ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായി കിടക്കുന്ന തലസ്ഥാന നഗരിയെ പ്രൗഢ ഗംഭീരം എന്ന ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാനാണ് എളുപ്പം. അനന്തശായിയായ പത്മനാഭന്‍റെ അനന്തപുരി വിഭിന്നമായ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലം കൈമുതലായുള്ള നഗരമാണ്. ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഒത്തിണങ്ങിയ ഇവിടം ഭരണസിരാകേന്ദ്രമായും ലോകത്തിലെ തന്നെ മികച്ച വ്യവസായശൃംഖലകള്‍ക്കുള്ള വളക്കൂറുള്ള മണ്ണായും മറ്റ് നഗരങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നു. എന്നാല്‍ കാലാന്തരത്തില്‍ തലസ്ഥാനത്തിന്‍റെ പഴയ പ്രൗഢി നശിച്ചുകൊണ്ടിരിക്കുകയാണെന്ന പൊതുവികാരം നിലനില്‍ക്കുന്നുണ്ട്. ഇഴഞ്ഞു നീങ്ങുന്ന വികസന പ്രവര്‍ത്തനങ്ങളും അതിനു പിന്നിലെ രാഷ്ട്രീയ കോലാഹലങ്ങളും വാക്പോരുകളും ഭിന്നതകളും നഗരത്തിന്‍റെ വികസന സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.
ഈ സാഹചര്യത്തിലാണ് തലസ്ഥാനത്തിന്‍റെ വികസന വഴിയില്‍ നിറം പകരാന്‍ മൂന്ന് മുന്നണികള്‍ക്കും ബദലായി തിരുവനന്തപുരം വികസന മുന്നേറ്റം എന്ന പ്രസ്ഥാനം അവതരിക്കുന്നത്. കോര്‍പറേറ്റുകള്‍, വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍, ടെക്കികള്‍, യുവാക്കള്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലയില്‍ നിന്ന് സമാനനിലപാടുള്ള വ്യക്തികളെ സംഘടിപ്പിച്ച് തിരുവനന്തപുരത്ത് വികസന സമ്മര്‍ദ്ദ ഗ്രൂപ്പായി മാറുകയാണ് ടിവിഎം എന്ന ചരുക്കപ്പേരില്‍ ചര്‍ച്ചയാകുന്ന കൂട്ടായ്മ. പടിവാതുക്കലെത്തിയ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തിയായിരിക്കും ടിവിഎം എന്നതിന്‍റെ ആദ്യ സൂചകമായി തിരുവനന്തപുരം കോര്‍പറേഷനിലെ 35 സീറ്റുകളിൽ മത്സരിക്കുമെന്ന പ്രസ്താവന കൂട്ടായ്മ പുറത്തുവിട്ടു കഴിഞ്ഞു.
കേരളപ്പിറവി ദിനത്തിലാണ് കൂട്ടായ്മയ്ക്ക് ഔദ്യോഗിക രൂപം കൈവന്നത്. കേരളത്തിന്‍റെ അഭിമാനമായ ടെക്നോപാര്‍ക്കിന്‍റെ മുന്‍ സിഇഒ ജി വിജയരാഘവനാണ് ടിവിഎം എന്ന പുത്തന്‍ മുന്നേറ്റത്തിന്‍റെ മുന്‍ നിരയിലുള്ളത്. തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് എസ്എന്‍ രഘുചന്ദ്രന്‍ നായരും മറ്റ് പ്രൊഫഷനലുകളും സജീവ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. തിരുവനന്തപുരത്തെ സൂചിപ്പിക്കാന്‍ ടിവിഎം എന്നാണ് പൊതുവെ ഉപയോഗിക്കുന്നത്. അതിനാലാണ് ടിവിഎം എന്ന് ചുരുക്കപ്പേര് വരുന്ന തരത്തില്‍ കൂട്ടായ്മ നാമകരണം ചെയ്യപ്പെട്ടത്.
