അതിജീവനത്തിന്‍റെ പെണ്ണുരുവങ്ങള്‍

ലിംഗസമത്വമെന്നത് വാക്കുകളിലൊതുക്കാതെ പ്രവര്‍ത്തിയില്‍ കാട്ടണമെന്ന ഓര്‍മ്മപ്പെടുത്തലോടുകൂടിയാണ് ഓരോ വനിത ദിനവും നമ്മെ കടന്നു പോകുന്നത്. പക്ഷെ, കാലാകാലങ്ങളായി നാം വനിത ദിനത്തെക്കുറിച്ച് സംസാരിക്കുന്നത് ലിംഗ സമത്വം ഇനിയും വിദൂരമായ സമൂഹത്തില്‍ നിന്നാണെന്ന വസ്തുത ഖേദകരം തന്നെ. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും തുല്യ നീതി, വ്യക്തി സ്വാതന്ത്ര്യം, മുഖ്യധാരയിലെ പങ്കാളിത്തം, എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നും സജീവമായുണ്ട്. എന്നാല്‍, പ്രതികൂലാന്തരീക്ഷത്തില്‍ നിലനില്‍പ്പിനായി സ്വന്തം സ്വത്വത്തോടും അതിജീവനത്തിനായി സമൂഹത്തോടും പോരാടി മുന്നേറുന്ന ട്രാന്‍സ്ജെന്‍ഡറുകള്‍ മാതൃകയാണ്.

ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി നയങ്ങളും നിയമങ്ങളും അക്കമിട്ട് നിരത്തുമ്പോഴും അവരോടുളള സമൂഹത്തിന്‍റെ മനോഭാവത്തില്‍ സാരമായ വ്യതിചലനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. എന്നിട്ടും പോരാട്ട വീര്യത്തില്‍ നൂലിഴ വിട്ടുവീഴ്ചയില്ലാതെ സധൈര്യം മുന്നോട്ട് കുതിക്കുകയാണവര്‍. ലിംഗസമത്വത്തെ അവരെക്കാള്‍ നന്നായി ആര്‍ക്കും വ്യാഖ്യാനിക്കാനാവില്ല. പ്രതിസന്ധികള്‍ പലത് മറികടന്ന് ജീവിത വിജയം കയ്യെത്തിപ്പിടിച്ച നാല് ‘ട്രാന്‍സ് വിമന്‍’ ഈ വനിത ദിനത്തില്‍ അന്വേഷണം.കോമിനോട് മനസ്സുതുറക്കുന്നു.

ഇങ്ങനെ അടച്ചാക്ഷേപിക്കുന്നത് നിര്‍ത്തൂ…

ദയ ഗായത്രി

ദയ ഗായത്രി,”വൈകൃതമല്ല ഞങ്ങള്‍ വൈവിദ്ധ്യമാണ്, ആണും പെണ്ണും ഭൂമി പകുത്തെടുത്തപ്പോള്‍ ഇടമില്ലാതെ ഇടയില്‍പ്പെട്ടുപോയവര്‍” എന്ന് അഭിമാനത്തോടെ പറഞ്ഞ എറണാകുളം മഹാരാജാസ് കോളേജിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനി. ഇന്ന് മോഡലിങ് രംഗത്തും നാടകാഭിനയത്തിലും പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലുമൊക്കെ സജീവമായ ദയ പക്ഷെ, അതിക്രമങ്ങളും അവഗണനയും ആക്ഷേപങ്ങളും നിറഞ്ഞ ജീവിതയാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിച്ച വ്യക്തിയാണ്.

അങ്കമാലിയില്‍ ആന്‍റോ- അല്‍ഫോന്‍സ ദമ്പതിമാരുടെ മകനായി ജനിച്ച ദയ തന്‍റെ സ്വത്വത്തിന്‍റെ പേരില്‍ കുട്ടിക്കാലം മുതല്‍ പരിഹാസങ്ങള്‍ക്കും ഒറ്റപ്പെടുത്തലിനും മാത്രമല്ല ലൈംഗികാതിക്രമങ്ങള്‍ക്കും പാത്രമായി. മാനസികമായി തളര്‍ത്തുന്ന സംഭവവികാസങ്ങള്‍ മറികടക്കാന്‍ ആത്മഹത്യ പരിഹാരമാകുമെന്ന ചിന്ത അവള്‍ എപ്പോഴും ഉള്ളില്‍കൊണ്ടു നടന്നു. പക്ഷെ മരിക്കാനുള്ള പേടി ആ ചിന്തകളില്‍ നിന്ന് വ്യതിചലിക്കാന്‍ അവളെ പ്രേരിപ്പിച്ചു.

ദുരിതപൂര്‍ണ്ണമായ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കാലടി ശങ്കര കോളേജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നപ്പോള്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ ചൂഷണം താങ്ങാനാവാതെ കോളേജിന്‍റെ പടിയിറങ്ങേണ്ടി വന്നു അവള്‍ക്ക്. തോറ്റുകൊടുക്കാന്‍ തയ്യാറാകാതെയാണ് മഹാരാജാസ് കോളേജിലേക്കെത്തുന്നത്. പക്ഷെ വിധി അവിടെയും അവള്‍ക്ക് കാത്തുവച്ചത് അവഗണനകളും കളിയാക്കലും തന്നെ. ഇത് ഒരു ആത്മഹത്യ ശ്രമത്തിലേക്കാണ് ദയയെ കൊണ്ടെത്തിച്ചത്. മരണത്തെ നേരില്‍ കണ്ട് തിരികെ വന്ന അവള്‍ ഇനിയെന്ത് വന്നാലും ജീവിതം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിലെത്തി. ഇക്കാലയളവിലാണ് അവള്‍ അവളുടെ യഥാര്‍ത്ഥ സ്വത്വം തിരിച്ചറിയുന്നത്.


ആണ്‍ ശരീരത്തിനുള്ളില്‍ തുടിക്കുന്ന പെണ്‍മനസ്സുമായി ഇനി ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്നു വന്നപ്പോള്‍, ഒരു ദിവസമെങ്കില്‍ ഒരു ദിവസം തനിക്ക് താനായി ജീവിക്കണമെന്ന് തോന്നുകയും കുടുംബത്തിന്‍റെ സമ്മതം വാങ്ങി വീടിന്‍റെ പടിയിറങ്ങുകയും ചെയ്തു. വിശപ്പും ദാഹവും മറന്ന്, ചെയ്യാവുന്ന ജോലികള്‍ എല്ലാം ചെയ്ത് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വേണ്ടുന്ന പണം സമ്പാദിക്കുകയായിരുന്നു അവളുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ ജോലി കൊടുക്കാന്‍ ആരും സന്നദ്ധരാകാത്തതിനാല്‍ ഭിക്ഷാടനവും മറ്റും ചെയ്ത് അരവയറെങ്കിലും തൃപ്തിപ്പെടുത്തി.

