ചെന്നൈ: ചെപ്പോക്കില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ളണ്ടിനെതിരെ 482 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ടീം ഇന്ത്യ. 195 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ 85.5 ഓവറില്‍ 286 റണ്‍സ് നേടി. ഇതോടെ ഇന്ത്യയ്ക്ക് 481 റണ്‍സിന്റെ ലീഡായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ ഒമ്ബത് റണ്‍സ് എന്ന നിലയിലാണ്.
തകര്‍പ്പന്‍ സെഞ്ച്വറിയുമായി അശ്വിനും അര്‍ദ്ധ സെഞ്ച്വറി നേടിയ വിരാട് കോലിയുമാണ് കൂറ്റന്‍ ലീഡിലേക്ക് ടീമിനെ നയിച്ചത്. ഹോം ഗ്രൗണ്ടില്‍ ആളിക്കത്തിയ അശ്വിനാണ് (148 പന്തില്‍ 106) ടോപ് സ്‌കോറര്‍.
മൂന്നാംദിനത്തില്‍ മികച്ച ലീഡ് ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തിരിച്ചടിയേറ്റിരുന്നു. ആദ്യ ഓവറില്‍ തന്നെ പൂജാര മടങ്ങി. ഏഴ് റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയെ ഒലി പോപ്പാണ് പുറത്താക്കിയത്. പിന്നാലെ 26 റണ്‍സുമായി ആദ്യഇന്നിംഗ്സിലെ സെഞ്ച്വറി വീരന് രോഹിത് ശര്‍മയും പുറത്തായി. ജാക്ക് ലീച്ചിന്റെ പന്തില്‍ ഫോക്സ് സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു.
രോഹിതിനു പിന്നാലെ അനാവശ്യ ഷോട്ടിനു ശ്രമിച്ച് ഋഷഭ് പന്ത് കൂടി പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. മോയിന്‍ അലിയുടെ പന്തില്‍ അക്ഷര്‍ പട്ടേലും പുറത്തായതോടെ ക്രീസില്‍ ഒന്നിച്ച കോഹ്ലി- അശ്വിന് സഖ്യം കരുതലോടെ ബാറ്റ് വീശി. ഈ കൂട്ടുകെട്ടാണ് ഇന്ത്യയെ രക്ഷിച്ചത്.
രോഹിത് ശര്‍മ (26), ശുഭ്മാന്‍ ഗില്‍ (14), ചേതേശ്വര്‍ പൂജാര (7), ഋഷഭ് പന്ത് (8), അജിന്‍ക്യ രഹാനെ (10), അക്സര്‍ പട്ടേല്‍ (7), കുല്‍ദീപ് യാദവ് (3), ഇഷാന്ത് ശര്‍മ (7) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനങ്ങള്‍. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബര്‍ത്ത് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്.