ഇരുള്‍വീണ നാളുകള്‍ക്ക് ഉഷസ്സും യശസ്സും കൈവരുമെന്ന ശുഭപ്രതീക്ഷകളാണ് ഇനിയുള്ള ദിനങ്ങളെ മഹത്വപൂര്‍ണ്ണമാക്കുന്നത്. മാസങ്ങളോളമായി മനുഷ്യരാശിയെ ഭീതിയുടെയും ആശങ്കകളുടെയും മുള്‍മുനയില്‍ നിര്‍ത്തി വിളയാടിയ വൈറസിനെ പിടിച്ചുകെട്ടാനുള്ള യജ്ഞം ആരംഭിക്കുകയാണ്. ഇന്ത്യാ മഹാരാജ്യം ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ ദൗത്യത്തിന് സാക്ഷ്യം വഹിക്കുന്നു. മഹാമാരി പൊട്ടിപ്പുറപ്പെട്ട് അഞ്ചോ പത്തോ വര്‍ഷം കഴിയാതെ വാക്സിന്‍ ലഭ്യമാകില്ലെന്ന പൊതുബോധത്തെയും നിരാശയെയും ഖണ്ഡിച്ചുകൊണ്ടാണ് കോവിഡ് പ്രതിരോധ വാക്സിന്‍ അതിജീവനത്തിന്‍റെ പുതു ചരിതം കുറിക്കുന്നത്. ഇത് കാലങ്ങള്‍ കഴിഞ്ഞാലും ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കാന്‍ പോകുന്ന ദിനം. ശാസ്ത്രത്തിനു മുന്നില്‍, കിരീടം വച്ച വൈറസുകള്‍ ശിഥിലമാകുന്ന കാഴ്ചയിലേക്ക് ജാലകം തുറന്ന ദിനം.
ഏറെക്കാലമായുള്ള ചോദ്യത്തിന് ഉത്തരമായി എന്നാണ് വാക്സിനേഷന്‍ ദൗത്യം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. നല്ല നാളെകള്‍ ഒരു വലിയ ചോദ്യ ചിഹ്നമായി നിന്ന നാളുകള്‍കൂടിയാണ് ഇവിടെ പര്യവസാനിക്കുന്നത്. ഇന്ത്യ ആദ്യഘട്ടത്തില്‍ തന്നെ മൂന്നുകോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുകയാണ്. രണ്ടാംഘട്ടത്തില്‍ ഇത് മുപ്പതു കോടിയാക്കി ഉയര്‍ത്തുമെന്ന പ്രത്യാശയാണ് പ്രധാനമന്ത്രി പങ്കുവച്ചത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. രാജ്യത്തെ 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകരാണ് ആദ്യദിനം വാക്സിനേഷന് വിധേയരാകുക. 133 കേന്ദ്രങ്ങളിലായി 3,68,866 പേരാണ് കേരളത്തില്‍ ആദ്യഘട്ട വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തത്.
കോവിഡിനെതിരെ 12 വാക്സിനുകളാണ് ലോകവിപണിയിൽ എത്തിയിരിക്കുന്നത്. ഇതില്‍ മൂന്നെണ്ണം ഇന്ത്യയുടെ സ്വന്തമാണെന്നത് അഭിമാനം. ഭാരതത്തിന്‍റെ ഗവേഷണ മികവ് ലോകത്തിന്‍റെ നെറുകയില്‍ പ്രതിഷ്ഠിക്കുന്ന വസ്തുത. ബംഗ്ലാദേശിനും മറ്റ് അയൽരാജ്യങ്ങൾക്കും ആവശ്യമായ കോവിഡ് വാക്സിന്‍ നൽകുന്നതോടെ ഇന്ത്യ മേഖലയിലെ സംപ്രീതരില്‍ സംപ്രീതരാകും. ഇത് സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും പുതുകാമനകള്‍ക്ക് തുടക്കമാവുകയും ചെയ്യും.
