ലണ്ടന്‍: ഫൈസര്‍ ബയോണ്‍ടെക്കിന്റെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് അലര്‍ജിയുള്ളവരെ വിലക്കി ബ്രിട്ടണ്‍. ബ്രിട്ടണിലെ മെഡിസില്‍ റെഗുലേറ്ററാണ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച അമേരിക്കയിലെ നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബെല്‍സ് പാല്‍സിയും ബ്രിട്ടനില്‍ വാക്‌സിന്‍ സ്വീകരിച്ച രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.
ബ്രിട്ടനില്‍ വാക്‌സീന്‍ സ്വീകരിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അലര്‍ജിക്ക് പുറമേ ശ്വാസംമുട്ടലും അനുഭവപ്പെട്ടിരുന്നു. രണ്ട് പേരും സ്ഥിരമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവരാണ്.
അമേര്ക്കയില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നാല് ആരോഗ്യ പ്രവര്‍ത്തകരില്‍ ബെല്‍സ് പാല്‍സി രോഗമാണ് കണ്ടെത്തിയത്. മുഖത്തെ പേശികള്‍ താത്ക്കാലികമായി തളര്‍ന്നു പോകുന്ന രോഗമാണ് ബെല്‍സ് പാല്‍സി. എന്നാല്‍ ഇവര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തമല്ലെന്നാണ് യുഎസ് എഫ്ഡിഎ പ്രതിനിധികളുടെ വാദം.
പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതോടെ ഇത് എത്രപേരെ ബാധിക്കാനിടയുണ്ടെന്ന് ഡോക്ടര്‍മാര്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ചൊവ്വാഴ്ചയാണ് ബ്രിട്ടണില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ പൊതുനങ്ങള്‍ക്ക് ലഭ്യമാക്കിയത്. പ്രായമായവര്‍ക്കും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുളളവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നത്.