ഇന്ത്യയെന്ന ജനാധിപത്യ ജനകീയ റിപ്പബ്ലിക്കിന്‍റെ പ്രൗഢി വിളിച്ചോതുന്ന ആഘോഷ പരിപാടികളാണ് എല്ലാ വര്‍ഷവും ജനുവരി 26 എന്ന ശ്രേഷ്ഠമായ ദിനത്തെ കൂടുതല്‍ മഹത്വ പൂര്‍ണ്ണമാക്കുന്നത്. എന്നാല്‍, രാഷ്ട്രപതി ഭവനില്‍ തുടങ്ങി രാജ്പഥില്‍ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയില്‍ ചെന്ന് ചേരുന്ന കണ്ണഞ്ചിപ്പിക്കുന്ന പരേഡല്ല 72ാം റിപ്പബ്ലിക് ദിനത്തിന്‍റെ പ്രത്യേകത. രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത പോരാട്ട വീര്യത്തിന്‍റെ ചൂടേറ്റ് വാടിത്തളരാന്‍ പോവുകയാണ് തലസ്ഥാന നഗരം. കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളായി കൊട്ടിഘോഷിക്കപ്പെട്ട കാര്‍ഷിക രാജ്യമെന്ന ഖ്യാതിക്ക് മങ്ങലേല്‍പ്പിച്ച് കൃഷിയെയും കര്‍ഷകരെയും മറന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് ലോകരാജ്യങ്ങള്‍ തിരിച്ചറിയാന്‍ പോകുന്നു. വലതുപക്ഷ ഏകാധിപത്യത്തിനും ആഗോള കോർപ്പറേറ്റ് മൂലധന താൽപര്യങ്ങള്‍ക്കുമെതിരായ രോഷം ഇന്ധനമാക്കി നഗര ചത്വരങ്ങളില്‍ ട്രാക്ടറുകള്‍ നിരക്കുമ്പോള്‍ പുതു സമരചരിതമാണ് പിറക്കുന്നത്.
5 വരികളിലായി 100 കിലോമീറ്റര്‍ നീളത്തിലാണ് കര്‍ഷക സംഘടനകള്‍ ട്രാക്ടര്‍ റാലിക്കായി അണിനിരക്കുന്നത്. 3.5 ലക്ഷത്തോളം ട്രാക്ടറുകൾ ഗാസിപ്പുർ, സിംഘു, തിക്രി, അതിർത്തികളിൽ നിന്ന് തലസ്ഥാന നഗരത്തിലേക്ക് വരും. സിൻഘുവിൽനിന്ന് പ്രവേശിക്കുന്ന പരേഡ് ഡൽഹിക്കുള്ളിലൂടെ 62 കിലോമീറ്റർ സഞ്ചരിച്ച് ഔച്ചണ്ടി അതിർത്തി വഴി പുറത്തുകടക്കും. തിക്രിയിൽനിന്നുള്ള പരേഡ് ഡൽഹിക്കുള്ളിലൂടെ 64 കിലോമീറ്റർ പിന്നിട്ട് ജരോഡ അതിർത്തിവഴി പുറത്തു കടക്കും. ഗാസിപുർ, അതിർത്തിയിലൂടെ പ്രവേശിക്കുന്ന പരേഡ് 46 കിലോമീറ്റര്‍ സഞ്ചരിച്ച് ഹാപൂര്‍ വഴി പുറത്തുകടക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരോടൊപ്പം തൊഴിലാളികളും വിദ്യാര്‍ത്ഥികളും കലാകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും റാലിയില്‍ പങ്കുചേരും. രാജ്പഥിലെ റിപ്പബ്ലിക് ദിനാഘോഷ പരേഡ് അവസാനിച്ചാല്‍ റാലി തുടങ്ങും. 24 മണിക്കൂര്‍ നേരത്തേക്ക് വേണ്ട ഭക്ഷണം കരുതി, ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും കൊടിയോ മുദ്രാവാക്യമോ പിന്‍ബലമാക്കാതെ, ജാതിമത വികാരങ്ങൾക്കതീതമായാണ് നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന കാടന്‍ ഭരണത്തിനെതിരെ കര്‍ഷകര്‍ സംഘടിക്കുന്നത്.
ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടികളും നാട്ടിയ ട്രാക്ടറുകള്‍ക്കൊപ്പം കാര്‍ഷിക വൈവിധ്യം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും ഉള്‍പ്പെടുത്തുന്നതോടെ കര്‍ഷകരുടെ തളരാത്ത പോരാട്ട വീര്യത്തിനു മാത്രമല്ല രാജ്യത്തിന്‍റെ ഔദ്യോഗിക റിപ്പബ്ലിക് പരേഡിനെ കവച്ചുവയ്ക്കുന്ന പുത്തന്‍ ആവിഷ്‌കാരങ്ങള്‍ക്കും ഡല്‍ഹി സാക്ഷ്യം വഹിക്കും. രണ്ടു മാസത്തോളമായി കൊടും തണുപ്പും കോവിഡ് മഹാമാരിയും സമരം കെടുത്താനുള്ള ഭരണകൂടത്തിന്‍റെ ചാണക്യ തന്ത്രങ്ങളും മറികടന്ന് രാജ്യാതിര്‍ത്തിയില്‍ സംഘടിച്ച കര്‍ഷകരും സമരഗാഥകളും റിപ്പബ്ലിക് ദിനത്തോടെ ആഗോള തലത്തില്‍ ശ്രദ്ധ നേടാന്‍ പോവുകയാണ്.
നൂറുകണക്കിന് വിദേശ പത്രപ്രതിനിധികള്‍ ഇതിനോടകം തന്നെ ഡല്‍ഹിയിലെത്തിക്കഴിഞ്ഞു. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിന്‍റെ ഭരണ സിരാകേന്ദ്രം അന്നദാതാക്കളായ കര്‍ഷകരുടെ പ്രതിഷേധ കടലിരമ്പത്തില്‍ പ്രകമ്പനം കൊള്ളുന്നത് നാളെ ലോകമാസകലം വാര്‍ത്തയാകും. റാലിക്കിടെ അനിഷ്ട സംഭവങ്ങള്‍ നടന്നേക്കാമെന്ന മുന്നറിയിപ്പ് പൊലീസ് നല്‍കിയതോടെ കര്‍ഷകര്‍ ജാഗ്രത നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങളെ മറികടന്ന് റാലിയില്‍ വിഘ്നങ്ങളുണ്ടാവുകയാണെങ്കില്‍ സമര പരമ്പരകള്‍ മറ്റാെരു തലത്തിലേക്കായിരിക്കും പിന്നീട് നീങ്ങുന്നത്.
ട്രാക്ടർ റാലിയിൽ അസ്വസ്ഥത സൃഷ്ടിക്കാനും പ്രശ്നമുണ്ടാക്കാനുമുള്ള ശ്രമങ്ങൾ നടത്തിയ 308 വ്യാജ പാക്കിസ്ഥാൻ ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ് വെളിപ്പെടുത്തിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന വിവരം നൽകി ട്രാക്ടർ റാലി അട്ടിമറിക്കുക എന്ന സംഘടിത ലക്ഷ്യത്തോടെയാണ് ജനുവരി 13 മുതല്‍ 18 വരെയുള്ള കാലയളവില്‍ മുന്നൂറിലേറെ അക്കൗണ്ടുകളുണ്ടാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാക്ടര്‍ റാലിക്കിടെ പ്രക്ഷോഭകര്‍ക്കിടയില്‍ നിന്ന് ഡല്‍ഹി പൊലീസിനു നേരെ വെടിയുതിര്‍ത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ പദ്ധതിയിട്ടിരുന്നതായാണ് കഴിഞ്ഞ ദിവസം സിംഘു അതിര്‍ത്തിയില്‍ നിന്ന് പിടിയിലായ അക്രമി വെളിപ്പെടുത്തിയത്. കര്‍ഷകരുടെ സമാധാനപരമായ പോരാട്ടവഴി സങ്കീര്‍ണ്ണമാക്കാനും ട്രാക്ടര്‍ റാലിക്ക് ദേശദ്രോഹപരമായ പരിവേഷം നല്‍കാനുമുള്ള പദ്ധതികള്‍ അണിയറയിലൊരുങ്ങുന്നുണ്ടെന്ന സൂചനയാണ് ഇതു നല്‍കുന്നത്.
