ജനാധിപത്യ സംവിധാനത്തിന്‍റെ ഗതിവിഗതികള്‍ പാടെ തിരുത്തിക്കുറിച്ച് കുത്തഴിഞ്ഞ പുസ്തകമെന്നോണം അഴിച്ചു പണികള്‍ അനിവാര്യമായ അമേരിക്കയെയാണ് ഡൊണാള്‍ഡ് ട്രംപ് നാല്‍പ്പത്തിയാറാം പ്രസിഡന്‍റായി അവരോധിക്കപ്പെട്ട ജോ ബൈഡന് നല്‍കിയിരിക്കുന്നത്. അതായത് എല്ലാ അര്‍ത്ഥത്തിലും കഠിനമായ ദിനങ്ങളാണ് ബൈഡനെ കാത്തിരിക്കുന്നതെന്ന് സാരം. അലങ്കോലപ്പെട്ടു കിടക്കുന്ന ലോകക്രമത്തെയും രാജ്യക്രമത്തെയും പരുവപ്പെടുത്തിയെടുക്കുക മാത്രമല്ല വംശീയത തീർത്ത അസ്വസ്ഥതകളുടെയും സാമ്പത്തിക സാമൂഹിക ഉച്ചനീചത്വങ്ങളുടെയും ഫലമായുണ്ടായ വിഭാഗീയതകള്‍ക്ക് പരിഹാരം കണ്ട് വൈവിധ്യങ്ങളുടെ സങ്കലനമായ അമേരിക്കന്‍ ഐക്യനാടുകള്‍ പുനഃസ്ഥാപിക്കുകയും വേണം. പക്വതയുള്ള കാഴ്ചപ്പാടുകളും ആശയങ്ങളുമുള്ള ജോ ബൈഡൻ തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ദൗത്യത്തെ എങ്ങനെ സമീപിക്കുമെന്ന് വീക്ഷിക്കാനും വിമര്‍ശിക്കാനും ലോകവും തയ്യാറാണ്.
ചരിത്രം തിരുത്തിയ ട്രംപ്
ബൈഡന്റെ വരവ് അമേരിക്കയ്ക്ക് പുതിയൊരു തുടക്കമാകുമെന്ന വിലയിരുത്തലുകളാണ് ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് മുഴങ്ങി കേള്‍ക്കുന്നത്. അധികാര കൈമാറ്റത്തില്‍ വിമുഖത കാട്ടിയ ട്രംപ് ചെയ്തു കൂട്ടിയ നാടകീയ പ്രവൃത്തികള്‍ ഈ വാദത്തിന് ആഴവും ആരവവും നല്‍കുന്നു. സമാധാനപൂര്‍ണ്ണമായ അധികാര കൈമാറ്റമാണ് ജനാധിപത്യ വ്യവസ്ഥയെ പൂര്‍ണ്ണമാക്കുന്നത്. കൊന്നും കൊലവിളിച്ചും കൊള്ളയടിച്ചും തുറുങ്കിലടച്ചും അധികാരം പിടിച്ചടക്കിയിരുന്ന സ്വേച്ഛാധിപതികളുടെ നാളുകള്‍ക്ക് അറുതി കുറിച്ച് ജനാധിപത്യം പിറന്നപ്പോള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ സൗമ്യമായി അധികാരം കൈമാറിയും ഏറ്റെടുത്തും കടന്നുപോയി. എന്നാല്‍ ഉദാര ജനാധിപത്യത്തിന്‍റെ മേനി പറയുന്ന അമേരിക്ക സാക്ഷിയായത് ചരിത്രത്തില്‍ ഇന്നു വരെ കാണാത്ത സംഭവവികാസങ്ങള്‍ക്കായിരുന്നു.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കാനാവില്ലെന്ന സൂചന തുടക്കം മുതല്‍ക്കെ ട്രംപ് നല്‍കിയിരുന്നു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ജനകീയ വോട്ടും എതിരാളിയെക്കാള്‍ 76 അധിക ഇലക്ടറല്‍ കോളേജ് വോട്ടുമായി ഡെമോക്രാറ്റ് ജോ ബെെഡന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, പരാജയം സമ്മതിക്കാതെ കോടതിവിധികളെ അവഗണിച്ചും നുണപ്രചരണം നടത്തിയും കലാപത്തിന് ആഹ്വാനം ചെയ്തും അമേരിക്കയെന്ന ജനാധിപത്യ രാഷ്ട്രത്തിന് മഹാനാണക്കേടുണ്ടാക്കി ട്രംപ്. ജനാധിപത്യവിരുദ്ധരായ കലാപകാരികള്‍ യുഎസ് കാപിറ്റോളിലേക്ക് ഇരച്ചുകയറുമ്പോള്‍ അവരെ ഉത്തേജിപ്പിക്കും വിധം പ്രകോപനപരമായ പ്രസംഗങ്ങള്‍ അദ്ദേഹം തുടര്‍ന്നു. “കാപിറ്റോളിലേക്ക് പോകൂ.…നാം ഒരിക്കലും തോല്‍ക്കില്ല…”എന്ന് ഒരു രാഷ്ട്രത്തിന്‍റെ ഭരണാധിപന്‍ ആഹ്വാനം ചെയ്യുന്ന തരംതാണ സ്ഥിതിവിശേഷമാണുണ്ടായത്.
ജനവിധി തനിക്കെതിരാണെന്ന് ബോധ്യപ്പെട്ടതു മുതല്‍ ട്രംപ് ഒരു രാഷ്ട്രത്തലവന് യോജിക്കാത്ത തരത്തിലാണ് പ്രവര്‍ത്തിച്ചുവന്നത്. അധികാര തുടര്‍ച്ചയ്ക്ക് വഴി കണ്ടെത്തുക എന്നല്ലാതെ ഭരണാധികാരിയുടെ ഉത്തരവാദിത്വമായ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം യാതൊരു താല്പര്യവും കാട്ടിയില്ല. ഈ സമീപനം ദശലക്ഷക്കണക്കിന് വോട്ടര്‍മാരില്‍ അമേരിക്കന്‍ രാഷ്ട്രീയ വ്യവസ്ഥയുടെ അടിസ്ഥാനപരമായ അടിത്തറയെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ വ്യാപിക്കാന്‍ കാരണമായി.
24 ദശലക്ഷത്തോളം പേരെ ബാധിച്ചതും നാലു ലക്ഷത്തിലേറെപ്പേരെ കൊന്നൊടുക്കിയതുമായ കോവിഡ് പകര്‍ച്ചവ്യാധിയുടെ കാര്യത്തിലുണ്ടായ അനാസ്ഥ, വാക്സിന്‍ വിതരണം സംബന്ധിച്ച അലംഭാവം, പൊതുജന ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ ശക്തമാക്കുന്നതിലെ പിഴവ്, സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതില്‍ കാട്ടിയ താല്പര്യക്കുറവ് തുടങ്ങിയവയൊക്കെ ജനജീവിതത്തില്‍ യാതൊരു ആശങ്കയുമില്ലാത്ത ഭരണാധികാരിയാണ് ട്രംപ് എന്ന വിലയിരുത്തലുകളെ ഊട്ടിയുറപ്പിച്ചു.
അമേരിക്കയുടെ കമ്പ്യൂട്ടര്‍ സംവിധാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രക്രിയകളിലും റഷ്യ അട്ടിമറിക്ക് ശ്രമിച്ചുവെന്ന ശക്തമായ ആരോപണം നിലനില്‍ക്കുമ്പോഴും ട്രംപ് റഷ്യക്കുവേണ്ടി ഇടപെട്ടതിലൂടെ യുഎസിന്റെ എതിരാളിയുടെ താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്കിയെന്ന ആക്ഷേപവും ഇതോടൊപ്പം നിലകൊണ്ടു. അമേരിക്കയുടെ ആധുനിക ചരിത്രത്തില്‍ മറ്റേതൊരു പ്രസിഡന്റും ഇത്തരത്തില്‍ പെരുമാറിയിട്ടില്ലെന്ന് പറയിപ്പിക്കുകയായിരുന്നു ട്രംപ്.
കാപ്പിറ്റോൾ മന്ദിരത്തിലെ അതിക്രമങ്ങളുടെ പേരിൽ ട്രംപിനെ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തതോടെ, ജോ ബൈഡൻ ഭരണത്തിന്റെ ആദ്യദിനങ്ങൾ സെനറ്റിലെ വിചാരണാനടപടികളാൽ കലുഷിതമാകുമെന്ന കാര്യവും ഉറപ്പായി. രണ്ടു വട്ടം ഇംപീച്ച്മെന്‍റിനു വിധേയനായ ആദ്യ പ്രസിഡന്റ് എന്ന ദുഷ്പേരോടെ ട്രംപ് പിന്‍വാങ്ങുമ്പോള്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് വിചാരണ നേരിടുന്നതും യുഎസ് ചരിത്രത്തിൽ ആദ്യമായാണ്.
