ഉദ്യോഗസ്ഥതല അഴിമതിയുടെയും നിര്‍മാണത്തിലെ പിഴവുകളുടെയും നേര്‍സാക്ഷ്യമാണ് പാലാരിവട്ടം മേല്‍പാലം. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തിലെ തന്നെ കെടുകാര്യസ്ഥതയുടെ സ്മാരകം. മനുഷ്യ ജീവന്‍ തുലാസില്‍ വച്ച് അധികൃതര്‍ നടത്തിയ സമാനതകളില്ലാത്ത നിര്‍മാണപ്പിഴവ്. അധികാര ദുര്‍വിനിയോഗത്തിന്‍റെയും ധൂര്‍ത്തിന്‍റയും പ്രത്യക്ഷ ഉദാഹരണമായ പഞ്ചവടിപ്പാലം.
39 കോടി മുതല്‍മുടക്കില്‍ രണ്ടു വര്‍ഷംകൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കി രണ്ടര വര്‍ഷത്തിനുള്ളില്‍ തന്നെ അടച്ചിടേണ്ടിവന്ന പാലാരിവട്ടം മേല്‍പ്പാലം മരാമത്ത് പണികളില്‍ സാധാരണമായ അഴിമതി എന്നതിലപ്പുറം പുതിയ രാഷ്ട്രീയ മാനങ്ങള്‍ക്കാണ് വഴിതുറന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ പാലാരിവട്ടം പാലവും അഴിമതിയും ആധികാരികമായി ഉപയോഗിക്കപ്പെടുമെന്നത് തീര്‍ച്ച. യുഡിഎഫ് രാഷ്ട്രീയത്തിന് എക്കാലവും ബാധ്യതയായി ഈ നിര്‍മാണം നിലകൊള്ളുകയും ചെയ്യും.
വിജിലന്‍സ് അന്വേഷണം അതിന്‍റെ സ്വാഭാവിക പരിണതിയിലെത്തുമ്പോള്‍ മുന്‍ മന്ത്രി കുടുക്കിലായി. ഇനി കൊടുമ്പിരികൊള്ളുന്ന ആരോപണങ്ങള്‍ക്ക് തടയിടാന്‍ ചേരിതിരിഞ്ഞുള്ള ആക്രമണ- പ്രത്യാക്രമണങ്ങളാണ് കേരളം കാണാനിരിക്കുന്നത്. പക്ഷെ അപ്പോഴും മറന്നുപോകുന്ന ചിലതുണ്ട്. അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ഘോരഘോരം പ്രസംഗങ്ങള്‍ പിറക്കുന്ന കേരളമണ്ണില്‍ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷനേടാന്‍ കാത്തിരിക്കുന്ന ഒരു ജനത, ഒപ്പം തലയെടുപ്പോടെ പതിറ്റാണ്ടുകള്‍ നിലകൊള്ളാന്‍ വെമ്പുന്ന പാലാരിവട്ടം മേല്‍പ്പാലവും.
പൊളിക്കാന്‍ വേണ്ടി പണിത പാലം
യുഡിഎഫ് സര്‍ക്കാരിന്റെ സ്പീഡ് പദ്ധതി പ്രകാരമാണ് പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ നിര്‍മാണമാരംഭിച്ചത്. പാലത്തിന്‍റെ നിര്‍മാണത്തിനു ചെലവാക്കിയ തുക പൂര്‍ണമായും സംസ്ഥാന ഖജനാവില്‍ നിന്നാണ്. കേന്ദ്ര സര്‍ക്കാരിന്റെയോ കൊച്ചി കോര്‍പ്പറേഷന്റെയോ പണമല്ല. ദേശീയ പാതയിലെ മേല്‍പ്പാലങ്ങളുടെ നിര്‍മാണം നാഷണല്‍ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) യുടെ ചുമതലയിലാണെങ്കിലും കുണ്ടന്നൂര്‍, വൈറ്റില, പാലാരിവട്ടം മേല്‍പ്പാലങ്ങളുടെ നിര്‍മാണം എന്‍എച്ച്എ ഏറ്റെടുത്താല്‍ ഉയര്‍ന്ന നിരക്കില്‍ ടോള്‍ നല്‍കേണ്ടി വരുമെന്നതടക്കമുള്ള ബുദ്ധിമുട്ടുകള്‍ മുന്നില്‍ കണ്ടാണ് സംസ്ഥാനം തന്നെ മേല്‍പ്പാലങ്ങളുടെ നിര്‍മാണ ഉത്തരവാദിത്തം ഏറ്റെടുത്തത്. 47 കോടി രൂപയായിരുന്നു പാലത്തിന്‍റെ അടങ്കല്‍ തുക. 37 കോടി രൂപയുടെ ജോലിയാണ് കോണ്‍ട്രാക്ടര്‍ ചെയ്തത്. അതില്‍ നിയമപ്രകാരം പിടിച്ച് വെക്കേണ്ടത് ഒഴിച്ച് 35 കോടിയും കൊടുത്തത് സംസ്ഥാന സര്‍ക്കാരാണ്. ബാക്കി പണം മൂന്നുവര്‍ഷത്തിനുശേഷം നല്‍കാനിരിക്കെയാണ് പാലം അപകടത്തിലായത്.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ് ഫണ്ട് ബോര്‍ഡ് മുഖേനയാണ് പാലാരിവട്ടം പാലം നിര്‍മാണത്തിനുള്ള പണം സര്‍ക്കാര്‍ നല്‍കിയത്. റോഡ് ഫണ്ട് ബോര്‍ഡ് എന്നത് പ്രധാനപ്പെട്ടൊരു പിഡബ്യുഡി കമ്പനിയാണ്. പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് പ്രകാരമാണ് കേരള റോഡ് ഫണ്ട് ബോര്‍ഡില്‍ നിന്നും മറ്റൊരു കമ്പനിയായ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന് (ആര്‍ബിഡിസികെ) പണം കൊടുത്തത്. യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് നടത്തിയ ഈ പണമിടപാട് നിയമവിധേയമായ ഒന്നായിരുന്നില്ല.
632 മീറ്റര്‍ ആയിരുന്നു മേല്‍പ്പാലത്തിന്റെ നീളം. നാലുവരിയായി 15 മീറ്റര്‍ ആണ് ക്യാരേജ് വേ. ബംഗളൂരു ആസ്ഥാനമായുള്ള നാഗേഷ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഫ്ളൈ ഓവര്‍ ഡിസൈന്‍ ചെയ്തത്. ഈ ഡിസൈന്‍ പരിശോധിച്ച് ശരിയാണെന്നു സര്‍ട്ടിഫൈ ചെയ്തത് കിറ്റ്‌കോ ലിമിറ്റഡ് കൊച്ചിയും. കരാറെടുത്ത, ഡല്‍ഹി ആസ്ഥാനമായ ആര്‍ഡിഎസ് കണ്‍സ്ട്രക്ഷനാണു പാലത്തിന്റെ രൂപരേഖ തയാറാക്കി ബന്ധപ്പെട്ട ഏജന്‍സികളില്‍നിന്ന് അനുമതി വാങ്ങിയത്. 2014 സെപ്തംബറില്‍ നിര്‍മാണം തുടങ്ങിയ പാലം, 2016 ഒക്ടോബറിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് ഗതാഗതത്തിനായി തുറന്നു നല്‍കുന്നത്. എന്നാല്‍, ഒരു വര്‍ഷം പൂര്‍ത്തിയാകും മുന്നെ പാലത്തിന്റെ ടാറിങ് ഇളകി, തൂണുകളില്‍ വിള്ളല്‍ ഉണ്ടായി. ഗര്‍ഡറുകള്‍ക്ക് തകരാറുണ്ടായി.
2017 ജൂലൈയില്‍തന്നെ പാലത്തിന്റെ ഉപരിതലത്തില്‍ ഇരുപതിലധികം കുഴികള്‍ രൂപപ്പെട്ടു. കുഴികളില്‍ വെള്ളം നിറഞ്ഞതോടെ ഒട്ടേറെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുകയും ചെയ്തു. പാലത്തിനു കേടുപാടുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടു വന്നിട്ടും കാര്യങ്ങള്‍ ഗൗരവമായി കാണാതെ വീണ്ടും ടാറിങ് നടത്തി തലയൂരാനുള്ള ശ്രമത്തിലായിരുന്നു ആര്‍ബിഡിസികെ. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം പൊതുമരാമത്തു വകുപ്പും പിന്നീട് മദ്രാസ് ഐഐടിയും പഠനം നടത്തിയത്.
മദ്രാസ് ഐഐടി സ്ട്രക്ചറല്‍ എന്‍ജീയറിംഗ് ലാബിലെ പ്രൊഫസര്‍ അളഗ് സുന്ദരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള വിദഗ്ദര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര കൃത്യവിലോപങ്ങളായിരുന്നു. സാധാരണ പാലത്തിന്റെ പൈലുകളുടെ മീതെ ബയറിംഗ് സ്ഥാപിച്ച് അവയ്ക്കു മേലെയാണ് ഗര്‍ഡറുകള്‍ വയ്ക്കുന്നത്. കൂടുതല്‍ ലോഡുള്ള വാഹനങ്ങള്‍ കയറുമ്പോഴും കുറഞ്ഞ ലോഡുള്ള വാഹനങ്ങള്‍ കയറുമ്പോഴും ഈ ഗര്‍ഡറുകള്‍ താഴ്ന്നു കൊടുക്കും. ഇതിനാണ് ബയറിംഗ് വയ്ക്കുന്നത്. പാലാരിവട്ടത്ത് അത് തോന്നുംപോലെയായി. ഗര്‍ഡറുകള്‍ താഴുന്നത് നിശ്ചിത അളവിലും കൂടുതലായിട്ടായിരുന്നു. ഇതുമൂലം ഒരു ഗര്‍ഡറില്‍ നിന്നും അടുത്തതിലേക്കുള്ള ഗ്യാപ്പ് കൂടും. ഗ്യാപ്പ് കൂടുന്നതിനനുസരിച്ച് പാലത്തിന്റെ ഉലച്ചില്‍ കൂടും. കോണ്‍ക്രീറ്റ് പൊട്ടും. ടാറിംഗ് ഇളകും. ഇതോടൊപ്പം ഒരോ പൈലിന്റെ മീതെയുള്ള പ്രഷറും വര്‍ദ്ധിക്കും.
ഭാരമൊന്നും വഹിക്കാത്ത സമയത്ത് ഒരു പാലം എത്ര പൊക്കത്തില്‍ ഇരുന്നോ, കൂടുതല്‍ കനമുള്ളപ്പോള്‍ എത്ര പൊക്കത്തില്‍ ഇരുന്നോ ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം നിശ്ചിത അളവില്‍ കൂടാന്‍ പാടില്ലെന്നാണ്. എന്നാല്‍ പാലാരിവട്ടം മേല്‍പ്പാലത്തില്‍ ആ അളവൊക്കെ തെറ്റി. അളവ് തെറ്റിയാല്‍ പാലത്തില്‍ കൂടി കടന്നു പോകുന്ന വണ്ടികള്‍ക്ക് ചാട്ടം കൂടുതലാകും. അങ്ങനെ ചാട്ടം കൂടുതലായാല്‍ പാലത്തിന്റെമേലുള്ള പ്രഷര്‍ കൂടും. അതുവഴി പാലത്തിന് ബലക്ഷയം ഉണ്ടാകും.
സാധാരണ പാലത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ ചാട്ടം ഒഴിവാക്കാനായി ഇരുമ്പിന്റെ സ്പാനുകള്‍ (എക്സാപാന്‍ഷന്‍ ജോയിന്റുകള്‍) വച്ച് ടാര്‍ ചെയ്യുകയാണ് പതിവ്. എക്സ്പാന്‍ഷന്‍ ജോയിന്റുകള്‍ക്ക് പകരം ഡെക്ക് കണ്ടിന്യൂറ്റി എന്ന പുതിയ രീതിയിലുള്ള നിര്‍മാണമാണ് പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഉപോഗിച്ചത്. ഡെക്ക് കണ്ടിന്യൂറ്റി സിസ്റ്റം ഉപയോഗിച്ചാല്‍ ഗര്‍ഡറുകള്‍ തമ്മിലുള്ള ഗ്യാപ്പുകള്‍ക്കിടയില്‍ വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയേറുകയും അത് പാലത്തിന്റെ ബലക്ഷയത്തിന് കാരണമാകുകയും ചെയ്യും.
പാലം പോലെ മര്‍മ്മപ്രധാനമായൊരു നിര്‍മാണത്തില്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ അതിന്റെ പ്രായോഗികത നോക്കിയില്ല എന്നത് ഏറ്റവും ഗുരുതരമായ വീഴ്ച്ചയായി. കാലാവസ്ഥ, ട്രാഫിക്, പാലം നിലനില്‍ക്കുന്ന പ്രദേശത്തിന്റെ അവസ്ഥ ഇങ്ങനെ പല കാര്യങ്ങളും പരിഗണിച്ചുവേണമായിരുന്നു ഒരു സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ തീരുമാനം എടുക്കേണ്ടിയിരുന്നത് എന്നാണ് നിര്‍മാണത്തിലെ അപകാതകള്‍ പരിശോധിച്ചവര്‍ കണ്ടെത്തിയത്. ഐഐടി അറ്റകുറ്റപ്പണി നിര്‍ദേശിച്ചതോടെയാണ് പാലം അടച്ചിട്ടത്.
അഴിമതിയും കൃത്യവിലോപവും
പാലം നിര്‍മ്മാണത്തില്‍ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരനായിരുന്നു പ്രസ്താവന നടത്തിയത്. പാലത്തിന്റെ ഡിസൈന്‍ കണ്‍സള്‍ട്ടന്‍റായ കിറ്റ്‌കോയുടെയും പദ്ധതി നടപ്പാക്കിയ ആര്‍ബിഡിസികെയുടെയും വീഴ്ചയാണു മോശം നിര്‍മ്മാണത്തില്‍ കലാശിച്ചതെന്നും ഡിസൈന്‍ അംഗീകരിച്ചതു മുതല്‍ മേല്‍നോട്ടത്തിലെ പിഴവുവരെ പാലത്തിന്റെ ബലക്ഷയത്തിനു കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശീയതലത്തില്‍ ശ്രദ്ധേയമായ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണെങ്കിലും ആര്‍ഡിഎസ് പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ ഗുരുതരമായ കൃത്യവിലോപമാണ് കാണിച്ചത്. നിര്‍മാണം പ്ലാന്‍ ചെയ്തപ്പോള്‍ തൊട്ട് തകരാറുകള്‍ ഉണ്ടായി. ഈ തകരാറുകള്‍ അവസാനം വരെ നീണ്ടു എന്നാണ് പൊതുമരാമത്ത് വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യത്തില്‍ പൂര്‍ണമായ ഉത്തരവാദിത്തം കോണ്‍ട്രാക്റ്റിംഗ് കമ്പനിക്ക് തന്നെയാണെന്നാണ് വകുപ്പ് പറയുന്നത്. അതേസമയം കോണ്‍ട്രാക്റ്റിംഗ് കമ്പനി തയ്യാറാക്കുന്ന പദ്ധതി പരിശോധിച്ച് ശരിയാണോ, പിഴവുകളുണ്ടോയെന്ന് കണ്ടെത്താനുള്ള ചുമതല ഏല്‍പ്പിച്ചിരുന്ന കിറ്റ്‌കോ ആ ചുമതല ഉത്തരവാദിത്തത്തോടെ നിര്‍വഹിച്ചില്ല.
