കെയ്റോ: ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലാഹിന് കോവിഡ് സ്ഥിരീകരിച്ചു. താരത്തിന് കോവിഡ് സ്ഥിരീകരിച്ച വിവരം ഈജിപ്ത് ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. ആഫ്രിക്കൻ നേഷൻസ് കപ് യോഗ്യത മത്സരത്തിനായി സലാഹ് ഇപ്പോൾ ഈജിപ്തിലാണുള്ളത്.
കോവിഡ് ബാധിച്ചതോടെ താരത്തിന് നവംബർ 21ന് ലെസ്റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗ് മത്സരവും നവംബർ 26ന് അറ്റ്ലാൻറക്കെതിരായ ചാമ്പ്യൻസ്ലീഗ് മത്സരവും സലാഹിന് നഷ്ടമാകും. മികച്ച ഫോം തുടരുന്ന സലാഹ് എട്ടുഗോളുമായി പ്രീമിയർ ലീഗ് ടോപ്സ്കോറർമാരിൽ മുന്നിൽ തന്നെയുണ്ട്. എന്നാൽ വരുന്ന മത്സരങ്ങൾ നഷ്ടമാകുന്നത് താരത്തിന് തിരിച്ചടിയാകും.
ലിവർപൂളിലെ സഹതാരങ്ങളായ തിയാഗേ അൽകൻറാര, ഷെർദാൻ ഷാഖിരി, സാദിയോ മാനേ തുടങ്ങിയവർക്കും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു.