ബംഗാളിന്‍റെ തീഷ്ണമായ ഭരണരാഷ്ടീയചരിത്രത്തില്‍ ഏറെ നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പങ്കമാണ് പടിവാതുക്കലെത്തിയിരിക്കുന്നത്. മൂന്നാംവട്ടം അധികാരം പിടിച്ചെടുക്കാന്‍ കോപ്പുകൂട്ടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാന എതിരാളിയായ ബിജെപിയുടെ വെല്ലുവിളികള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഉറപ്പിച്ചു കഴിഞ്ഞു. സിറ്റിങ് സീറ്റായ ഭവാനിപുര്‍ ഉപേക്ഷിച്ച് നന്ദിഗ്രാമില്‍ മാത്രം മത്സരിക്കാന്‍ ഒരുങ്ങിയിറങ്ങുകയാണ് മമത ബാനര്‍ജി. ദീദിയുഗത്തില്‍ നിന്ന് ബംഗാളിനെ മോചിപ്പിക്കാന്‍ ഒരു അട്ടിമറിക്കൊരുങ്ങുന്ന ബിജെപി, തൃണമൂലില്‍ നിന്ന് ചേക്കേറിയ സുവേന്ദു അധികാരിയെന്ന തുറുപ്പു ചീട്ട് മമതയ്‌ക്കെതിരെ പ്രയോഗിക്കുമോ എന്നതു മാത്രമാണ് ഇനി അറിയേണ്ടത്. അല്ലാത്തപക്ഷം ജയത്തില്‍ കവിഞ്ഞതൊന്നും പ്രതീക്ഷിക്കാതെയുള്ള പോര്‍വിളികള്‍ വംഗനാട്ടില്‍ നിന്നുയരുമെന്നതില്‍ യാതൊരു സംശയവുമില്ല.
നന്ദിഗ്രാമടക്കം 291 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. സഖ്യകക്ഷികള്‍ക്കായി മൂന്ന് സീറ്റുകള്‍ വിട്ടുകൊടുത്തതായും മമത അറിയിച്ചു. മുതിര്‍ന്ന തൃണമൂല്‍ നേതാവും മന്ത്രിയുമായ സോവന്‍ദേബ് ചട്ടോപാധ്യായയാണ് മമത സ്ഥിരമായി മത്സരിച്ചിരുന്ന ഭവാനിപുര്‍ മണ്ഡലത്തില്‍ ഇത്തവണ സ്ഥാനാര്‍ത്ഥി. ജനുവരിയില്‍ നടന്ന ഒരു റാലിയിലായിരുന്നു നന്ദിഗ്രാമില്‍ താന്‍ മത്സരിക്കുമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചത്. നന്ദിഗ്രാം എന്‍റെ മൂത്ത സഹോദരിയും ഭവാനിപുര്‍ ഇളയസഹോദരിയുമാണെന്നായിരുന്നു മമതയുടെ പ്രസ്താവന. എന്നാല്‍, അന്നേ ദിവസം തന്നെ സുവേന്ദു അധികാരി മമതയുടെ വെല്ലുവിളി ഏറ്റെടുത്തിരുന്നു. അരലക്ഷം വോട്ടുകള്‍ക്ക് മമതയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നായിരുന്നു സുവേന്ദുവിന്‍റെ പ്രഖ്യാപനം. ഇതുതന്നെയാണ് ബംഗാളിനെ ഈ തെരഞ്ഞെടുപ്പ് കാലം തീപാറുന്ന പോരാട്ടങ്ങളുടെ രണഭൂമിയാക്കുന്നതും.
