അമേരിക്കൻ ഐക്യനാടുകളുടെ പാർലമെൻറ് മന്ദിരമായ കാപിറ്റോൾ ബില്‍ഡിങ്ങില്‍ അതിക്രമിച്ച് കയറി ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ നടത്തിയ തേര്‍വാഴ്ച ലോകത്തെ ഏറ്റവും മഹത്തായ ജനാധിപത്യ സംവിധാനത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തെ നിലവിലെ പ്രസിഡന്‍റ് എതിര്‍ക്കുകയും അതിനെതിരെ കലാപം നയിക്കുകയും ചെയ്യുന്നത് അമേരിക്കന്‍ ജനാധിപത്യ ചരിത്രത്തിലാദ്യമായിട്ടാണ്.
യുഎസ് പ്രസിഡൻറായി ഡെമോക്രാറ്റ് പ്രതിനിധി ജോ ബൈഡന്‍റെ ജയത്തിന് അംഗീകാരം നൽകാൻ കോൺഗ്രസ് സംയുക്ത സമ്മേളനം ചേരാനിരിക്കെയാണ് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ അമേരിക്കയെ നാണം കെടുത്തിയ സ്ഥിതിഗതികള്‍ സംജാതമായത്. വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. ട്രംപ് അനുകൂലികള്‍ പൊലീസുമായി പാര്‍ലമെന്‍റ് മന്ദിരമായ കാപിറ്റോളിന് പുറത്ത് ഏറ്റുമുട്ടുകയും സുരക്ഷാവലയം ഭേദിച്ച് അകത്തേക്ക് കടന്ന് അക്രമാസക്തരാവുകയും ചെയ്തു.
പൊലീസുകാരനടക്കം അഞ്ചോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഡെമോക്രാറ്റിക്ക് നേതാവ് ജോ ബൈഡനെ പ്രസിഡന്റായും കമല ഹാരിസിനെ വൈസ് പ്രസിഡന്റായും റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പ്രഖ്യാപിച്ചു. ഇതോടെ കാപിറ്റോള്‍ ‘കത്തിച്ച്’ പുറത്തിറങ്ങുന്ന പ്രസിഡന്‍റ് എന്ന ഖ്യാതിയും ട്രംപ് സ്വന്തമാക്കി. ഇനി കാണേണ്ടത് രാജ്യത്ത് കലാപത്തിന് ആഹ്വാനം ചെയ്തതിന്‍റെ പേരില്‍ ഇരുപത്തിയഞ്ചാം ഭരണഘടനാ ഭേദഗതി പ്രകാരം കാലാവധി തീരും മുമ്പ് ട്രംപ് സ്ഥാനഭ്രഷ്ടനാകുമോ എന്നതാണ്. എങ്കില്‍ പുലരുവോളം വെള്ളം കോരി പടിക്കല്‍ കൊണ്ട് കലമുടച്ച മട്ടിലാകും കാര്യങ്ങള്‍.
കാപിറ്റോള്‍ മന്ദിരം നേരിട്ട അക്രമ ചരിതം
യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിന്റെ ആസ്ഥാനവും, യുഎസ് ഫെഡറൽ ഗവണ്‍മെന്‍റിന്‍റെ നിയമനിർമ്മാണ വിഭാഗത്തിന്റെ സമ്മേളന മന്ദിരവുമാണ് യുഎസ് കാപിറ്റോൾ. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ കാപിറ്റോൾ ഹിൽ എന്ന ഒരു ചെറു കുന്നിന്‍ മുകളിലായി, നാഷണൽ മാളിന്റെ കിഴക്കേ അറ്റത്തായാണ് കാപിറ്റോള്‍ മന്ദിരം സ്ഥിതിചെയ്യുന്നത്. ഈ കെട്ടിട സമുച്ചയം ലക്ഷ്യം വെച്ച് ആഭ്യന്തര ശക്തികളും വിദേശ ശക്തികളും ആക്രമണം അഴിച്ചുവിടുന്നത് ഇതാദ്യമായല്ല. ചരിത്രം പരിശോധിച്ചാല്‍ നിരവധി തവണ ബോംബാക്രമണത്തിനും വധശ്രമങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാപിറ്റോള്‍ മന്ദിരം സാക്ഷിയായിട്ടുണ്ട്.
1814
അമേരിക്കൻ ഐക്യനാടുകളും ബ്രിട്ടനും തമ്മിൽ 1812ല്‍ ആരംഭിച്ച യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ വാഷിംഗ്ടൺ ആക്രമിച്ച ബ്രിട്ടീഷ് സൈനികർ യുഎസ് കാപിറ്റോള്‍ കത്തിക്കുമ്പോള്‍ കാപിറ്റോളിന്‍റെ പണി പോലും പൂര്‍ത്തിയായിരുന്നില്ല. 1813 ഏപ്രില്‍ 27ന് കനേഡിയന്‍ തലസ്ഥാനമായ യോര്‍ക്ക് (ടോറന്‍റോ) അമേരിക്കന്‍ സൈന്യം കത്തിച്ചതിന്‍റെ പ്രതികാരമായിരുന്നു ബ്രിട്ടീഷ് സൈന്യം വീട്ടിയത്. 1814 ഓഗസ്റ്റ് 24 ന് വൈകുന്നേരം 8 മണിയോടെയായിരുന്നു സംഭവം. വൈസ് അഡ്മിറൽ സർ അലക്സാണ്ടർ കോക്ക്ബേണിന്റെയും മേജർ ജനറൽ റോബർട്ട് റോസിന്റെയും നേതൃത്വത്തിലായിരുന്നു ബ്രിട്ടീഷ് സൈന്യം വാഷിംഗ്ടൺ ഡിസിയിലേക്ക് മാർച്ച് ചെയ്തത്.
നഗരത്തിന്‍റെ സിംഹഭാഗം കത്തിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത ബ്രിട്ടീഷ് സേന കാപിറ്റോളിന് തീവെക്കുകയായിരുന്നു. ലൈബ്രറി ഓഫ് കോൺഗ്രസ് അടക്കം സുപ്രധാനമായ ഭാഗങ്ങളായിരുന്നു അന്ന് അഗ്നിക്കിരയായത്. കൂടാതെ വൈറ്റ് ഹൗസും നേവി യാർഡും നിരവധി യുദ്ധക്കപ്പലുകളും ആക്രമണത്തിനിരയായിരുന്നു. എന്നാല്‍, നിര്‍മ്മാണത്തിലുണ്ടായിരുന്ന കാപിറ്റോള്‍ കെട്ടിടം പൂർണ്ണമായും നശിച്ചിട്ടില്ല. നിര്‍മ്മാണ വേളയില്‍ ആർക്കിടെക്റ്റ് ബെഞ്ചമിൻ ഹെൻറി ലട്രോബ്, ഇരുമ്പ് ഷീറ്റ്, മാർബിൾ, സിങ്ക്, ചെമ്പ് തുടങ്ങി അദാഹ്യമായ അഥവ തീപിടിക്കാത്ത വസ്തുക്കൾ കൂടുതലായി ഉപയോഗിച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
ഈ സംഭവത്തിന് ശേഷം ഫെഡറല്‍ സര്‍ക്കാരിനെ വാഷിംഗ്ടൺ ഡിസിയില്‍ നിന്ന് ഫിലാഡെല്‍ഫിയയിലേക്കോ മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്കോ മാറ്റണമെന്ന ആവശ്യങ്ങള്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്നുയര്‍ന്നിരുന്നു. വാഷിംഗ്ടൺ നഗരത്തിലേക്ക് ബാഹ്യശക്തികള്‍ അതിക്രമിച്ച് കടന്ന് അക്രമം അഴിച്ചുവിടുന്നത് തുടര്‍ക്കഥയാകുന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു വിചിന്തനം. എന്നാല്‍ വേതനം ലഭിക്കാത്തതിന്‍റെ പേരില്‍ ഒരു കൂട്ടം പട്ടാളക്കാര്‍ 1783 ജൂണിൽ ഫിലാഡൽഫിയ സ്റ്റേറ്റ് ഹൗസ് അതിക്രമിച്ച് കയറിയതിനു പിന്നാലെയാണ് വാഷിംഗ്ടൺ രാജ്യ തലസ്ഥാനമായി പരിഗണിക്കുന്നതെന്ന വസ്തുതയാണ് ഇവിടെ വിസ്മരിക്കപ്പെട്ടത്.
