എംസി കമറുദ്ദീന്‍; വളര്‍ച്ചയും വീഴ്ച്ചയും

ലീഗ് നേതൃത്വത്തിലേക്ക് പടിപടിയായി വളര്‍ന്നുവന്ന നേതാവാണ് എംസി കമറുദ്ദീന്‍. ചെര്‍ക്കളം അബ്ദുള്ളയ്ക്ക് ശേഷം ലീഗിന്റെ തുളുനാടന്‍ മുഖമായി മാറിയ നേതാവ്. കാസര്‍കോട് ജില്ലയിലെ മുസ്ലീം ലീഗിലും യുഡിഎഫ് രാഷ്ട്രീയത്തിലും അവസാന വാക്ക്. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താന്റെ വിജയവും പിന്നീട് ലഭിച്ച എംഎൽഎ സ്ഥാനവും കമറുദ്ദീൻ എന്ന നോതാവിനെ സമാനതകളില്ലാതെ വളരാന്‍ അനുവദിച്ചു. ആ ഉയരത്തിൽ നിന്നാണ് ശതകോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ കമറുദ്ദീന്‍ നിലംപതിക്കുന്നത്. മുസ്‌ലിം ലീഗിന്റെ ഒരു എംഎൽഎ ക്രിമിനൽ കേസിൽ പ്രതിയായി അറസ്റ്റിലാകുന്നത് നിയമസഭാ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. രാഷ്ട്രീയ പ്രേരിതമാണെന്ന വ്യാഖ്യാനങ്ങള്‍ ഉണ്ടാകുമ്പോഴും പ്രസ്തുത കേസും തുടർ നടപടികളും കമറുദ്ദീൻ എന്ന നേതാവിന്റെ രാഷ്ട്രീയ ഭാവി നിര്‍വ്വചിക്കുന്നതില്‍ ഇനി നിര്‍ണായക ഘടകമായിരിക്കും.

നേതൃത്വത്തിന് പ്രിയപ്പെട്ട കമറുദ്ദീന്‍

കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരില്‍ എപി മുഹമ്മദ് കുഞ്ഞിയുടെ മകനായി ജനിച്ച എംസി കമറുദ്ദീന്‍ എംഎസ്എഫിലൂടെയാണ് രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്തത്. 1978ല്‍ തളിപ്പറമ്പ് സര്‍സയ്യിദ് കോളേജില്‍ നിന്ന് പ്രീ- ഡിഗ്രീ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കമറുദ്ദീന്‍ യൂത്ത് ലീഗിലൂടെ വളര്‍ന്നു. ചെർക്കളം അബ്ദുള്ള മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ആയിരുന്നപ്പോൾ 10 വർഷത്തോളം ജില്ലാ ജനറൽ സെക്രട്ടറി ആയിരുന്നു കമറുദ്ദീന്‍. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കരകൗശല വികസന കോർപറേഷൻ ചെയർമാനുമായി. ‌2017 ൽ ചെർക്കളം ശാരീരിക അവശതകൾ കാരണം ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ കമറുദ്ദീന് ആ സ്ഥാനത്തേക്ക് കയറ്റവും കിട്ടി. ചെർക്കളത്തിന്റെ വിയോഗത്തിനു ശേഷമാണ് 2018 ൽ യുഡിഎഫ് ജില്ലാ ചെയർമാനാകുന്നത്. അതോടെ മുസ്‌ലിം ലീഗ് നേതൃത്വത്തിലും യുഡിഎഫ് രാഷ്ട്രീയത്തിലും കമറുദ്ദീന്റെ കാലമായിരുന്നു.