ട്രംപ് വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണു ഡമോക്രാറ്റുകൾ രണ്ടാം ഇംപീച്ച്മെന്‍റിനു മുന്നിട്ടിറങ്ങിയത്. സെനറ്റിൽ മൂന്നിൽ രണ്ടംഗങ്ങൾ പിന്തുണച്ചാലേ ഇംപീച്ച്മെന്‍റ് പാസാക്കൂ. അതിന് നൂറംഗ സെനറ്റിൽ 17 റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണ കൂടി വേണം. കാപിറ്റോള്‍ അതിക്രമത്തെ തുടര്‍ന്ന് റിപ്പബ്ലിക്കന്‍മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അസംതൃപ്തി ട്രംപിനെതിരെ വോട്ട് ചെയ്യാന്‍ അവരില്‍ ചിലരെയെങ്കിലും പ്രേരിപ്പിച്ചേക്കും. അങ്ങനെയെങ്കില്‍ ട്രംപിന്‍റെ രാഷ്ട്രീയ ഭാവിയും അനിശ്ചിതത്വത്തിലാകും.
സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് നിര്‍ദ്ദിഷ്ട പ്രസിഡന്‍റിനെ ഔദ്യോഗിക വസതിയില്‍ സ്വീകരിക്കുകയെന്ന പതിവ് ചടങ്ങ് ഒഴിവാക്കി ട്രംപ് രാഷ്ട്രീയ പോരാട്ട തുടര്‍ച്ചയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു നൂറ്റാണ്ടിലേറെക്കാലമായി യുഎസില്‍ തുടര്‍ന്നുപോന്നിരുന്ന സമാധാനപരമായ അധികാര കെെമാറ്റ ചരിത്രമാണ് ഇതോടെ ട്രംപ് തിരുത്തിയത്. 2017ല്‍ ട്രംപ് അധികാരമേല്‍ക്കാന്‍ വെെറ്റ് ഹൗസില്‍ പത്നി മെലാനിയയുമൊത്ത് എത്തിയപ്പോള്‍ അവരെ സ്വീകരിക്കാന്‍ ബറാക് ഒബാമയും മിഷേലും സന്നിഹിതരായിരുന്നു. എന്നാല്‍ ബൈഡനെ സ്വീകരിക്കേണ്ടയിരുന്ന ട്രംപ് എവിടെയായിരുന്നു? അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിലനിന്നിരുന്ന നയതന്ത്ര മര്യാദയും സൗഹൃദ അന്തരീക്ഷവും ശിഥിലമാക്കുന്ന ചെയ്തികളാണിവ.
തന്റെ ഭരണകാലയളവിലെ ഏറ്റവും കുറഞ്ഞ ജനപിന്തുണയായ 34 ശതമാനവുമായാണ് ട്രംപിന്‍റെ പടിയിറക്കം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിനുണ്ടായിരുന്ന പിന്തുണ 80 ശതമാനത്തില്‍ നിന്നും 14 ശതമാനം കുറഞ്ഞതായും പഠനങ്ങള്‍ തെളിയിക്കുന്നു. ട്രംപിസത്തിന്റെ നാല് വര്‍ഷം മനുഷ്യാവകാശ ലംഘനങ്ങളുടെയും ജനാധിപത്യ മൂല്യച്ഛ്യുതിയുടെയും നെടുകെ പിളര്‍ന്ന അമേരിക്കന്‍ രാഷ്ട്രീയ, സാമൂഹിക ജീവിതത്തിന്‍റെയും സമഗ്രചിത്രമാണ് തന്നത്.