അതേസമയം, രാജ്യതലസ്ഥാനത്ത് നടക്കുന്ന ട്രാക്ടര്‍ റാലിക്ക് സമാന്തരമായി മഹാരാഷ്ട്രയിലെ ആസാദ് മൈതാനിയില്‍ കിസാന്‍ മസ്ദൂര്‍ പരേഡ് നടക്കും. പതിനായിരത്തോളം കര്‍ഷകരാണ് ഈ റാലിയില്‍ അണിനിരക്കുക. പഞ്ചാബിലെ മാത്രമല്ല ഇന്ത്യയിലെ എല്ലാ കര്‍ഷകരും ഒറ്റക്കെട്ടാണെന്നും കേന്ദ്രസര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്നുമാണ് ആസാദ് മൈതാനത്ത് ഒത്തുകൂടിയ കര്‍ഷകര്‍ പറയുന്നത്. സിപിഎമ്മിന്റെ കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻ സഭയാണ് വിവിധ കൂട്ടായ്മകളുടെ സഹകരണത്തോടെ മുംബൈയില്‍ റാലി സംഘടിപ്പിച്ചത്.
കണ്ണെത്താ ദൂരം ചുവന്ന് തുടുത്ത കര്‍ഷക റാലി മുംബൈയിൽ നിന്ന് 166 കിലോമീറ്റർ അകലെ നാസിക്കില്‍ നിന്നാണ് ആരംഭിച്ചത്. തുടര്‍ന്ന് 46 കിലോമീറ്റർ പിന്നിട്ട് ഇഗത്പുരിയിൽ രാത്രി തങ്ങിയ കര്‍ഷകര്‍ 7 കിലോമീറ്റർ വരുന്ന ഇഗത്പുരി ചുരം നടന്നിറങ്ങിയ ശേഷമാണു വാഹനങ്ങളിൽ മുംബൈയിലേക്കു പുറപ്പെട്ടത്. മഹാരാഷ്ട്രയില്‍ മാത്രമല്ല, രാജ്യതലസ്ഥാനത്ത് അഹോരാത്രം പൊരുതുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി, കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ വികാരത്തിനെതിരെ രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നാളെ പ്രതിഷേധങ്ങള്‍ അണപൊട്ടും.
നവംബര്‍ 26ന് ആരംഭിച്ച ഡല്‍ഹി ചലോ മാര്‍ച്ച് മുതല്‍ കര്‍ഷകരുടെ പ്രതിഷേധം 60 ദിവസങ്ങള്‍ പിന്നിട്ട് നില്‍ക്കുമ്പോള്‍ 152 പേരാണ് സമരഭൂവില്‍ രക്തസാക്ഷികളായത്. ഇക്കാലയളവില്‍ അസാധാരണമാം വിധം എല്ലാ കഷ്ടതകളും അന്നം വിളയിക്കുന്ന മണ്ണിന്‍റെ മക്കളെ കടന്നു പോയി. ഒന്നല്ല. രണ്ടല്ല, പതിനൊന്ന് ചര്‍ച്ചകള്‍ക്കൊടുവിലും കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്ത കേന്ദ്രത്തിന്‍റെ പ്രഹസനങ്ങള്‍ക്ക് അവര്‍ പാത്രമായി. ക്ഷമയുടെയും സഹനത്തിന്‍റെയും പാതയിലൂടെ സമരമുഖത്ത് സജീവമായ കര്‍ഷകര്‍ വലതുപക്ഷത്തിന്റെ വർഗീയ ധ്രുവീകരണ തന്ത്രങ്ങള്‍ക്കും സാക്ഷികളായി. ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് 40ഓളം കര്‍ഷക നേതാക്കളെ ചോദ്യം ചെയ്തും കര്‍ഷക സംഘടനാ നേതാക്കളുടെ ഓഫീസുകളിലും വീടുകളിലും എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയും കര്‍ഷകരെ രാജ്യദ്രോഹികളായി മുദ്രകുത്താനുള്ള ഗൗരവതരമായ നീക്കങ്ങള്‍ കേന്ദ്രം നടത്തി.
