മുംബൈ: സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റില്‍ കേരളത്തിന് മൂന്നാം ജയം. കരുത്തരായ ഡല്‍ഹിയെ ആറ് വിക്കറ്റിനാണ് കേരളം തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ 212 റണ്‍സ് അടിച്ചുകൂട്ടിയെങ്കിലും കേരളം പതറിയില്ല. ഒരോവര്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യം മറികടന്നു. സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലെ ഏറ്റവും വലിയ റണ്‍ ചേസായിരുന്നു ഇത്.
കേരളത്തിനായി ഓപ്പണര്‍ റോബിന് ഉത്തപ്പ, വിഷ്ണു വിനോദ് എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. 54 പന്തുകള്‍ നേരിട്ട ഉത്തപ്പ 91 റണ്‍സ് നേടി പുറത്തായി. വിഷ്ണു വിനോദ് 38 പന്തില്‍ 71 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
മുംബൈയ്ക്കെതിരേ സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. സഞ്ജു 16 റണ്‍സും സച്ചിന് ബേബി 22 റണ്‍സും നേടി. ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മയെ സിക്സര്‍ പറത്തി സല്മാന് നിസാറാണ് കേരളത്തിന് ജയം സമ്മാനിച്ചത്. സല്‍മാല്‍ മൂന്ന് പന്തില്‍ ഒരു സിക്സും ഫോറും ഉള്‍പ്പടെ 10 റണ്‍സ് നേടി.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി, ക്യാപ്റ്റന്‍ ശിഖര്‍ ധവാന് (48 പന്തില്‍ 77), ലളിത് യാദവ് (25 പന്തില്‍ 52) എന്നിവരുടെ അര്‍ധസെഞ്ചുറി മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. ടോസ് നേടിയ കേരളം ഡല്‍ഹിയെ ബാറ്റിങ്ങിന് വിടുകയായിരുന്നു.
നാല് ഓവറില്‍ 46 റണ്‍സ് വഴങ്ങിയെങ്കിലും ശ്രീശാന്ത് ധവാന്റേതുള്‍പ്പെടെ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. കെ.എം. ആസിഫ്, മിഥുന് എസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ഡല്‍ഹിയ്ക്ക് വേണ്ടി ഇശാന്ത് ശര്‍മ്മ, സിമര്‍ജീത് സിംഗ്, പ്രദീപ് സാംഘ്വാന്, ലളിത് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. എന്നാല്‍ മൂന്നോവറില്‍ 42 റണ്‍സ് വിട്ടുനല്‍കിയ പവന് നേഗിയ്ക്ക് വിക്കറ്റൊന്നും നേടാനായില്ല.