1835
ആദ്യമായി ഒരു യുഎസ് പ്രസിഡന്‌റിനു നേരെ വധശ്രമമുണ്ടാകുന്നത് 1835ലാണ്. ബ്രിട്ടീഷ് കുടിയേറ്റക്കാരനായ റിച്ചഡ് ലോറൻസാണ് അന്ന് പ്രസിഡന്‍റായിരുന്ന ആൻഡ്രൂ ജാക്‌സണെ ലക്ഷ്യം വച്ച് അക്രമം നടത്തിയത്. യുഎസ് കാപ്പിറ്റോളിൽ ഒരു അനുശോചനച്ചടങ്ങ് നടത്തി മടങ്ങുകയായിരുന്ന ജാക്‌സണു നേരെ അക്രമി നിറയൊഴിച്ചെങ്കിലും വെടിയുതിർന്നില്ല. വീണ്ടും നടത്തിയ ശ്രമത്തെ ചെറുക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചതിനാല്‍ പ്രസിഡന്‍റ് ആൻഡ്രൂ ജാക്‌സണ്‍ രക്ഷപ്പെടുകയായിരുന്നു.
ആൻഡ്രൂ ജാക്‌സൺ ആയിടെ കൊണ്ടുവന്ന ചില സാമ്പത്തിക നയങ്ങളിലുള്ള അസ്വാരസ്യമാണ് റിച്ചഡ് ലോറൻസിന് പ്രസിഡന്‍റിനെ വധിക്കാനുള്ള പ്രേരണയായതെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ മാനസിക വൈകല്യമുള്ളയാളാണെന്ന് തെളിഞ്ഞതിനാല്‍ റിച്ചഡ് കുറ്റവിമുക്തനാവുകയായിരുന്നു.
1856
സൗത്ത് കരോലീനയിൽ നിന്നുള്ള പ്രതിനിധി പ്രെസ്റ്റൺ ബ്രൂക്ക്‌സ് മാസച്യുസെറ്റ്‌സ് സെനറ്ററായ ചാൾസ് സംനറെ ചൂരല്‍ കൊണ്ട് മർദിച്ച് അവശനാക്കിയത് കാപിറ്റോള്‍ ചരിത്രത്തില്‍ അസാധാരണമായ സംഭവമായിരുന്നു. ആഭ്യന്തരയുദ്ധത്തിന് മുന്നോടിയായി യുഎസില്‍, അടിമത്തം ചൂടുപിടിച്ച ചര്‍ച്ച വിഷയമായിരുന്ന സാഹചര്യത്തില്‍ അടിമത്തത്തിനെതിരെ പ്രസംഗിച്ചതിനായിരുന്നു സംനര്‍ മര്‍ദ്ദിക്കപ്പെട്ടത്. സംഭവത്തിനു പിന്നാലെ പ്രെസ്റ്റൺ ബ്രൂക്ക്‌സ് രാജിവെച്ചിരുന്നെങ്കിലും പിന്നീട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
1915
അമേരിക്കയുടെ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാല്, ഹാർവഡ് സർവകലാശാല മുൻ പ്രൊഫസറായ എറിക് മ്യൂൺടെർ കാപിറ്റോളിലെ സെനറ്റ് സ്വീകരണമുറിയിലെത്തി സ്‌ഫോടകവസ്തുക്കൾ പൊട്ടിച്ചു. സ്ഫോടനത്തില്‍ പരിക്കുകളോ സാരമായ നാശ നഷ്ടങ്ങളോ സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ സ്വീകരണമുറിയിലെ ഒരു ചാൻഡിലിയർ(വിളക്ക്) തകർന്നതായും മുറിയുടെ സീലിംഗിലെ പ്ലാസ്റ്ററിന് കേടുപാടുകൾ വന്നതായും വൈസ് പ്രസിഡന്‍റിന്‍റെ മുറിയുടേതടക്കം വാതിലുകള്‍ കത്തിയതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തിലെ പ്രധാന കക്ഷികളിലൊന്നായിരുന്ന ബ്രിട്ടന് അമേരിക്ക നൽകിയ പരോക്ഷ പിന്തുണയും സഹായവും തന്നെ ചൊടിപ്പിച്ചതിനാലാണ് ബോംബാക്രമണം നടത്തിയതെന്നായിരുന്നു അക്രമിയായ എറിക് മ്യൂൺടെർ പിന്നീട് വെളിപ്പെടുത്തിയത്.
