ലോകത്തിൽ നുണ പറയാത്ത ഒരാൾ ഉണ്ടെങ്കിൽ അത് മറഡോണയാണ്. ദേഷ്യം വന്നാൽ കയ്യിൽ കിട്ടിയതെല്ലാം എടുത്തെറിയും എന്നാൽ അടുത്ത നിമിഷം തന്നെ കെട്ടിപ്പിടിക്കും. എന്നും നിഷ്കളങ്കനായ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ പോലെ ആയിരുന്നു മറഡോണ .
തന്റെ പ്രിയ സുഹൃത്തും തന്റെ സ്ഥാപനമായ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലറി ബ്രാൻഡ് അംബാസ്സഡറുമായിരുന്ന മറഡോണയുടെ വിയോഗത്തിൽ ഏറെ ദുഖിതനായ ഡോ ബോബി ചെമ്മണൂർ മറഡോണയുമായി ഉണ്ടായിരുന്ന നല്ല ബന്ധത്തിന്റെ ഓർമ്മകൾ പങ്കു വെക്കുന്നു.
ടെലിവിഷനിൽ ഫുട്ബോൾ കളി കണ്ടാണ് മറഡോണയുടെ ആരാധകനായത് ടെലിവിഷൻ സ്‌ക്രീനിൽ മറഡോണയെ തൊട്ടുനോക്കാറുണ്ടായിരുന്നു. ദുബായിൽ വെച്ചാണ് അദ്ദേഹത്തിനെ കാണാൻ വേണ്ടി ശ്രമിച്ചത്. കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണെമെന്ന് മാത്രമാണ് മനസ്സിൽ ആഗ്രഹിച്ചത്. ബ്രാൻഡ് അംബാസിഡർ ആവാമോ എന്ന് ചോദിക്കാനുള്ള ധൈര്യം ഒന്നും അപ്പോൾ ഉണ്ടായിരുന്നില്ല കാരണം അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഒരു കോർപ്പറേറ്റ് കമ്പനി അദ്ദേഹത്തെ ബ്രാൻഡ് അംബാസിഡറാക്കാൻ ശ്രമിച്ചിട്ട് സാധിച്ചിട്ടില്ല, പിന്നെയാണോ ഞാൻ. എന്നാൽ കൂടെ നിന്ന് ഫോട്ടോ എടുത്തതിനു ശേഷം ഞാൻ എന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ വീഡിയോ ഫോണിൽ അദ്ദേഹത്തെ കാണിച്ചുകൊടുത്തു അത് അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു കൊണ്ട് പറഞ്ഞു. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും എന്റെ ഭാഗത്തുനിന്ന് ഉണ്ടാവും. എവിടെ വിളിച്ചാലും ഞാൻ വരാം എന്ന്. പിന്നീട് ഞങ്ങളുടെ ബന്ധം വളരുകയും അദ്ദേഹം എന്റെ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡർ ആവുകയും ചെയ്തു.പിന്നീട് അദ്ദേഹത്തിനെ കേരളത്തിൽ കണ്ണൂരിൽ കൊണ്ട് വരാൻ സാധിക്കുകയും ചെയ്തതിൽ ഏറെ സന്തോഷമുണ്ട്. ബിസിനെസ്സ് രംഗത്ത് എനിക്ക് ഒരുപാട് അഭിവൃദ്ധി ഉണ്ടായിട്ടുണ്ട്. എന്നാൽ ആ കാരണം കൊണ്ടല്ല എനിക്ക് ഫാൻസ് അസോസിയേഷൻ ഉള്ളത്. ഇന്ത്യയിൽ തന്നെ മറ്റൊരു ബിസിനെസ്സ്മാന് ഇതുപോലുള്ള ഫാൻസ് അസോസിയേഷൻ ഉണ്ടോയെന്ന് എനിക്ക് അറിയില്ല. എന്റെ കഴിവുകൊണ്ടല്ല ഇത്രയും ഫാൻസ് ക്ലബ്ബുകൾ രൂപപ്പെട്ടത്. മറഡോണയെ കേരളമണ്ണിൽ എത്തിച്ചതിന്റെ ഭാഗമായി മറഡോണ ഫാൻസ് ആണ് എന്റെ ഫാൻസ് അസോസിയേഷനും പിറകിൽ. അവരിൽ നിരവധിപേർ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എന്റെ ഓട്ടത്തിൽ കൂടെ ഉണ്ടായിരുന്നു. അങ്ങനെയാണ് 9 ജില്ലകളിൽ ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് എന്നപേരിൽ ഫാൻസ് ക്ലബ്ബുകൾ രൂപീകരിച്ചത്. അത്തരമൊരു ഭാഗ്യം എനിക്ക് ലഭിച്ചതിനു പിന്നിൽ മറഡോണയുടെ വരവാണ്.
ദുബായിലും മലേഷ്യയിലും ഒക്കെ അദ്ദേഹത്തിന്റെ കൂടെ താമസിക്കാൻ അവസരമുണ്ടായപ്പോഴാണ് കൂടുതൽ അദ്ദേഹത്തിനെ മനസ്സിലാക്കാൻ സാധിച്ചത്.പണത്തിനോട് തീരേ ആഗ്രഹമില്ലായിരുന്നു.അത് കൊണ്ട് തന്നെ ഒന്നും സമ്പാദിച്ചിട്ടില്ല.പണം ഒക്കെ നേരിട്ട് വാങ്ങുകയാണ് ചെയ്യുക അത് അലമാരയിൽ വെച്ച് അതിനോടൊപ്പം താക്കോലും അവിടെ തന്നെ വെക്കും.അതൊക്കെ പലരും കൈക്കലാക്കിയിട്ടുമുണ്ട്.അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ഇപ്പോഴും സീറോ ബാലൻസ് ആയിരുന്നു.ദുബായിൽ അദ്ദേഹത്തോടൊപ്പം ഇരിക്കുമ്പോൾ ആണ് ഒരു ദിവസം അബുദാബി രാജാവ് അദ്ദേഹത്തെ ക്ഷണിച്ചത് എന്നാൽ തനിക്ക് വരാൻ പറ്റില്ല. എന്നെ കാണണമെങ്കിൽ രാജാവ് ഇങ്ങോട്ട് വരട്ടെ എന്ന് പറഞ്ഞത്. ക്ഷണിക്കാൻ വന്ന ആളുകൾ പറഞ്ഞു ഇത് ഞങ്ങളുടെ രാജ്യമാണ്. ഇവിടത്തെ കാര്യങ്ങൾ വേറെയാണ് എന്നൊക്കെ പറഞ്ഞപ്പോൾ മറഡോണ ദേഷ്യത്തോടെ അവരെ അടിക്കാൻ നോക്കി. അത്രക്ക് ചങ്കൂറ്റമുള്ള വ്യക്തിത്വം ആയിരുന്നു . എത്ര വലിയ ആളാണെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ മുഖത്തുനോക്കി കാര്യം പറയുന്നതായിരുന്നു സ്വഭാവം. മുൻപത്തെ അമേരിക്കൻ പ്രഡിഡന്റിനു എതിരെയും പഴയ മാർപ്പാപ്പയ്ക്ക് എതിരെയും ശബ്ദമുയർത്തിയിരുന്നു. ഇപ്പോഴത്തെ മാർപ്പാപ്പ വളരെ ലളിത ജീവിതം നയിക്കുന്ന ആളാണ്, അദ്ദേഹത്തോട് വലിയ ഇഷ്ടമായിരുന്നു. നേരിട്ട് കാണുകയും ചെയ്തിട്ടുണ്ട്. ഒരുമിച്ച് ഒരിക്കൽ മാർപ്പാപ്പയെ കാണാൻ പോവാം എന്ന് എന്നോട് പറഞ്ഞിരുന്നു.
ഒരിക്കൽ അദ്ദേഹം പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. തന്നെ ലഹരി മരുന്ന് ഉപയോഗിച്ചു എന്ന പേരിൽ ഫുട്ബോളിൽ നിന്ന് പുറത്താക്കി അത് വലിയ ഒരു ചതി ആയിരുന്നു. കാലിന്റെ വിരൽ പഴുത്തിരുന്നു അതിനു വേണ്ടി കൊടുത്ത മരുന്നിൽ ലഹരി മരുന്ന് കലർത്തുകയും ഒറ്റികൊടുക്കുകയുമായിരുന്നു. അത് ചെയ്ത ആളുടെ പേരും പറഞ്ഞു. അയാളുടെ പേര് താൻ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല എന്നും ഡോ ബോബി ചെമ്മണ്ണൂർ പറഞ്ഞു
എങ്ങനെയാണ് ഈ ഫുട്ബോളിൽ എത്തിയത് എന്ന് ചോദിച്ചപ്പോൾ തന്നെ ശസ്ത്രകിയ ചെയ്തു നോക്കിയാൽ രക്തത്തിലും ഹൃദയത്തിലുമൊക്കെ ഫുട്ബോൾ കാണും എന്നാണു അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞത്.പരിശീലനം കൊണ്ട് നേടുന്നതിന് ഒരു പരിധിയുണ്ട് എന്നാൽ മറഡോണ ജന്മനാ ഫുട്ബോളർ ആയിരുന്നു. ലോകത്ത് ഒരുപാട് ഫുട്ബോളർമാർ ഉണ്ടെങ്കിലും മറഡോണയ്ക്ക് പകരം ആരുമില്ല. ഇനിയും ആരുമുണ്ടാവില്ല. അത്രയ്ക്കു ഫുട്ബോൾ ജീനിയസ് ആണ് അദ്ദേഹം .
