ഒട്ടാവ: ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ അറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കര്‍ഷക സമരത്തെകുറിച്ച് ഇന്ത്യയില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ ആശങ്കജനകമാണ് അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ നിലകൊളളുന്നതെന്നും ട്രൂഡോ പറഞ്ഞു.
ഗുരുനാനാക്കിന്‍റെ 551-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ഒരു ഓൺലൈൻ ചടങ്ങിലാണ് പ്രതിഷേധത്തെ കുറിച്ച് ട്രൂഡോ പ്രതികരിച്ചത്.
“നമ്മൾ കുടുംബത്തെയും സുഹൃത്തുക്കളെയും ഓർത്ത് വളരെയധികം ആശങ്കപ്പെടുന്നുണ്ട്. നിങ്ങളിൽ പലർക്കും ഇതൊരു യാഥാർഥ്യമാണെന്ന് എനിക്കറിയാം, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിനൊപ്പം കാനഡ എപ്പോഴും നിലകൊള്ളും”- ട്രൂഡോ വ്യക്തമാക്കി. നിങ്ങളുടെ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനോട് ചര്‍ച്ച ചെയ്യണമെന്നും ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്നും ട്രൂഡോ പറഞ്ഞു.
അതേസമയം, ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശം അനാവശ്യമെന്ന് ഇന്ത്യ പ്രതികരിച്ചു. വിഷയത്തില്‍ വ്യക്തമായ ധാരണയില്ലാതെയാണ് ജസ്റ്റിന്‍ ട്രൂഡോ പ്രസ്താവന നടത്തിയതെന്നു വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടുകൊണ്ടുള്ള ഈ പ്രസ്താവന അനാവശ്യമാണെന്നും ധാരണകളില്ലാതെയാണ് കനേഡിയന്‍ നേതാക്കള്‍ പ്രസ്താവനകള്‍ ഉന്നയിക്കുന്നത്. രാഷ്ട്രിയ ആവശ്യങ്ങള്‍ക്കായി നയതന്ത്ര സംഭാഷണങ്ങള്‍ തെറ്റായി ചിത്രീകരിക്കാത്തതാണ് നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി.