അര്‍ണാബ് ഗോസ്വാമി, ആക്രോശം എന്ന ഒറ്റ വാക്കില്‍ തെളിയുന്ന ആദ്യ രൂപം. ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളുടെയും വിമര്‍ശനങ്ങളുടെയും ഒരു വലയം അര്‍ണാബിന് ചുറ്റും എന്നുമുണ്ടാകും. മാധ്യമ മര്യാദയുടെ പരിധികളൊന്നും അര്‍ണാബ് ഗോസ്വാമിക്കു ബാധകമല്ല. തലമുറകള്‍ കൈമാറിവന്ന ചട്ടക്കൂടുകള്‍ പൊളിച്ചെഴുതാനാണ് അര്‍ണാബ് പലപ്പോഴും ശ്രമിച്ചിട്ടുള്ളത്. പത്രപ്രവര്‍ത്തനത്തില്‍ പുതിയ മാനങ്ങള്‍ കൊണ്ടുവരികയാണ് താനെന്ന് അദ്ദേഹം പരസ്യമായി സമ്മതിച്ചിട്ടുള്ളതുമാണ്.
ചര്‍ച്ചയ്ക്കു ക്ഷണിച്ചുവരുത്തുന്ന മാന്യന്മാരെ ഏറ്റവും മോശമായ ഭാഷയില്‍ അധിക്ഷേപിക്കാന്‍ അര്‍ണാബിനു ഒരു മടിയുമില്ല. ബിജെപിയുടെ പ്രവാചകനായി മാറിയ അർണാബ്, സ്വന്തം വീക്ഷണങ്ങൾ മറ്റുള്ളവരിലേക്ക് അടിച്ചേൽപിക്കാനും മിടുക്കനാണ്. ബർഖ ദത്ത്, എംകെ വേണു തുടങ്ങി പല മുതിർന്ന മാധ്യമ പ്രവർത്തകരും ഈ സമീപനത്തെ വിമർശിച്ചിട്ടുണ്ട്. പക്ഷെ, രാഷ്ട്രീയ വിവാദങ്ങളും സംഭവങ്ങളും പൊട്ടിപ്പുറപ്പെടുമ്പോള്‍ ചാനല്‍ പ്രേക്ഷകരില്‍ വലിയൊരു വിഭാഗം അര്‍ണാബ് എന്ത് പറയും, എങ്ങനെ പറയും എന്ന് ആകാംക്ഷയോടെ കാത്തിരിക്കാറുണ്ടെന്നതാണ് വാസ്തവം.
അര്‍ണാബ് ഗോസ്വാമി ഇന്ത്യയിലെ, പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ, ഇംഗ്ലീഷ് സംസാരിക്കുന്ന, ഭൂരിപക്ഷ സമുദായക്കാരായ, ഹിന്ദുത്വ രാഷ്ട്രീയത്തോട് ആഭിമുഖ്യമുള്ള ജനവിഭാഗത്തിന്റെ ആവേശമാണെന്നത് എളുപ്പം തള്ളിക്കളയാനാകുന്ന വസ്തുതയല്ല. സമകാലിക ഇന്ത്യയെ സ്വാധീനിക്കത്തക്ക വിധം നടപ്പുരീതികള്‍ എങ്ങനെ വേണമെന്നുള്ള ഒരു വാര്‍പ്പുമാതൃക അയാള്‍ സൃഷ്ടിച്ചെടുത്തു കഴിഞ്ഞു. ജേര്‍ണലിസത്തില്‍ അയാളെ ഉത്തമ മാതൃകയായി ചിലര്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ചെയ്യുന്നുമുണ്ട്.
ഗുണപരമായ ഉള്ളടക്കത്തെ താഴ്ത്തിക്കെട്ടി ആക്രോശങ്ങളിലൂടെ വാര്‍ത്തയെ കോമഡി പരിപാടിയായി മാറ്റിയെടുക്കുകയായിരുന്നു അര്‍ണാബ്. കൂടാതെ അക്രമോത്സുകമായ മോദി ഭരണകൂടത്തെ സ്ഥിരമായി പിന്തുണച്ചുകൊണ്ട് ഭൂരിപക്ഷ വ്യവഹാരത്തിന്റെ പ്രധാനപ്പെട്ട ഏജന്റുമാരില്‍ ഒരാളായി. രാജ്യത്ത് ഭൂരിപക്ഷം എന്നൊരു പ്രബല ബോധത്തെ ഉണ്ടാക്കിയെടുക്കാനും അതുവഴി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സാമുദായിക വേര്‍തിരിവ് ശക്തിപ്പെടുത്താനും മുന്‍കൈയെടുത്തവരുടെ പട്ടികയിലും അര്‍ണാബ് ഉള്‍പ്പെടുന്നു.
