ഐപിഎല്‍ പതിനാലാം സീസണിന് മുന്നോടിയായുള്ള താരലേലം ഇന്ന് നടക്കും. ചെന്നൈയിൽ നടക്കുന്ന താര ലേലത്തിൽ മലയാളി താരങ്ങള്‍ ഉള്‍പ്പടെ പ്രതീക്ഷയുമായി 292 താരങ്ങൾ ആണ് കാത്തിരിക്കുന്നത്. എട്ട് ടീമുകൾക്ക് ലേലത്തിലൂടെ 61 താരങ്ങളെ പങ്കെടുപ്പിക്കാൻ കഴിയും. ഗ്ലെൻ മാക്സ്‍വെൽ, സ്റ്റീവ് സ്മിത്ത്, ഷാകിബ് അൽ ഹസൻ, മോയീൻ അലി, സാം ബില്ലിംഗ്സ്, ജേസൺ റോയ് തുടങ്ങിയ താരങ്ങളും ലേലപട്ടികയിലുണ്ട്. ഇവരെ കൂടാതെ നാല് മലയാളി താരങ്ങളും ലേല പട്ടികയിൽ ഉണ്ട്.
താര ലേലത്തിൽ പഞ്ചാബ് കിംഗ്‌സിന്‍റെ കയ്യിലാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കാന്‍ ബാക്കിയുള്ളത്. 53.2 കോടിരൂപയാണ് പഞ്ചാബ് കിങിസിന്റെ കയ്യിലുള്ളത്. 10.75 കോടിരൂപ വീതം ബാക്കിയുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും സൺറൈസേഴ്സ് ഹൈദരാബാദിനുമാണ് ഏറ്റവും കുറച്ച് തുക ബാക്കിയുള്ളത്.
ഒന്നരക്കോടി രൂപ അടിസ്ഥാന വിലയുള്ള 12 താരങ്ങളിൽ ഇന്ത്യക്കാർക്ക് ആർക്കും സ്ഥാനമില്ല. ഒരുകോടി രൂപ അടിസ്ഥാന വിലയുള്ള പട്ടികയിൽ ഉമേഷ് യാദവും ഹനുമ വിഹാരിയും ഉൾപ്പടെ അഞ്ച് താരങ്ങൾ. ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, എം ഡി നിധീഷ്, സച്ചിൻ ബേബി എന്നീ കേരള താരങ്ങളും ലേലപട്ടികയിലുണ്ട്. സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുന് 20 ലക്ഷം രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്.