ആരോപണ- പ്രത്യാരോപണങ്ങളുടെ കുത്തൊഴുക്കില്‍ അനിശ്ചിതത്വം മാത്രം നിലനില്‍ക്കുന്ന വിവാദമാണ് ബാര്‍ കോഴക്കേസ്. ആറ് വർഷം മുമ്പ് ഒരു ഒക്ടോബറിലുണ്ടായ ആരോപണം പുതിയ വീര്യത്തോടെ കേരള രാഷ്ട്രീയത്തിൽ നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയാണ്. ഇത്തവണ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരു പോലെ വരിഞ്ഞു മുറുക്കിക്കൊണ്ടാണ് ഡോ. ബിജു രമേശ് ആരോപണങ്ങളുടെ ആവനാഴിയില്‍ നിന്ന് അമ്പു തൊടുത്തത്. ബാർ കോഴക്കേസ് അന്വേഷണത്തിൽ ഇടതുവലതു മുന്നണികൾ ഒത്തുകളി രാഷ്ട്രീയവുമായാണ് മുന്നോട്ടുപോകുന്നതെന്ന വാദം ബിജു രമേശിനെ വീണ്ടും വാര്‍ത്ത താരമാക്കുന്നു.
തന്‍റെ പേര് പറയാതിരിക്കാന്‍ രമേശ് ചെന്നിത്തല സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പിണറായി വിജയന്‍ കെഎം മാണിയുമായി ചേര്‍ന്ന് കേസ് അട്ടിമറിച്ചുവെന്നും പറഞ്ഞ ബിജു രമേശ്, വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്ന് ചൂണ്ടിക്കാട്ടികൊണ്ട് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന്‍റെ സാധ്യതകള്‍ തുറന്നുകാട്ടുകയാണ്. രമേശ് ചെന്നിത്തലയോട് തോന്നിയ സൗമനസ്യം കൊണ്ട് 164 മൊഴിയില്‍ നിന്ന് ആ പേര് വെട്ടിക്കളയുകയും എന്നാല്‍ താന്‍ പ്രതിരോധത്തിലാകുന്ന സാഹചര്യത്തില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആരോപണങ്ങളുടെ കെട്ടഴിക്കുകയും ചെയ്ത ബിജു രമേശും ബാര്‍കോഴ കേസും തികഞ്ഞ ആശയക്കുഴപ്പത്തിലാണ് ചെന്നു നില്‍ക്കുന്നത്. ഇനിയും വെളിച്ചം കാണാതെ കിടക്കുന്ന കേസുകള്‍ക്കുമേലുള്ള ഇത്തരം ആരോപണ- പ്രത്യാരോപണങ്ങളില്‍ മുഴച്ചു നില്‍ക്കുന്നത് തെരഞ്ഞെടുപ്പ് അടുത്തതിന്‍റെ ലാഞ്ചനകള്‍ തന്നെ.
ബിജു രമേശ് എന്ന വിവാദ നായകന്‍
പൂട്ടിയ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് കൈക്കൂലി നല്‍കാന്‍ ഇറങ്ങിത്തിരിച്ച വെറുമൊരു മദ്യവ്യവസായി മാത്രമല്ല ബിജു രമേശ്. രാജധാനി ഗ്രൂപ്പ് എന്ന പേരില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍. എഞ്ചിനീയറിങ്ങ് കോളേജ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ അധിപന്‍. ഇതിലെല്ലാം ഉപരി ഉന്നത രാഷ്ട്രീയ ബന്ധങ്ങളും സ്വാധീനവും കൊണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ തിരുവനന്തപുരത്തെ പ്രമുഖരുടെ പട്ടികയില്‍ ഇടം പിടിച്ച രമേശന്‍ കോണ്‍ട്രാക്ടറുടെ മകനെന്ന പാരമ്പര്യം. പിതാവ് വളര്‍ത്തിയ സംരംഭങ്ങളെ സാമാജ്യങ്ങളാക്കി തന്നെയായിരുന്നു ബിജു രമേശിന്‍റെ വളര്‍ച്ച. ഇതിനായി അച്ഛന്റെ രാഷ്ട്രീയ ബന്ധങ്ങളും അദ്ദേഹത്തിന് തുണയായി.