ബംഗാള്‍ രാഷ്ട്രീയത്തില്‍ നന്ദിഗ്രാമിന്‍റെ സ്ഥാനം
രാജ്യവിഭജന പ്രശ്നങ്ങളും അഭയാര്‍ത്ഥി പ്രവാഹവുമൊക്കെ വന്‍ തോതില്‍ സ്വാധീനം ചെലുത്തിയ ബംഗാളില്‍, ആദ്യം കോണ്‍ഗ്രസിനും പിന്നീട് ഇടത് മതേതര രാഷ്ട്രീയത്തിനുമായിരുന്നു വേരോട്ടമുണ്ടായിരുന്നത്. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്ന സിദ്ധാര്‍ത്ഥ് ശങ്കര്‍ റേയായിരുന്നു 1972 മുതല്‍ 1977 വരെ ബംഗാള്‍ ഭരിച്ചത്. എന്നാല്‍ കോണ്‍ഗ്രസിനെ വീഴ്ത്തി 1977 മുതല്‍ 2011 വരെയുള്ള നീണ്ടകാലയളവില്‍ ബംഗാളിന്‍റെ അധികാരചക്രം ഇടത് പാര്‍ട്ടികള്‍ നിയന്ത്രിച്ചു. അഞ്ച് വട്ടം ജ്യോതിബസുവും രണ്ട് വട്ടം ബുദ്ധദേവ് ഭട്ടാചാര്യയും മുഖ്യമന്ത്രിമാരായി. ദീദിയുഗം എന്ന് വിശേഷിക്കപ്പെടുന്ന രാഷ്ട്രീയ പരിസരത്തിലേക്ക് ബംഗാള്‍ രാഷ്ട്രീയം തകിടം മറിഞ്ഞത് 10 വര്‍ഷം മുന്‍പാണ്. 34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച സിപിഎമ്മിന്‍റെ ജനകീയാടിത്തറ ഇളക്കിക്കൊണ്ടായിരുന്നു ഈ ചരിത്ര മുന്നേറ്റം.
മമതയെയും തൃണമൂലിനെയും അധികാരത്തിലെത്താന്‍ സഹായിച്ച കര്‍ഷകമുന്നേറ്റത്തിന്‍റെ പ്രഭവകേന്ദ്രം എന്ന നിലയിലാണ് ബംഗാളിന്‍റെ രാഷ്ട്രീയ ഭൂപടത്തില്‍ നന്ദിഗ്രാം ശ്രദ്ധാകേന്ദ്രമാകുന്നത്. തൃണമൂലിന് മേഖലയില്‍ കരുത്തുറ്റ അടിത്തറയുണ്ടാക്കാന്‍ അശ്രാന്തം പരിശ്രമിച്ചത് മമതയുടെ വിശ്വസ്തനായിരുന്ന, ഇന്ന് ശത്രുചേരിയില്‍ പ്രബലനായ സുവേന്ദു അധികാരിയും. സിപിഎം നേതാക്കള്‍ കീരീടമില്ലാത്ത രാജാക്കളായി വാണ കോട്ടകള്‍ തകര്‍ത്ത് ചോരപ്പുഴകൾ നീന്തിക്കയറി തൃണമൂലിന്‍റെ കൊടി പറത്തിയ നായകനായിരുന്നു സുവേന്ദു.
2007ല്‍ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു ഭൂമിയേറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഉടലെടുത്ത, പാവപ്പെട്ട കര്‍ഷകരുടെയും ഗ്രാമവാസികളുടെയും പ്രതിഷേധസമരമാണ് നന്ദിഗ്രാമിനെ ദേശീയശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. ഗ്രാമങ്ങളിലെ 10,000 ഏക്കര്‍ പ്രത്യേക സാമ്പത്തിക മേഖലയാക്കാനുള്ള സിപിഎം സർക്കാരിന്‍റെ തീരുമാനത്തിനെതിരെ ഗ്രാമവാസികളെ രംഗത്തിറക്കി ഭൂമി ഉച്ഛേദ് പ്രതിരോധ സമിതിയുണ്ടാക്കി അന്ന് സമരം നയിച്ചത് ദക്ഷിണ കാന്തിയിലെ എംഎൽഎ ആയിരുന്ന സുവേന്ദുവാണ്. സിപിഎമ്മിന്‍റെ പ്രാദേശിക നേതാക്കള്‍ അതിനീചമായ രീതിയില്‍ ജനമുന്നേറ്റത്തെ കൈകാര്യം ചെയ്തപ്പോള്‍ അതിനെയൊക്കെ വെല്ലുവിളിച്ച് പ്രതിരോധം തീര്‍ത്ത നേതാവായിരുന്നു സുവേന്ദു.
ചോരയും നീരും മാത്രമല്ല, മനുഷ്യജീവന്‍ വരെ ബലികൊടുത്ത ആ പോരാട്ടം ഒടുക്കം വിജയം കണ്ടു. 2007 ജനുവരി മുതല്‍ മാര്‍ച്ച് വരെ നടന്ന പ്രക്ഷോഭത്തില്‍ 27 ഗ്രാമീണര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. മാര്‍ച്ച് 14ന് നടന്ന വെടിവെപ്പില്‍ മാത്രം 14 പേര്‍ മരിച്ചു. നന്ദിഗ്രാമിലെ അപക്വവും അപകടകരവുമായ രാഷ്ട്രീയതീരുമാനം ഇടതുഭരണത്തിന്‍റെ ആണിക്കല്ല് പറിക്കുകയും ചെയ്തു. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്കായി നഷ്ടപരിഹാരം കിട്ടാനും ഗുണ്ടകളാൽ പീഡിപ്പിക്കപ്പെട്ട 300ലേറെ പെൺകുട്ടികൾക്കു നീതി കിട്ടാനും സുവേന്ദുവായിരുന്നു മുന്നില്‍ നിന്നത്. അങ്ങനെ സുവേന്ദു വെട്ടിത്തെളിച്ച പാതയിലൂടെ മമത ബാനര്‍ജി ബംഗാളില്‍ വെന്നിക്കൊടി നാട്ടി.
തൃണമൂലിന്‍റെ ശബ്ദമായാണ് മമത സുവേന്ദുവിനെ ലോക്സഭയിലേക്കയക്കുന്നത്. അതും രണ്ടു തവണ. 2004ലും 2010ലും. 2016ൽ എംപിയായിരിക്കെ തന്നെ രണ്ടാം മമത മന്ത്രിസഭയിൽ രണ്ടാമനായി സുവേന്ദു. ട്രാൻസ്പോർട്ട്, ജലവകുപ്പു മന്ത്രി, ഹുഗ്ലി റിവർ ബ്രിഡ്ജ് കമ്മിഷൻ ചെയർമാൻ, ഹാൽദിയ ഡവലപ്മെന്‍റ് അതോറിറ്റി ചെയർമാൻ തുടങ്ങി സുപ്രധാന സ്ഥാനമാനങ്ങളും അദ്ദേഹം വഹിച്ചു. സുവേന്ദു ഒഴിഞ്ഞ താലുക്കിൽ നിന്ന് സഹോദരൻ ദിബ്യേന്ദു അധികാരിയാണ് പിന്നീട് ജയിച്ചത്.
മമതയുടെ മനഃസാക്ഷിയായിരുന്ന സുവേന്ദു ‘ദാദ’ എന്നാണ് ജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടത്. ഗ്രാമീണമേഖലയിൽ തൃണമൂലിന്‍റെ ജീവശ്വാസമായായിരുന്നു സുവേന്ദു നിലകൊണ്ടത്. അങ്ങനെയിരിക്കെയാണ് മമതയ്ക്ക് കനത്ത പ്രഹരമായി സുവേന്ദുവിന്‍റെ ബിജെപിയിലേക്കുള്ള കളം മാറ്റം. നന്ദിഗ്രാമില്‍ വീരപരിവേഷമുള്ള സുവേന്ദുവിനെ ബിജെപി മമതയ്‌ക്കെതിരായ വജ്രായുധമാക്കിയാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരിടേണ്ടിവരുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ചില്ലറയൊന്നുമല്ല എന്ന നിരീക്ഷണം ഇങ്ങനെയാണുണ്ടാകുന്നത്.
പതിനെട്ടടവും പയറ്റി ബിജെപി
പ്രതിസന്ധികള്‍ തരണം ചെയ്ത് ബിഹാറില്‍ അധികാരം നേടാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണു ബംഗാളില്‍ ആധിപത്യം ഉറപ്പിക്കാന്‍ ബിജെപി ഒരുങ്ങിപ്പുറപ്പെട്ടത്. പ്രധാനമായും രണ്ട് കാരണങ്ങളാണ് ബംഗാളില്‍ സ്വാധീനം മെച്ചപ്പെടുത്താന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്. ഒന്ന്, ഹിന്ദി ഹൃദയഭൂമി കയ്യടക്കുന്നതിനൊപ്പം രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലും സ്വാധീനമുറപ്പിക്കണം എന്നതാണ്. ബംഗാള്‍ കിട്ടിയാല്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള കടന്നു കയറ്റം വേഗത്തിലാകുമെന്നതാണ് രണ്ടാമത്തെ കാരണം. ലോക്സഭയിലെ മേധാവിത്വം നിലനിര്‍ത്താന്‍ കേരളത്തിലും തമിഴ്നാട്ടിലും നേട്ടമുണ്ടാക്കുന്നതിനേക്കാള്‍ എളുപ്പമാണ് ബംഗാളില്‍ സ്വാധീനശക്തിയാകുന്നതെന്ന ബോധ്യവും അവര്‍ക്കുണ്ട്. ബിജെപിയുടെയും ജനസംഘത്തിന്‍റെയും സ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മനാട്ടില്‍ വേരുറപ്പിക്കുകയെന്ന വൈകാരിക കാരണം മറ്റൊന്ന്.
കഴിഞ്ഞ മൂന്നു വര്‍ഷമായി ബിജെപി ബംഗാള്‍ ലക്ഷ്യമിട്ട് അണിയറ നീക്കങ്ങള്‍ നടത്തുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ബംഗാളില്‍ അരാജകത്വവും ഏകാധിപത്യവും തുടരുമെന്നും ന്യൂനപക്ഷ പ്രീണനം കൂടുമ്പോള്‍ ഭൂരിപക്ഷമായ ഹിന്ദുക്കള്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നുമാണ് ബിജെപി ബംഗാള്‍ ജനതയ്ക്ക് മുന്നില്‍ നിരത്തുന്ന വാദം. നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ അമിത് ഷാ മാസത്തില്‍ ഒരു തവണയെങ്കിലും ബംഗാള്‍ സന്ദര്‍ശിക്കുക പതിവായിരുന്നു. ബംഗാളിനെ വിവിധ ഭാഗങ്ങളായി തിരിച്ചാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഏകോപനം. സാധാരണജനങ്ങളെ മാത്രമല്ല ബുദ്ധിജീവികളെയും കലാകാരന്മാരെയുമടക്കം നേരില്‍ കണ്ട് ദേശീയ നേതാക്കളുടെ നേതൃത്വത്തിലാണ് കൊണ്ടുപിടിച്ച പ്രചാരണം നടക്കുന്നത്.
ക്ഷേത്ര ദര്‍ശനങ്ങളായിരുന്നു മറ്റൊരു തന്ത്രം. ഓരോ സന്ദര്‍ശന വേളയിലും പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ദര്‍ശനം നേടുകയും മതനേതാക്കളുമായി സംവദിക്കുകയും ചെയ്തിരുന്നു അമിത് ഷായും ജെപി നഡ്ഡയുമൊക്കെ. വിവേകാന്ദനെയും ടാഗോറിനെയും ആദരിക്കാനും ശ്രീരാമകൃഷ്ണ പരമഹംസര്‍, ശാരദ ദേവി എന്നിവര്‍ക്ക് പ്രണാമമര്‍പ്പിക്കാനും നേതാക്കള്‍ മറക്കാറില്ല. ബംഗാളിന്‍റെ ചരിത്ര സവിശേഷതകളായ മതേതരത്വവും നവോത്ഥാനവുമൊക്കെ വര്‍ഗീയതയില്‍ ചാലിച്ച് വോട്ടാക്കാനുള്ള ശ്രമങ്ങളായിരുന്നു ഇതൊക്കെ.
ശത്രുപാളയത്തില്‍ വലവീശി കരുത്തരായ നേതാക്കളെ വശത്താക്കുകയായിരുന്നു ബിജെപി പ്രയോഗിച്ച മറ്റൊരു രാഷ്ട്രീയ തന്ത്രം. തൃണമൂല്‍ കോണ്‍ഗ്രസില്‍ വിള്ളല്‍ വീഴ്ത്തി സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ എംഎല്‍എമാരെയും എംപിമാരെയും വരെ കൂറുമാറ്റത്തിന് പ്രേരിപ്പിക്കാന്‍ ബിജെപിക്കായി. മുകുള്‍ റോയി അടക്കം ഒട്ടേറെ നേതാക്കള്‍ പാര്‍ട്ടിവിട്ട് ബിജെപി പാളയത്തില്‍ എത്തിയപ്പോഴും മമതയ്‌ക്കൊപ്പംനിന്ന സുവേന്ദു അധികാരിയുടെ പടിയിറക്കം പക്ഷെ, യുദ്ധത്തിനിടെ പടത്തലവന്‍ പോര്‍ക്കളം വിട്ട പ്രതീതിയാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ സൃഷ്ടിച്ചത്. മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി പാര്‍ട്ടിയില്‍ നേടിയ അപ്രമാദിത്വമാണ് സുവേന്ദുവടക്കമുള്ള മുതിര്‍ന്ന നേതാക്കളില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായതെന്ന് പറയപ്പെടുന്നു.
തീപാറുന്ന തെരഞ്ഞെടുപ്പ് ഗോദ
കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തോട് ഇടത് മുക്ത ഭാരതമെന്ന മുദ്രാവാക്യം ചേര്‍ത്തുവയ്ക്കാനുള്ള സാധ്യതകളും ബംഗാളില്‍ ബിജെപി കാണുന്നു. രണ്ട് മുന്നണികളില്‍ കറങ്ങിത്തിരിയുന്ന കേരളത്തില്‍ സാന്നിദ്ധ്യമുറപ്പിക്കുക പ്രയാസമാണെന്ന് തിരിച്ചറിയുന്ന ബിജെപി ബംഗാളിലൂടെ കേരളമെന്ന മുദ്രാവാക്യം ഉയര്‍ത്താനാണ് ശ്രമിക്കുന്നതെന്നും രാഷ്ട്രീയ വിചക്ഷകര്‍ നിരീക്ഷിക്കുന്നു. ബംഗാളിലെ നേട്ടം ഒഡീഷയടക്കം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളില്‍ മുന്‍തൂക്കം നല്‍കുമെന്നും ബിജെപി കണക്ക് കൂട്ടുന്നുണ്ട്.
2014 മുതല്‍ ആർഎസ്എസ്സും ബിജെപിയും ബംഗാളില്‍ സജീവമാണ്. അമിത് ഷാ തന്‍റെ വിശ്വസ്തരായ കൈലാഷ് വിജയ് വാര്‍ഗിയയെയും അരവിന്ദ് മേനോനെയും ബംഗാളിലേക്ക് പറിച്ചുനട്ട് ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. 2011ലെ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 294 നിയമസഭ മണ്ഡലങ്ങളില്‍ 289 സീറ്റുകളില്‍ ബിജെപി മത്സരിച്ചിരുന്നെങ്കിലും 4.06ശതമാനം മാത്രമായിരുന്നു വോട്ടുവിഹിതം. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 291 സീറ്റുകളില്‍ മത്സരിച്ച് 3 സീറ്റുകളില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. 10.6 ശതമാനമായിരുന്നു വോട്ടുവിഹിതം. എന്നാല്‍, 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ 18 സീറ്റുകളെന്ന നേട്ടത്തിലേക്ക് ബിജെപി എത്തി. ഇതോടെ മമതയുടെ വിജയം 22 സീറ്റുകളില്‍ ഒതുങ്ങുകയായിരുന്നു.
കഴിഞ്ഞ രണ്ടു തവണ സംസ്ഥാനത്തിന്‍റെ ഭരണചക്രം കറക്കിയ മമത സര്‍ക്കാരിനോട് ജനങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഭരണവിരുദ്ധ വികാരവും ഹൈന്ദവ വോട്ടുകളുടെ ഏകീകരണവുമാണ് ബിജെപി വോട്ടാക്കാന്‍ പോകുന്നത്. സംസ്ഥാനത്ത് 30 ശതമാനത്തോളമുള്ള മുസ്ലീം വോട്ടുകളില്‍ പരമ്പരാഗതമായി കോണ്‍ഗ്രസ്- ഇടത് പാര്‍ട്ടികളെ പിന്തുണക്കുന്ന വോട്ടുകള്‍ നേടാനാകില്ലെന്നുറപ്പുണ്ടെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഭിന്നിപ്പുണ്ടാകുന്നതിലൂടെ സാഹചര്യം അനുകൂലമാക്കാന്‍ സാധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിനായി പൗരത്വ നിയമഭേദഗതി, പൗരത്വ പട്ടിക, അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ബിജെപി ഉയര്‍ത്തുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പൗരത്വ നിയമഭേദഗതി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് അമിത് ഷാ ആവര്‍ത്തിക്കുന്നുമുണ്ട്.
അതേസമയം, 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ആരംഭിച്ച കരുനീക്കങ്ങള്‍ക്ക് സമയാസമയം തടയിടാന്‍ മമതയ്ക്കു കഴിഞ്ഞിട്ടുണ്ട്. ആ ചെറുത്തു നില്‍പും ആക്രമണവും മനസ്സിലാക്കിയ ബിജെപിക്ക് ബംഗാളില്‍ വിജയം എളുപ്പമല്ല എന്ന തിരിച്ചറിവുമുണ്ട്. ഇത്തവണ പോര്‍ക്കളത്തില്‍ ശക്തി തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് വിദഗ്ദന്‍ പ്രശാന്ത് കിഷോറാണ് മമതയ്‌ക്കൊപ്പമുള്ളത്. ഒപ്പം ബംഗാളില്‍ ‘ബംഗാളിന്‍റെ മകള്‍ ‘ എന്ന പ്രചരണവാക്യവും. ഭരണകര്‍ത്താവ് എന്നതിലുപരി ഒരു പോരാളിയുടെ പരിവേഷത്തോടെ തന്നെയാണ് മമത ബംഗാള്‍ ജനതയ്ക്ക് മുന്നില്‍ നിലകൊള്ളുന്നത്.
എന്നാല്‍, വിശ്വസ്തരുടെ കൊഴിഞ്ഞുപോക്കും പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളും അഴിമതി ആരോപണങ്ങളുമൊക്കെ മമതയ്ക്കു വെല്ലുവിളിയാണ്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും സഖ്യമുണ്ടാക്കി വേറിട്ട് മത്സരിക്കുന്നതിലൂടെ മുസ്ലീം, മതേതര വോട്ടുകള്‍ മൂന്നായി ചിതറുമെന്ന വസ്തുതയും തള്ളിക്കളയാനാവില്ല. അതിനിടയിലാണ് സുവേന്ദു അധികാരി ബിജെപി ചീട്ടില്‍ നേര്‍ക്കുനേര്‍ പോര്‍ക്കളത്തിലെത്തുമോ എന്ന ആശങ്ക സജീവമാകുന്നത്. സുപ്രധാനമായ ചില തെരഞ്ഞെടുപ്പ് സര്‍വ്വെകള്‍ ടിഎംസിക്ക് പച്ചക്കൊടി കാട്ടുന്നുണ്ടെങ്കിലും പ്രവചനാതീതമായ രാഷ്ട്രീയാന്തരീക്ഷമാണ് ബംഗാളില്‍ നിലകൊള്ളുന്നത്. ആശയും ആശങ്കകളും ആകാംക്ഷയും നിറഞ്ഞ ഈ സാഹചര്യം വോട്ടെടുപ്പിന് ശേഷവും രാഷ്ട്രീയ കോലാഹലത്തിന് വഴിവെച്ചേക്കാം.