എംഎല്‍എയായിരുന്ന പിബി അബ്ദുൾ റസാക്കിന്റെ മരണത്തെത്തുടർന്ന് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ കമറുദ്ദീനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ഒരു വിഭാഗം പരസ്യ പ്രതിഷേധം ഉയർത്തിയിരുന്നു. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹിയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന എകെഎം അഷറഫിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി അന്ന് മുറവിളികള്‍ ഉയര്‍ന്നതാണ്. മ‍ണ്ഡലത്തിന്‍റെ വികാരം ഉള്ളാലെയറിയുന്ന യുവജന നേതാവുണ്ടായിട്ടും തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പടന്ന സ്വദേശിയായ കമറുദ്ദീനെ എന്തിന് മഞ്ചേശ്വരത്തിന്‍റെ സാരഥിയാക്കണം എന്നതായിരുന്നു മുഖ്യ ചോദ്യം.

എന്നാല്‍ ലീഗ് നേതൃത്വം കമറുദ്ദീനൊപ്പം നിന്നു. പികെ കുഞ്ഞാലിക്കുട്ടി എംപി തന്നെ മഞ്ചേശ്വരത്ത് കേന്ദ്രീകരിച്ചാണ് അന്നു പ്രചാരണം നയിച്ചത്. അട്ടിമറികള്‍ പ്രവചിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ എണ്ണായിരത്തിനടുത്ത വോട്ടിന് കമറുദ്ദീന്‍ ജയിച്ചുകയറി. വിജയത്തിനു ശേഷം പാർട്ടിയിലെ അപസ്വരങ്ങൾ ഇല്ലാതാക്കി മഞ്ചേശ്വരത്തേക്ക് കമറുദ്ദീന്‍ താമസം മാറ്റുകയും ചെയ്തു. മഞ്ചേശ്വരത്തേക്കാള്‍ കാസര്‍കോടിനോടായിരുന്നു കമറുദ്ദീന് പ്രിയം. അടുത്ത തവണ കാസര്‍കോട്ടേക്ക് ചുവടുമാറാനും പദ്ധതിയിട്ടതാണ്. അത് നേടിയെടുക്കാനുള്ള സ്വാധീനം പാര്‍ട്ടിയിലും പാണക്കാട്ടും കമറുദ്ദീനുണ്ടായിരുന്നു.


നാട്ടിലെ ബിസിനസ് പ്രമുഖര്‍ക്കും കമറുദ്ദീന്‍ പ്രിയപ്പെട്ടവനായിരുന്നു. ഇത്തരം ബന്ധങ്ങളിലൂടെ സാധ്യമായ, പാര്‍ട്ടിയുടെ ‘ഫണ്ട് റെയ്സര്‍’ എന്ന പദവിയാണ് കമറുദ്ദീന് തുണയായത്. ഈ വഴിക്കു തന്നെയാണ് കുഞ്ഞാലിക്കുട്ടിയുമായി അടുപ്പം കെട്ടിപ്പടുത്തതും. പ്രാദേശികമായി വേരുകളില്ലാതിരുന്ന കമറുദ്ദീന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ വെളിച്ചം വീശിയതിന്‍റെ വലിയൊരു പങ്കും കുഞ്ഞാലിക്കുട്ടിക്ക് അവകാശപ്പെട്ടതാണ്. അതുകൊണ്ട് തന്നെയാണ് കമറുദ്ദീനെതിരായ നീക്കം കുഞ്ഞാലിക്കുട്ടിക്കെതിരായ നീക്കമാകുന്നതും.