രമേശന്‍ കോണ്‍ട്രാക്ടര്‍ എന്ന ഹോട്ടല്‍ വ്യവസായിക്കപ്പുറത്ത് രാജധാനി ഗ്രൂപ്പിന്റെ വൈവിധ്യത്തിന് തുടക്കമിട്ട വ്യക്തിയായിരുന്നു ബിജു രമേശ്. ചാരായ നിരോധനത്തിന് ശേഷമായിരുന്നു ഈ വിധത്തില്‍ ബിസിനസ് വിപുലപ്പെടുത്തിയത്. പിന്നീട് വിദ്യാഭ്യാസമേഖലകളിലേക്കും ഹോട്ടല്‍ വ്യവസായങ്ങളിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. കുത്തക കമ്പനികളുടെ ഡീലര്‍ഷിപ്പുകളും ഇതിന്റെ ഭാഗമാണ്.
രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജീസ്, രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്, എന്‍ജിനീയറിങ് കമ്പനി, രാജധാനി ടെലികോംസ്, രാജധാനി ട്രേഡേഴ്സ്, രാജധാനി ജനറല്‍ ട്രേഡിങ് കമ്പനി, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ എന്നിവയും രാജധാനി ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, തലസ്ഥാന നഗരത്തില്‍ വിലമതിക്കുന്ന പ്രദേശങ്ങളുടെ സിംഹഭാഗവും രമേശന്‍ കോണ്‍ട്രാക്ടറുടെ മക്കളുടെ ഉടമസ്ഥതയിലുള്ളതാണ്. പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ മിക്ക കെട്ടിടങ്ങളും ബിജു രമേശ് കുടുംബത്തിന്‍റെതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിന് പുറമെ വിവിധ സംഘടനകളിലെ താക്കോല്‍ സ്ഥാനങ്ങളും ബിജു രമേശ് അലങ്കരിച്ചു. ബാറുടമകളുടെ സംഘടനയുടെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം, ശ്രീനാരായണ ട്രസ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, ശ്രീനാരായണ ധര്‍മ വേദിയുടെ ജനറല്‍ സെക്രട്ടറി, ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്റെ ബോര്‍ഡ് മെമ്പര്‍ തുടങ്ങി ഒട്ടേറെ പദവികളില്‍ ബിജു രമേശ് തന്‍റെ സ്വാധീനം ചെലുത്തി. ദീര്‍ഘനാള്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗമായിരുന്ന ബിജു രമേശ് വെയ്റ്റ് ലിഫ്റ്റിങിന്‍റേയും പവര്‍ ലിഫ്റ്റിങ്ങിന്‍റേയും സംസ്ഥാന അസോസിയേഷനുകളിലും ഭാരവാഹിയായിരുന്നു.
ഇതോടൊപ്പം തന്നെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു ബിജു രമേശിന്റെ ജീവിതം. തന്റെ പേരിനൊപ്പം ചേര്‍ത്തിരിക്കുന്ന ഡോക്ടര്‍ ബിരുദം വ്യാജമാണെന്ന ആരോപണങ്ങളില്‍ തുടങ്ങുന്നു അത്. ഡോക്ടറേറ്റ് ലഭിക്കുന്നതിനായി ബിജു രമേശ് ഏത് വിഷയത്തിലാണ് ഗവേഷണം നടത്തിയതെന്നോ, നല്‍കിയ സര്‍വകലാശാല ഏതെന്നോ ഇപ്പോഴും വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃത മദ്യവില്‍പ്പന ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും ബിജു രമേശ് എന്ന വ്യവസായിയെ ബാധിച്ചില്ല.