ഇതിനിടയില്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നടന്ന റെയ്ഡിന്‍റെ ഭാഗമായി ചെയ്യാത്ത കുറ്റത്തിന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടി വന്നു. അവിടെ നിന്ന് ജാമ്യത്തിലെടുത്ത് പുതിയൊരു ജീവിത വഴി തുറന്നു നല്‍കിയത് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്ജെന്‍ഡറുമായ രഞ്ജു രഞ്ജിമാര്‍ ആയിരുന്നു. പിന്നീട് തിയറ്റര്‍ ഫെസ്റ്റിവലിന്‍റെ ഭാഗമാകാനും മാനസിക വിഷമങ്ങള്‍ മറക്കാനും ഊര്‍ജ്ജസ്വലതയോടെ ജീവിതം തുടരാനും ദയയുടെ ജീവിതത്തില്‍ രഞ്ജു രഞ്ജിമാര്‍ കാരണഭൂതയായി.

ദയ ഗായത്രി, രഞ്ജു രഞ്ജിമാര്‍

പഠനം തുടരാനുള്ള അടങ്ങാത്ത ത്വരയാണ് ദയയെ അതിനായുള്ള ശ്രമങ്ങള്‍ നടത്താന്‍ പ്രേരിപ്പിച്ചത്. പക്ഷെ അന്ന് ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് കോളേജുകളില്‍ പ്രത്യേക സംവരണം ഉണ്ടായിരുന്നില്ല. പിന്നീട് ദയ അടക്കം മൂന്നുപേര്‍ ട്രാന്‍സ്ജെന്‍ഡര്‍ റിസര്‍വേഷനു വേണ്ടി നിരന്തരം പരിശ്രമിച്ചു. അതിന്‍റെ ഫലമായി ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡിന്‍റെയും ട്രാന്‍സ്ജെന്‍ഡര്‍ സെല്ലിന്‍റെയും ഇടപെടലുണ്ടാകുകയും എല്ലാ കോഴ്സിനും രണ്ട് സീറ്റ് വീതം സംവരണം പ്രാബല്യത്തില്‍ വരികയും ചെയ്തു.

ഇന്ന് കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനി എന്ന ഖ്യാതി എന്നതിലുപരി അന്താരാഷ്ട്ര തിയറ്റര്‍ ഫെസ്റ്റിവലിന്‍റെ ഭാഗമാകാനും ട്രാൻസ്ജൻഡേഴ്സ് ആർട്സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയായ ദ്വയയുടെ മോഡലായി കേരളമാകെ അറിപ്പെടാനും മോട്ടിവേഷന്‍ സ്പീക്കറായി ക്ലാസുകളെടുക്കാനും പൊതുചര്‍ച്ചകളില്‍ നിറസാന്നിദ്ധ്യമാകാനും ദയ പ്രാപ്തയാണ്. ശസ്ത്രക്രിയകള്‍ക്കു ശേഷം എല്ലാ അര്‍ത്ഥത്തിലും സ്ത്രീയായി പുനര്‍ജനിച്ച ദയ ഗായത്രിയെ മകളായി അംഗീകരിച്ചുകൊണ്ട് മാതാപിതാക്കളും കൂടെയുണ്ട്.


“ഒരു ട്രാന്‍സ് സെക്ഷ്വല്‍ എന്ന നിലയ്ക്ക് ഇന്നും പേടിയോടു കൂടി മാത്രമെ സമൂഹത്തില്‍ ഇറങ്ങിച്ചെല്ലാന്‍ സാധിക്കുന്നുള്ളൂ. ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് തിരിച്ചറിഞ്ഞാല്‍ വളരെ വൃത്തികെട്ട കണ്ണുകള്‍കൊണ്ട് കാണുന്നവര്‍ ഇന്നുമുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തില്‍ ലൈംഗികവൃത്തി ചെയ്യുന്നവരുണ്ട്, എന്നുവച്ച് എല്ലാവരെയും ലൈംഗികതൊഴിലാളികളായി കാണുന്നതും അവഹേളിക്കുന്നതും നല്ലതല്ല. ഇത്തരം കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വരണം. ഒരു വ്യക്തിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രവൃത്തികളുടെ പേരില്‍ ആ കമ്മ്യൂണിറ്റിയെ മുഴുവനും അടച്ചാക്ഷപിക്കുന്ന പ്രവണത ന്യായമല്ല,” ദയ ഗായത്രി പറയുന്നു. ട്രാന്‍സ്ജെന്‍ഡറുകളുടെ വസ്ത്രധാരണത്തെക്കുറിച്ചും മറ്റും വരുന്ന കമന്‍റുകള്‍ വളരെ അപലപനീയമാണ്, ഏതൊരു സ്ത്രീയെയും പോലെ അവള്‍ക്ക് യോജിച്ചതെന്ന് തോന്നുന്ന, ഇഷ്ടമുള്ള, സൗകര്യപ്രദമായ വസ്ത്രങ്ങള്‍ തന്നെയാണ് അവള്‍ ധരിക്കുന്നതെന്നും ദയ കൂട്ടിച്ചേര്‍ത്തു.

“ഇന്ന് നിലവിലുള്ള നിയമസംവിധാനങ്ങളെ ഭയന്ന് ഒരു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ പത്തില്‍ എട്ട് പുരുഷന്മാരും പേടിക്കും. എന്നാല്‍ അതേ സ്ഥാനത്ത് ഒരു ‘ട്രാന്‍സ് പേഴ്സണ്‍’ ആയിരുന്നുവെങ്കില്‍ ഈ പത്തില്‍ ഒന്‍പത് പേരും അവളോട് മോശമായി പെരുമാറുന്നവരായിരിക്കും. മനുഷ്യനാണെന്ന പരിഗണന പോലും പലയിടത്തു നിന്നും കിട്ടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം,”ദയ തുടര്‍ന്നു. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ബാധകമായ എല്ലാ പരിഗണനകളും നിയമ പരിരക്ഷകളും ‘ട്രാന്‍സ് വിമന്’ ലഭിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. “ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ തന്നെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവര്‍ക്ക് കിട്ടുന്ന സ്വീകാര്യത എല്ലാവര്‍ക്കും ലഭിക്കുന്നില്ലെന്നതാണ് സത്യം. വാടകയ്ക്ക് വീടു കിട്ടാന്‍ പോലും ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. ജോലിയോ, സ്ഥാനമാനങ്ങളോ ഒന്നും നോക്കാതെ ഭരണഘടനയ്ക്ക് മുന്നില്‍ എല്ലാവരും തുല്യരാകണം. അതാണ് ഏറ്റവും പ്രധാനം,” ദയ ഗായത്രി വ്യക്തമാക്കി.


ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ദയ ചൂണ്ടിക്കാട്ടുന്നു. ” പ്രൈമറി ക്ലാസുകള്‍ മുതല്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. കുട്ടികള്‍ക്ക് സ്വയം തിരിച്ചറിയാനും സമൂഹത്തിലുള്ള വൈവിദ്ധ്യമാര്‍ന്ന ജീവിതങ്ങളെ മനസ്സിലാക്കാനും സ്വീകരിക്കാനും ഇത് പ്രയോജനപ്പെടും. അങ്ങനെയാകുമ്പോള്‍ ഒരു പ്രത്യേക വിഭാഗത്തിന് ഒറ്റപ്പെടലോ അവഗണനകളോ അനുഭവിക്കേണ്ടിവരില്ല,” ദയ പറഞ്ഞു.

നിലവില്‍ കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ട്രാന്‍സ്ജെന്‍ഡറുകളെ പുനരധിവസിപ്പിക്കാനും ശസ്ത്രക്രിയ ചെയ്യാനുള്ള സാമ്പത്തിക സഹായം നല്‍കാനും പദ്ധതികളുണ്ടെന്ന കാര്യം സ്വാഗതാര്‍ഹമാണ്. ഇത്തരം നടപടികള്‍ നല്ലതലമുറയെ വാര്‍ത്തെടുക്കുന്നതിനുള്ള ആദ്യപടിയായിരിക്കുമെന്നും ദയ പറയുന്നു. മോഡലിങ്ങ് രംഗത്ത് സജീവമാകാന്‍ സാധിച്ചെങ്കിലും ആദ്യഘട്ടത്തില്‍ നിറത്തിന്‍റെ പേരില്‍ വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ദയ കൂട്ടിച്ചേര്‍ത്തു. അപ്പോഴും തന്‍റെ കഴിവും നിശ്ചയദാര്‍ഢ്യവുമാണ് ജീവിത വഴിയില്‍ ഊര്‍ജ്ജമായതെന്ന അഭിമാനം ആ വാക്കുകളില്‍ സ്ഫുരിക്കുന്നുണ്ടായിരുന്നു. ഇനിയും സഞ്ചരിക്കാന്‍ ഏറെ ദൂരം ബാക്കിയുണ്ടെന്നും ദയ പറഞ്ഞുവെക്കുന്നു.

തുല്യനീതിയെന്തെന്ന് ഞങ്ങളെക്കാള്‍ നന്നായി ആര്‍ക്കറിയാം…?

വിഎസ് പ്രിയ

“ആണായിട്ട് ജനിച്ചാല്‍ ആണായി ജീവിച്ചാല്‍ പോരെ എന്ന് പരിഹസിക്കുന്ന, പതിനെട്ടാം നൂറ്റാണ്ടില്‍ നിന്ന് വണ്ടികിട്ടാത്ത കുറേപ്പേരുണ്ട് നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും. പക്ഷെ, ഇതില്‍ ഒരു ശതമാനമെങ്കിലും മതി നമുക്ക് അതിജീവിക്കാനുള്ള കരുത്ത് പകരാന്‍” ഇത് കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ഡോക്ടറായ വിഎസ് പ്രിയയുടെ വാക്കുകള്‍. തൃശ്ശൂര്‍ ജില്ലയിലെ അയ്യന്തോളുകാരനായ ജിനു ശശിധരന്‍ കുട്ടിക്കാലത്തുതന്നെ തന്നിലെ പെൺകുട്ടിയെ തിരിച്ചറിഞ്ഞിരുന്നു. മനസ്സും ശരീരവും പരസ്പര വിരുദ്ധമായി നിലകൊണ്ടപ്പോള്‍, സങ്കോചത്തിലായ കുടംബം മാനസികാരോഗ്യ വിദഗ്ദനെ വരെ സമീപിച്ചപ്പോള്‍ ആണിന്‍റെ മുഖം മൂടി സ്വീകരിക്കാന്‍ ജിനു തീരുമാനിക്കുകയായിരുന്നു. പക്ഷെ തന്നിലെ സ്ത്രൈണതയെ അംഗീകരിക്കാതെ ജീവിതം ഒരിക്കലും പൂര്‍ണ്ണമാവില്ലെന്ന തിരിച്ചറിവാണ് പ്രിയയുടെ പിറവിക്ക് വഴിതുറന്നത്.

തന്‍റെ ജീവിതയാത്രയെ മൂന്നു ഘട്ടങ്ങളായാണ് പ്രിയ സ്വയം വിഭജിച്ചിരിക്കുന്നത്. പെണ്ണിന്‍റെ മനസ്സും ആണിന്‍റെ ശരീരവും പേറുന്നവനാണ് ജിനു ശശിധരനെന്ന സത്യം വെളിപ്പെട്ടതിനു ശേഷമുള്ള വേദന നിറഞ്ഞ നാളുകളായിരുന്നു ആദ്യ ഘട്ടം. അവഗണനകളും പരിഹാസങ്ങളും മാത്രം ഏറ്റുവാങ്ങിയ കുട്ടിക്കാലവും സുഹൃദ്ബന്ധം പോലും ആസ്വദിക്കാന്‍ സാധിക്കാതിരുന്ന സ്കൂള്‍ ജീവിതവും ഈ ഘട്ടത്തെ പ്രിയയ്ക്ക് കയ്പേറിയ ഓര്‍മ്മകളാക്കി. പിന്നീട്, ഇതുപോലെ മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലെന്നും പഠനം പൂര്‍ത്തീകരിക്കണമെന്നും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കണമെന്നും അതിജീവനത്തിനായൊരു മാര്‍ഗം കണ്ടെത്തണമെന്നും ചിന്തിച്ചു തുടങ്ങിയിടത്താണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ജിനു ശശിധരന്‍ എന്ന ആണ്‍കുട്ടിയുടെ മുഖം സ്വീകരിക്കുകയായിരുന്നു മുന്നിലുള്ള വഴി.


