വാട്ട്സ്ആപ്പിനോട് വിട പറയാന്‍ സമയമായോ?

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഇൻസ്റ്റന്‍റ് മെസ്സേജിങ് ആപ്പാണ് വാട്ട്സ്ആപ്പ്. 180ൽ പരം രാജ്യങ്ങളിലായി 2 ബില്യണിലധികം ഉപയോക്താക്കളുള്ള ഈ ജനപ്രിയ ആപ്ലിക്കേഷന്‍ പുതിയ സ്വകാര്യതാ നയങ്ങളുമായി അവതരിച്ചിരിക്കുകയാണ്. വരുന്ന ഫെബ്രുവരി എട്ടിന് മുമ്പായി ഇവ അംഗീകരിക്കുന്നില്ലെങ്കിൽ ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പ് അപ്ലിക്കേഷനിലേക്കുള്ള ആക്‌സസ്സ് നഷ്‌ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ പുതിയ നയങ്ങള്‍ എന്തുകൊണ്ട് അംഗീകരിച്ചു കൂടാ?എന്ന ചോദ്യം സ്വാഭാവികം.

നിങ്ങളുടെ ഫോണില്‍ നിന്ന് ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ മാതൃകമ്പനിയായ ഫേസ്ബുക്കിന് കൈമാറുകയും പിന്നീട് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികള്‍ക്ക് മാര്‍ക്കറ്റിങ് ആവശ്യങ്ങള്‍ക്കായി നല്‍കുകയുമാണെങ്കിലോ? അതെ, വന്‍ വിലകൊടുത്ത് ഫേസ്ബുക്ക് വാട്ട്സ്ആപ്പ് സ്വന്തമാക്കിയതെന്തിന് എന്ന ചോദ്യത്തിന് കൃത്യവും വ്യക്തവുമായ ഉത്തരം ഇതാ ഇവിടെ…


“വാട്ട്സ്ആപ്പ് അതിന്റെ വ്യവസ്ഥകളും സ്വകാര്യതാ നയങ്ങളും പരിഷ്‌കരിക്കുകയാണ്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളടക്കമുള്ള കാര്യങ്ങള്‍ ഇനിമുതല്‍ ഫേസ്ബുക്കിന് കൈമാറും. ഫെബ്രുവരി എട്ടിനു മുമ്പ് ഈ വ്യവസ്ഥകള്‍ അംഗീകരിക്കണം. ഇല്ലെങ്കില്‍ പിന്നീട് നിങ്ങള്‍ക്ക് വാട്ട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല…” ഒരു ഇന്‍ ആപ്പ് നോട്ടിഫിക്കേഷനായാണ് ഈ അറിയിപ്പ് കാണിക്കുന്നത്. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ വാട്ട്സ്ആപ്പ് ഫേസ്ബുക്കിന് കൈമാറുന്നതില്‍ എതിര്‍പ്പൊന്നുമില്ല എന്ന് ഫെബ്രുവരി എട്ടിനുമുമ്പ് നിങ്ങള്‍ അംഗീകരിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് വാട്ട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല.

മൊബൈല്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്, പ്രൊഫൈല്‍ ഫോട്ടോ, എബൗട്ട് ഇന്‍ഫര്‍മേഷന്‍, ഫോണിലെ കോണ്‍ടാക്ടുകള്‍, പെയ്മെന്റ് വിവരങ്ങള്‍, നിങ്ങള്‍ എപ്പോള്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു എത്രസമയം ഉപയോഗിക്കുന്നു തുടങ്ങിയ വിവരങ്ങള്‍, നിങ്ങളുടെ പരസ്യ താല്‍പര്യങ്ങള്‍, മൊബൈൽ നെറ്റ്‌വർക്, ഏതൊക്കെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗമാണ്, ഏതൊക്കെ ബിസിനസ് അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തുന്നു, ഏതൊക്കെ വെബ്സൈറ്റുകൾ വാട്ട്സ്ആപ്പ് വഴി ഉപയോഗിക്കുന്നു, ലൊക്കേഷന്‍, ഐപി അഡ്രസ്, നിങ്ങളുടെ മൊബൈലിന്റെ ഡിവൈസ് ഐഡി, യൂസര്‍ ഐഡി എന്നിങ്ങനെ വിവിധ തരത്തിലുള്ള വിവരങ്ങളാണ് 200 കോടിയോളം വരുന്ന വാട്ട്സ്ആപ്പ് ഉപയോക്താക്കളില്‍ നിന്ന് ഫേസ്ബുക്കിന് ലഭിക്കാന്‍ പോകുന്നത്.

“പുതിയ സ്വകാര്യത നയം ബിസിനസ്സ് ആശയവിനിമയം സംബന്ധിച്ചതാണ്. അതേസമയം, ഫെയ്‌സ്ബുക്കുമായുള്ള വാട്ട്‌സ്ആപ്പിന്‍റെ ഡാറ്റ പങ്കിടൽ രീതികളില്‍ മാറ്റം കൊണ്ടുവരുന്നില്ല. ഉപയോക്താക്കളുടെ വ്യക്തിഗതമായ ആശയവിനിമയത്തെ ഇത് ബാധിക്കുകയുമില്ല. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ളതിനാല്‍ സ്വകാര്യ ചാറ്റുകളോ കോളുകളോ കാണാൻ കഴിയാത്തതുകൊണ്ടുതന്നെ നിങ്ങളുടെ മെസ്സേജുകള്‍ ഫേസ്ബുക്കിന് കൈമാറാനും സാധിക്കില്ല,” സ്വകാര്യത നയങ്ങളില്‍ വരുത്തിയ ഭേദഗതി വന്‍ തോതില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായപ്പോള്‍ വാട്ട്‌സ്ആപ്പ് ഹെഡ് വിൽ കാത്‌കാർട്ട് പ്രതികരിച്ചത് ഇങ്ങനെയാണ്.

ഒരാളുടെ വാട്ട്സ്ആപ്പ് ഉപയോഗത്തിന്റെ വിവരങ്ങൾ വിശകലനം ചെയ്ത് അവര്‍ക്കാവശ്യമായ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യങ്ങൾ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും പോലെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ നൽകുകയാണു പുതിയ നയത്തിന്‍റെ ലക്ഷ്യം എന്നാണ് കമ്പനിയുടെ വാദം. അതേസമയം, ഇന്റര്‍നെറ്റ് സ്വകാര്യതാ നിയമങ്ങള്‍ കര്‍ശനമായ യൂറോപ്പില്‍ വാട്ട്സ്ആപ്പ്, സ്വകാര്യതാ നയങ്ങളിലെ പുതിയ ഭേദഗതികള്‍ അവതരിപ്പിച്ചിട്ടില്ല. യൂറോപ്പിലും യുകെയിലും ഇത് നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്ന് ഫേസ്ബുക്ക് തന്നെ വ്യക്തമാക്കിയിരുന്നു.

പരസ്യ താല്‍പ്പര്യങ്ങള്‍ തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്തുന്നതിനായി ഉപയോക്തൃ വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവയ്ക്കുമെന്ന് 2016ല്‍ തന്നെ വാട്ട്സ്ആപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് അത്ര വിപുലമായിരുന്നില്ല. വിവരങ്ങള്‍ കൈമാറാന്‍ വാട്ട്സ്ആപ്പിനെ അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അന്ന് ഉപയോക്താവിന് അവസരമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. പുതിയ നയങ്ങള്‍ അംഗീകരിക്കുക അല്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുക എന്ന ഒരൊറ്റ ഓപ്ഷന്‍ മാത്രമേ ഉപയോക്താവിനു മുന്നിലുള്ളൂ. ഫേസ്ബുക്കിന്റെ ഈ അടിച്ചേല്‍പ്പിക്കല്‍ നയം വ്യക്തികളുടെ സ്വകാര്യതയ്ക്കു മേലുള്ള കടന്നുകയറ്റമാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഇതോടെ ഉയരുന്നത്.

