ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ ഏഴ് കോടി എണ്‍പത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 5,64,450 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 17,22,311 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ചരക്കോടി കടന്നു.
അമേരിക്കയില്‍ ഒന്നര ലക്ഷത്തിലധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എണ്‍പത്തിയാറ് ലക്ഷം കടന്നു. 3,30,317 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി കടന്നു.
അതേസമയം, ഇന്ത്യയില്‍ ഇതുവരെ ഒരു കോടിയിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 2,92,518 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ആകെ കേസുകളുടെ 2.90 ശതമാനം മാത്രമാണിത്. എന്നാല്‍ രോഗമുക്തരുടെ എണ്ണം 96 ലക്ഷം കടന്നുവെന്നത് ആശ്വാസം പകരുന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.65 ശതമാനമായി. ഇന്ത്യയില്‍, കേരളത്തിലാണ് പ്രതിദിന കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എഴുപത്തിമൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,88,285 പേര്‍ മരിച്ചു. അറുപത്തിമൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.