അതേസമയം, ആർഡിഎസ് കമ്പനിക്കു വിവാദങ്ങൾക്കിടയിലും സർക്കാർ നൽകിയതു തലസ്ഥാനത്തെ പാളയം കണ്ണിമാറ മാർക്കറ്റ് നവീകരണം ഉൾപ്പെടെയുള്ള കരാറുകളാണ്. പാളയം മാർക്കറ്റ് പ്രവർത്തിക്കുന്ന ഒന്നേ മുക്കാൽ ഏക്കർ സ്ഥലത്ത് 118.22 കോടി രൂപ ചെലവഴിച്ച് 5 നില കെട്ടിടം പണിയുന്നതാണു നവീകരണ പദ്ധതി. ആലപ്പുഴ ബൈപാസിന്റെയും കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെയും നിർമാണത്തിൽ ഇവർ പങ്കാളികളാണ്. കെഎസ്ടിപി രണ്ടാംഘട്ട പദ്ധതിയിലെ കോന്നി–പുനലൂർ ഭാഗത്തെ കരാറും ആർഡിഎസ് അടങ്ങിയ സംയുക്ത സംരംഭത്തിനാണ് ലഭിച്ചത്. പാലാരിവട്ടം പാലം പദ്ധതിയുടെ പശ്ചാത്തലത്തില്‍ ആർഡിഎസ് പ്രോജക്ട്സിനെ വിലക്കുപട്ടികയിൽപ്പെടുത്താൻ നടപടി ആരംഭിച്ചുവെന്ന് സർക്കാർ കഴിഞ്ഞ നവംബറിൽ ഹൈക്കോടതിയെ അറിയിച്ചെങ്കിലും തുടർനടപടി ഇഴഞ്ഞുനീങ്ങുകയാണ്. ആർഡിഎസ് കരാറെടുത്ത സംസ്ഥാനത്തെ മറ്റു പ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്ന ആശങ്കയാണ് ഇതിനു പിന്നിലെന്നുള്ള ആരോപണങ്ങളും ശക്തം.
ധൃതി പിടിച്ച്, സാമ്പത്തിക ലാഭം മുന്‍നിര്‍ത്തി, വീഴ്ചകള്‍ അവഗണിച്ച് നടത്തിയ നിര്‍മ്മാണം തന്നെയാണ് പാലാരിവട്ടം പാലം തകരാനുള്ള കാരണം. ഇതിന്‍റെ ഫലമായി കുണ്ടന്നൂര്‍ മുതല്‍ ഇടപ്പള്ളി വരെയുള്ള ട്രാഫിക് കരുക്കില്‍ വലയുകയാണ് ജനം. നിലവില്‍ വൈറ്റിലയിലേയും കുണ്ടന്നൂരിലെയും മേല്‍പ്പാലങ്ങളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നു വരുന്നതുകൊണ്ട് രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. മണിക്കൂറുകളോളം റോഡില്‍ കുരുങ്ങിക്കിടക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. ജനങ്ങളുടെ നികുതി പണം കൊണ്ട് നിര്‍മിച്ച ഒരു പാലമാണ് നിര്‍മാണത്തിലെ അപാകതകള്‍ കൊണ്ട് പൊളിഞ്ഞത്. അതിന്റെ ദുരിതം ജനങ്ങള്‍ തന്നെ ഏറ്റെടുക്കേണ്ടി വരുന്നതും പുതിയ പാലം നിര്‍മിക്കേണ്ടി വരുന്നതും വിരോധാഭാസം എന്നല്ലാതെ എങ്ങനെ വിലയിരുത്തും.
വിജിലന്‍സ് അന്വേഷണവും അറസ്റ്റും
പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജ്, നിര്‍മാണ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്സ് എംഡി സുമിത് ഗോയല്‍, കിറ്റ്‌കോ മുന്‍ എംഡി ബെന്നി പോള്‍, ആര്‍ബിഡിസികെ മുന്‍ അഡീഷനല്‍ മാനേജര്‍ എംടി തങ്കച്ചന്‍ എന്നിവരെയായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ സുമിത് ഗോയലാണ് ഒന്നാം പ്രതി.