“രാജ്യത്ത് മറ്റ് തലസ്ഥാന നഗരങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം തിരുവനന്തപുരത്തിന് കിട്ടിയിട്ടില്ല. വികസനമുള്‍പ്പെടെ വിവിധ മേഖലയില്‍ നഗരത്തെ പൂര്‍ണ്ണമായും അവഗണിക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്സിന്‍റെ പ്രത്യേക താത്പര്യ പ്രാകാരം വികസന വിരുദ്ധമായ ചില കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയത്. അവയില്‍ പലതും വിജയം കാണുകയും ചെയ്തു. ചേംബര്‍ ഓഫ് കോമേഴ്സ് കൂടുതലും വ്യാപാര- വാണിജ്യ മേഖലയെയാണ് പ്രതിനിധാനം ചെയ്യുന്നത്. എന്നാല്‍ എല്ലായിടത്തും ഇത്തരത്തിലൊരു ഇടപെടല്‍ അനിവാര്യമാണുതാനും. അങ്ങനെയാണ് വിവിധ സംഘടനകള്‍ ഒത്ത് ചേര്‍ന്ന് ‘എവൈക്ക് തിരവനന്തപുരം’ എന്ന കൂട്ടായ്മ ഉണ്ടാകുന്നത്,” ടിവിഎമ്മിന്‍റെ മുഖ്യ ആസൂത്രകരില്‍ ഒരാളായ തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് എസ്എന്‍ രഘുചന്ദ്രന്‍ നായര്‍ അന്വേഷണം.കോമിനോട് പറഞ്ഞു. എവൈക്ക് തിരുവനന്തപുരം മുന്‍കൈയ്യെടുത്താണ് വികസന സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കാനായി ടിവിഎം പിറക്കുന്നത്.
കോവിഡ് കാരണം ജോലിസ്ഥലങ്ങളില്‍ നിന്ന് മടങ്ങിയെത്തി വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഒരു വലിയ വിഭാഗം യുവജനങ്ങളാണ് ടിവിഎമ്മിന്‍റെ കാതല്‍. കൂടാതെ, പൗരപ്രമുഖര്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാരി-വ്യവസായി സംഘടനകള്‍, പ്രൊഫഷണല്‍ സംഘടനകള്‍, സമൂഹമാധ്യമ കൂട്ടായ്മകള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍ തുടങ്ങി സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ നിന്നുള്ളവരാണ് കൂട്ടായ്മയുടെ ഭാഗമാകുന്നത്.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ടിവിഎം മുഖ്യമായും മുന്നോട്ട് വയ്ക്കുന്നത്. “1932ല്‍ വന്ന എയര്‍പോര്‍ട്ടാണ് തിരുവനന്തപുരത്തേത്. ഇത്രയും വര്‍ഷം കഴിയുമ്പോള്‍ ക്ഷയിച്ച് ക്ഷയിച്ച് വളരെ പരിതാപകരമായ അവസ്ഥയിലാണത്. ഇതിനൊരു അവസാനം വേണം. എയര്‍പോര്‍ട്ട് പരിപോഷിപ്പിക്കണമെങ്കില്‍ അത് സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കണം. അതിനു പിന്നാലെ പല വികസനങ്ങളും നഗരത്തിലേക്ക് വരും. തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ ലഭിക്കും. പുതിയ പുതിയ വ്യവസായ സംരംഭങ്ങള്‍ വരും. എയര്‍പോര്‍ട്ട് സ്വകാര്യ വത്കരണത്തിന് വേണ്ടി ആഹ്വാനം ചെയ്യുന്ന ഞങ്ങള്‍ അദാനിക്ക് ചുക്കാന്‍ പിടിക്കുന്നവരാണെന്ന് പറയുന്നവരുണ്ട്. പക്ഷെ അല്ല…അത് തീര്‍ത്തും തെറ്റാണ്. എയര്‍പോര്‍ട്ടിന്‍റെ പുരോഗമനമാണ് ഞങ്ങളുടെ ലക്ഷ്യം അതിന് ഇനി അദാനി അല്ല മറ്റാര് മുന്നോട്ട് വന്നാലും ഞങ്ങളുടെ പിന്തുണ ഉണ്ടാകും,” എയര്‍പോര്‍ട്ട് ഉപദേശക സമിതി അംഗം കൂടിയായിരുന്ന രഘുചന്ദ്രന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
അദാനിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് സുപ്രീം കോടതിയിലേക്ക് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇതിലൂടെ ചെലവഴിക്കുന്നത് പൊതുജനങ്ങളുടെ പണമാണെന്നും രഘുചന്ദ്രന്‍ പറഞ്ഞു. വിഴിഞ്ഞം, ഔട്ടര്‍ റിംഗ് റോഡ്, ലൈറ്റ് മെട്രോ തുടങ്ങിയ പദ്ധതികളുടെ മെല്ലെപോക്കുകള്‍ക്കെതിരെയും കൂട്ടായ്മ ശബ്ദമുയര്‍ത്തുന്നുണ്ട്.