വഖഫ് ഭൂമി ഇടപാട് വിവാദം

എംഎല്‍എയായി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കമറുദ്ദീനെ തേടി വിവാദങ്ങളും എത്തിത്തുടങ്ങിയിരുന്നു. തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടിലായിരുന്നു കമറുദ്ദീനെതിരെ ആരോപണം ഉയര്‍ന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള തൃക്കരിപ്പൂരിലെ ജാമിയ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്‍റെ ഭൂമി കമറുദ്ദീന്‍ എംഎല്‍എ ചെയര്‍മാനും മുസ്ലീം ലീഗ് നേതാക്കള്‍ ഭാരവാഹികളുമായ കോളേജ് ട്രസ്റ്റ് തട്ടിയെടുത്തു എന്നായിരുന്നു പരാതി. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ കെട്ടിടമടക്കം രണ്ട് ഏക്കറോളം വരുന്ന ഭൂമി ആറു കോടി വിലമതിക്കുന്നതായിരുന്നു. എന്നാല്‍ കോവിഡിനെ മറയാക്കി രഹസ്യ രജിസ്ട്രേഷനിലൂടെ എംഎല്‍എയും സംഘവും ഇത് കേവലം മുപ്പത് ലക്ഷത്തിന് കൈക്കലാക്കിയെന്നതായിരുന്നു ആരോപണം.

കോളേജ് ട്രസ്റ്റിന് വില്പന നടത്തിയ മണിയനോടിയിലെ വിവാദ വഖഫ് ഭൂമിയും സ്കൂൾ കെട്ടിടവും

ഫെബ്രുവരി 20ന് യോഗം ചേര്‍ന്നതായും ഭൂമി കൈമാറാന്‍ കമറുദ്ദീന്‍റെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി മാനേജിങ് ഡയറക്ടറായ പൂക്കോയ തങ്ങളെ ചുമതലപ്പെടുത്തിയതായും രേഖയുണ്ടാക്കി, ജാമിയയുടെ ഒരു ഭാരവാഹിയായ ഒടി അഹമ്മദ് ഹാജിയുടെ തൃക്കരിപ്പൂരിലെ എട്ടാം വാര്‍ഡിലെ വീട്ടില്‍ വച്ചായിരുന്നു രഹസ്യമായി രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചത്. ജനറല്‍ ബോഡി ചേരുകയോ മറ്റ് കമ്മിറ്റി ഭാരവാഹികളുടെ അറിവോ ഇല്ലാതെയായിരുന്നു കൈമാറ്റം.

ഭൂമി കൈമാറ്റത്തിനെതിരെ പരാതി നല്‍കിയത് സമസ്തയുടെ യുവജന സംഘടനയായ എസ്കെഎസ്എസ്എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറിയും സമസ്ത ജില്ലാ മുശാവറ അംഗവും ജാമിയ ഇസ്ലാമിയ വൈസ് പ്രസിഡന്‍റുമായ താജുദ്ദീന്‍ ദാരിമിയും അഭിഭാഷകനായ ഷുക്കൂറുമായിരുന്നു. പ്രശ്നം സമുദായത്തെയാകെ നാണക്കേടിലാക്കിയെങ്കിലും ലീഗിന്‍റെ സമ്മര്‍ദ്ദത്തിനു വഴങ്ങി സമസ്തയും ആദ്യഘട്ടത്തില്‍ ഇതിനോട് പ്രതികരിച്ചിരുന്നില്ല. അതേസമയം, ഈ ഭൂമി വഖഫ് ഭൂമിയാണെന്നും കൈമാറ്റം നിയമവിരുദ്ധമാണെന്നും വഖഫ് ബോര്‍ഡിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനു പിന്നാലെ കോഴിക്കോട് ചേളാരിയില്‍ നടന്ന സമസ്ത മുശാവറ യോഗത്തില്‍ ഭൂമി തിരിച്ചു നല്‍കുമെന്ന് എംഎല്‍എ ചെയര്‍മാനായ ട്രസ്റ്റ് സമസ്തയെ അറിയിച്ചു. ഏഴ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കോളേജ് ട്രസ്റ്റിന്‍റെ പേരില്‍ മുന്ന് കോടിയോളം ഓഹരി പിരിച്ചതായും പുറത്തുവന്നിട്ടുണ്ട്.