അതേസമയം, ലോകത്തെ ഉപദ്രവിക്കുന്നതില്‍ അല്‍പം മയം കാട്ടിയ പ്രസിഡന്‍റാണ് ട്രംപെന്ന് പറയാം. അഫ്ഗാനില്‍നിന്ന് പട്ടാളക്കാരെ പിന്‍വലിച്ചും വടക്കന്‍ കൊറിയയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചും ഇസ്രയേലിനെയും ഗള്‍ഫ് രാജ്യങ്ങളേയും ഒരു മേശയ്ക്കിരുപുറമിരുത്തി പരസ്പരം അംഗീകരിപ്പിക്കാന്‍ ഇടനിലക്കാരനായും ട്രംപ് തിളങ്ങിയിരുന്നു. അടുത്തിടെ ലോകം കണ്ട ഏറ്റവും മിടുക്കനായ പ്രസിഡന്‍റ് എന്ന് വാഴ്ത്തപ്പെട്ട ബറാക്ക് ഒബാമ പോലും അഫ്ഗാനിസ്താനിലേക്ക് കൂടുതല്‍ പട്ടാളക്കാരെ അയക്കുകയാണ് ചെയ്തത്. ഇറാക്കിന്റെയും ലിബിയയുടെയും തകര്‍ച്ചയില്‍ ഒബാമ ഭരണകൂടത്തിനുള്ള പങ്കും തള്ളിക്കളയാനാവില്ല.
അമിത ആത്മവിശ്വാസമാണ് ട്രംപിന്റെ മുഖമുദ്ര. സത്യാനന്തര ലോകത്തിന്റെ പ്രതിനിധിയാണദ്ദേഹം. ഏകഭാഷണങ്ങളും ട്രംപിന്‍റെ രീതിയല്ല. മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന നേതാവുമല്ല. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ട്രംപെന്ന പേരിനെ കേന്ദ്രീകരിച്ച് പരന്ന എണ്ണമറ്റ തലക്കെട്ടുകള്‍ തന്നെ ഈ പ്രസ്താവനയെ സാധൂകരിക്കാനുതകും. വൈറ്റ് ഹൗസെന്ന തിരശ്ശീലയ്ക്കു പിന്നില്‍ തനിക്കിഷ്ടമുള്ള കഥാപാത്രമായി ആടിത്തിമിര്‍ക്കുകയായിരുന്നു ട്രംപ്. തോല്‍ക്കുമ്പോഴും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ട് നേടുകയായിരുന്നു. പക്ഷെ, പുരുഷ മേധാവിത്വവും വംശീയവെറിയും മുഴച്ചു നില്‍ക്കുന്ന അമേരിക്കയായിരുന്നു ട്രംപിന്‍റെ മനസ്സില്‍. ജനാധിപത്യം വിരുദ്ധതയായിരുന്നു രക്തത്തില്‍. ഇതിന്‍റെ ഫലങ്ങള്‍ ട്രംപിനെ പടിയിറക്കുകയും ചെയ്തു.
പുതു യുഗം പുതു തുടക്കം
പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിനേക്കാള്‍ 76 അധിക ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ കിട്ടിയപ്പോള്‍ 81.3 ദശലക്ഷം ജനകീയ വോട്ടുകളാണ് ബെെഡന് ലഭിച്ചത്. അതായത് ട്രംപിനെക്കാള്‍ 70 ലക്ഷം അധികം വോട്ടുകള്‍. യുഎസ് തെരഞ്ഞെടുപ്പു സമ്പ്രദായം അനുസരിച്ച് അമ്പത് സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 538 ഇലക്ടറല്‍ കോളേജ് പ്രതിനിധികളില്‍ ട്രംപിന്‍റെ 232 ന് എതിരെ 306 പേരുടെ പിന്തുണ ബെെഡന് ലഭിക്കുകയുണ്ടായി. എന്നാല്‍, ബെെഡന്‍ ആകെ പോള്‍ ചെയ്ത വോട്ടിന്‍റെ 51.3 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കിയപ്പോള്‍ മതിപ്പുളവാക്കുന്ന 46.8 ശതമാനം വോട്ടുകള്‍ നേടാന്‍ ട്രംപിനായി. അക്ഷരാര്‍ത്ഥത്തില്‍ നെടുകെ പിളര്‍ന്ന രാഷ്ട്രത്തിന്‍റെ തലവനായാണ് ജോ ബൈഡന്‍ അവരോധിക്കപ്പെട്ടതെന്ന് സാരം.
