1947 ഓഗസ്റ്റ് 14 ലെ രാത്രിയിൽ രാജ്യത്തിന്റെ നെഞ്ചിലുണ്ടായ ഏറ്റവും വലിയ മുറിവ് മുക്കാൽ നൂറ്റാണ്ട് ആയിട്ടും ഉണങ്ങിയിട്ടില്ല. അല്ലെങ്കിൽ ഉണങ്ങാൻ ചിലർ അനുവദിച്ചിട്ടില്ല. ആ മുറിവിൽ ഇടയ്ക്കിടെ കുത്തികൊണ്ടിരിക്കുക എന്നത് ചിലരുടെ എല്ലാം നിലനിൽപ്പിന് തന്നെ അത്യാവശ്യമാണ് എന്നതാണ് സ്ഥിതി. ഹിന്ദു – മുസ്‌ലിം മത വിശ്വാസങ്ങളുടെ പേരിൽ അടുത്തകാലത്ത് ഏറ്റവും കൂടുതൽ ഭിന്നത ഉണ്ടാക്കിയതും ഭൂരിപക്ഷത്തിന് ന്യൂനപക്ഷത്തിനുമേൽ കടന്ന് കയറാൻ ഉപാധിയുമായ വിഷയമായിരുന്നു ലൗ ജിഹാദ് എന്ന കെട്ടുകഥ.
ലൗ ജിഹാദ് ഇല്ലെന്ന് കോടതികളും അന്വേഷണ ഏജൻസികളും അവർത്തിച്ചിട്ടും ബിജെപി പ്രവർത്തകരും ഹിന്ദുത്വ സംഘടനകളും ഇപ്പോഴും ലൗ ജിഹാദ് കെട്ടുകഥ പറഞ്ഞു കൊണ്ട് നടപ്പാണ്. ബിജെപിയിൽ അംഗത്വമെടുത്തതിന് പിന്നാലെ മെട്രോമാൻ ഇ ശ്രീധരനാണ് ലൗ ജിഹാദുമായി ബന്ധപ്പെട്ട് ഈ അടുത്ത കാലത്ത് വീണ്ടും ചർച്ചകൾ കൊണ്ടുവന്നത്. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നായിരുന്നു യാതൊരു വസ്തുതകളുമില്ലാതെ ഈ ശ്രീധരൻ നടത്തിയ പരാമർശം. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. ബിജെപിയിൽ അംഗത്വമെടുത്താൽ അംഗങ്ങളുടെ പ്രീതിക്കായി പിന്നെ മുസ്‌ലിം വിരുദ്ധത പറയുക എന്ന പലരും പയറ്റിത്തെളിഞ്ഞ അടവ് തന്നെയാണ് ശ്രീധരനും എടുത്തത്.
2009 ലാണ് ബിജെപിയോട് ആഭിമുഖ്യം പുലർത്തുന്ന ഹിന്ദുത്വ സംഘടനകൾ ലൗ ജിഹാദ് എന്ന ആരോപണവുമായി രംഗത്ത് വരുന്നത്. സോഷ്യൽ മീഡിയ ക്യാമ്പയിനുകളിലൂടെ ലൗ ജിഹാദ് അതിവേഗം പരന്ന് പിടിച്ചു. മുഖ്യധാരാ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങൾ ഉൾപ്പെടെ ലൗ ജിഹാദിനെ ഏറ്റുപിടിച്ചു. ഗ്രാഫുകളും ചാർട്ടുകളുമായി ഭാവനാ സമ്പന്നമായ കഥകൾ മെനയപ്പെട്ടു. ഹിന്ദുത്വ സംഘടനകൾ വ്യാപക ക്യാമ്പയിനുകൾ നടത്തി ലൗ ജിഹാദ് ഒരു ‘ഭീകര’ പ്രശ്‌നമായി ഉയർത്തി.
