ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ നാലുഗോളുകൾക്ക് തകര്‍ത്ത് ബെംഗളൂരു. ബെംഗളൂരുവിനായി ക്ലെയിറ്റണ്‍ സില്‍വ, ക്രിസ്റ്റ്യന്‍ ഒപ്‌സെത്ത്. ഡിമാസ് ഡെല്‍ഗാഡോ, നായകന്‍ സുനില്‍ ഛേത്രി എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനായി കെ.പി.രാഹുല്‍,ജോർദാൻ മറെ എന്നിവര്‍ ഗോള്‍ നേടി. ബെംഗളൂരുവിന്റെ ഡിമാസ് ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി. സീസണിൽ അഞ്ച് കളിയില്‍ നിന്ന് രണ്ട് സമനിലയും മൂന്ന് തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്.
ആദ്യ പത്തുമിനിട്ടില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. 15-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മറെയുടെ ഒന്നാന്തരം ഷോട്ട് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് തട്ടിയകറ്റി.
17-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്തി. തകര്‍പ്പന്‍ ഷോട്ടിലൂടെ മലയാളി താരം കെ.പി രാഹുലാണ് ബ്ലാസ്റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചത്. മുന്നേറ്റതാരം ഹൂപ്പറുടെ പാസ്സില്‍ നിന്നും പന്ത് പിടിച്ചെടുത്ത രാഹുല്‍ പന്തുമായി മുന്നേറി ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതിനെ നിസ്സഹായനാക്കി ഷോട്ടുതിര്‍ത്തു. പന്ത് പോസ്റ്റിന്റെ വലത് മൂലയിലേക്ക് കുതിച്ചു. ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഈ സീസണില്‍ രാഹുല്‍ നേടുന്ന ആദ്യ ഗോളാണിത്.
ഗോള്‍ പിറന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് തകര്‍പ്പന്‍ കളി പുറത്തെടുത്തു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആഹ്ലാദം അധികനേരം നീണ്ടുനിന്നില്ല. 28-ാം മിനിട്ടില്‍ ക്ലെയിറ്റൺ സിൽവ സില്‍വയിലൂടെ ബെംഗളൂരു സമനില ഗോള്‍ കണ്ടെത്തി.
രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ അതിവേഗനീക്കവുമായി ബ്ലാസ്‌റ്റേഴ്‌സ് കളം നിറഞ്ഞു. എന്നാല്‍ 48-ാം മിനിട്ടില്‍ ബെംഗളൂരുവിന്റെ ക്രിസ്റ്റിയനെ ബോക്‌സില്‍ വെച്ച് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധതാരം ബകാരി കോനെ ഫൗള്‍ ചെയ്തതിന് റഫറി ഫൗള്‍ വിളിച്ചു. പിന്നാലെ പെനാല്‍ട്ടിയും. പരിചയ സമ്പന്നനായ ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രിയെടുത്ത കിക്ക് ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസ് അനായാസം പന്ത് കൈയ്യിലൊതുക്കി.
എന്നാല്‍ 51-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധപ്പൂട്ട് പൊളിച്ച് ബെംഗളൂരു വീണ്ടും സ്‌കോര്‍ ചെയ്തു. മികച്ച പാസ്സിങ് ഗെയിമിലൂടെ ക്രിസ്റ്റ്യന്‍ ഒപ്‌സത്താണ് ബെംഗളൂരുവിന് വേണ്ടി സ്‌കോര്‍ ചെയ്തത്. ഇതോടെ സ്‌കോര്‍ 2-1 എന്ന നിലയിലായി. തൊട്ടുപിന്നാലെ 53-ാം മിനിട്ടില്‍ വീണ്ടും ബെംഗളൂരു വീണ്ടും സ്‌കോര്‍ ചെയ്തതോടെ ബ്ലാസ്‌റ്റേഴ്‌സ് കനത്ത തിരിച്ചടി നേരിട്ടു. ഇത്തവണ ഡിമാസാണ് ബെംഗളൂരുവിനായി സ്‌കോര്‍ ചെയ്തത്.
എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടുകൊടുത്തില്ല. പത്ത് മിനിറ്റിനുള്ളില്‍ ഒരെണ്ണം മടക്കി. മറെ ലക്ഷ്യം കണ്ടു. പെരേരയാണ് അവസരമൊരുക്കിയത്. സമനില ഗോളിനായുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമത്തിനിടെയാണ് ബംഗളൂരു വീണ്ടും ഗോളടിച്ചത്. ഇക്കുറി ഛേത്രിയുടെ ഹെഡര്‍ ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ കയറി. കളിയുടെ അവസാന ഘട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് നാലു മാറ്റങ്ങള്‍ നടത്തി. ജീക്‌സണ്‍, പ്രശാന്ത്, ലാല്‍റുവാത്താറ, പെരേര എന്നിവര്‍ക്ക് പകരം രോഹിത് കുമാര്‍, ജെസെല്‍ കര്‍ണെയ്‌റോ, സെയ്ത്യാസെന്‍ സിങ്, സന്ദീപ് സിങ് എന്നിവര്‍ ഇറങ്ങി. പൊരുതിക്കളിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും ഗോള്‍ മടക്കാനായില്ല.