ഈ സാഹചര്യത്തില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ സമവായവും സാമൂഹ്യ സ്വരച്ചേര്‍ച്ചയും പുനഃസ്ഥാപിക്കുക എന്നത് കനത്ത വെല്ലുവിളിയാണ്. ആഭ്യന്തര രംഗത്തുമാത്രമല്ല ആഗോളതലത്തിലും അമേരിക്ക സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ട്രംപിന്‍റെ പ്രതിലോമ, ജനദ്രോഹ നടപടികള്‍ തിരുത്താന്‍ ബെെഡനും ഡമോക്രാറ്റുകള്‍ക്കും കഴിയുമോ എന്നു തന്നെയാണ് ലോകം ഉറ്റു നോക്കുന്നത്. ലോക രാഷ്ട്രീയത്തില്‍ യുഎസിന്‍റെ സ്ഥാനം നിര്‍ണ്ണയിക്കപ്പെടുന്നത് ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും.
വൈറ്റ്ഹൗസിലെ കർമ വൈഭവവും തന്ത്രപരമായ രാഷ്ട്രീയ വീക്ഷണങ്ങളും കൈമുതലാക്കിയാണ് ലിബറൽ ജനാധിപത്യത്തെ പുനഃസൃഷ്ടിക്കാന്‍ ജോ ബൈഡന്‍ അവതരിച്ചിരിക്കുന്നത്. അബദ്ധങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് സ്വയം നവീകരിച്ച് മുന്നേറിയ ചരിത്രമാണ് ജോ ബൈഡനെന്ന ഡമോക്രാറ്റിനെ ജയിച്ചു കയറാന്‍ പ്രാപ്തനാക്കിയ സുപ്രധാന ഘടകം. അതേസമയം, ശരിക്കും ധ്രുവീകരിക്കപ്പെട്ടുപോയ അമേരിക്ക ഇപ്പോൾ നേരിടുന്ന സാങ്കേതിക, രാഷ്ട്രീയ വെല്ലുവിളികളെ അതിജയിക്കാൻ തക്ക മിടുക്കും ഊർജവും ബൈഡന് പോരെന്ന വിമര്‍ശനങ്ങളും സജീവമാണ്.
കൈയടിനേടാവുന്ന വാചക കസർത്തുകള്‍ പോലുള്ള സവിശേഷതകളൊന്നും ബൈഡനില്ല. പക്ഷെ, സെനറ്റർ പദവി വലിയ പ്രവൃത്തി പരിചയമാണ് അദ്ദേഹത്തിന് നൽകിയത്. ഏറ്റവും പ്രായം കുറഞ്ഞ സെനറ്റർ എന്ന ഖ്യാതിയില്‍ നിന്ന് ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റ് എന്ന വിശേഷണം വരെയുള്ള ദീര്‍ഘകാലത്തെ അനുഭവ സമ്പത്തുണ്ട് ബൈഡന്. ഇടപാടുകൾ നടത്തിയും വൃത്തിയായി നിയമനിർമാണം നടപ്പാക്കിയും സെനറ്റ് വിദേശകാര്യ സമിതി അധ്യക്ഷനെന്ന നിലയ്ക്ക് ലോക നേതാക്കളുമായി ബന്ധം സ്ഥാപിച്ചും പരിചയമുണ്ട്.
ഒബാമയുടെ ശരിയായ ആരാധകൻ കൂടിയാണ് ബൈഡൻ. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ഒബാമ വഹിച്ച പങ്കും നിസ്തുലമാണ്. വിദേശ നയ പരിചയവും കോൺഗ്രസിലെ ബന്ധങ്ങളും പരിഗണിച്ചാണ് ബൈഡന് അമേരിക്കയുടെ 47ാം വൈസ് പ്രസിഡന്‍റ് പദവി ഒബാമ കല്‍പ്പിച്ചു നല്‍കിയത്. പിന്നീട്, സൗഹൃദത്തിന്‍റെ പുതിയ മാനങ്ങള്‍ ഇരുവരും തുറന്നു. ദേശീയ സുരക്ഷ വിഷയങ്ങളിൽ ഉപദേശവും എതിർപ്പും പ്രകടിപ്പിച്ച് ബൈഡന്‍ ഒബാമയുടെ കൂടെതന്നെ നിന്നു. റിപ്പബ്ലിക്കൻ ആക്രമണങ്ങളെ ഇരുവരും ചെറുത്തു തോല്‍പ്പിച്ചു. ജോ ബൈഡൻ അമേരിക്കയെ കരകയറ്റുമെന്ന പ്രത്യാശകള്‍ നാമ്പിടുന്നത് ഇത്തരം വസ്തുതകളില്‍ നിന്നാണ്.