ബാര്‍ കോഴക്കേസ് കത്തിനിന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാനും ബിജു രമേശ് മുന്നിട്ടിറങ്ങിയിരുന്നു. ജയലളിതയ്ക്കു കീഴില്‍ എഐഎഡിഎംകെ പ്രതിനിധിയായായിരുന്നു തിരുവനന്തപുരത്ത് ബിജു രമേശ് സ്ഥാനാര്‍ത്ഥിയായത്. ബാര്‍ കോഴക്കേസില്‍ ബിജു സ്വീകരിച്ച നിലപാടുകള്‍ വോട്ടായി മാറ്റുക ലക്ഷ്യമിട്ടായിരുന്നു തലസ്ഥാനത്തെ പ്രമുഖ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവേശനം. 2016 ലെ ഈ തെരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് ബിജു രമേശിന്റെ ആസ്തി 2,57,80,06,554.72 (257 കോടി) രൂപയാണ്.
ബാര്‍ കോഴക്കേസിനാധാരമായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ രാഷ്ട്രീയ വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയാണ് ബിജു രമേശിന്റെ മകളും മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹം. ആഡംബരത്തിന്റെ പേരിലും രാഷ്ടീയ കോലാഹലങ്ങളുടെ ഇടയില്‍പെട്ടും ഈ ചടങ്ങ് ഏറെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു. ബാര്‍ കോഴക്കേസ് ഉയര്‍ത്തിവിട്ട ബിജു രമേശുമായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അടുപ്പത്തിന് ഉദാഹരണമാണ് വിവാഹച്ചടങ്ങ് എന്നതടക്കമുള്ള ആരോപങ്ങള്‍ കേരളാ കോണ്‍ഗ്രസ് ഇതിന് ശേഷം ഉയര്‍ത്തിയിരുന്നു.
ഇതിനിടെ ബാറിന്റെ പേരില്‍ വിവാദനായകനായ ബിജു രമേശ് നാടകീയമായി ബാര്‍ വ്യവസായത്തില്‍ നിന്നു പുറത്തേക്കെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയത് ഏവരെയും ഞെട്ടിക്കുകയും ചെയ്തു. പുതിയ മദ്യനയ പ്രകാരം പൂട്ടിപ്പോയ ബാറുകളില്‍ മിക്കവയ്ക്കും വീണ്ടും പ്രവര്‍ത്തിക്കാമെന്നിരിക്കെ ഇനിയുള്ള കാലം നിലവിലുള്ള ബീയര്‍- വൈന്‍ പാര്‍ലറുകളുമായി മുന്നോട്ടു പോവുമെന്നായിരുന്നു ബിജു അന്ന് പുറത്തുവിട്ട പ്രസ്താവന. എന്തു തന്നെയായാലും കേരള രാഷ്ട്രീയത്തില്‍ വേരിറക്കിയ, പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയവും സ്വാധീനവുമുള്ള കെഎം മാണി എന്ന നേതാവിനെതിരെ പരസ്യമായി ഏറ്റുമുട്ടാനും അഴിമതി വിരുദ്ധതയുടെ പ്രതിരൂപമാവാനുമുള്ള ശ്രമം തന്നെയായിരുന്നു ബിജുവിനെ കേരള ജനതയ്ക്ക് സുപരിചിതനാക്കിയത്.
ബിജു രമേശിനൊപ്പം വളര്‍ന്ന ബാര്‍ കോഴക്കേസ്
ഒരു സംസ്ഥാനത്തെ ധനമന്ത്രിയുടെ വീട്ടില്‍ നേരിട്ടെത്തി കോഴ നല്‍കിയെന്ന ഡോ. ബിജു രമേശിന്‍റെ വെളിപ്പെടുത്തലാണ് ബാര്‍ കോഴക്കേസിന് ആധാരം. പിന്നീട് അഴിമതിക്കെതിരെ ചാനലുകളില്‍ പ്രസംഗം നടത്തുന്ന ശബ്ദമായി ബിജു രമേശ് മാറി. സാധാരണ അഴിമതി ആരോപണം പോലെയായിരുന്നില്ല ബാര്‍കോഴ ആരോപണം വന്നത്. കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായ മാറ്റം നടക്കുന്നതിന്റെ തൊട്ടുമുമ്പായിരുന്നു ബാര്‍ കോഴ ആരോപണം പുറത്തുവന്നത് എന്നതാണ് പ്രധാനം.
