെ പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ജില്‍സ് ഉന്നയിച്ചത്.

സിന്ധുമോളെ പുറത്താക്കിയ സിപിഎം നടപടി നാടകമാണെന്നും. കോട്ടയം കമ്മിറ്റി പുറത്താക്കിയ സിന്ധുമോളെ പിറവത്തെ സിപിഎം പ്രവര്‍ത്തകര്‍ എങ്ങനെ ചുമക്കുമെന്നും ജില്‍സ് ചോദിക്കുന്നു. ജില്‍സിന്‍റെ രാജി പിറവം നഗരസഭാ ഭരണത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജില്‍സ് പിന്തുണ പിന്‍വലിച്ചതോടെ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം തുല്യ നിലയിലായതാണ് കാരണം. എന്നാല്‍ ഈ പ്രശ്‌നങ്ങളും പ്രാദേശികമായ എതിര്‍പ്പുകളുമെല്ലാം ഒന്നോ രണ്ടോ ദിവസം കൊണ്ട് മാറുമെന്ന വിശ്വാസത്തിലാണ് സിന്ധുമോള്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്.

ജില്‍സ് പെരിയപ്പുറം

പാലക്കുഴ പഞ്ചായത്തില്‍ സിപിഐ പ്രതിനിധിയായിരുന്ന പാലക്കുഴ ഓലിക്കല്‍ ജേക്കബ് ജോണിന്‍റെയും ചിന്നമ്മ ജേക്കബ്ബിന്‍റെയും മകളാണ് സിന്ധുമോള്‍ ജേക്കബ്. പ്രീ ഡിഗ്രി പഠനകാലത്ത് മൂവാറ്റുപുഴ നിര്‍മല കോളേജില്‍നിന്ന് എഐഎസ്എഫ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് അവര്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയത്. കുറിച്ചി ഹോമിയോ കോളേജില്‍നിന്ന് ബിഎച്ച്എംഎസ് ബിരുദം നേടി, ഹോമിയോ ഡോക്ടറായി സ്വകാര്യ പ്രാക്ടീസ് തുടങ്ങിയ സിന്ധുമോള്‍ ഡോ. ജയ്സ് പി ചെമ്മനാട്ടിന്‍റെ വധുവായാണ് ഉഴവൂരിലെത്തുന്നത്.

2005ല്‍ ഇടതു സ്വതന്ത്രയായി മത്സരിച്ച് ജയിച്ചാണ് സിന്ധുമോള്‍ പഞ്ചായത്ത് പ്രസി‍ന്‍റാകുന്നത്. എന്നാല്‍ ഇടതുമുന്നണിക്കൊപ്പം ഉണ്ടായിരുന്ന ഡിഐസി പ്രതിനിധി മോളി ലൂക്കാ കേരള കോണ്‍ഗ്രസ് എമ്മിനൊപ്പം ചേര്‍ന്ന് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ 2009ല്‍ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് സിന്ധുമോള്‍ പുറത്തായി. തുടര്‍ന്ന് 2010ലും 2015ലും ഉഴവൂര്‍ ഗ്രാമപ്പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചിരുന്നു.


നിലവില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗവുമാണ് ഡോ സിന്ധുമോള്‍ ജേക്കബ്. കോട്ടയം അഭയാ സൊസൈറ്റി ജില്ലാ കമ്മിറ്റിയംഗം, ജനാധിപത്യ മഹിള അസോസിയേഷൻ പാലാ ഏരിയ കമ്മിറ്റി അംഗം, ഡോ. കെആർ നാരായണൻ ഫൗണ്ടേഷൻ വൈസ് പ്രസിഡന്‍റ് എന്നീ നിലകളിലും ഇവര്‍ പ്രവർത്തിക്കുന്നുണ്ട്.

1977ലാണ് പിറവം മണ്ഡലം രൂപീകൃതമായത്. അന്ന് കേരള കോണ്‍ഗ്രസിലെ ടിഎം ജേക്കബ് സോഷ്യലിസ്റ്റ് നേതാവ് ആലുങ്കൽ ദേവസിയെ പരാജയപ്പെടുത്തിയാണ് പിറവത്തെ പ്രതിനിധീകരിച്ചത്. 1980ല്‍ പിസി ചാക്കോയാണ് ഇവിടെ ജയിച്ചത്. 1987ല്‍ ഗോപി കോട്ടമുറിക്കലിലൂടെയാണ് മണ്ഡലം സിപിഎം പിടിക്കുന്നത്. പിന്നീട് 2006ല്‍ എംജെ ജേക്കബിലൂടെയാണ് സിപിഎം പിറവത്ത് വെന്നിക്കൊടി നിലനിര്‍ത്തി. 2011ല്‍ ടിഎം ജേക്കബ് ഈ മണ്ഡലം തിരിച്ചുപിടിച്ചു. അദ്ദേഹത്തിന്‍റെ മരണത്തോടെ മകന്‍ അനൂപ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുകയായിരുന്നു. 2016ല്‍ ഈ മണ്ഡലം അനൂപ് നിലനിര്‍ത്തുകയും ചെയ്തു.

അനൂപ് ജേക്കബ്

ഇത്തവണയും പിറവം നിലനിര്‍ത്താന്‍ അനൂപ് ജേക്കബിന്‍റെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണ പരിപാടികള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ വോട്ടു തേടിയായിരുന്നു തുടക്കം. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പര്യടനങ്ങളടക്കം വരും ദിവസങ്ങളില്‍ ഉണ്ടാകും. അതേസമയം, ചുരുങ്ങിയ ഭൂരിപക്ഷത്തിലാണ് അനൂപ് ജേക്കബ് വിജയിച്ചിരുന്നതെന്നും ഇത്തവണ എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നുമാണ് സിന്ധുമോള്‍ ജേക്കബ് ആശ്വസിക്കുന്നത്. ഇടതുമുന്നണിയുടെ തുടര്‍ഭരണമാണ് ഇനിയും ഉണ്ടാകേണ്ടതെന്ന പ്രത്യാശവും അവര്‍ പ്രകടിപ്പിക്കുന്നു.