ഔഷധ ഗുണങ്ങള്‍ ഏറെ അടങ്ങിയ ഒന്നാണ് ആവണക്കെണ്ണ. ആരോഗ്യ സംരക്ഷണത്തിനായും സൗന്ദര്യ സംരക്ഷണത്തിനായും പണ്ടുകാലം മുതല്‍ ആവണക്കെണ്ണ ഉപയോഗിക്കാറുണ്ട്. ശരീരത്തെ സംരക്ഷിക്കുന്നതിനായുളള ധാരാളം ഗുണങ്ങള്‍ ആവണക്കെണ്ണയില്‍ അടങ്ങിയിരിക്കുന്നു. മുറിവുകളിലെ രോഗാണുബാധയെ പ്രതിരോധിക്കാന്‍ ഏറെ ഉത്തമമാണിത്.
കൂടാതെ സന്ധിവേദന, സന്ധിവാതം എന്നിവയെ തടയുന്നു, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും നടുവേദനയെ പരിഹരിക്കുകയും ചെയ്യുന്നു. താരന്‍, ചൊറിച്ചിലുള്ള ശിരോചര്‍മ്മം തുടങ്ങിയ പ്രശ്‌നങ്ങളെ ഒഴിവാക്കാന്‍ ആവണക്കെണ്ണ സഹായിക്കും. സൂര്യതാപമേറ്റ് കരുവാളിച്ച ചര്‍മ്മം, മുഖക്കുരു, വരണ്ട ചര്‍മ്മം എങ്ങിങ്ങനെയുള്ള ചര്‍മ്മപ്രശ്‌നങ്ങളെ ഭേദമാക്കാനും ആവണക്കെണ്ണ ഉപയോഗിക്കാം.
ഇളം ചൂടുവെള്ളംകൊണ്ട് മുഖം കഴുകുക. ചര്‍മ്മത്തിലെ ചെറു രന്ധ്രങ്ങളെ തുറക്കാന്‍ അത് സഹായിക്കും. ആവണക്കെണ്ണ മുഖത്ത് മൃദുവായി തേച്ചുപിടിപ്പിക്കുക. രാവിലെ തണുത്ത വെള്ളംകൊണ്ട് കഴുകിക്കളയുക. ചര്‍മ്മത്തില്‍ ആവണക്കെണ്ണ തേയ്ക്കുകയാണെങ്കില്‍, അത് ആഴത്തില്‍ ഇറങ്ങിച്ചെന്ന് കൊളാജന്റെയും ഇലാസ്റ്റിന്റെയും ഉല്ലാദനത്തെ ഉത്തേജിപ്പിക്കും. ചര്‍മ്മത്തെ മൃദുലവും ജലാംശമുള്ളതുമാക്കാന്‍ ഇത് സഹായിക്കുന്നു. അങ്ങനെ ചുളിവുകളും വരകളും പ്രത്യക്ഷപ്പെടുന്നതിന് കാലതാമസമുണ്ടാക്കുകയും, ചര്‍മ്മത്തെ മാര്‍ദ്ദവമുള്ളതും, ചെറുപ്പവും, ലോലവുമായി നിലനിറുത്തുകയും ചെയ്യുന്നു.
കൂടാതെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനുമുള്ള മികച്ച പരിഹാരമാണ് ആവണക്കെണ്ണ. ചതാരന്‍ അകറ്റാന്‍ ഇവ സഹായിക്കും. ശിരോചര്‍മ്മത്തില്‍ ഈ എണ്ണ പ്രയോഗിക്കുന്നത് രക്തയോട്ടം കൂട്ടാന്‍ സഹായിക്കുന്നു. ഇത് തലമുടിയുടെ വളര്‍ച്ചയ്ക്ക് ഫലപ്രദമാണ്. സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണയില്‍ അല്പം ആവണക്കെണ്ണ കൂടി ചേര്‍ത്ത് തലയില്‍ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകി കളയുന്നത് മുടി വളര്‍ച്ച ത്വരിതപ്പെടുത്തും. അതുപോലെ പുരികം കട്ടിയായി വളരാനും ആവണക്കെണ്ണ മികച്ചതാണ്. ഇതിനായി ഒരു കോട്ടണ്‍ തുണി ആവണക്കെണ്ണയില്‍ മുക്കിയതിന് ശേഷം രണ്ട് പുരികത്തിലും നന്നായി തേച്ചു പിടിപ്പിക്കുക. 5 മിനിറ്റ് കൈവിരല്‍ കൊണ്ട് നന്നായി മസാജ് ചെയ്തു കൊടുക്കാം. 30 മിനിറ്റിന് ശേഷം ചെറു ചൂട് വെള്ളത്തില്‍ കഴുകാം. ഇത് ദിവസവും ചെയ്യുന്നത് ഫലം ലഭിക്കുന്നതാണ്.