കോളേജ് നടത്തിപ്പിലും പാകപ്പിഴകള്‍

എംസി കമറുദ്ദീന്‍ ചെയര്‍മാനായ തൃക്കരിപ്പൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന് ആവശ്യമായ അനുമതി വാഗ്ദാനം ചെയ്ത് 85 പേരില്‍ നിന്ന് 5 ലക്ഷം വീതം പിരിച്ചെടുത്തെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. 2013ലാണ് കച്ചവട ആവശ്യങ്ങൾക്കായി തൃക്കരിപ്പൂർ വൾവക്കാട് നിർമിച്ച കെട്ടിടത്തിന്റെ മൂന്നാംനിലയിൽ സുരക്ഷാമാനദണ്ഡങ്ങൾ പോലും പാലിക്കാതെ കോളേജ് പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ യുഡിഎഫ് സർക്കാരാണ്‌ കോളേജിന്‌ പ്രവർത്തനാനുമതി നൽകിയത്. കണ്ണൂര്‍ സർവകലാശാലയെ കബളിപ്പിച്ചായിരുന്നു കോളേജിന്റെ‌ നടത്തിപ്പ്. പ്രവേശനത്തിനായി വിദ്യാര്‍ത്ഥികളില്‍ നിന്ന് ‌വൻ തുക ഡൊണേഷന്‍ വാങ്ങുകയും ചെയ്തിരുന്നു‌.

കഴിഞ്ഞ വർഷം ആയിറ്റിയിലെ സ്വകാര്യ സ്കൂളിന്റെ രേഖ കാണിച്ച്‌ കോളേജ്‌ കെട്ടിടം എന്ന്‌ തെറ്റിദ്ധരിപ്പിച്ചാണ്‌ സർവകലാശാലയുടെ‌ അഫിലിയേഷൻ നേടിയെടുത്തത്. ഈ വർഷം വഖഫ് ഭൂമിയുടെ രേഖവച്ച് അംഗീകാരം നേടാനുള്ള ശ്രമം നടക്കുമ്പോഴാണ്‌ ഭൂമി വിവാദത്തിൽപ്പെട്ടത്‌. ഇതോടെ കണ്ണൂര്‍ സർവകലാശാല അഫിലിയേഷൻ തടഞ്ഞു. നിലവിലെ കെട്ടിടത്തിൽ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോളേജ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ആറ് മാസംകൊണ്ട് പുതിയ കെട്ടിടത്തിലേക്ക് മാറണമെന്ന നിബന്ധനയോടെ കുട്ടികളുടെ പ്രവേശനം തുടരാൻ കോടതി അനുവദിച്ചു. എന്നാൽ ഇതുവരെ കെട്ടിടം മാറാനുള്ള നടപടി തുടങ്ങിയിട്ടില്ല. ഇതോടെ നാനൂറോളം കുട്ടികളുടെ പഠനമാണ് അവതാളത്തിലായിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ജ്വല്ലറി തട്ടിപ്പ് വിവാദം പൊട്ടിപ്പുറപ്പെടുന്നത്.


എംഎല്‍എയെ പൂട്ടിയ ജ്വല്ലറി തട്ടിപ്പ്

നിക്ഷേപം സ്വീകരിക്കുന്നതിന് വ്യക്തമായ നിയമങ്ങള്‍ നാട്ടില്‍ നിലനില്‍ക്കുന്നതിനിടെ അതെല്ലാം നോക്കുകുത്തിയാക്കിക്കൊണ്ട് നടന്ന ജ്വല്ലറി തട്ടിപ്പാണ് ഫാഷൻ ഗോൾഡ് കേസ്. മുസ്ലീം ലീഗ് എംഎൽഎയായ എംസി കമറുദ്ദീൻ പ്രതിയായ തട്ടിപ്പ് കേസ് എന്ന നിലയില്‍ തന്നെയാണ് ഫാഷൻ ജ്വല്ലറി തട്ടിപ്പ് രാഷ്ട്രീയ കേരളത്തിലെ സജീവ ചർച്ചാ വിഷയമായത്. നൂറു കണക്കിന് ആളുകളിൽ നിന്നും ലക്ഷക്കണക്കിനു രൂപയും സ്വർണവും നിക്ഷേപമായി വാങ്ങിയെന്നും തിരികെ നൽകാതെ വിശ്വാസ വഞ്ചന കാട്ടിയെന്നുമാണ് എംഎൽഎയ്ക്ക് എതിരെയുള്ള പരാതി. എംസി കമറുദ്ദീനും മാനേജിംഗ് ഡയറക്ടർ ടികെ പൂക്കോയ തങ്ങൾക്കും എതിരെയാണ് പരാതികൾ ഉയർന്നത്.