വാക്സിന്‍ നിര്‍മ്മാണത്തിന്‍റെ പിന്നാമ്പുറങ്ങള്‍
വളരെ കാലത്തെ പരിശ്രമത്തിനുശേഷമാണ് ശാസ്ത്രലോകത്ത് ഇന്ന് കാണുന്ന രീതിയിലുള്ള സാങ്കേതികവിദ്യകൾ നിലവില്‍ വന്നത്. ജനിതക സംബന്ധിയായ കാര്യങ്ങളില്‍ അതിനൂതനമായ കണ്ടുപിടിത്തങ്ങള്‍ ഉണ്ടാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു.1950നുശേഷം മാത്രമാണ്, ഡിഎൻഎയുടെ രൂപം എന്തെന്നും റൈബോസോം പ്രോട്ടീൻ ഉണ്ടാക്കാമെന്നും അതിന് ആവശ്യമായ പല ആർഎൻഎകൾ ഉണ്ടെന്നുമുള്ള അറിവ് ശാസ്ത്രലോകം സ്വാംശീകരിച്ചത്. കോവിഡ്19 പ്രതിരോധത്തിൽ നിർണായകമായ പിസിആർ ടെസ്റ്റ് ചെയ്യാനുള്ള പിസിആർ മെഷീന്റെ പ്രോട്ടോടൈപ്പ് രൂപംപോലും 1986ലാണ് ഉണ്ടായത്.
1918ലെ സ്പാനിഷ് ഫ്ളൂവിന് കാരണമായ ഇൻഫ്ളുവെൻസ വൈറസിന്റെ ജനിതകപഠനം നടത്താൻ സാധിച്ചതു തന്നെ 1995നുശേഷം മാത്രമായിരുന്നു. 1918ൽ മരിച്ച രോഗിയുടെ ശരീരത്തിൽനിന്നുള്ള സാമ്പിളുകൾ വേർതിരിച്ചാണ് വൈറസിന്റെ ജനിതകത്തെക്കുറിച്ച് യുഎസ് ആർമ്ഡ് ഫോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാത്തോളജിയില്‍ അന്ന് പഠനം നടന്നത്. എന്നാല്‍ കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടത് ശാസ്ത്രലോകം ഏറെ മുന്നോട്ട് സഞ്ചരിച്ചപ്പോഴാണ്.
2020 ഫെബ്രുവരിയിൽ, വൈറസ് യൂറോപ്യൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുംമുമ്പേതന്നെ, അതിന്റെ ജനിതകത്തെക്കുറിച്ചുള്ള വ്യക്തമായ രൂപരേഖകളുമായി ചൈനയിലെ ഫുഡാൻ യൂണിവേഴ്സിറ്റിയിൽനിന്ന് ഒരു ശാസ്ത്രലേഖനം പബ്ലിഷ് ചെയ്യുകയുണ്ടായി. ആ ലേഖനം വൈറസിന്റെയും അതിന്റെ പ്രോട്ടീനുകളുടെയും ഘടന കണ്ടുപിടിക്കുന്നതിന് നിർണായകമായി. വാക്സിൻ നിർമാണത്തിന് മുതൽക്കൂട്ടായത് ത്വരിതഗതിയിലുണ്ടായ ഇത്തരം ഗവേഷണങ്ങളാണ്.
രോഗാണുവിന്റെ വിശദമായ പഠനം നടത്തുകയും ഒരേ രൂപത്തിലുള്ള പലതരം കാൻഡിഡേറ്റ്സ് മരുന്നുകളുടെ പരീക്ഷണത്തിന് തയ്യാറെടുക്കുകയുമാണ് വാക്സിൻ നിർമാണത്തിന്റെ ആദ്യ ഘട്ടം. കോശങ്ങളിലും മൃഗങ്ങളിലും, മികച്ച കാൻഡിഡേറ്റ്സ് മരുന്നുകൾ പരീക്ഷിക്കുകയാണ് പിന്നീട് ചെയ്യുന്നത്. അത്തരം പരീക്ഷണങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താതെ ക്ലിനിക്കൽ ട്രയൽ (മനുഷ്യരില്‍ ഉള്ള പരീക്ഷണം) സാധ്യമല്ല. പിന്നീട് മൂന്ന് ഫേസുകളിലായി മനുഷ്യരിൽ നടത്തുന്ന വലിയതോതിലുള്ള പഠനപരീക്ഷണങ്ങളിലൂടെയാണ് മരുന്നിന്റെയോ വാക്സിന്റെയോ കരുത്ത് പ്രഖ്യാപിക്കുന്നത്.
ഓരോ ഘട്ടത്തിലും അതത് രാജ്യത്തെ എത്തിക്സ് കമ്മിറ്റി അല്ലെങ്കില്‍ റെഗുലേറ്ററി അതോറിറ്റികളുടെ അനുമതി വങ്ങേണ്ടതുണ്ട്. കോവിഡ് മഹാമാരിയുടെ ഭീതിതമായ വ്യാപനം കണക്കിലെടുത്ത് ഊഴം കാത്ത് കിടക്കാതെ അനുമതികൾ വളരെപ്പെട്ടെന്ന് ഗവേഷകർ നേടിയെടുത്തു. ക്ലിനിക്കൽ ട്രയലിനുവേണ്ട പതിനായിരക്കണക്കിനുള്ള പേഷ്യന്റ് റിക്രൂട്ട്മെന്റും ത്വരിതഗതിയില്‍ നടന്നിരുന്നു.
കോവിഡിനെതിരെ നൂറോളം വാക്‌സിനുകള്‍ പരീക്ഷണഘട്ടങ്ങളിലുണ്ടെങ്കിലും പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കോവാക്‌സിന്‍ എന്നിവ ഉള്‍പ്പെടെ ആറോ ഏഴോ വാക്‌സിനുകളാണ് മനുഷ്യനില്‍ ഉപയോഗിക്കുവാന്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. കോവിഡ് തുടങ്ങിയ സമയത്തു തന്നെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട്, ഓക്സ്ഫഡ് വാക്സീൻ ഗ്രൂപ്പ് എന്നീ ഗവേഷണ വിഭാഗങ്ങളിലെ പ്രൊഫസർമാരായ സാറാ ഗിൽബർട്ട്, അഡ്രിയൻ ഹിൽ എന്നിവരുടെ നേതൃത്വത്തിൽ വാക്സീൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിന് ഓക്സ്ഫഡ് സർവകലാശാല തുടക്കമിട്ടിരുന്നു. ആംഗ്ലോ–സ്വീഡീഷ് മരുന്നു കമ്പനിയായ അസ്ട്ര സെനക്കയുമായി ചേര്‍ന്നായിരുന്നു ഓക്സ്ഫഡിന്റെ വാക്സിന്‍ ഗവേഷണം.
കോവിഡ് പ്രതിരോധത്തിനായി ഒരു അതിവേഗ വാക്സിന്‍ വികസിപ്പിക്കുകയെന്ന ആശയവുമായി ഇന്ത്യയില്‍ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സജീവമായിരുന്നു ഇക്കാലയളവില്‍. മലേറിയയ്ക്ക് എതിരെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ മരുന്നുമായി ബന്ധപ്പെട്ടു സിറവും ഓക്സ്ഫഡും തമ്മിൽ നേരത്തേ കൈകോര്‍ത്തിരുന്നു. കോവിഷീൽഡ് ഉൽപാദനത്തിൽ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പങ്കാളികളാകുന്നത് ഇവ്വിധമാണ്. മനുഷ്യ ജനിതക ഘടനയോട് ഏറെ അടുത്തു നിൽക്കുന്ന സിംഹവാലൻ ഇനത്തിൽപ്പെട്ട കുരങ്ങുകളിലാണ് ഓക്സ്ഫഡ് വാക്സിന്‍ ആദ്യം പരീക്ഷിച്ചത്. തുടർന്ന് യുകെയിലെ 1077 ആളുകളിലേക്ക് പരീക്ഷണം പുരോഗമിച്ചു. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇതിനായി മാറ്റിവച്ചത് 3000 കോടി രൂപയാണ്.
ഇന്ത്യയിൽ ആദ്യമായി ഉപയോഗിക്കാൻ അനുമതി ലഭിച്ച കോവിഷീൽഡ് വൈറൽ വെക്ടർ വാക്സിനാണ്. മനുഷ്യ ശരീര കോശങ്ങളിലേക്ക് നിരുപദ്രവകാരിയായ മറ്റു വൈറസുകള്‍ വഴി (വെക്ടർ) കോവിഡിനു കാരണമാകുന്ന സാർസ്–കോവ്–2 വൈറസിന്റെ ജനിതക വസ്തുവിനെ കടത്തിവിടുകയാണ് വൈറൽ വെക്ടർ വാക്സിൻ ചെയ്യുക. ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ എന്നറിയപ്പെടുന്ന റഷ്യയുടെ സ്ഫുട്‌നിക്ക് 5 ഈയിനത്തിൽപ്പെട്ടതാണ്.