എന്നാൽ കോടതിയും നിയമവുമെല്ലാം ലൗ ജിഹാദ് ഇല്ലെന്ന് ആവർത്തിച്ച് പറഞ്ഞു. പത്തനംതിട്ടയിലെ സ്വാശ്രയ കോളേജില്‍ രണ്ട് വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്ന കേസ് ഹൈക്കോടതി നിർദേശ പ്രകാരം അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസ് അന്വേഷിച്ചിരുന്നു. മറ്റു മതങ്ങളിൽ നിന്നുള്ള പെണ്‍കുട്ടികളെ ഇസ്‌ലാമിലേക്കു മാറ്റുന്നതിനായി പ്രണയം നടിച്ച് വിവാഹം കഴിക്കുന്നുവെന്ന് പറയപ്പെടുന്ന ലവ് ജിഹാദ് നിലനില്‍ക്കുന്നതിന് തെളിവുകളില്ലെന്നായിരുന്നു അന്നത്തെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. വിവിധ പോലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് 2009 ഡിസംബറിൽ തന്നെ കോടതിയിൽ സമർപ്പിച്ചിരുന്നു.
ഈ കേസ് പിന്നീട് പരിഗണിച്ച ഹൈക്കോടതിയും ഇക്കാര്യം തന്നെ ആവർത്തിച്ചു. ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇത്തരം ചിന്താഗതികള്‍ എന്നും നീതിപീഠത്തിന്റെ മനസ്സിനെ ഇതു വേദനിപ്പിക്കുന്നു എന്നായിരുന്നു ഹൈക്കോടതി ജഡ്ജിയായ എം ശശിധരന്‍ നമ്പ്യാർ വിധി ന്യായത്തില്‍ പരാമര്‍ശിച്ചത്. മാത്രമല്ല, പോലീസ് കെട്ടിച്ചമച്ച കേസാണ് ഇതെന്നും ഒരു പ്രത്യേക സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്കെതിരെയുള്ള തുടര്‍ നടപടികള്‍ ഹൈകോടതി സ്റ്റേ ചെയ്യുകയുണ്ടായി.
കേരളത്തിൽ ലൗ ജിഹാദ് വിഷയത്തിൽ ഏറ്റവും വലിയ കോലാഹലയുമുണ്ടാക്കിയത് ഹാദിയ കേസ് ആയിരുന്നു. അഖില അശോകൻ എന്ന പെൺകുട്ടി ഇസ്‌ലാം മതത്തിലേക്ക് മാറി എന്നത് രാജ്യം മുഴുവൻ ഏറ്റെടുത്ത സംഭവമായിരുന്നു. 2017 ലായിരുന്നു സംഭവം. അഖില എന്ന ഹദിയയുടെ പിതാവ് അശോകൻ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയെ തുടർന്നായിരുന്നു ഹാദിയ കേസ് ജനശ്രദ്ധയിലേക്ക് വരുന്നത്. ഷെഫിൻ ജഹാൻ എന്ന യുവാവുമായി ഹാദിയയുടെ വിവാഹം ഇതിനിടക്ക് നടന്നിരുന്നു. ഇതുവഴി ഹാദിയയെ മതം മാറ്റി എന്നായിരുന്നു പ്രധാന ആരോപണം.