തന്നിലെ പെണ്‍കുട്ടിയെ പൂര്‍ണ്ണമായും ഒളിപ്പിച്ചുവെക്കുകയായിരുന്നു ഈ ഘട്ടത്തില്‍ പ്രിയ ചെയ്തത്. പുരുഷന്‍റെ സ്വഭാവഗുണങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയെടുക്കാനും ആള്‍കൂട്ടത്തില്‍ സംസാരിക്കുമ്പോള്‍ ജിനു എന്ന മറ മറ്റുള്ളവര്‍ തിരിച്ചറിയാതിരിക്കാനും പ്രത്യേകം പരിശീലിച്ചു. എന്‍ട്രന്‍സ് പഠനം ഫലം കണ്ടപ്പോള്‍ വൈദ്യരത്‌നം കോളേജിൽ ബിഎഎംഎസിന് സീറ്റ് കിട്ടി. അപ്പോഴും ജീവിതത്തിലെ ആദ്യഘട്ടത്തില്‍ തനിക്കുമുന്നിലൂടെ പരിഹസിച്ച് കടന്നുപോയ മുഖങ്ങള്‍ ഇനി കാണാനിടവരുത്തല്ലേയെന്ന് പ്രാര്‍ത്ഥിച്ചു. കാരണം ആ കാലഘട്ടത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും അദ്ദേഹത്തിന് ഭയമായിരുന്നു. ജിനു എന്ന മുഖം മൂടി ഇക്കാലയളവില്‍ പൂര്‍ണ്ണമായും അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെ മറച്ചു. സ്വത്വം തിരിച്ചറിഞ്ഞതുമുതല്‍ നിഷേധിക്കപ്പെട്ട എന്തൊക്കെയോ തന്നിലേക്ക് തിരിച്ചുവന്നപ്പോള്‍ അത് ആസ്വദിക്കാന്‍ പ്രേരിപ്പിച്ചു.

പിന്നീട് മംഗളൂരുവിൽനിന്ന്‌ പിജി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, പട്ടാമ്പിയിലും കണ്ണൂരും തൃപ്പൂണിത്തുറയിലുമൊക്കെയായി അദ്ധ്യാപകനായും ആര്‍എംഒയായുമൊക്കെ ജോലി നോക്കി. ഇക്കാലയളവില്‍ ജീവിതം യാന്ത്രികമായി മുന്നോട്ട് പോവുകയായിരുന്നു. “ശരീരം എന്നത് മനസ്സിനെ പ്രതിഫലിപ്പിക്കാനുള്ള ഒരു ടൂള്‍ ആണ്. ആ ടൂള്‍ തന്നെ വ്യാജമാകുമ്പോള്‍ വെറുതെ തിന്നും കുടിച്ചും ശ്വസിച്ചും കഴിയുന്ന ഒരു യന്ത്രമാകും ജീവിതം,” പ്രിയ പറയുന്നു. ശരീരവും മനസും ഒന്നാക്കുന്നതിനെപ്പറ്റി ചിന്തിച്ചു തുടങ്ങുന്നത് ഇവിടം മുതലാണ്. അങ്ങനെ പ്രിയയുടെ ജീവിതത്തിന്‍റെ മൂന്നാം ഘട്ടം ആരംഭിച്ചു. പ്രിയ എന്ന യുവതിയിലേക്കുള്ള കൂടുമാറ്റമായിരുന്നു അത്.


“ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സാഹചര്യങ്ങള്‍ അനുകൂലമാണെന്നതില്‍ വ്യക്തത വരുത്തി, കുടംബത്തിന്‍റെ പിന്തുണ നേടിയ ശേഷമാണ് ശസ്ത്രക്രിയക്ക് തയ്യാറായത്. ജോലിയെയും ഭാവി ജീവിതത്തെയും തീരുമാനം എത്രത്തോളം ബാധിക്കുമെന്നതില്‍ ഒരു നീണ്ട അന്വേഷണം തന്നെ നടത്തിയിരുന്നു. പക്ഷെ, കുടുംബവും ‍ഞാന്‍ ജോലി ചെയ്തിരുന്ന തൃശ്ശൂർ സീതാറാം ആശുപത്രി മാനേജ്മെന്‍റും സ്റ്റാഫുകളുമൊക്കെ ജിനുവില്‍ നിന്ന് പ്രിയയിലേക്കുള്ള മാറ്റത്തെ തികഞ്ഞ പ്രോത്സാഹനം നല്‍കി സ്വീകരിക്കുകയായിരുന്നു. അങ്ങനെ ഞാന്‍ തികഞ്ഞ സ്ത്രീയായി മാറി. ഇനി എനിക്ക് മുഖം മൂടി ആവശ്യമില്ല..” പ്രിയ മനസ്സുതുറന്നു. എന്നാല്‍ ജിനുവിന്‍റെയും പ്രിയയുടെയും ജീവിതസാഹചര്യങ്ങളും സമീപനങ്ങളും തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് പ്രിയ കൂട്ടിച്ചേര്‍ത്തു. രാത്രി വൈകിയുള്ള യാത്രകളടക്കം ജിനുവിന് ലഭിച്ചിരുന്ന പല ഇളവുകളും പ്രിയക്ക് കിട്ടിയിരുന്നില്ലെന്നും അവര്‍ പറയുന്നു.

ആണായും പെണ്ണായും ജീവിതത്തിലെ രണ്ടു ഘട്ടങ്ങളിലൂടെ കടന്നുപോയ വ്യക്തിയെന്ന നിലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സഹനശേഷിയും ഏകാഗ്രതയുമൊക്കെയുണ്ടെന്നാണ് തോന്നിയിട്ടുള്ളതെന്നും പ്രിയ പറയുന്നു. “സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ വന്‍തോതില്‍ വിവേചനങ്ങള്‍ക്ക് പാത്രമാകുന്നുണ്ട്. അതിന്‍റെ നൂറിരട്ടി യാതനകളും വേദനകളുമാണ് ‘ട്രാന്‍സ്ജെന്‍ഡേഴ്സ്’ അഭിമുഖീകരിക്കുന്നത്. ആണ്‍- പെണ്‍ എന്ന ദ്വന്ദത്തിനു ചുറ്റും കറങ്ങുന്ന സമൂഹം മൂന്നാമതൊരു വിഭാഗത്തെ പരിഹസിക്കുക മാത്രമല്ല അവരുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുകയാണ്. അതുകൊണ്ട് അവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഭരണസമിതികളിലും മറ്റും ട്രാന്‍സ് കമ്മ്യൂണിറ്റിക്ക് പ്രാതിനിധ്യമുണ്ടാകേണ്ടതിന്‍റെ ആവശ്യകത ഇവിടെയാണ് തെളിയുന്നത്. കേരളത്തിലടക്കം ഇനിയും സമഗ്രമായ രീതിയില്‍ ക്വീര്‍ കമ്മ്യൂണിറ്റിക്ക് അനുകൂലമായ നയങ്ങളും നിലപാടുകളും ഉണ്ടാകേണ്ടത് അനിവാര്യമാണ്,” പ്രിയ വ്യക്തമാക്കുന്നു.