ചിമ്പാൻസിയിൽനിന്നു ശേഖരിച്ച അഡനോവൈറസിനെയാണ് കോവിഷീൽഡിൽ വെക്ടറായി ഉപയോഗിച്ചത്. മനുഷ്യരിൽ ചുമ, പനി, തൊണ്ടവേദന തുടങ്ങി കോവിഡിനു സമാനമായ രോഗലക്ഷണങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവയാണ് അഡനോവൈറസുകൾ. ഈ വൈറസിനൊപ്പം സാർസ്–കോവ്–2 വൈറസിന്റെ സ്പൈക്ക് പ്രോട്ടിനുമുണ്ടാകും. ശരീരത്തിനകത്തു കടക്കുന്ന ഇവയ്ക്കു പക്ഷേ വിഭജിക്കാനുള്ള കഴിവില്ലാത്തതിനാല്‍ ശരീരത്തിനു ദോഷകരമാവില്ല. ഇത്തരം ‘വെക്ടർ’ വൈറസുകളെ കടത്തിവിട്ട് രോഗ പ്രതിരോധത്തിനായുള്ള ആന്റിബോഡി ഉൽപാദനത്തിന് ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ പ്രേരിപ്പിക്കുന്നതാണ് വാക്സിന്റെ രീതി.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യന്‍ ബയോടെക്‌നോളജി കമ്പനിയായ ഭാരത് ബയോടെക്, ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) മായി ചേര്‍ന്ന് വികസിപ്പിച്ചതാണ് കോവാക്‌സിന്‍. സജീവമല്ലാത്ത കൊറോണ വൈറസുകളെ ഉപയോഗിച്ച് പ്രതിരോധ ശേഷി വികസിപ്പിക്കുകയെന്ന രീതിയാണ് ഇതില്‍ അവലംബിച്ചത്. പരമ്പരാഗതമായി ഈ രീതിയാണ് വാക്സിൻ നിർമാണത്തിൽ ഉപയോഗിക്കാറുള്ളത്. പോളിയോ, പേപ്പട്ടി വിഷബാധ എന്നിവയ്‌ക്കെതിരെയുള്ള വാക്സിനുകളാണ് ഉദാഹരണം. ചൈനീസ് കമ്പനികളായ സിനോവാക്, സിന്‍ഫാര്‍മ കമ്പനികളും ഇതേ സാങ്കേതിക സമീപനത്തിലൂടെയാണ് വാക്‌സിന്‍ വികസിപ്പിച്ചത്.
ഈ വാക്സിനിലൂടെ ശരീരത്തിലെത്തുന്ന നിർജീവ വൈറസുകൾക്ക് വിഭജിക്കാനോ രോഗമുണ്ടാക്കാനോ കഴിവില്ല. എന്നാൽ ഇവ ശരീരത്തിലേക്ക് പ്രവേശിച്ചാൽ രോഗപ്രതിരോധ സംവിധാനം തിരിച്ചറിയുകയും ആന്റിബോഡി ഉൽപാദിപ്പിക്കുകയും ചെയ്യും. ഭാവിയിൽ യഥാർഥ വൈറസുകൾ വരുമ്പോൾ ശരീരം രോഗപ്രതിരോധത്തിനു സജ്ജമായിട്ടുമുണ്ടാകും. ഇവയ്ക്കു പ്രതിരോധ കാലാവധി കുറവായതിനാൽ കൂടുതൽ ഡോസുകൾ നൽകേണ്ടി വരും. എന്നാൽ 28 ദിവസത്തെ ഇടവേളയിൽ രണ്ടു ഡോസുകളെടുത്താൽ മതിയെന്നതാണ് നിലവിലെ നിര്‍ദ്ദേശം.
അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാനുള്ള അനുമതിയാണ് (എമർജൻസി ഓതറൈസേഷൻ) ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) കോവാക്സിന് നല്‍കിയിട്ടുള്ളത്. എന്നാല്‍ അക്കാര്യത്തില്‍ ചില ആശങ്കകള്‍ ആരോഗ്യ വിദഗ്ധര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ക്ലിനിക്കല്‍ ട്രയലിന്‍റെ മൂന്നാംഘട്ടത്തിലെ ഫലം പൂര്‍ണമായി പുറത്തുവരും മുമ്പാണ് അനുമതി നല്‍കിയത് എന്നാണ് വിമര്‍ശനം. അതേസമയം, ആദ്യ രണ്ട് ഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ ഫലപ്രദമായിരുന്നു എന്നത് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.
കോവിഡ് വാക്സിന്‍; ചോദ്യങ്ങള്‍ ഉത്തരങ്ങള്‍
വാക്സിന്‍ എന്ന് വരും.. എന്ന് വരും… എന്ന് വരും…ഈ ചോദ്യത്തിന് വിരാമമിട്ട് വാക്സിനേഷന്‍ ആരംഭിച്ചപ്പോള്‍ അടുത്ത ഘട്ടം ചോദ്യോത്തര വേള ആരംഭിച്ചു. വാക്സിന്‍ ഫലപ്രദമാണോ? രോഗപ്രതിരോധശേഷി നല്‍കുമോ? മനുഷ്യനില്‍ ജനിതകവ്യതിയാനം ഉണ്ടാക്കുമോ? മറ്റു രോഗങ്ങള്‍ വരാന്‍ ഇടയാക്കുമോ? തുടങ്ങി ഒരായിരം ചോദ്യങ്ങളും ആശങ്കകളുമാണ് ഉയര്‍ന്നു വന്നത്. അംഗീകരിക്കപ്പെട്ട പരീക്ഷണ രീതികളിലൂടെ സുരക്ഷിതത്വം ഉറപ്പാക്കിയതിനു ശേഷമാണ് വാക്സിനുകള്‍ കുത്തിവെപ്പിന് സജ്ജമായിരിക്കുന്നത്. രോഗപ്രതിരോധശേഷി നല്‍കാന്‍ കെല്‍പുള്ളതാണെന്നും പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതിനാല്‍ അത്തരത്തിലുള്ള ആശങ്കകള്‍ക്ക് പ്രസക്തിയില്ല.
വാക്‌സിനിലുള്ള ഘടകങ്ങള്‍ ജനിതക വ്യതിയാനം ഉണ്ടാക്കുവാനോ, മറ്റു രോഗങ്ങള്‍ ഉണ്ടാക്കുവാനോ ശേഷിയുള്ളതല്ല എന്നത് ശാസ്ത്രസത്യവും തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. വാക്സിനുകളില്‍ മറ്റു മൃഗങ്ങളുടെ ഘടകങ്ങളുണ്ടോ എന്നതാണ് രോഗഭീതിക്കും മേലെ മതവിശ്വാസങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു വിഭാഗത്തിന്‍റെ പരിഭ്രാന്തി. അംഗീകരിക്കപ്പെട്ട കോവിഡ് വാക്‌സിനുകളില്‍ അത്തരം ഘടകങ്ങള്‍ ഇല്ല, അതുകൊണ്ടുതന്നെ മതവിശ്വാസങ്ങളും ഹനിക്കപ്പെടുന്നില്ല എന്ന് നിസ്സംശയം പറയാം. ജനിതക മാറ്റം സംഭവിച്ച വൈറസുകള്‍ക്കെതിരെയും വിവിധ തരം വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ അത്തരം ആശങ്കകളും പൊള്ളയാണ്.
കോവിഡ് വാക്സിന്‍ സ്ത്രീകളിലോ പുരുഷന്മാരിലോ വന്ധ്യതയ്ക്ക് കാരണമാകുന്നു തുടങ്ങിയ മിഥ്യാ ധാരണകളും ഇതിനിടയില്‍ പ്രചരിച്ചു. എന്നാല്‍, ഇത് സംബന്ധിച്ച് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നും സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിൽ നിന്നും വരുന്ന ഇത്തരം കിംവദന്തികളും വിവരങ്ങളും ദയവ് ചെയ്ത് കണക്കിലെടുക്കരുതെന്നുമായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ പ്രതികരിച്ചത്. വാക്സിൻ കുത്തിവെപ്പ് നടത്തുന്നത് കൊണ്ട് ആരും രോഗബാധിതരാകില്ലെന്നും ചെറിയ പനി പോലെയുള്ള താത്ക്കാലിക പാര്‍ശ്വഫലങ്ങൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
വാക്‌സിന്‍ എങ്ങനെ, ആര്‍ക്കൊക്കെ, എപ്പോള്‍, എത്ര ഡോസ്, എവിടെവച്ച് നല്‍കുമെന്നതാണ് മറ്റ് പ്രധാന ചോദ്യങ്ങള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും, അടുത്തഘട്ടത്തില്‍ പൊലീസ്- മുനിസിപ്പല്‍ ജീവനക്കാര്‍/ഫയര്‍ഫോഴ്‌സ് തുടങ്ങിയ മുന്‍നിര പ്രവര്‍ത്തകര്‍ക്കും, മൂന്നാംഘട്ടത്തില്‍ 50 വയസ്സിനു മുകളിലുള്ള പൗരന്മാര്‍ക്കുമാണ് വാക്സിന്‍ കുത്തിവെക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും വാക്‌സിന്‍ നല്‍കുക. ഇതിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഒരാള്‍ 28 ദിവസത്തെ ഇടവേളകളില്‍ രണ്ട് ഡോസ് വാക്‌സിനാണ് സ്വീകരിക്കേണ്ടത്.