പാലാരിവട്ടം പാലം നിര്‍മാണത്തിന് മുന്‍കൂര്‍ പണം നല്‍കിയത് ആര്‍ബിഡിസികെയുടെ അന്നത്തെ എംഡിയുടെ ശുപാര്‍ശയില്‍ മന്ത്രിയുടെ ഉത്തരവിലാണെന്നാണ് പാലം നിര്‍മാണ അഴിമതിക്കേസില്‍ അറസ്റ്റിലായ ടിഒ സൂരജ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് പ്രതി ചേര്‍ത്തത്. 8,25,59,768 രൂപയാണ് മുന്‍കൂറായി നല്‍കിയത്. തുക നൽകാനുള്ള ഇബ്രാഹിം കുഞ്ഞിന്റെ തീരുമാനത്തിനനുസരിച്ച് പ്രവർത്തിക്കുകയാണ് താൻ ചെയ്‌തതെന്നും ജാമ്യാപേക്ഷയിൽ ടിഒ സൂരജ് വ്യക്തമാക്കിയിരുന്നു.
വകുപ്പിലെ അസിസ്റ്റന്റ് സെക്രട്ടറി മുതൽ അഡീഷണൽ സെക്രട്ടറിവരെ പരിശോധിച്ചാണ് ഫയൽ തന്നതെന്നും അത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ അന്തിമ തീരുമാനത്തിന് സമർപ്പിച്ചതായും ടിഒ സൂരജ് പറഞ്ഞിരുന്നു. പലിശയില്ലാതെ പണം നൽകാനായിരുന്നു ഉത്തരവ്. മറ്റൊരു നിർദേശവുമില്ലായിരുന്നു. തന്റെ തീരുമാനപ്രകാരമാണ് തുകയ്‌ക്ക് ഏഴുശതമാനം പലിശ ഏർപ്പെടുത്തിയതെന്നുമാണ് സൂരജ് കോടതിയെ അറിയിച്ചത്. ഇതിനു പിന്നാലെ ഫെബ്രുവരിയില്‍ മൂന്നു വട്ടം വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.
മന്ത്രിയുടെ നടപടി സർക്കാരിന് ഒരുകോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണക്കാക്കുന്നത്. മുൻകൂർ പണം പിന്നീട് കരാറുകാരൻ കൈക്കൂലിയിനത്തിൽ നൽകിയെന്നും വിജിലൻസ് കണ്ടെത്തി. അഡ്വാൻസ് നൽകില്ലെന്നത് മന്ത്രിതന്നെ പറഞ്ഞതായി ടെൻഡറിൽ പങ്കെടുത്ത മറ്റു കരാറുകാർ പിന്നീട് വെളിപ്പെടുത്തിയതും ഇബ്രാഹിംകുഞ്ഞിന് കൂടുതൽ കുരുക്കായി. ടിഒ സൂരജിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാർച്ച് മൂന്നിന് ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അഴിമതി നിരോധന നിയമ പ്രകാരം ഗവർണറുടെ അനുമതിയോടെയാണ് ഇബ്രാഹിംകുഞ്ഞിനെ പ്രതിചേർത്തത്. കേസില്‍ പ്രതിചേര്‍ത്ത് എട്ട് മാസത്തിന് ശേഷമാണ് ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലാകുന്നത്.
ഇതിനിടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ വികെ ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. പാര്‍ട്ടി മുഖപത്രത്തിന്റെ അക്കൗണ്ടിലേക്കു 2016ല്‍ ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപ നിക്ഷേപിച്ചെന്നും ഇതു പാലാരിവട്ടം മേല്‍പാലം നിര്‍മാണ ഇടപാടില്‍ ലഭിച്ച കോഴയാണെന്നും ആരോപിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയില്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇഡിയുടെ അന്വേഷണം. ഇതിനെതിരെ ഇബ്രാഹിംകുഞ്ഞ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഹൈക്കോടതി അന്വേഷണം തുടരാന്‍ നിര്‍ദേശിച്ചിരുന്നു. പത്രത്തിന്റെ വരിസംഖ്യ ഇനത്തില്‍ ശേഖരിച്ച തുകയാണു നിക്ഷേപിച്ചതെന്നു കാണിക്കുന്ന രേഖകള്‍ ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചതിനു ശേഷം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ഇഡിയുടെ നിലപാട്.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നതെന്നും മുന്‍ മന്ത്രിയെ കുടുക്കാനുള്ള നീക്കങ്ങളാണിതിന്റെ പിന്നിലെന്നുമാണ് പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പ്രതിഭാഗത്തിന്‍റെ വാദം. അതിനുവേണ്ടിയാണു ടിഒ സൂരജിനെ കേസില്‍ കുടുക്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചത്. അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തന്നെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ ന്യൂനതകളും ക്രമക്കേടുകളും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ മറുപടി.
കേസിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും നാഗേഷ് കൺസൾട്ടൻസി ഉടമ ബിവി നാഗേഷിനെയുമാണ് ഇബ്രാഹിംകുഞ്ഞിന് പിന്നാലെ അറസ്റ്റ് ചെയ്തത്. പാലാരിവട്ടം പാലം നിര്‍മാണത്തിന് ആര്‍ഡിഎസ് പ്രോജക്ട്സിന് കരാര്‍ നൽകുമ്പോൾ മുഹമ്മദ് ഹനീഷ് ആയിരുന്നു റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷന്‍റെ തലപ്പത്ത്. ചട്ടപ്രകാരം കരാറുകാരനില്‍ നിന്ന് സുരക്ഷാ നിക്ഷേപം ഈടാക്കുന്നതില്‍ വീഴ്ച വരുത്തി, കരാറുകാരന് അനധികൃതമായി മൊബിലൈസേഷൻ അഡ്വാന്‍സ് അഥവാ മുന്‍കൂര്‍ വായ്പ അനുവദിക്കുന്നതിന് കൂട്ടു നിന്നു എന്നീ കുറ്റങ്ങളാണ് വിജിലന്‍സ് ഹനീഷിനെതിരെ ചുമത്തിയത്. കേസില്‍ പത്താം പ്രതിയാണ് ഹനീഷ്. കിറ്റ്‌കോ കണ്‍സള്‍ട്ടന്റുമാരായ എംഎസ് ഷാലിമാര്‍, നിഷ തങ്കച്ചി, ബംഗളൂരു നാഗേഷ് കണ്‍സള്‍ട്ടന്‍സിയിലെ എച്ച്എല്‍ മഞ്ജുനാഥ്, സോമരാജന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
നിർമാണക്കരാർ ഏറ്റെടുത്ത ആർഡിഎസ് ഗ്രൂപ്പ് എംഡിയും ഒന്നാം പ്രതിയുമായ സുമിത് ഗോയലിന് ലാഭമുണ്ടാക്കാനായി പ്രവർത്തിച്ചുവെന്നാണ് ബിവി നാഗേഷിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ വിജിലൻസ് ചൂണ്ടിക്കാട്ടുന്നത്. സുമിത് ഗോയലിന് ലാഭമുണ്ടാക്കാനായി നാഗേഷ് പ്ലാൻ വരച്ചുകൊടുത്തെന്നും ഇതിനായി ഗൂഢാലോചന നടത്തിയെന്നുമാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. നാഗേഷ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിജിലൻസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം തുടരുമ്പോള്‍ അഴിമതിയുടെ കറപുരണ്ട കരങ്ങള്‍ ഇനിയും വെളിച്ചത്ത് വരാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.
ഭരണ-പ്രതിപക്ഷ വാദ പ്രതിവാദങ്ങള്‍
സാമ്പത്തിക തട്ടിപ്പ് കേസില്‍ എംസി ഖമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റിന് പിന്നാലെ ഇബ്രാഹിംകുഞ്ഞും പിടിയിലായത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ടിഒ സൂരജ് അറസ്റ്റിലായി ഒരു വർഷത്തിനുശേഷമാണ് വികെ ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ പ്രേരിതമായ നടപടിയാണിതെന്ന വാദവുമായി പ്രതിപക്ഷം രംഗത്ത് വരികയും ചെയ്തു.
