ബ്രിട്ടണിൽ ഫെസർ കൊവിഡ് 19 വാക്സിൻ പൊതുജനങ്ങൾക്ക് നൽകി തുടങ്ങി. മാർഗരറ്റ് കീനാൻ എന്ന തൊണ്ണൂറ് വയസ്സുള്ള മുത്തശ്ശിക്കാണ് ആദ്യ ഡോസ് നൽകിയത്.
ഇംഗ്ലണ്ടിലെ കോവാൻട്രിയിലുള്ള ഒരു ആശുപത്രിയിൽ വെച്ചാണ് ചൊവ്വാഴ്ച രാവിലെ മാർഗരറ്റ് കൊവിഡ് വാക്സിൻ സ്വീകരിച്ചത്. കഴിഞ്ഞ ആഴ്ചയിലാണ് മാർഗരറ്റിന് തൊണ്ണൂറ് വയസ് പൂർത്തിയായത്. വാക്സിൻ സ്വീകരിക്കുന്ന ആദ്യത്തെ വ്യക്തിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു.
കൊവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന ആദ്യ പടിഞ്ഞാറൻ രാജ്യമാണ് ബ്രിട്ടൺ. ഇതിനായി 40 ദശലക്ഷം ഡോസ് വാക്സിൻ ആണ് ഓർഡർ ചെയ്തിരിക്കുന്നത്. ഒരോരുത്തർക്കും രണ്ട് ഡോസ് വീതമാണ് നൽകുന്നത്. ഫെെസറും ബയോൺടെക്കും ചേർന്ന് വികസിപ്പിച്ച് ഉത്പാദിപ്പിക്കുന്ന വാക്സിനാണ് ബ്രിട്ടൺ നൽകുന്നത്.