മെസ്സിയെ അദ്ദേഹം ഏറെ സ്നേഹിച്ചിരുന്നു.മെസ്സിയെ അദ്ദേഹം വ്യക്തിപരമായി പരിശീലിപ്പിച്ചിരുന്നു..അത് പലർക്കും അറിയില്ല .മെസ്സിയുടെ ഓരോ പിഴവിലും അദ്ദേഹം ദുഖിച്ചിരുന്നു. പക്ഷെ തന്റെ രാജ്യത്തിന് ലോക കപ്പ് ലഭിക്കണം അതാണ് അദ്ദേഹത്തിന്റെ ആത്മാർത്ഥത. അർജന്റീനയിൽ പോയപ്പോൾ മെസ്സിയെയും കാണണം രണ്ടു പേരെയും ബ്രാൻഡ് അംബാസ്സിഡർമാർ ആക്കണം എന്നൊക്കെ പദ്ധതി ഉണ്ടായിരുന്നു അങ്ങനെ അർജന്റീനയിൽ എത്തി മെസ്സിയുമായി സംവദിക്കുകയും ആ വിശേഷം മറഡോണയുമായി പങ്കുവച്ചപ്പോൾ മറഡോണക്ക് അതിൽ താല്പര്യമില്ല, അത് വേണ്ട എന്നാണ് പറഞ്ഞത്. കാരണം മെസ്സിയെ വളരെ ഇഷ്ടമായിരുന്നെങ്കിലും എന്തെങ്കിലും തെറ്റുകൾ മെസ്സിയുടെ ഭാഗത്തു നിന്നുണ്ടാവുമ്പോൾ അത് മറഡോണ പച്ചയായി തുറന്നുപറയാറുണ്ടായിരുന്നത് കൊണ്ട് അവർ തമ്മിൽ ഒരു നീരസം നിലനിന്നിരുന്നു. മാത്രമല്ല മറഡോണ എപ്പോഴും പറയാറുണ്ട്. ഞാൻ എന്റെ രാജ്യത്തിനുവേണ്ടിയാണ് കളിക്കുന്നത് പണവും പ്രശസ്തിയുമൊന്നും അതിനു ശേഷം വരുന്ന കാര്യങ്ങളാണ്. എന്നാൽ മെസ്സിയുടെ എത്തിക്‌സ് വ്യത്യാസം ഉണ്ട് അതിനോട് എനിക്ക് യോജിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന്. മറഡോണയ്ക്ക് താല്പര്യമില്ല എന്ന് അറിഞ്ഞപ്പോഴാണ് ഞാൻ മെസ്സിയെ കൂടി ബ്രാൻഡ് അംബാസഡർ ആക്കാനുള്ള ശ്രമം ഉപേക്ഷിച്ചത്. എനിക്ക് മെസ്സിയെയും ഇഷ്ടമാണ്. മറഡോണയെ ആണ് ഒന്നാമതായി ഇഷ്ടപ്പെടുന്നത് രണ്ടാമത് മെസ്സിയും. മറഡോണയുടെ പേഴ്സിൽ ഒരു ഫോട്ടോ ഉണ്ട് ഇടയ്ക്ക് അതെടുത്തു നോക്കി ചുംബിക്കും. ബെഞ്ച എന്ന് വിളിക്കുന്ന തന്റെ പേരക്കുട്ടി ബെഞ്ചമിന്റെ ഫോട്ടോ ആണ് അത്. ബെഞ്ചയെ പരിശീലിപ്പിച്ചു അവനിലൂടെ അർ ജെന്റീനയിലേക്ക് ലോകകപ്പ് കൊണ്ടുവരും എന്ന് ഇടയ്ക്കിടെ പറയും. മെസ്സിയിൽ നടക്കാതെ പോയ ആഗ്രഹം തന്റെ പേരക്കുട്ടിയിലൂടെ നടത്താം എന്നായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.