“തെരഞ്ഞെടുപ്പ് കഴിഞ്ഞ് നമ്മള്‍ വിജയിപ്പിച്ച് വിടുന്നത് ആരെ ആയാലും നമ്മുടെ ആവശ്യത്തിന് അവര്‍ കൂടെ നില്‍ക്കണം എന്നില്ല. കൂടെ ഉണ്ടാകും, നമ്മള്‍ പറയുന്നതില്‍ വസ്തുതയുണ്ടെന്നൊക്കെ പറയുമായിരിക്കും പക്ഷെ പാര്‍ട്ടി നയം അനുവദിക്കുന്നില്ല, നേതൃത്വം സമ്മതം മൂളിയില്ല എന്നൊക്കെ ചൂണ്ടിക്കാട്ടി എല്ലാവരും കൈയ്യൊഴിയും. നഗരത്തില്‍ വികസനം നടക്കാതെയാകും. പിന്നെന്തിന് രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണയ്ക്കണം. ഇവിടെയാണ് കിഴക്കമ്പലത്തെ ട്വിന്‍റി-ട്വന്‍റി മോഡല്‍ പോലെ ഒരു കൂട്ടായ്മയെക്കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചുകൂടാ എന്ന അഭിപ്രായമുണ്ടാകുന്നത്. അങ്ങനെ വികസന വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കാന്‍ തീരുമാനിച്ചു,” രഘുചന്ദ്രന്‍ വ്യക്തമാക്കി.
100 സീറ്റുകളാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ളത്. ഇതില്‍ 35 സീറ്റില്‍ കൂട്ടായ്മ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. രാഷ്ട്രീയത്തിനതീതമായതിനാല്‍ ജനസമ്മതി ലഭിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴിയാണ് മുഖ്യമായും മുന്നോട്ടുപോകുന്നത്. കൂടാതെ കൊണ്ടുപിടിച്ച പ്രചാരണ പരിപാടികളും നടക്കുന്നുണ്ട്. “വിദ്യാഭ്യാസ യോഗ്യതയാണ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിലെ മുഖ്യ മാനദണ്ഡം. കൂട്ടായ ചര്‍ച്ചകളിലൂടെ മാത്രമേ അന്തിമ തീരുമാനം കൈകൊള്ളൂ” രഘുചന്ദ്രന്‍ പറഞ്ഞു.
പൊതുരംഗത്ത് സജീവമായ, ജനങ്ങള്‍ക്ക് വിശ്വാസമുള്ളയാളെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനാണ് കൂട്ടായ്മയുടെ നീക്കം. 35 സീറ്റില്‍ പരമാവധി ജയിച്ചു കഴിഞ്ഞാല്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയാകും. അങ്ങനെ വന്നാല്‍ നഗരത്തിന്‍റെ വികസനത്തിന് ടിവിഎം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. കഴിഞ്ഞതവണ സിപിഎം 40 സീറ്റുകള്‍ പിടിച്ചാണ് തിരുവനന്തപുരത്ത് അധികാരത്തിലെത്തിയത്. പുതിയൊരു മുന്നണി കൂടി എത്തുമ്പോള്‍ 30 സീറ്റുള്ളവര്‍ക്ക് പോലും കോര്‍പ്പറേഷനിലെ അധികാരസ്ഥാനമായ മേയര്‍ പദവി കയ്യടക്കാന്‍ കഴിയും.
