ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തലശേരി എഡിഷന് നാളെ തിരിതെളിയും. 5 ദിവസം നീണ്ടു നില്‍ക്കുന്ന മേള സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഓണ്‍ലൈനായിട്ടാണ് മേള ഉദ്ഘാടനം ചെയ്യുന്നത്. തലശേരി എ.വി.കെ. നായര്‍ റോഡിലെ ലിബര്‍ട്ടി കോംപ്ലക്‌സിലുള്ള 5 തിയറ്ററുകളിലും മഞ്ഞോടിയിലെ ലിബര്‍ട്ടി മൂവീ ഹൗസിലുമാണ് സിനിമയുടെ പ്രദര്‍ശനമുണ്ടാവുക.
‘ക്വൊവാഡിസ് ഐഡ’യാണ് ഉദ്ഘാടന ചിത്രമായി മേളയിൽ പ്രദർശിപ്പിക്കുന്നത്. മുഖ്യവേദിയായ ലിബര്‍ട്ടി കോംപ്ലക്‌സില്‍ എക്‌സിബിഷന്‍, ഓപ്പണ്‍ ഫോറം എന്നിവയുമുണ്ടാകും. 46 രാജ്യങ്ങളില്‍ നിന്നുള്ള എണ്‍പത് സിനിമകളാണ് മേളയില്‍ ഉണ്ടാകുക. ചുരുളി, ഹാസ്യം എന്നീ രണ്ട് മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ പതിനാല് ചിത്രങ്ങളും മേളയിൽ ഇടം നേടിയിട്ടുണ്ട്. പ്രതിനിധികള്‍ക്കുള്ള കൊറോണ പരിശോധനയും പാസ് വിതരണവും പുരോഗമിക്കുകയാണ്.