ന്യൂഡല്‍ഹി: രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് പരിധി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. 10-30 ശതമാനം വരെ ടിക്കറ്റ് നിരക്ക് പരിധി ഉയര്‍ത്താനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്. പുതുക്കിയ നിരക്ക് 2021 മാര്‍ച്ച് 31 വരെയോ അല്ലെങ്കില്‍ അടുത്ത ഉത്തരവ് വരെയോ പ്രാബല്യത്തില്‍ തുടരുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വീസ് കഴിഞ്ഞ മേയ് 21ന് പുനരാരംഭിച്ചപ്പോള്‍ യാത്രാ ദൈര്‍ഘ്യം അനുസരിച്ച് ഏഴ് ബാന്‍ഡുകളിലായാണ് കേന്ദ്രം ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരുന്നത്. 40 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ആദ്യ ബാന്‍ഡിലെ കുറഞ്ഞ നിരക്ക് 2000ത്തില്‍ 2200 ആക്കിയും ഉയര്‍ന്ന നിരക്ക് 6000ത്തില്‍ നിന്ന് 7800 ആക്കിയും ഉയര്‍ത്തി.
40-60 മിനിറ്റ്, 60-90 മിനിറ്റ്, 90-120 മിനിറ്റ്, 120-150 മിനിറ്റ്, 150-180 മിനിറ്റ്, 180-210 മിനിറ്റ് എന്നിങ്ങനെയുള്ള മറ്റ് ആറ് ബാന്‍ഡുകളില്‍ യഥാക്രമം 2800-9800, 3300-11700, 3900-13000, 5000-16900, 6100-20400, 7200-24200 എന്നിങ്ങനെയാണ് കുറഞ്ഞതും കൂടിയതുമായ നിരക്കുകള്‍ വര്‍ധിപ്പിച്ചത്.