വാട്ട്സ്ആപ്പ് ഫോണിൽനിന്നു ഡിലീറ്റ് ചെയ്താലും ഉപയോക്താവിനെ സംബന്ധിച്ച വിവരങ്ങൾ വാട്ട്സ്ആപ്പിന്‍റെ കയ്യിലുണ്ടാകും. ഉപയോക്താവ് വാട്ട്സ്ആപ്പിലെ ‘ഡിലീറ്റ് മൈ അക്കൗണ്ട്’ സൗകര്യമുപയോഗിച്ച് അക്കൗണ്ട് ഇല്ലാതാക്കിയാലേ ആ വിവരശേഖരം പൂര്‍ണ്ണമായും നശിക്കൂ എന്നും പുതിയ നയത്തിൽ പറയുന്നു. എന്നാല്‍, അതുവരെ ബിസിനസ് ഗ്രൂപ്പുകളിലേക്കടക്കം അയച്ച സന്ദേശങ്ങള്‍ ഇല്ലാതാക്കാനോ വാണിജ്യസാധ്യതയുള്ള വിവരം പങ്കുവയ്ക്കപ്പെടുന്നത് തടയാനോ ഇതുമൂലം സാധിക്കില്ല.

വാട്ട്സ്ആപ്പ് ചാറ്റ്, കോൾ എന്നിവ അതു നടത്തുന്നവർക്കു മാത്രമേ ലഭ്യമാകൂ എന്ന ഉറപ്പു തുടരുന്നുണ്ടെങ്കിലും വാണിജ്യ സാധ്യതയുള്ള വിവരശേഖരം മുഴുവൻ സമൂഹ മാധ്യമങ്ങൾക്കും മറ്റു കമ്പനികൾക്കും നൽകുമെന്ന സ്ഥിതിയിലേക്കാണു വാട്ട്സ്ആപ്പ് നീങ്ങുന്നത്. വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ദുരുപയോഗപ്പെടുത്തുന്നതു തടയാൻ ഇന്ത്യയില്‍, നിലവില്‍ നിയമ സംവിധാനങ്ങളൊന്നുമില്ല. വ്യക്തി സ്വകാര്യതയുടെ നഗ്നമായ ലംഘനമാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്ന പുതിയ നയമെന്ന വസ്തുത കൂടുതല്‍ ആശങ്കാകുലമാകുന്നത് ഈ സാഹചര്യത്തിലാണ്.

അവസരം മുതലാക്കി ബദല്‍ ആപ്പുകള്‍

സ്വകാര്യത നയത്തില്‍ വാട്ട്സ്ആപ്പ് ഭേദഗതി വരുത്തിയതോടെ മറ്റൊരു മെസഞ്ചര്‍ പ്ലാറ്റ്‌ഫോമായ സിഗ്നല്‍ ആപ്പാണ് ചര്‍ച്ചയാകുന്നത്. കണ്ണടച്ചുതുറക്കും മുന്‍പാണ് സിഗ്നല്‍ ഇന്ത്യയിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ പ്രചാരം നേടിയത്. രാജ്യത്ത് ആപ്പിളിന്റെ ആപ്പ് സ്റ്റോറിലെ ഏറ്റവും പ്രചാരമേറിയ സൗജന്യ ആപ്പുകളില്‍ പ്രഥമ സ്ഥാനം കയ്യടക്കിയതായി സിഗ്നല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

മണിക്കൂറുകള്‍ക്കുള്ളില്‍ സിഗ്നല്‍ കൈവരിച്ച ഈ നേട്ടത്തില്‍ പ്രധാന പങ്ക് വഹിച്ചത് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കാണ്. വാട്ട്‌സ്ആപ്പിന് പകരം സിഗ്നല്‍ ഉപയോഗിക്കാന്‍ ട്വിറ്ററിലൂടെ ഇലോണ്‍ മസ്ക് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലോകമെങ്ങുമുള്ള ആളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആരംഭിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി ഡൗണ്‍ലോഡുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ സിഗ്നല്‍ ആപ്പിന്റെ സെര്‍വറുകള്‍ പണിമുടക്കി. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത പലര്‍ക്കും വെരിഫിക്കേഷന്‍ കോഡ് മൊബൈല്‍ നമ്പറില്‍ ലഭിക്കാതെയായി. വിവിധ മൊബൈല്‍ സേവനദാതാക്കളുമായി സഹകരിച്ച് ഈ കാലതാമസം ഉടനടി പരിഹരിക്കാനുള്ള നടപടികള്‍ തുടരുകയാണെന്നാണ് ഈ പ്രശ്നത്തില്‍ കമ്പനി നല്‍കിയ വിശദീകരണം.