അശോകന്റെ ഹേബിയസ് കോർപസ് ഹർജി പരിഗണിക്കവേ സ്വന്തം താത്പര്യപ്രകാരമാണ് ഇസ്‌ലാം സ്വീകരിച്ചതെന്ന് ഹാദിയ മൊഴികൊടുത്തു. എന്നാൽ പ്രായപൂർത്തിയായ, മെഡിക്കൽ വിദ്യാർത്ഥിനി ആയിരുന്ന ഹാദിയയുടെ മൊഴി സ്വീകരിക്കാത്ത ഹൈകോടതി ഭര്‍ത്താവ് ഷഫിന്‍ ജഹാനുമൊപ്പമുള്ള വിവാഹം റദ്ദാക്കി പിതാവിനൊപ്പം അയക്കുകയാണ് ചെയ്തത്. ഹദിയയെ താമസിപ്പിച്ച വീടിന് സായുധ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. സാംസ്കാരിക കേരളത്തിൽ ഏറെ വിമശനങ്ങൾക്ക് വിഷയമാക്കിയ നടപടിയായിരുന്നു ഇത്. മനുഷ്യാവകാശങ്ങൾക്കായി പോരാടുന്ന ആക്ടിവിസ്റ്റുകൾ ഉൾപ്പെടെ പലരും ഇതിലെ അനീതി ചൂണ്ടി കാണിച്ചെങ്കിലും ഹാദിയ വീട്ടിലെ തടങ്കലിലായി. വിഷയത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ ഉൾപ്പെടെ ഇടപെടാൻ തയ്യാറായില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ഹാദിയയെ സന്ദർശിക്കാൻ എത്തിയ ആക്ടിവിസ്റ്റുകളെ ഹിന്ദുത്വ സംഘടനാ പ്രതിനിധികൾ നേരിട്ടപ്പോൾ പോലീസ് നോക്കുകുത്തിയായതും കേരളം കണ്ടു.
വിധിക്കെതിരെ ഷഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ എന്‍ഐഎയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. 89ഓളം മിശ്ര വിവാഹങ്ങളില്‍ 11 എണ്ണം അന്വേഷിച്ച എന്‍ഐഎ കേസില്‍ ലൗ ജിഹാദില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി. 2018 മാര്‍ച്ച് 8ന് ഹൈകോടതി വിധി റദ്ദാക്കിക്കൊണ്ട് ഹാദിയയെ ഷഫിന്‍ ജഹാനൊപ്പം വിട്ടു കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു.
കേരളത്തിലെന്ന പോലെ തമിഴ്‌നാട്ടിലും കർണാടകയിലും ഉൾപ്പെടെ നിരവധി ഇടങ്ങളിൽ സമാന രീതിയിലുള്ള ആരോപണവുമായി തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്ത് വന്നെങ്കിലും ഈ ആരോപണങ്ങളെല്ലാം കോടതിയിൽ തള്ളിപ്പോവുകയാണുണ്ടായത്. തമിഴ്‌നാട്ടില്‍ വിശ്വ ഹിന്ദു പരിഷത്ത് മദ്രാസ് ഹൈകോടതിയില്‍ നൽകിയ കേസിൽ, ലവ് ജിഹാദ് എന്ന പേരില്‍ ഒരു തരത്തിലുമുള്ള സംഘടിത ശ്രമങ്ങളോ കുറ്റകൃത്യങ്ങളോ നടക്കുന്നില്ലെന്ന പോലീസ് റിപ്പോര്‍ട്ട് സ്വീകരിച്ച് പരാതി കോടതി തള്ളി. 2012ല്‍ കർണാടകയിൽ ഉയർന്ന ആരോപണത്തിൽ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാർട്ട്മെന്റ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലും ലൗ ജിഹാദ് ഇല്ലെന്ന് തന്നെയായിരുന്നു കണ്ടെത്തൽ.
ഇത്തരം വിധികൾ രാജ്യത്തെ പല കോടതികൾ നടത്തിയിട്ടും ലൗ ജിഹാദ് എന്നത് കെട്ടുകഥയാണെന്ന് വ്യക്തമായിട്ടും ബിജെപി, ആർഎസ്എസ്, വിശ്വ ഹിന്ദു പരിഷത് ഉൾപ്പെടെയുള്ള തീവ്ര ഹിന്ദു സംഘടനകൾ ലൗ ജിഹാദ് എന്ന ആരോപണത്തിൽ നിന്ന് പിന്മാറിയിട്ടില്ല. അവർക്ക് ഇത് വിഭാഗിയത സൃഷ്ടിക്കാനുള്ള മറ്റൊരു ഉപകരണം മാത്രമാണ്. ഇത് ഒരിക്കൽ കൂടി കൂടി ഊട്ടി ഉറപ്പിക്കുകയാണ് ഇ ശ്രീധരൻ ബിജെപിയിൽ ചേർന്ന ഉടനെ നടത്തിയ പരാമർശം.