സ്വത്വം തിരിച്ചറിഞ്ഞ് പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവര്‍ തിരക്കു പിടിച്ച തീരുമാനങ്ങളെടുക്കാതെ, തളര്‍ന്നുപോകാതെ, സാഹചര്യങ്ങള്‍ അനുകൂലമാകും വരെ കാത്തിരിക്കാനും അതിജീവനത്തിനായുള്ള മാര്‍ഗമെന്ന നിലയില്‍ വിദ്യാഭ്യാസം നേടാനും ജോലി സമ്പാദിക്കാനും ശ്രമിക്കണമെന്നാണ് പ്രിയ നല്‍കുന്ന സന്ദേശം. വളരെ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനും കൂടെ നില്‍ക്കാനും ഇന്ന് പൂര്‍വ്വാധികം ശക്തിയോടെ ട്രാന്‍സ്ജെന്‍ഡര്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. അവരുടെ സജീവമായ ഇടപെടല്‍ നിരവധി ജീവനുകള്‍ക്കാണ് താങ്ങാകുന്നതെന്നും പ്രിയ പറയുന്നു “സ്വന്തം വ്യക്തിത്വത്തെ പ്രതി ആശയക്കുഴപ്പമുണ്ടാകുന്നുവെന്നത് വളരെ വിഷമകരമായ സാഹചര്യമാണ്. അതുകൊണ്ടു തന്നെ സ്ത്രീയെക്കാളും പുരുഷനെക്കാളും ശക്തരും ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ അഭിമുഖീകരിക്കുന്നവരും ട്രാന്‍സ്ജെന്‍ഡേര്‍സാണെന്നതില്‍ സംശയമില്ല, തുല്യനീതിയുടെയും പരിഗണനയുടെയും മഹത്വം അവരേക്കാള്‍ കൂടുതല്‍ ആര്‍ക്കും അറിയില്ല” പ്രിയ അത്യന്തം അഭിമാനത്തോടെ പറഞ്ഞു നിര്‍ത്തിയതിങ്ങനെയാണ്.

മാധ്യമസ്ഥാപനങ്ങളില്‍ പോലുമുണ്ട് വിവേചനം…

ഹെയ്ദി സാദിയ

കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ബ്രോഡ് കാസ്റ്റ് ജേര്‍ണലിസ്റ്റ് എന്ന നിലയ്ക്കാണ് ഹെയ്ദി സാദിയ വാര്‍ത്തകളില്‍ നിറയുന്നത്. അവഗണനകളും പരിഹാസങ്ങളും ഏറ്റുവാങ്ങി ദുരിതപൂര്‍ണ്ണമായ ജീവിത പ്രതിസന്ധികളെ ചെറുത്ത് തോല്‍പ്പിച്ചാണ് സാദിയ ഇത്തരമൊരു ഖ്യാതി സ്വന്തമാക്കിയത്. എന്നാല്‍ അവിടെയും വിവേചനം നേരിടേണ്ടി വന്നതായും മാറ്റിനിര്‍ത്തപ്പെട്ടതായും സാദിയ പറയുന്നു. പക്ഷെ തളരാതെ മുന്നോട്ട് പോകാനുള്ള കരുത്ത് സാദിയ ആര്‍ജ്ജിച്ചു കഴിഞ്ഞു. ഇന്ന് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ സോഷ്യല്‍ മീഡിയ ഓഡിറ്ററായി ജോലി ചെയ്യുകയാണ് സാദിയ.

തന്‍റെ കൗമാരക്കാലം മുതലാണ് ആണിന്‍റെ ആകാരവും പെണ്ണിന്‍റെ മനസ്സുമാണ് തനിക്കുള്ളതെന്ന് സാദിയ തിരിച്ചറിയുന്നത്. ചെറുപ്പം മുതല്‍ പെണ്‍കുട്ടികളോട് കൂട്ട് കൂടാനായിരുന്നു അവള്‍ക്ക് താല്‍പ്പര്യം. ആണ്‍കുട്ടികള്‍ക്കിടയില്‍ കളിക്കുമ്പോള്‍ താന്‍ ഒറ്റപ്പെടുന്നതായും അവര്‍ അധികാരത്തോടെ തന്നോട് പെരുമാറുന്നതായും അവള്‍ക്ക് തോന്നി. പരിഹാസങ്ങള്‍ ചിലപ്പോള്‍ അതിരു കടന്നു. ആണ്‍ശരീരത്തില്‍ ജീവിക്കുന്ന പെണ്ണെന്ന നിലയില്‍ പലരും അവളെ ചൂഷണം ചെയ്യാനും ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചു.

സ്വത്വത്തിന്‍റെ പേരില്‍ ഉസ്താദുമാരുടെ പീഡനം കൂടിയായപ്പോള്‍ ഖുറാന്‍ പഠനം പോലും അവസാനിപ്പിക്കേണ്ടി വന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മംഗലാപുരത്ത് ഒരു പ്രൈവറ്റ് കോളേജില്‍ മെഡിക്കലിന് പഠിച്ചുകൊണ്ടിരുന്ന സാദിയ അവിടെയും ചൂഷണങ്ങള്‍ക്ക് വിധേയയായി. അങ്ങനെ പഠനം നിര്‍ത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍, വീട്ടുകാരില്‍ നിന്ന് പോലും അവഗണന പതിവായപ്പോള്‍ സാദിയ മലപ്പുറത്തെ വീട്ടില്‍നിന്നും ബംഗളൂരുവിലേക്ക് വണ്ടി കയറി.


പക്ഷെ, ബംഗളൂരില്‍ ലൈംഗികന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ ഒന്നിച്ച് താമസിച്ചിരുന്ന ഹമാമില്‍ ഹെയ്ദി സാദിയയെ കാത്തിരുന്നത് വേദനയും, അടിച്ചമര്‍ത്തലുകളും തന്നെയായിരുന്നു. ഹമാമ് വൃത്തിയാക്കലും മഡിവാള മാര്‍ക്കറ്റില്‍ ഭിക്ഷയെടുക്കലുമായി ദുരിതങ്ങള്‍ പലതുവന്നപ്പോള്‍ ശസ്ത്രക്രിയക്കുള്ള പണം സമ്പാദിച്ച് പൂര്‍ണ്ണമായും പെണ്ണായി മാറാനുള്ള സ്വപ്നം മാത്രമെ ഉണ്ടായിരുന്നുള്ളൂ കൂടെ. പക്ഷെ ചൂഷണങ്ങള്‍ അതിരു കടന്നപ്പോള്‍ ഡല്‍ഹിയിലേക്ക് ചേക്കേറേണ്ടിവന്നു. കിന്നര്‍ വിഭാഗക്കാരുടെ കൂടെയായിരുന്നു അന്ന് അവര്‍ ജീവിച്ചിരുന്നത്. നീണ്ട വേദനയുടെ, ഒറ്റപ്പെടലിന്‍റെ, അടിച്ചമര്‍ത്തലിന്‍റെ ദിനങ്ങള്‍ക്ക് ശേഷമുള്ള സന്തോഷത്തിന്‍റെ ദിനങ്ങളായിരുന്നു അതെന്ന് സാദിയ ഓര്‍ക്കുന്നു.