സ്വർണ നിക്ഷേപത്തിന്റെ പേരിൽ 15 കോടി രൂപയുടെ തട്ടിപ്പാണ് കമറുദ്ദീൻ നടത്തിയത്. സംഭവത്തിൽ 115 വഞ്ചനാ കേസുകൾ കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് സെപ്തംബറിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്യുന്നത്. രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ ഉന്നതരായ നേതാക്കളുടെ സ്ഥാപനമായതിനാൽ നിരവധിയാളുകള്‍ വിശ്വാസ്യതയുടെ പേരിൽ ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപത്തിന് തയ്യാറായിരുന്നു.

പൂക്കോയ തങ്ങളും എംസി കമറുദ്ദീനും

2006ലാണ് ചന്തേര ആസ്ഥാനമാക്കി ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ രൂപീ‌കരിക്കുന്നത്. തുടർന്ന് 2008ൽ ഒമർ ഫാഷൻ ഗോൾഡ്, 2009ൽ നുജൂം ഗോൾഡ്, 2012ൽ ഫാഷൻ ഓർണമെന്റ്സ് എന്നീ സ്ഥാപനങ്ങൾ കൂടി രജിസ്റ്റർ ചെയ്തു. ഈ നാല് കമ്പനികളും ഒന്നാണെന്നാണ് അന്ന് നിക്ഷേപകരോട് പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ച് ഏകദേശം 750ഓളം ആളുകള്‍ പണം നിക്ഷേപിക്കുകയും ചെയ്തു.

പണം തിരിച്ചുകിട്ടാതായെങ്കിലും ആദ്യഘട്ടങ്ങളിൽ ഇവർ ആരും തന്നെ പരസ്യപ്രതികരണത്തിനോ പരാതി നൽകാനോ തയ്യാറായില്ല. എന്നാൽ, കാസർക്കോടുള്ള ജ്വല്ലറിയുടെ ശാഖകൾ പൂട്ടിയതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് പൊലീസിന് മുന്നിൽ നിരവധി പരാതികളെത്തി. ഒത്തുതീർപ്പിനായി പല രീതിയിലുള്ള ശ്രമങ്ങൾ നടന്നെങ്കിലും നഷ്ടമായ പണം എപ്പോൾ തിരികെ ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തത വരാത്തതിനാൽ അതൊന്നും ഫലം കണ്ടില്ല.

ബിസിനസ് പൊളിഞ്ഞതിനാലാണ് തുക മടക്കി നൽകാൻ സാധിക്കാതിരുന്നതെന്നാണ് ബന്ധപ്പെട്ടയാളുകൾ നൽകുന്ന വിശദീകരണം. ജ്വല്ലറികൾക്കു പൊതുജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കാൻ റിസർവ് ബാങ്ക് അനുമതിയില്ലെന്നിരിക്കെയാണ് സ്വർണക്കടയുടെ പേരിൽ ഒട്ടേറെപ്പേരിൽ നിന്നും ഫാഷൻ ഗോൾഡ് നിക്ഷേപം സ്വീകരിച്ചത്. ഓരോ വർഷവും വിറ്റുവരവ്, ആസ്തി, പുതിയ നിക്ഷേപകരുടെ പേരു വിവരങ്ങൾ എന്നിവ ആർഒസിക്ക് സമർപ്പിക്കണം എന്നാണെങ്കിലും 2017 മുതൽ ഇതൊന്നും ചെയ്തിട്ടില്ല. 3 വർഷം മുൻപു തന്നെ സ്ഥാപനം കടക്കെണിയിലായിരുന്നു എന്നാണ് ഇതോടെ വ്യക്തമായിരിക്കുന്നത്. നിക്ഷേപകർ അറിയാതെ കമ്പനിയുടെ ആസ്തികൾ മറിച്ചു വിറ്റതായും ആരോപണമുയർന്നിരുന്നു. എന്നാൽ, ആസ്തികൾ വിൽക്കുന്നത് നിക്ഷേപകർ അറിയണമെന്നില്ലെന്നാണ് കമറുദ്ദീൻ്റെ അഭിഭാഷകന്‍റെ പ്രതികരണം.