അതേസമയം, വാക്‌സിന്‍ എടുക്കണമെന്ന് നിര്‍ബന്ധമില്ല. സ്വന്തം ഇഷ്ടപ്രകാരം മാത്രം എടുത്താല്‍ മതിയാകും. പക്ഷെ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതിന് സാധ്യത കൂടുതലാണ്. കോവിഡ് വന്നവരും വാക്‌സിന്‍ എടുക്കണം. രോഗം ഭേദമായി 14 ദിവസത്തിനുശേഷം എടുക്കുന്നതാണ് നല്ലത്. മറ്റ് രോഗങ്ങളുള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വാക്‌സിന്‍ എടുക്കാം.
ഈ വിഷയത്തിന്റെ പിന്നാമ്പുറക്കഥകൾ പൂര്‍ണ്ണമായും അറിയാതെ പറഞ്ഞു പരത്തുന്ന വാദങ്ങളിലും ഗൂഢാലോചനാസിദ്ധാന്തങ്ങളിലും വീണു പോകാതെ, വസ്തുനിഷ്ടമായ കാര്യങ്ങള്‍ക്ക് ചെവികൊടുക്കുകയും കാര്യ ഗൗരവത്തോടെ സമീപിക്കുകയുമാണ് വേണ്ടത്. അത്യന്തം ശ്രദ്ധാപൂർവം ചെയ്യുന്ന, സുരക്ഷ എന്ന വാക്കിന് ഏറ്റവും മുൻഗണന കൊടുക്കുന്ന മേഖലയാണ് വാക്സിൻനിർമാണം. ഇതുവരെ പരീക്ഷിച്ച, അപ്രൂവൽ കിട്ടിയ, മറ്റു അസുഖങ്ങൾക്കു വേണ്ടി ഉണ്ടാക്കിയ എല്ലാ ‘ക്ളാസിക്കൽ’ വാക്സിനുകൾക്കും അതിന്‍റേതായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏതു വാക്സിനും മരുന്നിനും ഇത്തരം നിസ്സാരമായ പാർശ്വഫലങ്ങൾ പ്രതീക്ഷിക്കേണ്ടതുമുണ്ട്.
അണിയറയിലൊരുങ്ങുന്ന പടയാളികള്‍
വിവിധ രാജ്യങ്ങളിൽ ഇതിനോടകം തന്നെ അനുമതി ലഭിച്ച ഫൈസർ, മോഡേണ തുടങ്ങിയ വാക്സിനുകളാണ് ഇനി ഇന്ത്യയിലേക്ക് വരാന്‍ അനുമതി കാത്തിരിക്കുന്നത്. എംആർഎൻഎ വാക്സിൻ ഗണത്തിൽപ്പെട്ടതാണ് ഇവ. വൈറസിന്റെ ജനിതകവസ്തു അഥവ മെസഞ്ചർ ആർഎൻഎ(mRNA) ആണ് ഇതുവഴി കയ്യിലെ പേശിയിൽ കുത്തിവെക്കുക. തുടർന്ന് പേശിയിലെ കോശങ്ങൾ പ്രതിരോധ കോശങ്ങളോട് രോഗത്തിനു കാരണമാകുന്ന വൈറൽ പ്രോട്ടിനുകൾ ഉൽപാദിപ്പിക്കാൻ നിർദേശം നൽകും. അതായത് കോവിഡിനു കാരണമാകുന്ന സ്പൈക്ക് പ്രോട്ടിൻ ശരീരകോശങ്ങൾ സ്വയം ഉൽപാദിപ്പിക്കും. ശരീരകോശങ്ങളെ വാക്സിൻ ഫാക്ടറികളാക്കി മാറ്റുകയും ചെയ്യും. എന്നാല്‍ വിഭജിക്കാനാകാത്ത വിധം നിരുപദ്രവകാരികളായിരിക്കും ഇവ. തുടര്‍ന്ന് പ്രതിരോധ കോശങ്ങളുടെ പുറത്ത് സ്പൈക്ക് പ്രോട്ടിന്റെ സാന്നിധ്യം തിരിച്ചറിയുന്ന രോഗപ്രതിരോധ സംവിധാനം അഥവ ആന്റിബോഡി ഉൽപാദിപ്പിച്ച് യഥാർഥ വൈറസ് വരുമ്പോഴേക്കും ശരീരത്തെ പ്രതിരോധ സജ്ജമാക്കും.