ഡൽഹിയിൽ കഴിഞ്ഞ നാളുകളിൽ നടന്ന സമരങ്ങൾ വിടുപണിചെയ്യുന്ന സുരക്ഷ സേനയെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയപോലെ കർഷകരുടെ നിശ്ചയദാര്‍ഢ്യത്തെ തകർക്കാൻ കേന്ദ്ര ഭരണകൂടത്തിന് സാധിച്ചില്ല. കര്‍ഷക പ്രക്ഷോഭം രാഷ്ട്രീയ പരമായി ആഘാതം സൃഷ്ടിക്കുമെന്ന നിഗമനത്തില്‍ നിന്നാണ് സുപ്രീം കോടതിയെ ഇടനിലക്കാരനാക്കി സമരം തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. അങ്ങനെ കാര്‍ഷിക നിയമത്തെ തുറന്ന് അനുകൂലിക്കുന്ന നാല് പേരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിഷയം പഠിക്കാനുള്ള സമിതി രൂപീകരിച്ച് ഉന്നതനീതിപീഠം സ്വയം, വിശ്വാസ്യതയ്ക്ക് ക്ഷതമേല്‍പ്പിച്ചു. എന്നാല്‍, ഇതിലൊന്നും കര്‍ഷകര്‍ തളര്‍ന്നില്ല. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ മകനെ ഉപദേശിക്കണമെന്ന് പറഞ്ഞ് പ്രധാനമന്ത്രിയുടെ അമ്മയ്ക്ക് കത്തയക്കുക വരെ ചെയ്തു കര്‍ഷകര്‍. അവര്‍ക്ക് ഒരേ ഒരു ലക്ഷ്യമേയുള്ളൂ. അതിന്‍റെ സാധൂകരണത്തിന് അഹിംസാത്മകമായ ഏത് വഴിയും അവര്‍ സ്വീകരിക്കുമെന്നതാണ് ഇതിലൂടെ തെളിയുന്നത്.
കാര്‍ഷിക മേഖലയുടെ അപചയവും കാലാകാലങ്ങളായി കര്‍ഷകരോട് ഭരണകൂടം കാട്ടുന്ന കെടുകാര്യസ്ഥതയും രാജ്യം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയെന്നതു തന്നെ കര്‍ഷക സമരത്തിന്‍റെ വന്‍ വിജയമാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ പത്തി താഴ്ത്താന്‍ നിര്‍ബന്ധിതരാകുന്ന ഭരണ വര്‍ഗത്തെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യം കാണുന്നത്.
ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ മൂന്ന് നിയമങ്ങളും പിന്‍വലിക്കുക, കര്‍ഷക സംഘടനാ പ്രതിനിധികളും അധികാരികളും അടങ്ങുന്ന കമ്മറ്റി രൂപീകരിച്ച് നിയമ നിര്‍മ്മാണത്തിനുള്ള കരട് തയ്യാറാക്കുക, രാജ്യത്തിന്‍റെ കാര്‍ഷിക പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കുക, പുതിയ നിയമം പാസാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. തങ്ങളുടെ കണ്‍കെട്ടു നയങ്ങളില്‍ വീഴാതെ തികഞ്ഞ ദൃഢനിശ്ചയത്തോടെ കര്‍ഷകര്‍ പൊരുതുമ്പോള്‍ അവരുടെ മുറവിളികള്‍ നിലനില്‍പ്പിനെ ബാധിക്കുമെന്ന തിരിച്ചറിവില്‍ നിന്ന് ക്രിയാത്മകമായ നിലപാടുകള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയണം. അല്ലാത്തപക്ഷം ആഗോള തലത്തില്‍ തന്നെ ഇന്ത്യയെന്ന ജനാധിപത്യ റിപ്പബ്ലിക്കിന്‍റെ പ്രതിച്ഛായ തകര്‍ന്നടിയും.