മുംബൈ : ഭാരത് ജോഡോ യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് നടത്തിയ മെഗാറാലിയിൽ സംസാരിക്കവേ രാഹുൽ ഗാന്ധി പരാമർശിച്ച, കരഞ്ഞുകൊണ്ട് സോണിയാ ഗാന്ധിയെ വിളിച്ച മുതിർന്ന നേതാവ് താനല്ലെന്ന് വ്യക്തമാക്കി അശോക് ചവാൻ. കേന്ദ്രത്തിന്റെ അധികാര ദുർവിനിയോഗത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ മഹാരാഷ്ട്രയിലെ ഒരു മുതിർന്ന നേതാവ് കേന്ദ്ര ഏജൻസികളെ ഭയന്നാണ് കോൺഗ്രസ് വിട്ടതെന്ന് രാഹുൽ സൂചിപ്പിച്ചിരുന്നു. അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറിയ അശോക് ചവാനെക്കുറിച്ചാണ് രാഹുൽ പറഞ്ഞതെന്ന് മാധ്യമങ്ങളുൾപ്പെടെ റിപ്പോർട്ട് ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആ നേതാവ് താനല്ലെന്ന് വ്യക്തമാക്കി അശോക് ചവാൻ രംഗത്തെത്തിയത്.
‘‘എന്നെക്കുറിച്ചാണ് അദ്ദേഹം അത് പറഞ്ഞതെങ്കിൽ അത് യുക്തിരഹിതവും അടിസ്ഥാനരഹിതവുമാണ്. കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുന്നതുവരെ ഞാൻ പാർട്ടി ഹെഡ്ക്വാട്ടേഴ്സിൽ ജോലി ചെയ്തിരുന്നു. എംഎൽഎ പദവിയിൽ നിന്നാണ് ഞാൻ ആദ്യം രാജിവച്ചത്. പിന്നീട് പാർട്ടിയിൽ നിന്നും. അതുവരെ ആർക്കും ഞാൻ രാജിവച്ചത് അറിയില്ല. ഞാൻ സോണിയയെ കണ്ടിട്ടില്ല. ഞാൻ സോണിയ ഗാന്ധിയെ കണ്ട് എന്റെ പ്രശ്നങ്ങൾ പങ്കുവച്ചുവെന്നത് അടിസ്ഥാനരഹിതമാണ്. അത് തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള ഒരു പ്രസ്താവന മാത്രമാണ്.’’ചവാൻ പറഞ്ഞു.
‘‘പേരുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഈ സംസ്ഥാനത്ത് നിന്ന് കോൺഗ്രസ് വിട്ട ഒരു മുതിർന്ന നേതാവ് അമ്മയെ വിളിച്ചിരുന്നു. സോണിയാജി, എനിക്ക് പറയാൻ ലജ്ജയുണ്ട്, പക്ഷേ ഇവർക്കെതിരെ പോരാടാൻ എനിക്ക് അധികാരമില്ല എനിക്ക് ജയിലിൽ പോകാൻ ആഗ്രഹമില്ല എന്നുപറഞ്ഞ് അയാൾ കരയുകയായിരുന്നു’’വെന്നാണ് രാഹുൽ പറഞ്ഞത്.
Read also :
- പൗരത്വ നിയമ ഭേദഗതി ആർക്ക്? എന്തിന്?
- തിരുവനന്തപുരം എങ്ങനെ ചിന്തിക്കുന്നു, ആർക്കൊപ്പം നിൽക്കും ?
- രാജസ്ഥാനിൽ സബർമതി-ആഗ്ര എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി
രണ്ടു മുതിർന്ന നേതാക്കളാണ് മഹാരാഷ്ട്രയിൽ നിന്ന് കോൺഗ്രസ് വിട്ടത്. അതിൽ ഒരാൾ മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റയാണ്. പാർലമെന്റിൽ സമർപ്പിച്ച ധവളപത്രത്തിൽ ആദർശ് കുംഭകോണത്തെ പറ്റി സൂചനയുണ്ടായിരുന്നെന്നും അതാണ് ചവാൻ കോൺഗ്രസ് വിടാൻ കാരണമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാന പട്ടോലെ പറഞ്ഞിരുന്നു. ചവാനെതിരെ മൂന്നുകേസുകളാണ് ഉണ്ടായിരുന്നത്. അതിൽ രണ്ടെണ്ണം ആദർശ് കുംഭകോണവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ആദർശ് കുംഭകോണത്തിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്നാണ് അശോക് ചവാൻ രാജിവയ്‌ക്കുന്നത്.