കാലാവധി തീരുന്നതിന് മുമ്പ് യുഡിഎഫ് സര്‍ക്കാരിനുള്ള പിന്തുണ കെഎം മാണി പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നായിരുന്നു അന്ന് രാഷ്ട്രീയക്കാരുടെ ഇടയിലുണ്ടായ അടക്കം പറച്ചിൽ. ഇടതുപക്ഷവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് മാണിയുടെ നീക്കമെന്നത് ഊഹാപോഹങ്ങള്‍ക്ക് ബലം നല്‍കി. മാണിയോടുള്ള ഇടതുപക്ഷത്തിന്റെ മൃദു സമീപനം അതിന് മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു.
ഇതിനിടയിലേക്കാണ് 2014 ഒക്ടോബര്‍ 31ന് കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ചുകൊണ്ടുള്ള ആരോപണവുമായി കേരള ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ് രംഗത്തെത്തിയത്. ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് കെഎം മാണി കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു ആരോപണം. അഞ്ച് കോടി ആവശ്യപ്പെട്ട മാണി ഒരു കോടി കൈപ്പറ്റിയെന്നും പറഞ്ഞു. മാണിയേയും കേരള കോണ്‍ഗ്രസിനെയും ഞെട്ടിക്കുകയും അടിമുടി പ്രതിരോധത്തിലാക്കുകയും ചെയ്ത ആരോപണമായിരുന്നു അത്.
ഇതിനു പിന്നാലെ മാണിയോട് കാണിച്ച സ്‌നേഹവും കരുതലും സിപിഎം ഉപേക്ഷിച്ചു. കൂടാതെ, മാണിക്കെതിരെ ശക്തമായി രംഗത്തിറങ്ങി. മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രമുണ്ടെന്ന ചൂടന്‍ ആരോപണവുമായായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ അന്ന് രംഗത്തെത്തിയത്. മാണിയെ കാട്ടുകള്ളന്‍ എന്ന് വിശേഷിപ്പിച്ച് വിഎസ് അച്യുതാനന്ദനും സജീവമായിരുന്നു. ഡിസംബര്‍ മാസത്തില്‍ വിജിലന്‍സ് മാണിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. അങ്ങനെ മാണി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ഇടതുപക്ഷം ശക്തമാക്കി.
ബജറ്റ് അവതരിപ്പിക്കാന്‍ മാണിയെ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. 2015 മാര്‍ച്ച് 13നായിരുന്നു ബജറ്റ് അവതരിപ്പിക്കേണ്ടിയിരുന്നത്. അന്ന് നടന്ന സംഭവങ്ങള്‍ കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രക്ഷ്ബുദമായ രംഗങ്ങളായിരുന്നു. നിയമസഭ കയ്യാങ്കളി കേസെന്ന പേരില്‍ രാഷ്ട്രീയ കേരളത്തിന് അപമാനമായ ആ കോലാഹലങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഇന്നും ചിലര്‍ അനുഭവിക്കുന്നുണ്ട്. ഇപി ജയരാജനടക്കമുള്ള മന്ത്രിമാര്‍ നിയമ നടപടികള്‍ നേരിടുന്നുമുണ്ട്.
2015 ഏപ്രില്‍ 22നും 23നുമാണ് ഇടതുപക്ഷത്തിന്‍റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് പൂര്‍ണമായും ഉപരോധിച്ചത്. മന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അനിശ്ചിതകാല സമരം എന്നു പറഞ്ഞ് തുടങ്ങിയെങ്കിലും രണ്ടാം ദിവസം സമരം അവസാനിച്ചു. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സമ്മതിച്ചുവെന്നതാണ് സമരം പിന്‍വലിക്കുന്നതിന് കാരണമായി പറഞ്ഞത്. സമരം പിന്‍വലിച്ചതു വഴി ഇടതുപക്ഷം കീഴടങ്ങി എന്ന ആക്ഷേപവും ഉയർന്നിരുന്നു.