1954
കാപിറ്റോളില്‍ മെറ്റൽ ഡിറ്റക്ടറുകൾ ഉൾപ്പെടെയുള്ള ഉയർന്ന സുരക്ഷ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനു മുമ്പ്, 4 പ്യൂർട്ടോ റിക്കൻ ദേശീയവാദികൾ കാപിറ്റോളിനുള്ളിൽ തോക്കുകളുമായി അതിക്രമിച്ച് കയറുകയും അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഈ സംഭവം കാപിറ്റോളിന്‍റെ ചരിത്രത്തില്‍ തന്നെ കരിദിനമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അക്രമകാരികള്‍ അകത്തേക്ക് പ്രവേശിച്ച് പ്യൂർട്ടോ റിക്കൻ പതാക വീശുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. അഞ്ച് പ്രതിനിധികൾക്കായിരുന്നു അന്ന് പരുക്കേറ്റത്.
സംഭവത്തിനു പിന്നാലെ അക്രമികൾ പിടിയിലാകുകയും ഇവരെ അരനൂറ്റാണ്ടോളം നീണ്ട ജയിൽശിക്ഷയ്ക്കു വിധേയരാക്കുകയും ചെയ്തു. ജീവ നഷ്ടമുണ്ടായില്ലെങ്കിലും സംഭവം രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. പിന്നീട് 1979ല്‍ ഒരു അന്താരാഷ്ട്ര പ്രചാരണത്തിന് ശേഷം അന്ന് പ്രസിഡന്‍റായിരുന്ന ജിമ്മി കാർട്ടർ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവുനല്‍കി. അമേരിക്കയിൽ നിന്ന് പ്യൂർട്ടോ റിക്കോയ്ക്കു സ്വാതന്ത്ര്യം വേണമെന്ന ആവശ്യമുന്നയിച്ചായിരുന്നു അക്രമകാരികള്‍ കാപിറ്റോളിനെ ലക്ഷ്യംവെച്ചത്.
സ്പാനിഷ്-അമേരിക്കൻ യുദ്ധത്തിലെ പരാജയാനന്തരം 1898ലെ പാരിസ് ഉടമ്പടി നിഷ്കർഷിച്ചതുപ്രകാരമാണ് ഫിലിപ്പീൻസിനൊപ്പം പോർട്ടോ റിക്കോയും സ്പെയിൻ, അമേരിക്കൻ ഐക്യനാടുകൾക്ക് അടിയറവെച്ചത്. അന്നുമുതൽ പോർട്ടോ റിക്കോ അമേരിക്കൻ ഐക്യനാടുകളുടെ ഭരണത്തിൻ കീഴിലാണ്.
1917ലാണ് പോർട്ടോ റിക്കർക്കു ആദ്യമായി യുഎസ് പൗരത്വം നൽകപ്പെട്ടത്. പിന്നീട് 1948ൽ സ്വന്തമായി ഗവർണറെയും തെരഞ്ഞെടുത്തു. 1952ലാണ് പോർട്ടോ റിക്കോ ഭരണഘടന ഔദ്യോഗികമായി ജനങ്ങൾ അംഗീകരിച്ചത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട രണ്ടു നിയമനിർമ്മാണ സഭകളുണ്ടെങ്കിലും പോർട്ടോ റിക്കൻ ജീവിതത്തെ ബാധിക്കുന്ന സുപ്രധാന തീരുമാനങ്ങൾ യുഎസ് കോൺഗ്രസ് തന്നെയാണ് എടുക്കുന്നത്. എന്നാല്‍, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ദ്വീപുനിവാസികൾക്ക് അവകാശമില്ല.
നിലവിലെ രാഷ്ട്രീയ സ്ഥിതിയിൽ പോർട്ടോ റിക്കോയ്ക്കു അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമെന്ന പദവി സ്വീകരിക്കാനോ അല്ലെങ്കിൽ അമേരിക്കൻ ഐക്യനാടുകളിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് ഒരു സ്വതന്ത്രരാഷ്ട്രമായി മാറാനോ സാധിക്കും. 2012 നവംബർ 6നു നടന്ന അഭിപ്രായവോട്ടെടുപ്പിലെ ഫലമനുസരിച്ച് 53% പേരും നിലവിലുള്ള സ്ഥിതി തുടരാൻ ആഗ്രഹിക്കുന്നില്ല. 65% ശതമാനം പേരും സംസ്ഥാനരൂപീകരണത്തെയാണ് പിന്തുണയ്ക്കുന്നത്.
