ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം യൂസഫ് പഠാന്‍. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും നിന്നാണ് ഓള്‍റൗണ്ടറായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്റെ സഹോദരനാണ്.
താരത്തിന്റെ വിരമിക്കൽ പ്രഖ്യാപന കുറിപ്പ് പുറത്തുവന്നു.
‘ആദ്യമായി ഇന്ത്യയക്ക് വേണ്ടി ജേഴ്‌സിയണിഞ്ഞ ദിവസം എനിക്കിപ്പോഴും ഓർമയുണ്ട്. എന്റെ ബാല്യം മുതൽ ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയായിരുന്നു എന്റെ ജീവിതം. ഞാൻ ആഭ്യന്ത ക്രിക്കറ്റിലും, അന്താരാഷ്ട്ര ക്രിക്കറ്റിലും, ഐപിഎല്ലിലും കളിച്ചു.
പക്ഷേ ഇന്നത്തെ സഹചര്യം അൽപം വ്യത്യസ്തമാണ്. ഇന്ന് ലോകകപ്പോ, ഐപിഎൽ ഫൈനലോ ഇല്ല. അതുകൊണ്ട് ജീവിതത്തിലെ ഈ ഇന്നിംഗ്‌സിന് ഫുൾസ്റ്റോപ്പ് ഇടാൻ സമയമായി. എല്ലാ തരം കളികളിൽ നിന്നും വിരമിക്കുന്നതായി ഞാൻ പ്രഖ്യാപിക്കുന്നു.’- യൂസുഫ് പഠാൻ കുറിച്ചു.
2001-02ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലൂടെയാണ് യൂസുഫ് പഠാൻ അരങ്ങേറ്റം നടത്തുന്നത്. 2007 ലാണ് യൂസഫ് പഠാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇന്ത്യയ്ക്കായി 57 ഏകദിനങ്ങളും 22 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരം ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിലും ഭാഗമായിരുന്നു. ഏകദിനത്തില്‍ 810 റണ്‍സും ട്വന്റി20 യില്‍ 236 റണ്‍സും നേടിയിട്ടുണ്ട്.
ഫസ്റ്റ് ക്ലാസില്‍ 100 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 4825 റണ്‍സും 201 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2012 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്ബരയിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.
2008ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ യൂസുഫ് രാജസ്ഥാൻ റോയൽസിനെ പ്രതിനിധീകരിച്ചു. 475,000 യു.എസ് ഡോളറിനാണ് യൂസുഫ് കരാർ ഒപ്പിട്ടത്. 2008ലെ പ്രീമിയർ ലീഗ് ജയിച്ച റോയൽസിന് വേണ്ടി, പരമ്പരയിൽ ഫൈനൽ ഉൾപ്പെടെ 4 കളികളിൽ യൂസുഫ് മാൻ ഓഫ് ദ് മാച്ച് ആയി. പരമ്പരയിൽ ഉടനീളം പ്രകടിപ്പിച്ച മികച്ച ഫോം കാരണം അദ്ദേഹത്തിന് ഇന്ത്യൻ ഏകദിനടീമിലേക്ക് പ്രവേശനവും ലഭിച്ചു.