ഹൈദരാബാദ്: തെലുങ്കാനയില്‍ ഹൈക്കോടതി അഭിഭാഷക ദമ്ബതികളെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. അഭിഭാഷകരായ വമന്റാവു, ഭാര്യ നാഗമണി എന്നിവരാണ് മരിച്ചത്. ഹൈദരബാദില്‍ നിന്ന് സ്വദേശമായ മാത്താനിയിലേക്ക് കാറില്‍ യാത്ര ചെയ്യവേ ഇരുവരേയും പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.
പെഡപ്പള്ളി ജില്ലയിലെ രാമഗിരി മണ്ഡലില്‍ വച്ച് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ദമ്ബതികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. കല്വച്ചേലയിലെ പെട്രോള്‍ പമ്ബിന്റെ സമീപത്ത് വെച്ച് ഒരു സംഘമാളുകള്‍ ഇവരുവരെയും കാറില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വാമന റാവുവിന് നേരെയുള്ള ആക്രമണം തടയുന്നതിനിടെയാണ് നാഗമണിക്കും വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആശുപത്രിയിലേക്ക് കൊണ്ടുംപോകുംവഴി വാമനറാവു നല്‍കിയ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ അക്രമിസംഘത്തിലെ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു. ഗഞ്ജപട്ഗു സ്വദേശിയായ കുന്ത ശ്രീനിവാസാണ് അറസ്റ്റിലായത്. തെലങ്കാന രാഷ്ട്രീയ സമിതിയുടെ പ്രാദേശിക നേതാവാണ് കുന്ത ശ്രീനിവാസ്.
തെലുങ്കാന ഹൈക്കോടതിയില്‍ കസ്റ്റഡി കൊല, അനധികൃത സ്വത്ത് എന്നീ കേസുകള്‍ വാദിക്കുന്നവരാണ് ദമ്ബതികള്‍. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. ടി.ആര്‍.എസുമായി ബന്ധപ്പെട്ട കേസുകളില്‍ ഇടപെട്ടതിനെ തുടര്‍ന്ന് വാമനറാവുവിനെതിരെ വധ ഭീഷണി ഉണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.