1971
ഒരു യുദ്ധ വിരുദ്ധ സംഘടന കാപിറ്റോളിലെ ശുചിമുറിയിൽ ബോംബ് സ്ഥാപിച്ചത് 1971ലായിരുന്നു. 1971 മാർച്ച് ഒന്നിന് പുലർച്ചെയുണ്ടായ സ്ഫോടനത്തിൽ ലക്ഷക്കണക്കിന് ഡോളർ നാശനഷ്ടമുണ്ടായെങ്കിലും ആളപായമുണ്ടായിരുന്നില്ല. 1970 കളുടെ തുടക്കത്തിൽ നടന്ന ബോംബ് ആക്രമണ പരമ്പരകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത യുദ്ധവിരുദ്ധ ഗ്രൂപ്പായ വെതർ അണ്ടർഗ്രൗണ്ടിലെ അംഗങ്ങളാണ് ബോംബ് സ്ഥാപിച്ചത്.
വിരമിച്ച കോളേജ് പ്രൊഫസര്‍ ബിൽ അയേഴ്സ് അന്ന് ഈ ഗ്രൂപ്പിലെ പ്രസിദ്ധനായ അംഗമായിരുന്നു. പില്‍ക്കാലത്ത് 2008ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായിരുന്ന ബരാക് ഒബാമയുമായി ബിൽ അയേഴ്സിനുള്ള ബന്ധം ചര്‍ച്ചാവിഷയമാവുകയും ചെയ്തു. ബോംബാക്രമണവുമായി ബന്ധപ്പെട്ട് അയേഴ്സിനെതിരെ ഒരിക്കലും കുറ്റം ചുമത്തിയിട്ടില്ല എന്നതായിരുന്നു വിമര്‍ശനാത്മകമായത്.
1983
സെനറ്റ് ചേംബറിന് പുറത്ത് ഒരു ബെഞ്ചിനടിയിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചതിനു പിന്നാലെ കാപിറ്റോളും സുരക്ഷാവീഴ്ചയും വീണ്ടും വാര്‍ത്തകളിലിടം പിടിക്കുന്നത് 1983 നവംബര്‍ ഏഴിനായിരുന്നു. ഈ സംഭവത്തിലും ആളപായമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഗ്രനേഡയിലും ലെബനനിലുമുള്ള സൈനിക നടപടികളിൽ പ്രതിഷേധിച്ചായിരുന്നു സായുധ പ്രതിരോധ യൂണിറ്റ് എന്ന് സ്വയം വിളിക്കുന്ന സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഏഴ് പേർക്കെതിരെയായിരുന്നു അന്ന് കേസെടുത്തത്. ഈ സംഭവത്തിനു പിന്നാലെയാണ് കാപിറ്റോള്‍ ഹില്ലിലും രാജ്യത്തുടനീളമുള്ള ഫെഡറൽ സ്ഥാപനങ്ങളിലും സുരക്ഷാക്രമങ്ങൾ കർശനമാക്കുന്ന നടപടികള്‍ ത്വരിതപ്പെട്ടത്.
1998
കാപിറ്റോളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരെ ആയുധധാരിയായ ഒരു അക്രമി വെടിവച്ചുകൊന്ന സംഭവം കാപിറ്റോള്‍ ലക്ഷ്യം വച്ചുള്ള അക്രമപരമ്പരകളില്‍ പ്രധാനമായിരുന്നു. ഒരു സായുധ ആക്രമണകാരി യുഎസ് കാപിറ്റോള്‍ സെക്യൂരിറ്റി ചെക്ക് പോയിൻറ് മറികടന്ന് പൊലീസ് ഓഫീസറായ ജേക്കബ് ജെ. ചെസ്റ്റ്നട്ട് ജൂനിയറിനെ വധിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഹൗസ് മെജോറിറ്റി വിപ്പ്, ടോം ഡിലേയുടെ ഓഫീസ് ലക്ഷ്യം വച്ച് നീങ്ങിയ അക്രമകാരിക്കെതിരെ സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രതിരോധം തീര്‍ത്തു.
41 കാരനായ ഇല്ലിനോയിസ് സ്വദേശി റസ്സൽ യൂജിൻ വെസ്റ്റൺ ജൂനിയറായിരുന്നു ആക്രമണകാരി. ഡിറ്റക്ടീവ് ജോൺ എം. ഗിബ്സണിന്‍റെ നേതൃത്വത്തില്‍ റസ്സലിനെ പ്രതിരോധിക്കാനുള്ള ശ്രമം നടന്നെങ്കിലും വെടിവെപ്പില്‍ ജോണ്‍ ഗിബ്സണ്‍ കൊല്ലപ്പെട്ടു. പക്ഷെ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കുധാരിയായ റസ്സലിനെ കീഴടക്കുകയായിരുന്നു. കാപിറ്റോള്‍ റോട്ടുണ്ട (വൃത്താകാരത്തിലുള്ള ഗൃഹാന്തരം) യിൽ ബഹുമാനാർത്ഥം നിലകൊള്ളുന്ന ആദ്യത്തെ സ്വകാര്യ പൗരന്മാരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ.