ചന്തേര പൊലീസ് സ്റ്റേഷനിലെ മൂന്നുകേസുകളുടെ അടിസ്ഥാനത്തിലാണ് കമറുദ്ദീനെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അറസ്റ്റുചെയ്തിരിക്കുന്നത്. ജ്വല്ലറി മാനേജിങ് ഡയറക്ടറായ പൂക്കോയ തങ്ങളാണ് കേസിലെ ഒന്നാം പ്രതിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കമറുദ്ദീന്‍ രണ്ടാം പ്രതിയാണെങ്കിലും രണ്ട് പ്രതികള്‍ക്കും കുറ്റകൃത്യത്തില്‍ തുല്യപങ്കാളിത്തമാണുള്ളത്.

നിക്ഷേപകര്‍ക്കുള്ള കരാറാണ് കേസിനാധാരമായ തെളിവുകള്‍. മാസം തോറും ലാഭവിഹിതം നല്‍കാമെന്നും മുന്‍കൂര്‍ ആവശ്യപ്പെട്ടാല്‍ പണം തിരികെ നല്‍കാമെന്നും കരാറില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതു പ്രകാരം നടപടികളുണ്ടായിട്ടില്ല. ഇക്കാര്യം മുന്‍നിര്‍ത്തി വഞ്ചനാക്കുറ്റത്തിന് ഐപിസി 420 പ്രകാരവും വിശ്വാസവഞ്ചനയ്ക്ക് ഐപിസി 406 പ്രകാരവും പൊതുപ്രവര്‍ത്തകനെന്ന ജനസമ്മിതി ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയതിന് ഐപിസി 409 പ്രകാരവുമാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നത് പ്രകാരവും കമറുദ്ദീനെതിരെ കേസുണ്ട്.


എംഎല്‍എ പദവിയുടെ ചൂടറിയും മുമ്പാണ് സാമ്പത്തിക തട്ടിപ്പില്‍ എംസി കമറുദ്ദീന്‍റെ അറസ്റ്റ്. ആരോപണങ്ങളുയര്‍ന്ന ഘട്ടത്തിലെല്ലാം പാര്‍ട്ടി കമറുദ്ദീനൊപ്പം നിന്നെങ്കിലും ഇഡിയും സിബിസിഐഡിയും കേസ് ബലപ്പെടുത്തിയതോടെ അദ്ദേഹത്തിന് യുഡിഎഫ് ചെയർമാന്‍ പദവി രാജിവെക്കേണ്ടി വന്നിരുന്നു. എന്നാല്‍, എംഎല്‍എ പദത്തെക്കുറിച്ച് നേതൃത്വം ഒന്നും പറഞ്ഞില്ല. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന വാക്കില്‍ അവസാനിപ്പിക്കുകയാണ് ലീഗ് നേതാക്കള്‍. വിവാദം മുറുകുകയാണെങ്കിലും തന്‍റെ രാഷ്ട്രീയ ഭാവിക്ക് നേരിയ പ്രതീക്ഷ നല്‍കി നേതൃത്വം കൂടെയുണ്ടെന്നത് എംസി കമറുദ്ദീന് ആശ്വാസമാവുകയാണ്.