ഭംഗിയുള്ള ഇടതൂര്‍ന്ന മുടിയിഴകള്‍ എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ പലപ്പോഴും ഇത് ഒരു ആഗ്രഹമായി മാത്രം ഒതുങ്ങി പോകുന്നുവെന്നത് സത്യം. വിപണിയില്‍ മാറി മാറി വരുന്ന പലതരം എണ്ണകളും ക്രീമുകളും മുടിയുടെ വളര്‍ച്ചയ്ക്കായി നമ്മള്‍ പരീക്ഷിക്കാറുണ്ട്.
എന്നിട്ടും ആഗ്രഹതിനൊത്ത് ഒരിക്കലും മുടി ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല പരീക്ഷണങ്ങള്‍ ഒക്കെയും ചെന്ന് അവസാനിക്കുന്നത് നിരാശയുടെ വക്കിലാണ്. നമ്മുടെ തന്നെ ശ്രദ്ധക്കുറവാണ് പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തിന് വിലങ്ങ് തടിയാവുന്നത്. കൃത്യമായ പരിപാലനം കൊണ്ട് മുടികൊഴിച്ചില്‍ ഒരു പരിധി വരെ പരിഹരിക്കാനാവും.
മുടികൊഴിച്ചില്‍ മാറ്റി മുടി സമൃദ്ധമായ വളരായ സഹായിക്കുന്ന ഒന്നാണ് മീനെണ്ണ. കൊഴുപ്പ് കൂടിയ മത്സ്യങ്ങളുടെ സംയുക്തകോശങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണയാണിത്. അയല, മത്തി, പുഴമീന്‍, ചെമ്പല്ലി തുടങ്ങിയ മത്സ്യങ്ങളില്‍ നിന്നാണ് മീനെണ്ണ സാധാരണയായി വേര്‍ത്തിരിച്ചെടുക്കുന്നത്. മീനെണ്ണ തിളക്കമുള്ളതും ആരോഗ്യപ്രദവുമായ മുടി വളരാന്‍ ഉത്തമ പരിഹാരമാണ്. മുടികൊഴിച്ചിലും താരനും മാറാനും മീനെണ്ണ സഹായിക്കുന്നു. മീനെണ്ണയ്ക്ക് ആന്റിബാക്ടീരിയല്‍ സ്വഭാവമുള്ളതിനാല്‍ ശിരോചര്‍മ്മം വൃത്തിയായി സൂക്ഷിക്കാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
ഈ ഗുണങ്ങള്‍ക്ക് പുറമെ വാര്‍ദ്ധക്യം, ചൂടുള്ള കാലാവസ്ഥ മൂലം ത്വക്കിന് സംഭവിക്കുന്ന കേടുപാടുകള്‍ എന്നിവയില്‍ നിന്ന് രക്ഷ നേടാനും ഈ എണ്ണ നിങ്ങളെ സഹായിക്കുന്നു. മീനെണ്ണയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 മുടികൊഴിച്ചിലിന് കാരണമാകുന്ന ടിലോജെന്‍ കുറച്ച് മുടിയുടെ ഉള്ളയും അഴകും വര്‍ദ്ധിപ്പിക്കുന്നു. മുടികൊഴിച്ചിലിന് കാരണമാകുന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്ന 5-ആല്‍ഫ റിഡക്‌റ്റേസിന്റെ പ്രവര്‍ത്തനം തടയാനും മീനെണ്ണയ്ക്ക് സാധിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് പ്രധാന പങ്ക് വഹിക്കുന്ന ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും മീനെണ്ണയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
അതേസമയം, മീനെണ്ണയ്ക്ക് ഒരു പ്രത്യേക ദുര്‍ഗന്ധമാണ്. അതുകൊണ്ട് തന്നെ ഈ എണ്ണ ഉപയോഗിക്കുന്നതിന് പലരും മടി കാണിക്കാറുണ്ട്. എന്നാല്‍ മീനെണ്ണയില്‍ ്അല്‍പ്പം ഒലീവ് ഓയില്‍ ചേര്‍ത്ത് ഉപയോഗിച്ചാല്‍ ദുര്‍ഗന്ധത്തിന് പരിഹാരമാവും. മത്സ്യത്തില്‍ ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി അടങ്ങിയിട്ടുള്ളതിനാല്‍, ഏതെങ്കിലും തരത്തില്‍ ആരോഗ്യപ്രശ്‌നം നേരിടുന്ന ആളാണെങ്കില്‍ മീനെണ്ണ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.