ജയ്പൂര്‍: മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സഞ്ജു സാംസണിനെ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനായി നിയമിച്ചു. വരും സീസണില്‍ രാജസ്ഥാന് സഞ്ജുവാണ് നയിക്കുക. ഒരു ഐ.പി.എല്‍ ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു.
നിലവിലെ ക്യാപ്റ്റനും ഓസ്ട്രേലിയന്‍ താരവുമായ സ്റ്റീവ് സ്മിത്തിനെ ഐപിഎല്‍ പതിനാലാം സീസണ് താരലേലത്തിന് മുന്നോടിയായി റിലീസ് ചെയ്തുകൊണ്ടാണ് രാജസ്ഥാന് റോയല്‍സ് തീരുമാനം അറിയിച്ചത്. മുന്‍ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന് നന്ദി അറിയിക്കുന്നതായും രാജസ്ഥാന് റോയല്‍സ് മാനേജ്മെന്റ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര ടീമിന്റെ ഡറക്റ്ററായി സ്ഥാനമേല്‍ക്കും.
ടീമിനെ നയിക്കാന്‍ കഴിയുന്നത് വലിയ ബഹുമതിയായിട്ടാണ് കാണുന്നതെന്ന് സഞ്ജു പറഞ്ഞു. സഞ്ജുവിന്റെ വാക്കുകള്‍… ”രാജസ്ഥാന് റോയല്‍സിനെ നയിക്കാന്‍ കഴിയുന്നത് വലിയ ബഹുമതിയായി കാണുന്നു. എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ടീമാണ് രാജസ്ഥാന്. അവര്‍ക്ക് വേണ്ടി കളിക്കാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നു.” സഞ്ജുവിന്റെ വാക്കുകള്‍ രാജസ്ഥാന് റോയല്‍സ് തന്നെയാണ് പുറത്തുവിട്ടത്.
കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ സഞ്ജുവിന്റെ ബാറ്റിങ് കരുത്തില്‍ രാജസ്ഥാന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായ തോല്‍വി ഏറ്റുവാങ്ങി ടീം എട്ടാം സ്ഥാനത്താണ് സീസണ് അവസാനിപ്പിച്ചത്. സയ്യിദ് മുസ്താഖ് അലി ട്വന്റി20യില്‍ കേരള ടീമിനെ നയിച്ചതും സഞ്ജുവായിരുന്നു. ആദ്യ മൂന്ന് കളികളില്‍ അട്ടിമറി ജയം നേടാനും കേരളത്തിന് സാധിച്ചിരുന്നു.
ഐപിഎല്ലില്‍ ഇതുവരെ കളിച്ച എട്ട് സീസണുകളിലായി 107 മത്സരങ്ങളില്‍ നിന്നായി 27.78 ശരാശരിയില്‍ 2584 റണ്‍സ് സഞ്ജു നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറിയും 13 അര്‍ധസെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടുന്നു.