ആഗോള തലത്തിൽ ആവേശമായി മാറിയ ‘മണി ഹെയ്‌സ്റ്റ്’ എന്ന വെബ് സീരീസിലൂടെ വളരെയധികം ഹിറ്റായ ഒന്നാണ് ‘ബെല്ലാ ചാവോ’ എന്ന ഗാനം. വ്യവസ്ഥാപിതമായ അനീതികൾക്കെതിരെയുള്ള പോരാട്ടമായി ചിത്രീകരിച്ച ഈ പരമ്പരയിൽ, പ്രതിരോധത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായാണ് ഈ ഗാനം ആലപിക്കുന്നത്. ലോകമെമ്പാടും പല ഭാഷകളിലും പല റീമിക്സുകളിലും തരംഗമായ ഈ ഗാനം ‘ഗുഡ് ബൈ ബ്യൂട്ടിഫുള്‍’ എന്നർത്ഥം വരുന്ന ഒരു ഇറ്റാലിയൻ നാടോടി ഗാനത്തിന്റെ ആധുനിക പതിപ്പാണ്.
ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ കൊടും തണുപ്പോ കോവിഡ് ഭീതിയോ കാര്യമാക്കാതെ അതിജീവനത്തിന്‍റെ പുതു ചരിതം കുറിക്കുന്ന കര്‍ഷക ജനതയുടെ ജ്വലിക്കുന്ന പോരാട്ട വീര്യത്തിന് എണ്ണ പകര്‍ന്ന് ബെല്ലാ ചാവോയ്ക്ക് പഞ്ചാബി പതിപ്പുമായി വന്നിരിക്കുകയാണ് പൂജൻ സാഹിൽ എന്ന കലാകാരന്‍. “ഇത് യഥാർത്ഥ ബെല്ലാ ചാവോയുടെ വിവർത്തനമല്ല. പഞ്ചാബ്, ഹരിയാന, യുപി, തുടങ്ങി ഇന്ത്യയിലുടനീളമുള്ള കർഷകർ കാർഷിക നിയമങ്ങൾക്കെതിരെ ഡല്‍ഹി അതിർത്തിയിൽ പ്രതിഷേധിക്കുന്നു. അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പഞ്ചാബി ചിത്രീകരണമാണ്” എന്നായിരുന്നു ‘വാപസ് ജാവോ’ എന്ന ഗാനം യൂ ട്യൂബില്‍ പങ്കുവച്ചുകൊണ്ട് പൂജന്‍ സാഹില്‍ കുറിച്ചത്.
മരം കോച്ചുന്ന തണുപ്പില്‍ വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങാതെ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ വ്യാപൃതരായ കര്‍ഷകര്‍ പ്രതിഷേധ നഗരിയില്‍ എങ്ങനെ കഴിയുന്നു എന്നതാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ശാരീരികമായി ദുര്‍ബ്ബലരായ വയോധികരടക്കം സമരമുഖത്ത് തന്നെ ഭക്ഷണം, ഉറക്കം, മറ്റ് ദിനചര്യകള്‍ എന്നിവയുമായി കഴിച്ചുകൂടുന്ന ദൃശ്യങ്ങള്‍ കര്‍ഷക പ്രതിഷേധത്തിന്‍റെ ആഴം കാട്ടിത്തരുന്നു. തളര്‍ത്താനും അടിച്ചമര്‍ത്താനും വിദ്വേഷച്ചുവ കലര്‍ത്താനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളെ മറികടന്ന് സമരോത്സുകരായി മുന്നേറുന്ന കര്‍ഷകരുടെ പോരാട്ടത്തിന് വീര്യം പകരുന്ന വരികളാണ് ഗാനത്തിന്‍റേത്.