“കഴിഞ്ഞ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പത്ത് ലക്ഷത്തോളം വോട്ടര്‍മാര്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. അതില്‍ ആറു ലക്ഷത്തോളം പേര്‍ വോട്ടു ചെയ്തു. 62 വാര്‍ഡുകളില്‍ ജയം നേടിയവരുടെ ഭൂരിപക്ഷം 500 വോട്ടില്‍ താഴെയായിരുന്നു. 34 വാര്‍ഡുകളില്‍ വിജയം 250 വോട്ടിന് താഴെയും. ഈ സീറ്റുകളില്‍ സമ്മര്‍ദ്ദ ശക്തിയായി ജയിച്ചു കയറുകയാണ് ടിവിഎമ്മിന്‍റെ ലക്ഷ്യം. ഒരു രാഷ്ട്രീയപാര്‍ട്ടിയായി ഗോദയിലേക്കിറങ്ങാന്‍ ചില നടപടികള്‍ ആവശ്യമുണ്ട്. തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ട് അതിനു വേണ്ടി കാത്തിരിക്കുക പ്രായോഗികമല്ല. അതിനാല്‍ ടിവിഎമ്മിന്‍റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനും അവര്‍ക്ക് ജയിക്കേണ്ട എല്ലാവിധ സഹകരണങ്ങളും ചെയ്തു കൊടുക്കാനുമാണ് നിലവിലെ തീരുമാനം. ബിസിനസ് പ്രമുഖരില്‍ നിന്നൊക്കെയാണ് ഇതിന് ആവശ്യമായ ഫണ്ട് സ്വരൂപീകരിക്കുന്നത്,” രഘുചന്ദ്രന്‍ വിശദീകരിച്ചു. ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചും വോട്ട് പിടുത്തം നടക്കും. ഫ്ലാറ്റ് നിവാസികളെ പരമാവധി വോട്ടു ചെയ്യിപ്പിക്കലാണ് ഉദ്ദേശം. അങ്ങനെയെങ്കില്‍ മറ്റ് മുന്നണികള്‍ പ്രതിസന്ധിയിലാകും.
ടിവിഎമ്മിന്‍റെ വിശദമായ തെരഞ്ഞെടുപ്പ് അജണ്ട അടുത്ത ദിവസങ്ങളില്‍ തന്നെ പുറത്തുവിടുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. അതേസമയം, കോര്‍പറേറ്റുകളെ പിന്തുണക്കുന്നു, അവരില്‍ നിന്ന് പണം വാങ്ങിക്കൊണ്ട് അവര്‍ക്ക് വേണ്ടി പ്രചരണം നടത്തുന്നു തുടങ്ങിയ ആരോപണങ്ങളും ടിവിഎമ്മിനെതിരെ ഉന്നയിക്കപ്പെടുന്നുണ്ട്. എന്നാല്‍ തലസ്ഥാന നഗരത്തെ ആവശ്യത്തിന് പരിഗണിച്ചുകൊണ്ട്, വികസനമെന്ന വികാരം വോട്ടാക്കുക എന്നതാണ് കൂട്ടായ്മ മുന്നോട്ട് വയ്ക്കുന്ന ആശയമെന്ന് രഘുചന്ദ്രന്‍ നായര്‍ ആവേശം കൊള്ളുന്നു. തിരുവനന്തപുരം നഗരത്തെ സമരങ്ങളുടെയും അടിപിടികളുടെയും വിവാദങ്ങളുടെയും മാത്രം കേന്ദ്രമാക്കി മാറ്റുന്നതിനെ ടിവിഎം നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളെ കവച്ചുവച്ച് തിരുവനന്തപുരം വികസന മുന്നേറ്റം തെരഞ്ഞെടുപ്പ് ചരിത്രം വെട്ടിത്തിരുത്തുകയാണെങ്കില്‍ തലസ്ഥാന നഗരത്തില്‍ നിന്ന് മുന്നണികള്‍ക്കേല്‍ക്കുന്ന ഏറ്റവും വലിയ ക്ഷീണമാകും അത്.