ഡല്‍ഹിയില്‍വെച്ച് എല്‍ജിബിറ്റിക്യൂ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിനേയും, സൂര്യയേയുമൊക്കെ പരിചയപ്പെട്ടതിനു ശേഷമായിരുന്നു സാദിയ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയാകുന്നത്. കേരളത്തിലെത്തണമെന്നും പഠനം തുടരണമെന്നും അതിയായി ആഗ്രഹിച്ചിച്ച അവര്‍ തിരുവനന്തപുരത്തെത്തി ചില കോഴ്‌സുകള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. തങ്ങളുടെ പ്രശ്നങ്ങളടക്കം സമൂഹത്തിലെ അനീതികള്‍ ചൂണ്ടിക്കാണിക്കാന്‍ മാധ്യമരംഗം നല്ല അവസരമാണെന്ന തിരിച്ചറിവില്‍ നിന്നാണ് അത്തരമൊരു സാധ്യത സാദിയ തെരഞ്ഞെടുക്കുന്നത്. അങ്ങനെ തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ എന്‍ട്രന്‍സെഴുതി കോഴ്സില്‍ പ്രവേശിച്ചു.


തുടക്കത്തില്‍ സാദിയ ഒരു ട്രാന്‍സ്ജെന്‍ഡറാണെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് അതറിഞ്ഞിട്ടും പഠനകാലത്ത് ആരും ഒരു തരത്തിലുള്ള വേര്‍തിരിവും തന്നോട് കാണിച്ചിരുന്നില്ലെന്നും സാദിയ പറയുന്നു. സ്വയം പര്യാപ്തത നേടുക എന്ന വലിയ സ്വപ്‌നത്തിലേക്കുള്ള ചുവടുവയ്പായിരുന്നു പഠനശേഷം ഒരു മുഖ്യധാര മാധ്യമത്തില്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റായുള്ള ജോലി.

പക്ഷെ അവിടെ ചില കയ്പേറിയ അനുഭവങ്ങള്‍ അവളെ കാത്തിരുന്നു. “ഒരു മാധ്യമസ്ഥാപനമായിരുന്നിട്ടുകൂടി വളരെ മോശമായ രീതിയിലായിരുന്നു ചില സഹപ്രവര്‍ത്തകര്‍ എന്നോട് പെരുമാറിയത്. എന്നെ മാറ്റിനിര്‍ത്താന്‍ ട്രാന്‍സ്ജെന്‍ഡര്‍ ഐഡന്‍റിറ്റി ഒരു ടൂളാക്കുകയായിരുന്നു. ഞങ്ങള്‍ വളര്‍ന്നു വരരുത് എന്നൊരു ഈഗോ അവരുടെയൊക്കെ ഉള്ളില്‍ നന്നായുണ്ടായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഒന്‍പത് എന്നൊക്കെ പച്ചയ്ക്ക് വിളിക്കുന്ന അനുഭവം വരെയുണ്ടായിട്ടുണ്ട്,” സാദിയ വെളിപ്പെടുത്തുന്നു.

മറ്റുള്ളവര്‍ക്ക് വേണ്ടി ഒരാള്‍ അയാളുടെ വ്യക്തിത്വം മറച്ചു പിടിക്കേണ്ട ആവശ്യമില്ലെന്നും അങ്ങനെയാകുമ്പോള്‍ ജീവിതം വ്യര്‍ത്ഥമാവുകയാണെന്നും സാദിയ കൂട്ടിച്ചേര്‍ത്തു. “അപലരായ ട്രാന്‍സ് കമ്മ്യൂണിറ്റിക്ക് എല്ലാവിധ നിയമ പരിരക്ഷകളും ലഭിക്കണം. ജീവിതത്തില്‍ പ്രതിസന്ധികള്‍ എല്ലാവര്‍ക്കുമുണ്ടാകും. പക്ഷെ, അതുപോലെയല്ല ഞങ്ങളുടെ അവസ്ഥ. കുടുംബത്തിന്‍റെ പോലും പിന്തുണയില്ലാതെ വളരെ കഷ്ടപ്പെട്ടാണ് സമൂഹത്തിന്‍റെ ഭാഗമാകാന്‍ ഞങ്ങള്‍ ശ്രമിക്കുന്നത്. എന്നിട്ടും അവഗണന തന്നെയാണ് ഫലം. ഈ സാഹചര്യത്തില്‍ തക്കതായ നിയമസംവിധാനങ്ങളും ശിക്ഷാവിധികളുമുണ്ടെങ്കില്‍ വളരെ ഉപകാരപ്പെടും. ട്രാന്‍സ് വ്യക്തിയായതുകൊണ്ട് മാത്രം ഞങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ അവസാനമുണ്ടാകും,” സാദിയ പറയുന്നു.


സമൂഹത്തില്‍ നിലവിലുള്ള ആണ്‍മേല്‍ക്കോയ്മ അവസാനിപ്പിച്ച് എല്ലാവര്‍ക്കും തുല്യ പരിഗണന കിട്ടുന്നതരത്തില്‍ ഒരു വീക്ഷണമാണ് സാദിയ നടത്തുന്നത്. ഇതിന്‍റെ ആദ്യപടിയെന്നോണം കുട്ടികളുടെ സിലബസിലും മറ്റും വളരെ നേരത്തെ തന്നെ ലിംഗസമത്വം സംബന്ധിച്ച പാഠങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും സാദിയ ചൂണ്ടിക്കാട്ടുന്നു. ഭരണ നിര്‍വ്വഹണസമിതിയിലടക്കം ട്രാന്‍സ്ജെന്‍ഡറുകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും സാദിയ പറയുന്നു. എല്ലാ മേഖലകളിലും സംവരണം ഏര്‍പ്പെടുത്തി എല്ലാ അധികാര കേന്ദ്രങ്ങളിലും ട്രാന്‍സ് വ്യക്തികള്‍ക്ക് അവസരം നല്‍കി ഞങ്ങളുടെ അവസ്ഥ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ പോകണമെന്നും സാദിയ വ്യക്തമാക്കുന്നു.

എല്ലാം തികഞ്ഞവരായി ആരാണുള്ളത്…?