അമേരിക്കന്‍ പ്രസിഡന്‍റിന് വളരെ നിര്‍ണ്ണായകമാണ് അധികാരമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ നൂറു ദിനങ്ങള്‍. പുതിയ ഭരണകൂടത്തിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരുടെ നിയമനം, നയങ്ങളില്‍ വ്യക്തത വരുത്തല്‍, പുതിയ അജണ്ടകള്‍ തീരമാനിക്കല്‍ തുടങ്ങി ഭാരിച്ച ഉത്തരവാദിത്വങ്ങളുമുണ്ട്. ട്രംപിന്‍റെ വിവാദപരമായ തീരുമാനങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള പത്തോളം ഉത്തരവുകൾ അധികാരമേറ്റെടുത്ത ആദ്യദിനം തന്നെയുണ്ടാകുമെന്ന് ബൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു. “അണ്‍ ട്രംപ് അമേരിക്ക”യെന്ന അനൗപചാരിക തലക്കെട്ടാണ് ബൈഡന്റെ പദ്ധതികള്‍ക്ക് അമേരിക്കക്കാര്‍ നല്‍കിയിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടുകൂടിയ ഭരണകൂടമായിരിക്കും തന്‍റേതെന്നാണ് ജോ ബൈഡന്‍ ഇതിലൂടെ ലോകത്തിന് നല്‍കുന്ന സന്ദേശം.
ട്രംപ് ഭരണകൂടം നടപ്പാക്കിയ കർശന കുടിയേറ്റ നയങ്ങൾ അതിവേഗം പരിഷ്കരിക്കുന്നതടക്കമുള്ള നടപടികളാണ് ബൈഡന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. നിലവില്‍ അമേരിക്കയില്‍ രേഖപ്പെടുത്താത്ത ദശലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് ഈ പദ്ധതി പൗരത്വത്തിനുള്ള വഴി തുറക്കുമെന്നത് ബൈഡന്‍ സര്‍ക്കാരിന്‍റെ സുപ്രധാന നേട്ടങ്ങളിലൊന്നാകും. അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിലൂടെ രാജ്യത്തിന്‍റെ സാമ്പത്തികമായ ഉന്നമനം കൂടി ബൈഡന്‍ മുന്നോട്ടു വെക്കുന്നു.
പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ വീണ്ടും ചേരുക, മുസ്‍ലിം രാജ്യങ്ങളിലെ യാത്രാ വിലക്ക് അവസാനിപ്പിക്കുക എന്നിവയുള്‍പ്പെടെ ഒരു ഡസനോളം പദ്ധതികള്‍ക്കാണ് ബൈഡന്‍ അധികാരമേറ്റ ഉടനടി പ്രാധാന്യം നല്‍കിയത്. മാസ്‌ക്കിനെ പുച്ഛത്തോടെ കണ്ടിരുന്ന ഡൊണാള്‍ഡ് ട്രംപിന്‍റെ നിലപാടുകള്‍ക്ക് ഘടകവിരുദ്ധമായി മാസ്‌ക്ക് നിര്‍ബന്ധമാക്കുന്നതും ബൈഡന്‍റെ അജണ്ടയിലുണ്ട്. ഇതിനൊക്കെ പുറമേ 1.9 ലക്ഷം കോടി ഡോളറിന്‍റെ കോവിഡ് സമാശ്വാസ പാക്കേജും ബൈഡന്‍ വിഭാവനം ചെയ്യുന്നു. ആദ്യ 100 ദിവസത്തിനുള്ളില്‍ 100 മില്ല്യണ്‍ ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്നും ബൈഡന്‍റെ പ്രഖ്യാപനത്തിലുണ്ട്.
