ചെന്നൈ: പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫെബ്രുവരി 22-നകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ലെഫ്.ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന് ആവശ്യപ്പെട്ടു. ഫെബ്രുവരി 22-ന് വൈകുന്നേരം അഞ്ചിന് മുമ്ബ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് മുഖ്യമന്ത്രി വി. നാരായണസ്വാമിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് തിങ്കളാഴ്ച നിയമസഭ ചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി സഖ്യം രാജ്ഭവനിലെത്തി നിവേദനം നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവ് എന്‍ രങ്കസ്വാമിയുടെ നേതൃത്വത്തില്‍ പതിനാല് എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ലെഫ്. ഗവര്‍ണറുടെ പ്രതിനിധിക്കാണ് കൈമാറിയത്. ഇതിനു പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.
നിലവില്‍ എന്‍ഡിഎ സഖ്യത്തിനും കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിനും 14 വീതം എംഎല്‍എമാരുടെ പിന്നതുണയാണ്. 33 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 17 സീറ്റാണ് വേണ്ടത്. നാല് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.
അണ്ണാ ഡിഎംകെയിലേയും എന്‍ആര്‍ കോണ്‍ഗ്രസിലേയും ഓരോ എംഎല്‍എമാരുടെ പിന്തുണയോടെ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.