അതേസമയം, വിജിലന്‍സ് അന്വേഷണ സംഘത്തിന് മുന്നില്‍ മാണി പണം വാങ്ങുന്നതായി കണ്ടു എന്ന മൊഴി നല്‍കിയ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ മൊഴി ശരിയാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് വിജലന്‍സിന്റെ ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ആര്‍ സുകേഷ് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു. മാണിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ ഈ റിപ്പോര്‍ട്ട് തള്ളി, കേസ് അവസാനിപ്പിക്കണമെന്ന് പറഞ്ഞ് കോടതിയില്‍ ഹര്‍ജിയും നല്‍കി.
വിജിലന്‍സ് തുടരന്വേഷണം തടയണമെന്ന ഹര്‍ജി തള്ളിയ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ചെയ്തത്. ഇതോടെ പ്രതിപക്ഷം പ്രക്ഷോഭം കടുപ്പിക്കുകയും മാണി രാജിവെയ്ക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു. രാജിവെച്ചതിന് ശേഷം യുഡിഎഫില്‍ തുടരുമെന്നായിരുന്നു കെഎം മാണിയുടെ പ്രഖ്യാപനമെങ്കിലും കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയതെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. ഇതിന് പിന്നാലെയാണ് മാണി യുഡിഎഫ് വിടുന്നത്. പിന്നില്‍ നിന്ന് കുത്തിയെന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. എന്നാല്‍ 2016ല്‍ മുന്നണി വിട്ട മാണി ഏറെ വൈകാതെ തിരിച്ചെത്തി. രാജ്യസഭ സീറ്റായിരുന്നു പ്രതിഫലം.
ബിജു രമേശിന്‍റെ ആരോപണ ശരങ്ങള്‍
ജോസ് കെ മാണി പക്ഷം യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയതോടെയാണ് വീണ്ടും ബാര്‍കോഴ ആരോപണം ഉയർന്നു വരുന്നത്. ബാര്‍കോഴ വിവാദത്തില്‍, അന്തരിച്ച മുന്‍ ധനമന്ത്രി കെഎം മാണിയെ പിന്നില്‍ നിന്ന് കുത്തിയത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ചാരം മൂടിക്കിടന്ന ബാര്‍കോഴ വിവാദം ബിജു രമേശ് പൊടിതട്ടിയെടുത്തു. മാണിയെ കുടുക്കാന്‍ പിസി ജോര്‍ജുമായും, ആര്‍ ബാലകൃഷ്ണപിള്ളയുമായും കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നും ഐ ഗ്രൂപ്പിന്റെ ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശും ജോസഫ് വാഴയ്ക്കനും പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് ബിജു രമേശ്, രമേശ് ചെന്നിത്തലയ്‌ക്കെതിരായ ആരോപണങ്ങള്‍ കടുപ്പിച്ചത്.
ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുൻ എക്സൈസ് മന്ത്രി കെ ബാബു, മുൻ ആരോഗ്യമന്ത്രി വിഎസ് ശിവകുമാർ എന്നിവർക്കും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. കെഎം മാണിക്കെതിരെ കോടതിയിൽ രഹസ്യമൊഴി നൽകിയ ബിജു രമേശ് ബാർ ലൈസൻസ് ഫീസ് കുറയ്ക്കാന്‍ പണം വാങ്ങിയ കാര്യം വെളിപ്പെടുത്തിയിരുന്നു. പക്ഷെ ചെന്നിത്തല അടക്കമുള്ള മറ്റ് നേതാക്കൾക്കെതിരെ രഹസ്യമൊഴിയിൽ പരാമർശമുണ്ടായിരുന്നില്ല.
