ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ കേരളാ ടീം നായകന് സച്ചിന് ബേബിയെ വീണ്ടും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. മലയാളികള്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ യുവതാരം മുഹമ്മദ് അസ്ഹറുദ്ദീനെയും ആര്‍സിബി ടീമിലെത്തിച്ചു. വിഷ്ണു വിനോദിനെ ഡല്‍ഹി ക്യാപ്റ്റല്‍സും ടീമിലെത്തിച്ചു. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് മൂന്നു താരങ്ങളെയും ടീമുകള്‍ സ്വന്തമാക്കിയത്.
അസ്ഹറുദ്ദീനുവേണ്ടി ബാംഗ്ലൂര്‍ ഒഴികെ മറ്റു ടീമുകളൊന്നും രംഗത്തെത്തിയില്ല. ഐപിഎല്ലില്‍ വിരാട് കോലിക്കൊപ്പം കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് കേരളത്തിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാനായ അസ്ഹറുദ്ദീന് നേരത്ത വ്യക്തമാക്കിയിരുന്നു. മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ മുംബൈക്കെതിരെ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് അസ്ഹറുദ്ദീനെ ദേശീയ ശ്രദ്ധയിലെത്തിച്ചത്.
ലീഗ് മത്സരത്തില്‍ കരുത്തരായ മുംബൈക്കെതിരെ 37 പന്തില്‍ സെഞ്ചുറി നേടിയ അസ്ഹറുദ്ദീന് 54 പന്തില്‍ 11 സിക്സും ഒമ്പത് ഫോറും അടക്കം 137 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ ഐപിഎല്‍ താരലേലത്തിലെ വിലയേറിയ താരങ്ങളിലൊരാളാകും അസ്ഹറുദ്ദീനെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ലേലത്തില്‍ ബാംഗ്ലൂര്‍ ഒഴികെ മറ്റ് ടീമുകളൊന്നും യുവതാരത്തിനായി രംഗത്തെത്തിയില്ല.
2016ല്‍ ആദ്യമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിലെത്തിയ സച്ചിന് ബേബി 2017ലും ബാംഗ്ലൂര്‍ ടീമില്‍ തുടര്‍ന്നു. 2016ല്‍ ബാംഗ്ലൂരിനായി 11 മത്സരങ്ങളില്‍ അവസരം ലഭിച്ച സച്ചിന് ബേബിക്ക് 2017ല്‍ പക്ഷെ മൂന്ന് മത്സരങ്ങളിലെ അവസരം ലഭിച്ചുള്ളു. 2018ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പമെത്തിയെങ്കിലും അന്തിമ ഇലവനില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.