വാഷിങ്ടൺ: യുകെയിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം അമേരിക്കയിലുമെത്തി. അമേരിക്കൻ സംസ്ഥാനമായ കോളറാഡോയിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. ആദ്യമായാണ് അമേരിക്കയിൽ B.1.1.7 എന്ന ജനിതകവ്യതിയാനം സംഭവിച്ച വൈറസിനെ കണ്ടെത്തിയത്. കോളറാഡോ ഗവർണർ ജേർഡ് പോളിസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇരുപതുകാരനായ യുവാവിനാണ് വൈറസ് ബാധ കണ്ടെത്തിയതെന്നും ഇയാൾ ക്വാറന്റൈനിലാണെന്നുമാണ് റിപ്പോർട്ട്. വൈറസ് ബാധിതനായ യുവാവ് യാത്രചെയ്തിട്ടില്ലെന്നതിനാൽ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. കോവിഡ് രോഗികളുമായി ഇയാൾക്ക് സമ്പർക്കം കണ്ടെത്താനാകാത്തതും ആശങ്ക വർദ്ധിപ്പിക്കുന്നതാണ്.
അതേസമയം, ബ്രിട്ടനിൽ മാത്രം 3000 പേരിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ ഒറ്റദിവസം രാജ്യത്ത് അമ്പതിനായിരത്തിലധികം കോവിഡ് കേസുകളാണ് ഉണ്ടായത്. ആദ്യമായാണ് ഇത്രയധികം കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി യൂറോപ്യൻ രാജ്യങ്ങളിലും ഇതിനോടകം അതിതീവ്ര വൈറസ് സാന്നിധ്യം കണ്ടെത്തി.