സ്വർണക്കടത്ത് കേസ്, സിഎജി റിപ്പോർട്ടിന്‍റെ ചോര്‍ച്ച എന്നിങ്ങനെ സര്‍ക്കാര്‍ പ്രതിരോധത്തിലായ സമയത്താണ് ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ്. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതുൽക്കൽ എത്തി നിൽക്കുന്ന സമയത്ത് യുഡിഎഫിന്റെ മുഖ്യ ഘടകക്ഷിയായ ലീഗിനെ ഉന്നം വച്ചുള്ള നടപടി പ്രതിപക്ഷത്തെ സമ്മർദ്ദത്തിലാക്കുമെന്നത് വ്യക്തം. കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ സ്കൂളിനു പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തിന്മേല്‍ കെഎം ഷാജി എംഎല്‍എയ്ക്കെതിരായ അന്വേഷണവും പുരോഗമിക്കുകയാണ്. സർക്കാർ രാഷ്ട്രീയ ആക്രമണത്തെ നേരിടുമ്പോൾ അതേ നാണയത്തിലുള്ള തിരിച്ചടിയാണ് മികച്ച പ്രതിരോധമെന്ന വിലയിരുത്തലിലാണ് സിപിഎം എത്തുന്നത്.
അതേസമയം, ഒരു തിരക്കും കൂട്ടാതെ പഴുതടച്ചും തെളിവുകൾ കണ്ടെത്തിയും നീക്കിയ അന്വേഷണമാണ് ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റിലേക്ക് നയിച്ചതെന്ന് വിശദീകരിക്കുന്ന ഭരണപക്ഷം അഴിമതിക്കെതിരായ പോരാട്ടത്തിൽ എൽഡിഎഫ് സർക്കാരിന്റെ ധീരമായ ചുവടുവയ്‌പ്പായാണ് പാലാരിവട്ടം പാലം അഴിമതിക്കേസിന്‍റെ പുരോഗതികളെ കാണുന്നത്. കേസ് അന്വേഷണത്തിനൊപ്പം പാലം പൊളിച്ച് സഞ്ചാരയോഗ്യമായ മറ്റൊന്ന് പണിയുക എന്ന ഉത്തരവാദിത്തവും സർക്കാർ ഏറ്റെടുത്തു. കേരള ഹൈക്കോടതിയുടെ ഇടപെടൽ മൂലം ആ നീക്കം ഇടയ്ക്ക് തടസ്സപ്പെട്ടെങ്കിലും സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി വാങ്ങി സർക്കാർ പാലം പണി തുടങ്ങി. ഇ ശ്രീധരന്റെ മേൽനോട്ടത്തിൽ പണി അതിവേഗം പുരോഗമിക്കുന്ന കാര്യം തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ആവേശത്തോടെ പ്രതിധ്വനിക്കുമെന്നതില്‍ സംശയമില്ല. ഒപ്പം പാലം പുതുക്കി പണിയുന്നതിലൂടെ യുഡിഎഫ് സർക്കാരിന്റെ അഴിമതി ജനങ്ങൾക്കുമേൽ കയറ്റിവച്ച അമിതഭാരവും ചര്‍ച്ചയാകും.
രാഷ്ട്രീയ പകപോക്കലിന് പൊലീസിനെയോ വിജിലൻസിനെയോ ഉപയോഗിക്കില്ലെന്ന് ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ഭരണം അവസാനിക്കാറാകുമ്പോള്‍ ആരോപണങ്ങളില്‍പ്പെട്ട് ആവലാതിപ്പെടുന്ന സര്‍ക്കാരിന് പാലാരിവട്ടം പാലം ഒരു പിടിവള്ളി തന്നെയാണ്. അത് യുഡിഎഫിന്‍റെ ഭരണ പരാജയമായി ചൂണ്ടിക്കാട്ടാനായാലും തങ്ങളുടെ ഭരണ നേട്ടമായി ഉയര്‍ത്താനായാലും. പക്ഷെ, മാറി മാറി വന്ന സര്‍ക്കാരുകള്‍ പൊതുഖജനാവ് ധൂര്‍ത്തടിച്ച് കാട്ടുന്ന പ്രഹസനങ്ങള്‍ പൊതുജനങ്ങളുടെ ക്ഷമയെ അങ്ങേയറ്റം പരിഹസിച്ചു കഴിഞ്ഞു എന്ന് മാത്രം സൂചിപ്പിക്കട്ടെ.