കണ്ണൂരിൽ മറഡോണയെ എത്തിച്ചപ്പോൾ ഞാൻ മരണത്തെ മുഖാമുഖം കണ്ടു. തലേ ദിവസം എത്തിയ മറഡോണയ്ക്ക് ആരാധകരുടെ ജയ് വിളി കാരണം രാത്രി ഉറങ്ങാൻ സാധിച്ചില്ല. പിറ്റേന്ന് രാവിലെ അതായത് ഉൽഘാടന ദിവസം കിടന്നുറങ്ങി. സമയമായപ്പോൾ വിളിക്കാൻ ചെന്ന എന്നെ തല്ലാൻ വന്നു. തലയണ എടുത്തെറിഞ്ഞു. രാത്രി ചെയ്യാം ഉൽഘാടനം അല്ലെങ്കിൽ നാളെ ചെയ്യാം എന്ന് പറഞ്ഞു എന്നോട്. അദ്ദേഹത്തിന്റെ സെക്രട്ടറി പറഞ്ഞു ഇനി നോക്കണ്ട രാത്രിയെ എണീക്കുകയുള്ളു എന്ന്. അപ്പോൾ ഞാനെന്റെ മരണം മുന്നിൽ കണ്ടു. കാരണം കണ്ണൂർ ഉള്ളവർ വളരെ നല്ലവരാണ് എന്നാൽ ഇടഞ്ഞാൽ… അതോർത്തപ്പോൾ ഞാൻ വീണ്ടും മറഡോണയുടെ റൂമിലേക്ക് ചെന്ന്. തല്ലുകിട്ടിയാലും മറഡോണയുടെ കയ്യിൽ നിന്നല്ലേ. കരഞ്ഞുകൊണ്ടാണ് ഞാൻ റൂമിലേക്ക് ചെന്നത് എന്റെ കണ്ണ് നീര് കണ്ടപ്പോൾ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. കാര്യങ്ങൾ പറഞ്ഞതൊക്കെ ശ്രദ്ധിച്ചു കേട്ടു. ഉടൻ തന്നെ ഒരു ഷർട്ട് എടുത്തിട്ടു, കുളിക്കുക പോലുംചെയ്യാതെ എന്റെ ഒപ്പം ഇറങ്ങി വന്നു. സ്റ്റേജിലെത്തി ആരാധകരെ കണ്ടപ്പോൾ അദ്ദേഹം ആഹ്ളാദവാനായി. ഉദ്‌ഘാടനം ചെയ്തു, ഫുട്ബാൾ അടിച്ചു, ഡാൻസ് കളിച്ചു പാട്ട് പാടി, ബർത്ഡേ കേക്ക് മുറിച്ചു. കേക്കിൽ ഫുട്ബോൾ ആകൃതിയിലുള്ള ഒരു ഭാഗം ഉണ്ടായിരുന്നു. അത് അദ്ദേഹം മുറിച്ചില്ല. കാരണം ചോദിച്ചപ്പോൾ പറഞ്ഞത് ‘ഫുട്ബോൾ എന്റെ ഹൃദയമാണ് എങ്ങനെ ആണ് ഞാൻ അത് മുറിക്കുക’ എന്നാണ്. ഇന്ന് ആ ഹൃദയം നിലച്ചിരിക്കുന്നു. ലോക ഫുട്ബാളിന്റെ ഹൃദയം.
അദ്ദേഹം സുഖമില്ലാതെ ആശുപത്രിയിൽ ആണെന്നറിഞ്ഞപ്പോൾ ഏറെ ആശങ്കയിലായിരുന്നു.കൂടെ ആശുപത്രിയിൽ ഉണ്ടായിരുന്നവരെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു.ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോഴും ചെറിയ ഓർമ്മക്കുറവ് ഉണ്ടായിരുന്നു..നോർമൽ അല്ലായിരുന്നു അദ്ദേഹം. അതുകൊണ്ട് വീണ്ടും തലച്ചോറിൽ ഒരു ശസ്ത്രകിയ ചെയ്യാനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഹൃദയസംബന്ധിയായ പ്രശ്നങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല
അദ്ദേഹം ശരിക്കും ഒരു ദൈവം തന്നെയാണ് ..ഫുട് ബോൾ ദൈവം..
മറഡോണക്ക് പകരം വെക്കാൻ ഇനി ഒരാളുണ്ടാവില്ല..
മറഡോണയെ അവസാനമായി ഒരു നോക്ക് കാണണം എന്നുണ്ടായിരുന്നു..അതിനു വേണ്ടി എംബസ്സിയുമായൊക്കെ ബന്ധപെട്ടു..പക്ഷെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ നടക്കുമെന്ന് തോന്നുന്നില്ല. മറഡോണയുടെ സ്മരണ നിലനിർത്തുന്ന എന്തെങ്കിലും ചെയ്യണം എന്നതാണ് ഇനിയുള്ള ആഗ്രഹം, ഡോ ബോബി ചെമ്മണ്ണൂർ പറഞ്ഞു നിർത്തി.