ലഖ്നൌ: ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് ദളിത് പെൺകുട്ടികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലെന്ന് ലഖ്നൌ ഡിജിപി. ഉന്നാവ് സ്വദേശിയായ വിനയ്, പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് അറസ്റ്റിലായത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു.
മരിച്ച പെണ്‍കുട്ടികളിലൊരാളുടെ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള പാടത്തിന് സമീപമാണ് വിനയിന്റെ കുടുംബത്തിന്റെ പാടവും. ലോക്ക് ഡൗണ്‍ സമയത്താണ് പെണ്‍കുട്ടികളിലൊരാളുമായി അറസ്റ്റിലായ വിനയ് സലൗഹൃദത്തിലാകുന്നത്. പെണ്‍കുട്ടിയോട് വിനയ് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നുവെങ്കിലും നിരസിക്കപ്പെടുകയായിരുന്നു.. തുടര്‍ന്ന് പെണ്‍കുട്ടി വെള്ലം കൊണ്ടുവന്ന കുപ്പിയില്‍ കീടനാശിനി കലര്‍ത്തുകയായിരുന്നു. ഈ വെള്ളം മറ്റു പെണ്‍കുട്ടികളും കുടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസില്‍ വഴിത്തിരിവാകുന്ന വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും ലക്നൗ ഡി.ജി.പി അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ പൊലീസിനെ ആറംഗസംഘങ്ങളായി തിരിച്ചിരുന്നു. പ്രഥമദൃഷ്ടാ പെണ്‍കുട്ടികളുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്ന് നേരത്തേ ഉന്നാവ് പൊലീസ് വ്യക്തമാക്കിയിരുന്നു.
കന്നുകാലികള്‍ക്ക് പുല്ല് പറിക്കാന്‍ പോയ പതിനാറും പതിമൂന്നും പതിനേഴും വയസ്സുള്ള ദളിത് പെണ്‍കുട്ടികളെയാണ് പാടത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇതില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. മൂന്നാമത്തെ പെൺകുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. പെൺകുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും, വെന്റിലേറ്റർ സപ്പോർട്ട് പതുക്കെ കുറച്ച് പെൺകുട്ടിയുടെ ശ്വാസഗതി സാധാരണ ഗതിയിലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കാൺപൂരിലെ സർക്കാർ ആശുപത്രിയിലെ വിദഗ്ധസംഘത്തിലെ ഡോക്ടർമാർ വ്യക്തമാക്കുന്നു. നിലവിൽ പെൺകുട്ടി കൈകാലുകൾ ഇളക്കുന്നുണ്ട്. ഉടൻ തന്നെ പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുമെന്ന് തന്നെയാണ് കരുതുന്നതെന്നും ഡോക്ടർമാർ അറിയിക്കുന്നു.