അനധികൃതമായി യുഎസിലേക്ക് കടക്കുന്നവരുടെ കുട്ടികളെ കുടുംബത്തില്‍ നിന്ന് വേര്‍പ്പെടുത്തുന്നതാണ് ട്രംപിന്‍റെ ഫാമിലി സെപറേഷന്‍ പോളിസി. ഇതുപ്രകാരം അനാഥരാകുന്ന കുഞ്ഞുങ്ങളെ മാതാപിതാക്കളുമായി ഒരുമിപ്പിക്കാന്‍ വേണ്ടത് ചെയ്യുമെന്നും ബൈഡന്‍ ഉറപ്പു നല്‍കിയതാണ്. കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിനും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള അധിക ഉത്തരവുകള്‍ക്കും ബൈഡന്‍ ഭരണകൂടം പ്രാധാന്യം നല്‍കുന്നു. വ്യവസ്ഥാപരമായ വംശീയതയെയും അസമത്വത്തെയും നേരിടുന്നതിന് പക്വമായ പദ്ധതികള്‍ ഉണ്ടാകുമെന്നതിലും തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തു തന്നെ ബൈഡന്‍ ഉറപ്പു നല്‍കിയതാണ്.
ഇന്ത്യ- യുഎസ് ബന്ധം
ഇന്ത്യയുമായി പ്രതിരോധ സഹകരണം തുടരുമെന്നും ബൈഡന്‍ ഭരണകൂടം വ്യക്തമാക്കിക്കഴിഞ്ഞു. പൊതു താല്പര്യമുള്ള വിഷയങ്ങളിലും ഇന്ത്യ യുഎസ് സൈനിക സഹകരണം തുടരും. ഇന്ത്യയും യുഎസും ഒന്നിച്ച് മുന്നേറാൻ ഏറെ സാധ്യതകളുള്ള രാജ്യങ്ങളാണെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ പ്രസ്താവന. പാകിസ്ഥാനോടും ചൈനയോടും അമേരിക്കയുടെ അടിസ്ഥാന നയം മാറില്ലെങ്കിലും ജമ്മുകശ്മീർ വിഷയത്തിൽ ട്രംപ് ഭരണകൂടത്തിൽ നിന്ന് വ്യത്യസ്ത നിലപാട് ബൈഡൻ സ്വീകരിച്ചേക്കാം. ഇത് മുന്നില്‍ കണ്ട് കാപിറ്റോള്‍ അക്രമത്തിൽ കൃത്യമായ നിലപാട് പ്രഖ്യാപിച്ച് നരേന്ദ്ര മോദി ഇന്ത്യയുടെ നയം മാറ്റത്തിൻ്റെ സൂചന നല്കിയിരുന്നു.
ബറാക്ക് ഒബാമ പ്രസിഡന്‍റായിരുന്നപ്പോൾ 2013ൽ ഇന്ത്യയിലെത്തിയ ബൈഡന് ഇരു രാജ്യങ്ങൾക്കുമിടയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായുള്ള ബന്ധം എന്താണെന്ന് നന്നായി അറിയാം. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ നിലപാടിൽ അമേരിക്കയെ കൂടെ നിർത്താനാവും മോദിയുടെ ശ്രമം. ചൈനയ്‌ക്കെതിരെ സഖ്യകക്ഷികളെ എല്ലാം കൂടെ നിറുത്തി നയം രൂപീകരിക്കുമെന്ന് ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ട്രംപിൻ്റെ വ്യക്തിപരമായ നിലപാടിനെക്കാൾ ബൈഡൻ്റെ ഈ പൊതുനയം ഗുണം ചെയ്യുമെന്നാണ് വിദേശകാര്യമന്ത്രാലയം കരുതുന്നത്.
എച്ച് വൺ ബി വിസയുടെ കാര്യത്തിൽ കൂടുതൽ ഉദാരമായ നിലപാട് ബൈഡൻ സ്വീകരിക്കുമെന്നും ഇന്ത്യ പ്രതീക്ഷിക്കുന്നു. റഷ്യയ്ക്കും ഇന്ത്യയ്ക്കും ഇടയിലെ ആയുധ ഇടപാടുകൾക്ക് പ്രത്യേക ഇളവു നല്കാൻ ഇനി അമേരിക്ക തയ്യാറാകുമോ എന്നത് പക്ഷെ ആശങ്കയാണ്. ഇന്ത്യൻ അമേരിക്കൻ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡൻറായ ഭരണകൂടം അധികാരത്തിലേറുമ്പോള്‍ ഇരു രാജ്യങ്ങള്‍ക്കിടയില്‍ സൗഹൃദപരമായ ഒരു വിശാല അന്തരീക്ഷം രൂപപ്പെടുമെന്ന് തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷയും പ്രത്യാശയും.