വാട്ട്സ്ആപ്പിന്‍റെ സ്ഥാപകനായ ബ്രയാന്‍ ആക്ടണ്‍ തന്നെയാണ് സിഗ്നല്‍ ആപ്പിന്‍റെയും സ്ഥാപകന്‍. 2017ല്‍ ഫേസ്ബുക്ക് വിട്ട ആക്ടണ്‍, സ്വകാര്യത സൂക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന ഉറപ്പു നല്‍കിയാണ് സിഗ്നല്‍ സ്ഥാപിക്കുന്നത്. ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയറായ സിഗ്നലില്‍ വാട്ട്സ്ആപ്പിന്‍റെ ഏറെക്കുറെ എല്ലാ ഫീച്ചറുകളുമുണ്ട്. ഇലോണ്‍ മസ്‌കിന് പുറമെ ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സി, എഡ്വാര്‍ഡ് സ്‌നോഡന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ സിഗ്നല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

ഇന്ത്യയ്ക്ക് പുറമെ ഓസ്ട്രിയ, ഫ്രാന്‍സ്, ഫിന്‍ലാന്‍ഡ്, ജര്‍മനി, ഹോങ്കോങ്, സ്വിറ്റ്‌സര്‍ലാന്‍റ് എന്നീ രാജ്യങ്ങളിലെയും ആപ്പിള്‍ ആപ്പ് സ്റ്റോറുകളില്‍ സിഗ്നല്‍ മുന്നിലെത്തിയിട്ടുണ്ട്. ഈ വാരം തുടക്കത്തില്‍ ആപ്പിള്‍ ആപ്പ് സ്റ്റോറിലെ സൗജന്യ ആപ്പുകളുടെ പട്ടികയില്‍ 968 ആം സ്ഥാനത്തായിരുന്നു സിഗ്നല്‍. എന്നാല്‍ ജനുവരി 9ഓടെ 967 സ്ഥാനം ചാടിക്കടന്ന് സിഗ്നല്‍ ഒന്നാം സ്ഥാനം കയ്യടക്കി. ഡിസംബര്‍ 26 മുതല്‍ 31 വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ജനുവരി 1 മുതല്‍ 6 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്നും 79 ശതമാനം ഡൗണ്‍ലോഡ് വര്‍ധനവാണ് സിഗ്നല്‍ ആപ്പ് കണ്ടത്.

സ്റ്റോറേജിലും പ്രൈവസിയിലും വാട്ട്സ്ആപ്പിനേക്കാള്‍ മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മറ്റൊരു ആപ്പാണ് ടെലഗ്രാം. 2013ല്‍ റഷ്യക്കാരനായ പാവേല്‍ ദുറോവ് സ്ഥാപിച്ച ടെലിഗ്രാമിന് നിലവില്‍ 300 മില്യണിലേറെ ഉപയോക്താക്കളുണ്ട്. മാട്രിക്സ് എലമെന്റ്, കീബേസ്, ബ്രെയര്‍ ആപ്പ്, സ്റ്റാറ്റസ്, ട്രാങ്കോ, ഡെല്‍റ്റ ചാറ്റ്, ത്രീമ തുടങ്ങി എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ കര്‍ശനമായി നടപ്പാക്കുന്ന, സ്വകാര്യതാ വിവരങ്ങള്‍ ശേഖരിക്കാത്ത നിരവധി ആപ്പുകള്‍ വേറെയുമുണ്ട്. എന്നാല്‍ ഇവയ്ക്ക് വാട്ട്സ്ആപ്പിന് സമാനമായ സ്വീകാര്യത സ്വായത്വമാക്കാന്‍ സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.