നേഹ സി മേനോന്‍

ട്രാന്‍സ്ജെന്‍ഡറുകളുടെ സംഘടനയായ അദ്വൈത കള്‍ച്ചറല്‍ സൊസൈറ്റി ഫൗണ്ടര്‍ പ്രസിഡന്‍റ് , ഡെമോക്രാറ്റിക് ട്രാന്‍സ്ജെന്‍ഡര്‍ ഫെഡറേഷന്‍ ഓഫ് കേരള(ഡിടിഎഫ്കെ) സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന നേഹ സി മേനോന്‍ കേരളത്തില്‍ ആദ്യമായി റേഷന്‍ കാര്‍ഡ് അനുവദിക്കപ്പെട്ട ട്രാന്‍സ്ജെന്‍ഡറാണ്. ട്രാന്‍സ്ജെഡര്‍ സമൂഹത്തിന്‍റെ ഉന്നമനത്തിനായി മുഖ്യധാരയില്‍ തന്നെ പ്രവര്‍ത്തിച്ച് ജനസമ്മതി നേടാന്‍ സാധിച്ച നേഹ ഇന്ന് പ്രശംസനാര്‍ഹമായ നിരവധി പദ്ധതികളുടെ അമരത്ത് നില്‍ക്കുന്ന വ്യക്തിയാണ്.

ആണ്‍ശരീരത്തിനുള്ളിലെ പെണ്‍മനസ്സ് വെളിപ്പെട്ടതു മുതല്‍ അവഗണനകളും അടിച്ചമര്‍ത്തലും ചൂഷണങ്ങളും നേരിട്ട ബാല്യവും കൗമാരവും തന്നെയാണ് നേഹയ്ക്കുമുണ്ടായിരുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തില്‍ നിന്ന് സുഹൃത്തുക്കളുണ്ടായപ്പോഴാണ് സംഘടനകളുടെ ഭാഗമാകാനും ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനും ആഗ്രഹിക്കുന്ന രീതിയില്‍ ജീവിതം ആസ്വദിക്കാനും നേഹയ്ക്ക് സാധിച്ചത്. പക്ഷെ അതിന് കുടുംബവും സമൂഹവും തടസ്സമായി. പരിഹാസങ്ങളും ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലുകളും പരിധിവിട്ടപ്പോള്‍ വീടു വിട്ട് പോവുക മാത്രമായിരുന്നു വഴി.


മലപ്പുറത്തുള്ള സുഹൃത്തുക്കളുടെ അടുത്തേക്കാണ് നേഹയെത്തിയത്. പിന്നെ വിശപ്പടക്കാനും താമസസ്ഥലത്തെ വാടക കൊടുക്കാനുമൊക്കെയായി പണം അത്യാവശ്യ ഘടകമായപ്പോള്‍ ലൈംഗികവൃത്തി തെരഞ്ഞെടുക്കുകയായിരുന്നു. ഇത് ഒരു നാല് വര്‍ഷത്തോളം തുടര്‍ന്നതായി നേഹ പറയുന്നു. ഇക്കാലയളവിലാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളെ പലരില്‍ നിന്നറിയാനും നേരിട്ട് അനുഭവിക്കാനും നേഹയ്ക്ക് സാധിച്ചത്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണെന്നും സമൂഹത്തില്‍ തങ്ങള്‍ക്കും ഒരു മുഖമുണ്ടെന്നും അത് തങ്ങളായിട്ട് നേടിയെടുക്കേണ്ടതാണെന്നും നേഹ തിരിച്ചറിഞ്ഞിടത്തു നിന്നാണ് അദ്വൈത എന്ന കള്‍ച്ചറല്‍ സൊസൈറ്റി പിറവിയെടുക്കുന്നത്.

ചാരിറ്റി പ്രവര്‍ത്തനങ്ങളും കമ്മ്യൂണിറ്റി കിച്ചണുമൊക്കെയായി ട്രാന്‍സ്ജെന്‍ഡറുകളെ മാത്രമല്ല സമൂഹത്തില്‍ പ്രതിസന്ധികള്‍ നേരിടുന്നവരെ ഒന്നാകെ പരിഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് അദ്വൈത ഏകോപിപ്പിച്ചത്. ട്രാന്‍സ്ജെഡറുകള്‍ക്കായി കുടംബശ്രീ അയല്‍ക്കൂട്ടം രൂപീകരിക്കാനും തിരൂര്‍ നഗരസഭയുടെ ഇടപെലോടെ ഇന്ത്യയില്‍ തന്നെ ട്രാന്‍സ്ജെന്‍ഡറുകള്‍ നടത്തുന്ന ആദ്യ അക്ഷയകേന്ദ്രമുള്‍പ്പെടെ പ്രാവര്‍ത്തികമാക്കാനും ഈ സംഘടനയ്ക്ക് സാധിച്ചു. അതിനിടയില്‍ തന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഒരു സ്ത്രീയായി മാറിയിരുന്നു നേഹ. മലപ്പുറം ജില്ലയിലെ ആദ്യ ട്രാന്‍സ് വുമണ്‍ എന്ന പേരും നേഹയ്ക്ക് സ്വന്തം.

മുന്‍കാലങ്ങളെ അപേക്ഷിച്ച് സമൂഹത്തിന്‍റെ കാഴ്ചപ്പാട് മാറിവരുന്നതായാണ് നേഹ പറയുന്നത്. സംഘടന നേതൃത്വവും പൊതുപ്രവര്‍ത്തനവുമൊക്കെയായി സ്ഥാനമാനങ്ങളിലെത്തിയതിനു ശേഷം ഭൂരിഭാഗം പേരും അംഗീകരിക്കുന്നുണ്ടെന്നും മുമ്പ് ഒരു വാടക വീട് കിട്ടാന്‍ പോലും പ്രയാസമായിരുന്നെങ്കില്‍ ഇന്ന് തന്‍റെ താമസസ്ഥലം ഉള്‍പ്പെടുന്ന വാര്‍ഡ് കമ്മിറ്റിയുടെ ജോയിന്‍റ് കണ്‍വീനര്‍ സ്ഥാനത്താണ് താനുള്ളതെന്നും നേഹ കൂട്ടിച്ചേര്‍ത്തു.


അതേസമയം, മലപ്പുറം ജില്ലയില്‍ തന്നെ എല്ലാ പ്രദേശങ്ങളിലും എല്ലാ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സമാന അവസ്ഥയാണെന്ന് തോന്നുന്നില്ലെന്നും നേഹ വ്യക്തമാക്കി. “സര്‍ജറി കഴിഞ്ഞു എന്നുള്ളതുകൊണ്ട് മാത്രം ഞങ്ങളെ അംഗീകരിക്കണമെന്നില്ല. പലയിടത്തും ഇപ്പോഴും സ്വാതന്ത്ര്യം വിദൂരമാണ്. പ്രത്യേകിച്ചും രാത്രികാലങ്ങളില്‍ ഒരു ട്രാന്‍സ് വുമണ്‍ ഇന്നും സുരക്ഷിതയല്ല. കൂടാതെ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കാനും അവരുടെ സംരംഭങ്ങളുടെ ഉപഭോക്താക്കളാകാനും വരെ ആളുകള്‍ മടിക്കുന്നുണ്ട്. എന്നാല്‍ സമൂഹത്തില്‍ മുന്‍പുണ്ടായിരുന്ന തുറിച്ചു നോട്ടങ്ങളും പെരുമാറ്റങ്ങളും താരതമ്യേന കുറഞ്ഞിട്ടുണ്ടെന്ന് പറയാം,” നേഹ വ്യക്തമാക്കി.