ലോകത്ത് ഏറ്റവും കൂടുതൽ ഫലശേഷി വാഗ്ദാനം ചെയ്യുന്ന വാക്സിനുകൾ കൂടിയാണ് ഫൈസറും മോഡേണയും. 95 ശതമാനമാണ് ഫൈസറിന്റെ ഫലശേഷി, മോഡേണയുടേത് 94.1 ശതമാനവും. 28 ദിവസത്തെ ഇടവേളയില്‍ തന്നെയാണ് ഇവയുടെ രണ്ട് ഡോസുകള്‍ നല്‍കുന്നത്. പരമ്പരാഗത വാക്സിനുകളേക്കാൾ വേഗത്തിൽ ഗവേഷണം പൂർത്തിയാക്കാം, കുറഞ്ഞ ചെലവില്‍ വന്‍ തോതില്‍ ഉല്‍പ്പാദനം നടത്താം, എളുപ്പത്തിൽ ‘റീ ഡിസൈൻ’ ചെയ്യാനുള്ള സാധ്യത(കൊറോണ വൈറസിന് ജനിതക പരിവർത്തനം സംഭവിച്ചാലും അവയ്‌ക്കെതിരെയും പ്രയോഗിക്കാം), മറ്റു വാക്സിനുകളേക്കാൾ ശക്തമായതും നീണ്ടുനിൽക്കുന്നതുമായ പ്രതിരോധം ഉറപ്പ് നല്‍കുന്നു എന്നിവയാണ് എംആർഎൻഎ വാക്സിന്റെ ഗുണങ്ങൾ.
ലിപിഡ് നാനോപാർട്ടിക്കിൾസ് എന്ന കാരിയർ തന്മാത്രകളിൽ ‘പൊതിഞ്ഞാണ്’ എംആർഎൻഎയെ ശരീരത്തിനകത്തെത്തിക്കുന്നത്. ഇവയ്ക്ക് കൃത്യമായ താപനില ക്രമീകരണം ആവശ്യമാണ്. മൈനസ് 70 ഡിഗ്രി താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ ഫൈസർ വിഘടിച്ച് ഉപയോഗശൂന്യമാവും. എന്നാൽ അൾട്രാ കോൾഡ് ഫ്രീസറിൽ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിച്ചാൽ ഇത് 6 മാസം വരെ കേടാകാതിരിക്കും.
11 ലക്ഷം വരെയാണ് അൾട്രാ കോൾഡ് ഫ്രീസറിന്‍റെ വില. വന്‍ തോതില്‍ ഊര്‍ജ്ജ ഉപഭോഗവും നടക്കും. ഈ ഫ്രീസർ സൗകര്യം കേരള ആരോഗ്യവകുപ്പിനു കീഴിലെ എല്ലാ ആശുപത്രികളിലും ഇല്ലാത്തതിനാൽ ഫൈസർ വാക്സിൻ ഇവിടെ വിതരണം ചെയ്യാനുള്ള സാധ്യതകള്‍ കുറവാണ്. മോഡേണയുടെ എംആര്‍എന്‍എ-1273 വാക്സീൻ 2 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയിൽ സ്ഥിരത പ്രകടിപ്പിക്കുന്നുണ്ട്. മൈനസ് 20 ഡിഗ്രി സെല്‍ഷ്യസില്‍ ഇത് 6 മാസം വരെ സ്ഥിരതയോടെ നിലനില്‍ക്കുകയും ചെയ്യും. ശീതീകരണ സംവിധാനത്തില്‍നിന്നു പുറത്തെടുത്താൽ വാക്‌സിന്‍ സാധാരണ താപനിലയില്‍ 12 മണിക്കൂര്‍ വരെ സൂക്ഷിക്കാനാകുമെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊറോണ വൈറസിന് കൊള്ളിവെക്കാന്‍ ശാസ്ത്രലോകം പ്രാപ്തമാണെന്ന വിശ്വാസം ഊട്ടിയുറപ്പിച്ച കണ്ടുപിടിത്തമായിരുന്നു റഷ്യയുടെ സ്ഫുട്നിക് 5. ഇന്ത്യയ്ക്കായി ഏകദേശം 30 കോടി ഡോസ് വാക്സിനാണ് കമ്പനി നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലാബറട്ടറീസിനാണ് സ്‌ഫുട്നിക്കിന്റെ 2, 3 ഘട്ട ട്രയലിന്റെ ചുമതല. ഈ വൈറൽ വെക്ടർ വാക്സിന് ഒക്ടോബറിൽ അനുമതി ലഭിച്ചെങ്കിലും പരീക്ഷണം തുടങ്ങിയത് ഡിസംബറിലാണ്. ഫെബ്രുവരിയോടെ അംഗീകാരത്തിന് അപേക്ഷിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കൻ കമ്പനി നോവാവാക്സ് തയാറാക്കുന്ന സബ്‌യൂണിറ്റ് വാക്സിനായ എൻവിഎക്സ്–കോവ് 2373 ആണ് മറ്റൊന്ന്. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായാണ് കമ്പനി ഉൽപാദന കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഉൾപ്പെടെ പിന്തുണയുണ്ട് ഇതിന്. യുകെയിൽ അടക്കം മൂന്നാം ഘട്ട ട്രയലിലാണ് എൻവിഎക്സ്–കോവ് 2373.
