ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 44 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ (6), ശുഭ്മാന്‍ ഗില്‍ (29) എന്നിവരെ ഇന്ത്യയ്ക്ക് നഷ്ടമായി. ഇരുവരെയും ജോഫ്ര ആര്‍ച്ചറാണ് മടക്കിയത്. ആദ്യ ഇന്നിംഗ്‌സ് ഇംഗ്ലണ്ട് 578 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ഇരട്ടസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്.
ഡോമിനിക് സിബ്ലി (87), ബെന്‍ സ്റ്റോക്‌സ് (82) എന്നിവരും ഇംഗ്ലണ്ട് സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കിയത്. പല താരങ്ങള്‍ക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതേസമയം, മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്‌ബോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ചേതേശ്വര്‍ പൂജാര (20*), വിരാട് കോലി (4*) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്കായി ബുംറയും അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇഷാന്ത് ശര്‍മ്മ, ഷഹബാസ് നദീം എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതം ഉണ്ട്. മികച്ച രീതിയില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ഗില്ലിനെ നഷ്ടമായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. 28 പന്തുകളില്‍ 29 റണ്‍സെടുത്ത ഗില്‍ മോശം ഷോട്ടിലൂടെ ആന്‍ഡേഴ്‌സണു പിടികൊടുക്കുകയായിരുന്നു.