പോസ്റ്റ് ചെയ്ത് 20 മണിക്കൂറിനുള്ളിൽ 32,720 കാഴ്‌ചക്കാരാണ് വീഡിയോയ്ക്കുണ്ടായത്. ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങി സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ് വാപസ് ജാവോ. ഏറെ ജനപ്രിയമായ ഒരു ഗാനം, രാജ്യം ഇന്ന് ഉറ്റുനോക്കുന്ന ഒരു പ്രതിഷേധത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ആള്‍ക്കൂട്ട കൊലപാതകം, ലൗ ജിഹാദ്, വിദ്യാര്‍ത്ഥി നേതാക്കളുടെ അറസ്റ്റ് തുടങ്ങിയവയില്‍ പ്രതിഷേധം അറിയിച്ച് ഇതിനു മുമ്പും പൂജന്‍ സാഹില്‍ വീഡിയോകള്‍ ചെയ്തിട്ടുണ്ട്.
This Punjabi rendition of #MoneyHeist‘s #bellaciao is called ‘Farm laws wapas jao.’ #FarmersProtesthttps://t.co/NzzszD2lqj
— Quint Neon (@QuintNeon)
December 18, 2020
ബെല്ലാ ചാവോയുടെ കഥ
നൂറ്റാണ്ടുകൾ പഴക്കമുള്ള ത്യാഗങ്ങളുടെയും വേദനകളുടെയും അധ്വാനത്തിന്റെയും വിപ്ലവത്തിന്റെയും കഥയാണ് ബെല്ലാ ചാവോ എന്ന ഇറ്റലിയന്‍ നാടോടി ഗാനത്തിന് പറയാനുള്ളത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിലോ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ നോർത്ത് ഇറ്റലിയിലെ ധാന്യപാടങ്ങളിൽ പണിയെടുത്തിരുന്ന മോണ്ടിന വിഭാഗത്തില്‍പെട്ട ആളുകൾ പാടിയിരുന്ന ഒരു നാടൻപാട്ടില്‍ നിന്നാണ്, മണി ഹെയ്‌സ്റ്റിലൂടെ ജനപ്രിയമായ ബെല്ലാ ചാവോ എന്ന ഗാനത്തിന്റെ ഉത്ഭവം. ഫ്ലോറൻസിനോട് ചേർന്നുള്ള നെൽപ്പാടങ്ങളിൽ ജോലി ചെയ്തിരുന്ന ആളുകളിലൂടെയാണ് ഈ ഗാനം പ്രചരിക്കാന്‍ തുടങ്ങിയതെന്ന് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു.

അക്കാലഘട്ടങ്ങളിൽ സമൂഹത്തിൽ ജാതീയ- സാമ്പത്തിക-സാമൂഹിക വേർതിരിവുകൾ പ്രകടമായിരുന്നു. പ്രമാണിമാരുടെ വയലുകളിൽ നട്ടുച്ചവെയിലിൽ, മുട്ടൊപ്പം വെള്ളത്തിൽ കുനിഞ്ഞു നിന്ന്, ഞാറ് നടുന്ന തൊഴിലാളികളും പണിയിൽ ഏതെങ്കിലും വിധത്തിൽ വ്യത്യാസം വരുത്തുകയോ നിവരുകയോ ചെയ്യുന്നവരെ ഏതുസമയവും ശിക്ഷിക്കാനായി മുളവടിയുമായി നിൽക്കുന്ന മേൽനോട്ടക്കാരുടെയും മങ്ങിയ ചിത്രമാണ് ആ കാലം തരുന്നത്.
അതികഠിനമായ ജോലിയെ മയപ്പെടുത്താൻ തൊഴിലാളികളുടെ സംസാരഭാഷയിൽ തന്നെ ഉടലെടുത്ത ഗാനമാണ് ‘ബെല്ലാ ചാവോ’. പ്രമാണിമാരുടെ ക്രൂരതകളും മരണം ഏതുനിമിഷവും കാത്തിരിക്കുന്ന തൊഴിലാളികളുടെ കഷ്ടപ്പാടുകളുമാണ് ഗാനത്തിലുടനീളം വര്‍ണിക്കുന്നത്.