ഹൈദരാബാദിലെ ബയോളജിക്കൽ ഇ ഫാർമസ്യൂട്ടിക്കൽസ്, ബേലോർ കോളജ് ഓഫ് മെഡിസിൻ (യുഎസ്) എന്നിവ സംയുക്തമായി തയാറാക്കുന്ന ബീക്കോവ്–2 ക്ലിനിക്കല്‍ ട്രയലിന്‍റെ ഒന്നും രണ്ടും ഘട്ടം തുടങ്ങിയിട്ടേയുള്ളു. ഫെബ്രുവരിയോടെ ആദ്യഘട്ട ഫലം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്റിസെറ വാക്സിനായ ഇത് 2021 അവസാനത്തോടെയാണ് പ്രതീക്ഷിക്കുന്നത്. നിര്‍ജീവമാക്കപ്പെട്ട സാർസ്–കോവ്–2 വൈറസിനെ കുതിരകളിൽ കുത്തിവെച്ച് ഉൽപാദിപ്പിച്ച ആന്റിസെറ ഉപയോഗിച്ചുള്ള വാക്സിൻ രീതിയാണിത്.
അഹമ്മദാബാദിലെ സൈഡസ് കാഡില കമ്പനി തയാറാക്കുന്ന ഡിഎൻഎ വാക്സിനായ സൈകോവ്–ഡിയും രണ്ടു ഘട്ടത്തിലെ പരീക്ഷണം പൂർത്തിയാക്കി. ഡിഎൻഎ വാക്സിനിലെ ജനിതക വസ്തു ന്യൂക്ലിയസിലാണ് പ്രവേശിക്കുക. കോശങ്ങൾ ഈ ജനിതക വസ്തുക്കളെ ഏറ്റെടുക്കുന്നതോടെ ഇവ ശരീരത്തിന് വൈറൽ പ്രോട്ടിനുകളെ ഉൽപാദിപ്പിക്കാൻ നിർദേശം നൽകും. പിന്നാലെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ആന്റിബോഡി ഉൽപാദിപ്പിക്കുകയും ചെയ്യും. 2021 മാർച്ച് വരെ ഈ വാക്സിന്‍റെ അംഗീകാര നടപടികള്‍ നീളുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരങ്ങള്‍.
കഴിഞ്ഞ കുറേ മാസങ്ങളായി നാം അനുഭവിക്കുന്ന അസാധാരണമായ രോഗ ഭീതി വാക്സിനേഷന്‍ ദൗത്യം ആരംഭിക്കുന്നതോടെ ഭാഗികമായി കുറഞ്ഞു എന്നേ നമുക്ക് പറയാനാവൂ. സാമൂഹിക അകലവും മാസ്ക് ഉപയോഗവും പഴയപടി തുടരുകയും ബന്ധപ്പെട്ട മേഖലകളില്‍ നിന്നുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. കോവിഡ് എന്ന മഹാവ്യാധിയെ ചരിത്രത്താളുകളില്‍ മാത്രം നമുക്ക് ഒതുക്കണം. ഇതിലൂടെ തകിടം മറിഞ്ഞ സാമൂഹിക ജീവിതവും ആഘാതമേറ്റ സാമ്പത്തിക രംഗവും നിര്‍ജ്ജീവമായ തൊഴില്‍ മേഖലകളും വിദ്യാഭ്യാസവും ആരോഗ്യവും നമുക്ക് വീണ്ടെടുക്കണം. ഒരുമിച്ച് ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ അത് സാധ്യമാകൂ.