ബാർകോഴയിൽ മാണിക്കും ബാബുവിനുമെതിരെ മാത്രമായിരുന്നു വിജിലൻസിന്റെ അന്വേഷണം. രമേശ് ചെന്നിത്തലയും ഭാര്യയും അഭ്യർഥിച്ചതിനെത്തുടർന്നാണു രഹസ്യമൊഴിയിൽനിന്ന് അദ്ദേഹത്തിന്‍റെ പേര് ഒഴിവാക്കിയതെന്നാണു ബിജുവിന്റെ ആരോപണം. രമേശ് ചെന്നിത്തലയുടെ പഴയ സാമ്പത്തിക സ്ഥിതിയും ഇപ്പോഴത്തെതും പരിശോധിച്ചാൽ കാര്യങ്ങള്‍ വ്യക്തമാകുമെന്ന സൂചനയും ബിജു രമേശ് നല്‍കിയതോടെ വിവാദത്തിന് ചൂടേറി. ആരോപണങ്ങള്‍ നിഷേധിച്ച പ്രതിപക്ഷ നേതാവ് ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന പ്രസ്താവനയിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.
ബാർ കോഴക്കേസ് വീണ്ടും സജീവമാക്കാൻ സർക്കാർ കരുക്കള്‍ നീക്കിത്തുടങ്ങിയത് ഈ സാഹചര്യം കണക്കിലെടുത്താണ്. ബാർകോഴ വിഷയത്തിൽ സുരക്ഷിത സ്ഥാനത്താണെന്ന സിപിഎമ്മിന്റെ ചിന്ത പക്ഷെ അസ്ഥാനത്തായിരുന്നു. യുഡിഎഫ് നേതാക്കൾ കോഴ വാങ്ങിയെങ്കിൽ കേസ് ഒതുക്കി തീർക്കാൻ എൽഡിഎഫ് നേതൃത്വം സഹായിച്ചെന്ന ആരോപണം ഇരു മുന്നണികളെയും പ്രതിരോധത്തിലാക്കുകയാണ്.
ബാർ കോഴക്കേസിൽ ആരോപണവിധേയനായ കെഎം മാണി മുഖ്യമന്ത്രിയുടെ വീട്ടിൽ പ്രഭാത ഭക്ഷണത്തിനുപോയി പുറത്തിറങ്ങിയ ഉടനെ അദ്ദേഹത്തിനെതിരെയുള്ള കേസ് അന്വേഷിക്കേണ്ടെന്നു ഡിജിപിക്കു നിർദേശം പോയതായാണു മുഖ്യമന്ത്രിക്കെതിരായ ബിജുവിന്‍റെ ആരോപണം. ബാർ കോഴക്കേസ് രാഷ്ട്രീയ വിവാദമാക്കി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ എൽഡിഎഫിന്റെ രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ചും ബിജു ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. കെഎം മാണിയുടെ മകനായ ജോസ് കെ മാണിയെ മുന്നണിയിലെടുത്ത സിപിഎം കേസ് ഒത്തുതീർപ്പാക്കില്ലെന്ന് എന്താണ് ഉറപ്പെന്നായിരുന്നു പ്രധാന ചോദ്യം. ചില നേതാക്കളുടെ അവിഹിത സ്വത്തുസമ്പാദനത്തെക്കുറിച്ചു മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന ബോംബും ബിജു പൊട്ടിച്ചു.
വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ കേന്ദ്ര ഏജന്‍സികളുടെ ഗഹനമായ അന്വേഷണമാണ് ബിജു സ്വാഗതം ചെയ്യുന്നത്. അങ്ങനെയെങ്കില്‍ പ്രതിപക്ഷ നേതാക്കൾക്കെതിരെ വിജിലൻസിനെ ആയുധമാക്കിയ ഭരണപക്ഷത്തിനും ആരോപണങ്ങൾ നേരിടുന്ന പ്രതിപക്ഷത്തിനും ജനത്തോടും അണികളോടും ഉത്തരം പറയേണ്ട സാഹചര്യം സംജാതമാകും. അതേസമയം, ഇരു മുന്നണികൾക്കുമെതിരെ ഉയർന്ന ആരോപണങ്ങൾ ബിജെപി തുറുപ്പു ചീട്ടാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പുതിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ബാർകോഴ വിവാദം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സജീവ പ്രചാരണ വിഷയമായിരിക്കുമെന്നതും നിസ്സംശയം പറയാം.