മേൽനോട്ടക്കാരന്റെ ക്രൂരതകളാൽ താൻ എന്നെങ്കിലും മരണപ്പെട്ടാൽ, ശവശരീരം കുന്നിൻതാഴ്വരയിലുള്ള മനോഹരമായ പൂക്കൾ നിറഞ്ഞ ചെടിയുടെ ചുവട്ടിൽ മറവ് ചെയ്യണമെന്നും, അങ്ങനെയെങ്കിൽ സുന്ദരമായ ഒരു പുഷ്പമായി തനിക്ക് പുനർജ്ജനിക്കാമെന്നും അതുവഴി കടന്നുപോകുന്നവർ തന്നെ നോക്കി, ‘ഹാ എത്ര സുന്ദരമായ പുഷ്പം’ എന്ന് പറയുമെന്നുമുള്ള വരികള്‍ സ്വാതന്ത്ര്യം അതിയായി ആഗ്രഹിക്കുന്ന ജനതയുടെ മനോവികാരമാണ് വരച്ചുകാട്ടുന്നത്. ആ പുഷ്പ സൗന്ദര്യം സ്വാതന്ത്ര്യത്തിന്റെ ചിഹ്നമാണെന്ന് വ്യക്തമാക്കിയാണ് ഗാനം അവസാനിക്കുന്നതും.
രൂപാന്തരം പ്രാപിച്ച ബെല്ലാ ചാവോ
രണ്ടാം ലോകമഹായുദ്ധത്തിനു മുൻപുള്ള ഫാസിസ്റ്റ് ഭരണകാലത്താണ് ഈ ഗാനം മാറ്റങ്ങളോടെ പ്രത്യക്ഷപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് നാസി പടയാളികളുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാനായി രൂപം കൊണ്ടതാണ് തരംഗമായ ‘ബെല്ലാ ചാവോ’ ഗാനത്തിന്റെ യഥാർത്ഥ രൂപം. പുതിയ രൂപത്തിൽ ഗാനത്തിന്റെ അന്തസ്സത്ത നഷ്ടപ്പെടാതെ തന്നെ വരികളിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്.

നൂറ്റാണ്ടുകൾക്കിപ്പുറം കോവിഡ് മഹാമാരി സൃഷ്ടിച്ച സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഇറ്റലിയിലെ ജനങ്ങൾ ഒരാവർത്തി കൂടി ബെല്ലാ ചാവോ പാടിയത്. കൊറോണ അണുബാധയുടെ വ്യാപനത്തെ തുടർന്ന് സ്തംഭിച്ച ഇറ്റലിയിൽ ബെല്ലാ ചാവോ പാടിക്കൊണ്ട് തങ്ങളുടെ പോരാട്ടവീര്യത്തിൽ ആത്മാഭിമാനം കൊള്ളുകയായിരുന്നു ഇറ്റാലിയന്‍ ജനത. ഫ്ലാറ്റുകളിലും അപ്പാർട്ട്മെന്റിലും തങ്ങളുടെ ജനലുകൾക്കരികിൽ നിന്ന് പാട്ടുപാടുകയും സംഗീതോപകരണങ്ങൾ വായിക്കുകയും ചെയ്ത് ഒറ്റക്കായവർക്ക് കൂട്ടുനൽകിയും ആഘോഷമാക്കിയും ക്വറന്റൈൻ കാലം ഇറ്റലിക്കാര്‍ അതിജീവിച്ചു.
തൊഴിലാളി സ്ത്രീകളുടെ ദൈനംദിന ബുദ്ധിമുട്ടുകളെ അഭിസംബോധന ചെയ്യുന്ന വരികളാല്‍ സമ്പുഷ്ടമായ ബെല്ലാ ചോവോയുടെ ഈണവും താളവും പ്രതിരോധത്തിലധിഷ്ടിതമായ വികാരവും കര്‍ഷക പ്രതിഷേധത്തിനും മുതല്‍ കൂട്ടായിരിക്കും. ഭരണകൂട ഭീകരതയ്ക്കും ഉപജീവനത്തിന് കൊള്ളിവെക്കുന്ന കാടന്‍ നിയമങ്ങള്‍ക്കുമെതിരെ അതിജീവനത്തിന്‍റെ മന്ത്രമാകട്ടെ ഇന്ത്യന്‍ മണ്ണില്‍ ബെല്ലാ ചാവോ.