2001
യുഎസ് കാപിറ്റോള്‍, അതിന്‍റെ ചരിത്രത്തില്‍ ഏറ്റവും വലിയ പ്രഹരമായേക്കാവുന്ന ഭീകരാക്രമണത്തില്‍ നിന്ന് ഭാഗ്യവശാല്‍ രക്ഷപ്പെട്ടത് 2001ലായിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ 2001 സെപ്റ്റംബർ 11ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തിന് ലോകചരിത്രത്തിൽ തന്നെ സമാനതകളില്ല.
റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിലുള്ള പ്രതിരോധ വകുപ്പ് ആസ്ഥാനം എന്നിവിടങ്ങളിലാണ് ഭീകരർ ആക്രമണം നടത്തിയത്. അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നിശ്ശേഷം തകർത്തു. യുദ്ധതന്ത്രങ്ങളേക്കാൾ സൂക്ഷ്മതയോടെയാണ് ഈ ആക്രമണം ആസൂത്രണം ചെയ്തത്.
ഇസ്ലാമിക തീവ്രവാദ സംഘടനയായ അൽ ഖ്വയ്ദയിലെ 19 അംഗങ്ങൾ നാല് അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചുകയും ഇതിൽ രണ്ടെണ്ണം ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിലുളള ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക് ഇടിച്ചു കയറ്റുകയുമായിരുന്നു. മിനിറ്റുകൾക്കകം ഇരു ടവറുകളും നിലം പൊത്തി. ഇതേ സമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം, മറ്റൊരു സംഘം വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിലേക്ക് ഇടിച്ചിറക്കി. നാലാമതൊരു വിമാനം റാഞ്ചിയിരുന്നെങ്കിലും യാത്രക്കാരുടെ ചെറുത്തു നിൽപ്പിനെത്തുടർന്ന് പെൻസിൽവാനിയയിലെ സോമർസെറ്റ് കൗണ്ടിയിലുള്ള ഒരു പാടശേഖരത്തിൽ അത് തകർന്നു വീഴുകയായിരുന്നു. ഈ വിമാനത്തിന്‍റെ ലക്ഷ്യം യഥാര്‍ത്ഥത്തില്‍ യുഎസ് കാപിറ്റോള്‍ മന്ദിരമായിരുന്നു എന്നതാണ് തീവ്രവാദ ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച ദേശീയ കമ്മീഷന്‍ പിന്നീട് വിലയിരുത്തിയത്.
2013
2013ഒക്ടോബറില്‍, ചെക്ക് പോയിന്‍റ് നടപടിക്രമങ്ങള്‍ ലംഘിച്ച് കാപിറ്റോളിനെ ലക്ഷ്യമാക്കി കാറോടിച്ച ഒരു സ്ത്രീയെ പൊലീസ് വെടിവച്ചു കൊന്ന സംഭവവും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കണക്റ്റിക്കട്ടിൽ നിന്നുള്ള നിരായുധയായ 34 കാരിയായിരുന്നു കൊല്ലപ്പെട്ടത്. ഡെന്‍റല്‍ ഹൈജീനിസ്റ്റായിരുന്ന അവര്‍ ഒരു കറുത്തവംശജയായിരുന്നു. പേര് മിറിയം കാരി. സംഭവം നടക്കുമ്പോള്‍ കാറിന്‍റെ പിന്‍ സീറ്റില്‍ അവരുടെ ഒരു വയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് പ്രകാരം അഞ്ച് വെടിയുണ്ടകളാണ് കാരിയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തത്. ഒന്ന് തലയുടെ പിന്നിൽ ഇടതുവശത്ത് നിന്നും മൂന്നെണ്ണം പുറകില്‍ നിന്നും മറ്റൊന്ന് ഇടതുകൈയില്‍ നിന്നും. സംഭവത്തിനു പിന്നാലെ മിറിയം കാരിയുടെ കുടുംബം സെക്യൂരിറ്റി ഫോഴ്സിനും കാപിറ്റോള്‍ പൊലീസിനുമെതിരെ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. കാപിറ്റോളിന് നേരെ ഇതിനു മുമ്പുണ്ടായിരുന്ന ആക്രമണ പരമ്പരകളുടെ വെളിച്ചത്തില്‍ സുരക്ഷ നടപടികള്‍ കര്‍ശനമാക്കിയതിന്‍റെ ഭാഗമായാണ് ചെക്ക് പോയിന്‍റിലെ പരിശോധനകള്‍ ലംഘിച്ച് മുന്നേറിയ കാറിനു നേര്‍ക്ക് നിറയൊഴിച്ചതെന്നായിരുന്നു പൊലീസ് ഭാഷ്യം.
