കേരളത്തിൽ ഏറ്റവും ജനപ്രീതിയാർജിച്ച മണ്ഡലമാണ് കൊല്ലം ജില്ലയിലെ പത്തനാപുരം നിയമസഭാ മണ്ഡലം. പത്തനാപുരം താലൂക്കിലെ പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂർ, തലവൂർ, വിളക്കുടി എന്നീ പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പത്തനാപുരം നിയമസഭാമണ്ഡലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിനിമ താരങ്ങളായിരുന്നു പത്തനാപുരത്തെ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികൾ. ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയായി എംഎല്‍എ ഗണേഷ് കുമാറും, കോണ്‍ഗ്രസിന് വേണ്ടി നടന്‍ ജഗദീഷും ബിജെപിക്കു വേണ്ടി ഭീമന്‍ രഘുവുമാണ് പത്തനാപുരത്ത് മത്സരിക്കാൻ ഇറങ്ങിയത്. സിനിമാ കഥ പോലെ ആകാംഷ നിറച്ച ഒരു തെരെഞ്ഞെടുപ്പ് കാലമായിരുന്നു കഴിഞ്ഞ തവണ പത്തനാപുരത്തുകാർക്ക് നേരിടേണ്ടി വന്നത്. മൂന്ന് പേരിൽ ആര് പത്തനാപുരത്തിന്റെ നായക സ്ഥാനം നേടും എന്നറിയാൻ ജനങ്ങൾ കാത്തിരുന്നു. ഒടുവിൽ ഫലം വനനത്തോടെ കെ.ബി ഗണേഷ് കുമാറിന്‍റെ ചിന്ഹമായ ഓട്ടോറിക്ഷ കാല്‍ ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുന്നിലെത്തി. 2021 ൽ കേരളം വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിനു തിരശീല ഉയരുമ്പോൾ പത്തനാപുരം കഴിഞ്ഞ തവണത്തെ പോലെ വീണ്ടും ആകാംഷകളിലേക്ക് കടക്കുകയാണ്.
2001 മുതൽ 2011 വരെ യുഡിഎഫ് സ്ഥാനാർത്ഥിയായിട്ടാണ് ഗണേഷ് കുമാർ നിയമസഭയിലേക്ക് മത്സരിക്കുന്നത്. ആരോപണങ്ങളെ തുടർന്ന് മന്ത്രി സ്ഥാനം രാജിവെക്കുകയും 2016 ൽ നിയമസഭാ തെരെഞ്ഞെടുപ്പിലേക്കു ഇടത് പക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തു. 4 തവണ നിയമസഭയിലെത്തിയ ഗണേഷ് കുമാറിന് ഓരോ തവണയും വ്യക്തമായ ഭൂരിപക്ഷവും ലഭിച്ചു. ഇത്തവണയും ഗണേഷ് കുമാർ തന്നെയാകും ഇടതിന്റെ സ്ഥാനാർത്ഥിയായി പത്തനാപുരത്തേക്ക് മത്സരിക്കുന്നത് എന്നതിൽ മാറ്റമില്ല. പത്തനാപുരം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പദ്ധതികളുടെ ആത്മ വിശ്വാസമാണ് ഗണേഷ് കുമാർ അല്ലാതെ മറ്റുപേരുകൾ പകരം വരാത്തത്. ആരോഗ്യം, കുടിവെള്ളം, റോഡുകൾ, വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാന കാര്യങ്ങളിൽ എല്ലാം പത്തനാപുരത്ത് സമഗ്രമായ വികസനം തന്നെയാണ് ഗണേഷ് കുമാർ നടപ്പിലാക്കിയിരിക്കുന്നത്.
താലൂക്ക് ആശുപത്രി നിര്‍മ്മാണം വൈകുന്നതും ഷോപ്പിങ്ങ് കോംപ്ലക്സ് നിര്‍മ്മാണത്തിലൂടെ സ്ഥലം നഷ്ടമായ ചെറുകിട കച്ചവടക്കാരുടെ വിഷയങ്ങളും, നടിയെ അക്രമിക്കപ്പെട്ട കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയതില്‍ എംഎല്‍എയുടെ സെക്രട്ടറിയുടെ അറസ്റ്റുമൊക്കെ മണ്ഡലത്തിലെ പ്രധാന രാഷ്ട്രീയ വിഷയമായി തെരഞ്ഞെടുപ്പ് ചർച്ചകളിൽ ഗണേഷിനെതിരെ ഉയർന്നുവരും. തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ ഗണേഷിനോട് ഇടഞ്ഞ സിപിഐ പത്തനാപുരത്ത് പൊതുയോഗം വിളിച്ച് ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. എംഎല്‍എയെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തിലും സിപിഐ എതിര്‍പ്പ് പരസ്യമാക്കിയിരുന്നു. ഇതുവരെ പരിഹരിക്കപ്പെടാത്ത ഈ ഭിന്നതയും ഗണേഷ് കുമാറിനെ പിന്തുടരുന്നു.
കഴിഞ്ഞ തവണ നടൻ ജഗദീഷിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി നിർത്തിയിടത്ത് ഇത്തവണ സ്ഥാനാർത്ഥിയായി എത്തുക ആര് എന്ന ആകാംക്ഷയും പത്തനാപുരത്തുകാർക്കുണ്ട്. ചാണ്ടി ഉമ്മന്‍ മത്സരിക്കണമെന്ന് അഭിപ്രായമുള്ള കോണ്‍ഗ്രസ് നേതാക്കളും ഉണ്ട്. പത്തനാപുരത്ത് ചാണ്ടി ഉമ്മന്‍ ഗണേഷനെതിരെ രാഷ്ടീയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ജ്യോതികുമാര്‍ ചാമക്കാലയും യുഡിഎഫ് സ്ഥാനാർത്ഥികളുടെ പട്ടികയിൽ ഉണ്ട്. ചാമക്കാല വന്നാല്‍ എന്‍എസ്എസ്, എസ്എന്‍ഡിപി വോട്ടുകള്‍ പിടിക്കാനാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. എന്നാല്‍ പുറത്ത് നിന്ന് ഒരാള്‍ സ്ഥാനാര്‍ത്ഥിയാകണ്ടെന്ന അഭിപ്രായമാണ് പ്രാദേശിക കോണ്‍ഗ്രസ് നേത്യത്വത്തിനുണ്ട്. 40 വര്‍ഷത്തില്‍ അധികമായി പത്തനാപുരം മണ്ഡലത്തില്‍ സജീവ രാഷ്ടീയ പ്രവര്‍ത്തനം നടത്തുന്ന പത്തനാപുരം കെപിസിസി മെമ്പര്‍ സി.ആര്‍ നജീബും നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ആയ സാജു ഖാനും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നേട്ടത്തിന് ആഗ്രഹിക്കുന്നുണ്ട്. എന്തായാലും പത്തനാപുരത്ത് ഇത്തവണ യുഡിഎഎഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.