സമൂഹത്തെ കുറ്റപ്പെടുത്തുന്നതിനു മുന്‍പ് സ്വന്തം കുടുംബത്തെയാണ് ചോദ്യം ചെയ്യേണ്ടത്. ട്രാന്‍സ്ജെന്‍ഡറുകളെ അംഗീകരിക്കാനും കൂടെ നിര്‍ത്താനുമുള്ള പ്രവണത അവരുടെ കുടുംബത്തില്‍ നിന്നുണ്ടാകണമെന്നും നേഹ തുറന്നുപറയുന്നു. കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ പ്രാവര്‍ത്തികമാക്കുന്ന പദ്ധതികള്‍ സ്വാഗതാര്‍ഹമാണ്, എന്നാല്‍ ഈ ആവശ്യങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നുള്ള അവഗണനകള്‍ കാരണം ഇന്നും ആനുകൂല്യങ്ങള്‍ക്ക് വേണ്ടി പാടുപെടുകയും ചെയ്യുന്ന ഒരുപാട് പേരുണ്ടെന്നും ഈ അവസ്ഥയ്ക്ക് മാറ്റം വരണമെന്നും നേഹ കൂട്ടിച്ചേര്‍ത്തു.

“തെരഞ്ഞെടുപ്പില്‍ സ്ത്രീ സംവരണം എന്ന പോലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനും സംവരണം ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. സമത്വം എന്നുദ്ദേശിക്കുന്നത് പുരുഷന് 60 ശതമാനം സ്ത്രീയ്ക്ക് 40 ശതമാനം എന്നതില്‍ നിന്ന് മാറി തുല്യ പരിഗണനയാകണം. ട്രാന്‍സ് സമൂഹത്തിനു വേണ്ടി മാത്രമല്ല എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അതിന്‍റെ ആനുകൂല്യങ്ങള്‍ ലഭിക്കണം,” നേഹ വ്യക്തമാക്കി.


ശസ്ത്രക്രിയയ്ക്ക് ശേഷം പൂര്‍ണ്ണമായും ഒരു സ്ത്രീയായി എന്ന തന്‍റെ പ്രസ്താവനകളെ ഖണ്ഡിച്ചുകൊണ്ട് പ്രസവിക്കാന്‍ സാധിക്കാതെ എങ്ങനെയാണ് സ്ത്രീ പൂര്‍ണ്ണമാകുന്നതെന്ന വാദങ്ങള്‍ ഉയര്‍ന്നു വന്നതില്‍ നേഹ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. “പ്രസവിക്കാന്‍ പ്രാപ്തയല്ലാത്ത സ്ത്രീയെ സ്ത്രീ എന്നു തന്നെയല്ലേ പറയുന്നത്…? പ്രസവിച്ചതുകൊണ്ട് മാത്രം ഒരു സ്ത്രീ സ്ത്രീയാകുമോ…? പ്രസവിച്ച കുഞ്ഞിനെ കൊന്നുകളയുന്ന അമ്മമാരുള്ള നാടാണ് നമ്മുടേത്. അതേസമയം ആണ്‍ ശരീരം ഉപേക്ഷിച്ച് പെണ്ണായി മാറുമ്പോള്‍ പ്രസവത്തെക്കാള്‍ ഭീകരമായ വേദന ഞങ്ങള്‍ അനുഭവിക്കുന്നുണ്ട്. വിവിധങ്ങളായ ശസ്ത്രക്രിയകള്‍ സഹിക്കാവുന്നതിലുമപ്പുറം വേദനയാണ് തരുന്നത്. കൂടാതെ സ്നേഹബന്ധങ്ങള്‍ എന്നും നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങളില്‍ ഭൂരിഭാഗവും,” നേഹ പറയുന്നു.

പുരുഷന്മാരില്‍ പലരും തങ്ങളെ ലൈംഗികച്ചുവയോടെ സമീപിക്കുമ്പോള്‍ സ്ത്രീകള്‍ തങ്ങളെ അപൂര്‍ണ്ണരായി പരിഗണിച്ച് കളിയാക്കാറ് പതിവെന്നും നേഹ വെളിപ്പെടുത്തി. “ഒരു ട്രാന്‍സ് വുമണ്‍ എന്ന നിലയില്‍ എല്ലാം തികഞ്ഞവളാണ് ഞാനെന്ന് എനിക്ക് അഭിമാനപൂര്‍വ്വം പറയാന്‍ സാധിക്കും. അത്രയും ദുരിതങ്ങളും വേദനയും സഹിച്ചു തന്നെയാണ് ഇന്നു കാണുന്ന നിലയിലേക്ക് ഞാനെത്തിയത്. ആരും ഒന്നും തികഞ്ഞവരായിട്ടില്ല. സ്ത്രീ അവള്‍ക്ക് അര്‍ഹമായ സ്ഥാനം തിരിച്ചറിഞ്ഞ് ശക്തി തെളിയിക്കുകയെന്നതാണ് പ്രാധാന്യം,” നേഹ പറഞ്ഞു. സ്ത്രീയോളം സഹന ശക്തിയും കരുത്തും ഈ ലോകത്ത് മറ്റാര്‍ക്കും ഇല്ല. തളര്‍ന്നു പോകുമെന്ന ഘട്ടത്തില്‍ ഒരു ട്രാന്‍സ് വുമണിന്‍റെ ജീവിതയാത്ര ഏതൊരു സ്ത്രീയ്ക്കും അങ്ങേയറ്റം പ്രചോദമാകുമെന്നും നേഹ ഓര്‍മ്മപ്പെടുത്തുന്നു.

സ്വത്വത്തോടും സമൂഹത്തോടുമുള്ള പോരാട്ടത്തില്‍ യാതനകള്‍ മാത്രം അഭിമുഖീകരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് മുന്നില്‍ എന്നും ഒരു തുറന്ന പാഠപുസ്തകമാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അതിജീവനത്തിന്‍റെ പ്രതിരൂപങ്ങളാണ്. ഇവര്‍ അവരുടെ പ്രതിനിധികള്‍ മാത്രം. മേല്‍ പരാമര്‍ശിക്കപ്പെട്ട ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ അതില്‍ ഒരംശം മാത്രം.