2016
2016 മാര്‍ച്ചില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത് യുഎസ് കാപിറ്റോള്‍ വിസിറ്റര്‍ സെന്‍ററിലേക്ക് കടക്കാന്‍ ശ്രമിച്ച 66 കാരനായ അക്രമിയെ പൊലീസ് പിടികൂടിയിരുന്നു. നെഞ്ചിലും തുടയിലും വെടിയേറ്റ ടെന്നസി സ്വദേശിയായ ലാറി റസ്സൽ ഡോസൺ എന്ന അക്രമകാരിക്കെതിരെ പിന്നീട് ജീവപര്യന്തം തടവു ശിക്ഷയാണ് വിധിക്കപ്പെട്ടത്. അന്ന് കാപിറ്റോളില്‍ നടന്ന വെടിവെപ്പില്‍ ആളപായമോ സാരമായ നാശനഷ്ടമോ ഉണ്ടായിട്ടില്ല. കൂടാതെ, കാപിറ്റോള്‍ ആക്രമിക്കാന്‍ ലാറി റസ്സലിനെ പ്രേരിപ്പിച്ചതെന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നായിരുന്നു സംഭവം റിപ്പോര്‍ട്ട് ചെയ്ത വാഷിംഗ്ടൺ പോസ്റ്റ് അന്ന് വെളിപ്പെടുത്തിയത്.
2021
ഏറ്റവും മഹത്തായ ജനാധിപത്യം എന്ന അമേരിക്കന്‍ ഐക്യനാടുകളുടെ അവകാശവാദം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുകയായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയ ട്രംപ് അനുകൂലികളുടെ കാപിറ്റോള്‍ ആക്രമണത്തിലൂടെ. കാപിറ്റോള്‍ മന്ദിരം മണിക്കൂറുകളോളം അരാജകവാദികളായ സായുധ വലതുപക്ഷ തീവ്രവാദികള്‍ കയ്യടക്കിയപ്പോള്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഉപരിസഭയായ സെനറ്റിന്റെ അധ്യക്ഷന്‍, വെെസ് പ്രസിഡന്റ് മെെക്ക് പെന്‍സടക്കം റിപ്പബ്ലിക്കന്‍ നേതാക്കളെയും സെനറ്റ്, പ്രതിനിധിസഭാംഗങ്ങളെയും സുരക്ഷാസേനയ്ക്ക് സുരക്ഷിതകേന്ദ്രങ്ങളില്‍ ഒളിപ്പിക്കേണ്ടിവന്നു.
പെന്‍സിന്റെയും പ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെയും ചേംബറുകളിലും സെനറ്റ്, പ്രതിനിധിസഭാ ഹാളുകളിലും മറ്റ് ഔദ്യോഗിക ചേംബറുകളിലും കലാപകാരികള്‍ മണിക്കൂറുകളോളം കയറിനിരങ്ങി. ലോക പൊലീസെന്ന് ഊറ്റം കൊള്ളുന്ന അമേരിക്കയുടെ സുരക്ഷ സേന തങ്ങളുടെ ഭരണ സിരാകേന്ദ്രത്തില്‍ ചോരപ്പുഴയൊഴുകുന്നത് നോക്കി നിന്നു.
ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍, കണ്ണീര്‍വാതകത്തെ പ്രതിരോധിച്ചുകൊണ്ട് മുഖാവരണങ്ങള്‍ അണിഞ്ഞ് മേശകള്‍ക്കു കീഴില്‍ പതുങ്ങുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ തത്സമയം ലോകമെങ്ങും എത്തി. ജനാധിപത്യത്തേയും അമേരിക്കയേയും നാണംകെടുത്തിയ കലാപത്തിന് ആഹ്വാനം ചെയ്തത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണെന്നത് മറ്റൊരു വിരോധാഭാസം. ഇതുവരെ കാപിറ്റോള്‍ മന്ദിരം നേരിട്ട ആക്രമണങ്ങളില്‍ നിന്ന് പ്രസതുത സംഭവം വ്യത്യസ്തമാകുന്നതും ഇവ്വിധം തന്നെ.
ലോകമെമ്പാടുമുള്ള യുഎസ് രാഷ്ട്രീയ, സെെനിക, സാമ്പത്തിക പങ്കാളികള്‍ ഒന്നടങ്കം സംഭവത്തെ അതിനിശിതമായി അപലപിച്ചിരുന്നു. അല്‍പം വൈകിയാണെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചു. സമാധാനപരമായ അധികാരകൈമാറ്റം നടക്കണമെന്നും നിയമവിരുദ്ധമായ പ്രതിഷേധം കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ അനുവദിക്കരുതെന്നുമായിരുന്നു മോദിയുടെ വാക്കുകള്‍.
അതേസമയം, ട്രംപ് അനുകൂലികള്‍ വീശിയ യുഎസ് പതാകയ്‌ക്കൊപ്പം ഇന്ത്യന്‍ പതാകയും പ്രതിഷേധക്കാര്‍ക്കിടയില്‍ ഉയര്‍ന്നത് വിമര്‍ശനങ്ങള്‍ മറ്റൊരു തലത്തിലേക്ക് പറിച്ചുനട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെര്‍ജിനീയ സ്റ്റേറ്റ് കമ്മിറ്റി അംഗമായ വിന്‍സന്‍റ് സേവ്യറായിരുന്നു ഈ കലാപരിപാടിക്കു പിന്നില്‍. എന്തുതന്നെയായാലും അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാക ഉപയോഗിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്.
കാപിറ്റോള്‍ ആക്രമണത്തിലൂടെ മഹത്തായ അമേരിക്കയ്ക്ക് മഹാനാണക്കേടുണ്ടാക്കിയ പ്രസിഡന്റ് എന്നായിരിക്കും ട്രംപിനെ ഇനി ചരിത്രം അടയാളപ്പെടുത്തുക. ട്രംപ് രാജ്യത്തിന് ദ്രോഹവും രാജ്യമൂല്യങ്ങൾക്ക് ഭാരവുമാണെന്ന് റിപ്പബ്ലിക്കൻ പാർലമെന്റംഗങ്ങള്‍ക്കും അണികള്‍ക്കും വരെ തിരിച്ചറിവുണ്ടാക്കിയ സംഭവമായിരുന്നു പാര്‍ലമെന്‍റ് ലക്ഷ്യമിട്ടുള്ള കലാപം. ഇതോടെ അധികാര കൈമാറ്റത്തിന് സമ്മതം മൂളുക മാത്രമായി ട്രംപിനു മുന്നിലെ വഴി. ഒടുക്കം 46ാമത് പ്രസിഡന്റായി ജോ ബൈഡന് ഔദ്യോഗിക അംഗീകാരം നല്‍കിയതോടെ ജനാധിപത്യമെന്ന ഭരണസംവിധാനത്തിന്റെ സംരക്ഷണമാണ് സകലതിലും വലുതെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തെളിയിച്ചിരിക്കുകയാണ്.
പക്ഷെ അമേരിക്കയും റിപ്പബ്ലിക്കൻ പാർട്ടിയും എത്രമാത്രം വിഭജിക്കപ്പെട്ടിരിക്കുന്നു എന്നതാണ് കോപിറ്റോള്‍ മന്ദിരം കടന്നാക്രമിക്കാനുള്ള ചേതോവികാരം ചൂണ്ടിക്കാട്ടുന്നത്. അതേസമയം, അമേരിക്കന്‍ ജനാധിപത്യത്തിന് മങ്ങലേല്‍പ്പിക്കാന്‍ കെല്‍പ്പുള്ള കോലാഹലങ്ങള്‍ക്ക് നാന്ദികുറിക്കുക മാത്രമാണ് ട്രംപ് ചെയ്തത്. പതിറ്റാണ്ടുകളായി ഊറിക്കൂടിയ വിഭാഗീയതയുടെയും അതൃപ്തിയുടെയും കരിനിഴലുകള്‍ ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് സജീവമാകുന്നുണ്ടെന്ന വസ്തുത തള്ളിക്കളയാനാവില്ല. ട്രംപ് പടിയിറങ്ങുന്നതുകൊണ്ടുമാത്രം സമാശ്വസിക്കാന്‍ വകയില്ലെന്നതാണ് ഇത് നല്‍കുന്ന സൂചന.