മുസ്ലീങ്ങള്‍, കാശ്മീര്‍, പാക്കിസ്ഥാന്‍, ഭീകരവാദം തുടങ്ങിയവയായിരുന്നു അര്‍ണാബിന്‍റെ പ്രധാന വിഷയങ്ങള്‍. എന്നാല്‍ ഈ വിഷയങ്ങളില്‍ സാധ്യമായ ചര്‍ച്ചകള്‍ക്ക് പകരം ഒരു ഭൂരിപക്ഷതാവാദത്തിന്റെ അടിസ്ഥാനത്തില്‍ അവ അട്ടിമറിക്കുകയായിരുന്നു അദ്ദേഹം. കാശ്മീരികള്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ അവകാശമില്ലെന്നും മോദി ഭരണത്തേയും സൈന്യത്തേയും പൊലീസിനേയും ഒരിക്കലും ചോദ്യം ചെയ്യാന്‍ പാടില്ലെന്നും ആധുനിക ഇന്ത്യയില്‍ ഭിന്ന ശബ്ദങ്ങള്‍ക്കോ ലിബറല്‍ ഇടങ്ങള്‍ക്കോ സ്ഥാനമില്ലെന്നും അയാള്‍ വിശ്വസിച്ചു. അങ്ങനെ ഇന്ത്യന്‍ മാധ്യമരംഗത്ത് ഒരു പ്രതിഭാസമാവുകയായിരുന്നു അര്‍ണാബ്.
എന്നാലിപ്പോള്‍ ഇന്‍റീരിയർ ഡിസൈനർ അന്‍വയ് നായികിന്‍റെയും അമ്മ കുമുദ് നായികിന്‍റെയും ആത്മഹത്യയില്‍ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ അര്‍ണാബിനു വേണ്ടി തെരുവുകള്‍ ആക്രോശിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനേറ്റ മുറിവായി അര്‍ണാബിന്‍റെ അറസ്റ്റിനെ വ്യാഖ്യാനിച്ചുകൊണ്ട് കേന്ദ്രമന്ത്രിമാരുള്‍പ്പെടെ തൊണ്ട പൊട്ടി വാദിക്കുന്നു. ഇവിടെയാണ് അര്‍ണാബ് ആരെന്നും എന്തെന്നും ചിന്തിച്ച് പോകുന്നത്.
അര്ണാബിന്റെ മാധ്യമ വാഴ്ച
മനോരഞ്ജൻ ഗോസ്വാമി- സുപ്രഭ ഗെയിൻ ദമ്പതികളുടെ മകനായി അസമിലെ ഗുവാഹത്തിയിലാണ് അര്‍ണാബിന്‍റെ ജനനം. പിതാവ് മനോരഞ്ജൻ ഗോസ്വാമി 30 വർഷത്തോളം ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ച വ്യക്തിയാണ്. സൈന്യത്തില്‍ നിന്ന് വിരമിച്ചതിനു ശേഷം ബിജെപിയിൽ ചേർന്ന അദ്ദേഹം 1998 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുവാഹത്തി നിയോജകമണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2017ലെ അസം സാഹിത്യസഭ അവാര്‍ഡിനര്‍ഹനായ മനോരഞ്ജൻ ഗോസ്വാമി നിരവധി പുസ്തകങ്ങളും കോളങ്ങളും എഴുതിയിട്ടുണ്ട്. ഭാര്യ സുപ്രഭ ഗെയിനും എഴുത്തുകാരിയാണ്.
അതേസമയം, അര്‍ണാബിന്‍റെ മുത്തച്ഛന്‍ ഗൗരിശങ്കര്‍ ഭട്ടാചാര്യ കമ്മ്യൂണിസ്റ്റ് അനുഭാവിയും അസമിലെ നിയമസാഭാംഗം, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങളില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച വ്യക്തിയുമാണ്. അര്‍ണാബിന്‍റെ അമ്മാവന്‍ സിദ്ധാര്‍ത്ഥ ഭട്ടാചാര്യ കിഴക്കൻ ഗുവാഹട്ടിയിൽ നിന്നും ബിജെപിയെ പ്രതിനിധീകരിച്ച സാമാജികനായിരുന്നു. സർബാനന്ദ സൊനോവാൽ സ്ഥാനമേൽക്കുന്നതു വരെ അദ്ദേഹം ബിജെപിയുടെ അസം വിഭാഗത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകയായ സംയബ്രത റേയാണ് അര്‍ണാബിന്‍റെ ഭാര്യ. ചെ ഗോസ്വാമിയാണ് ഇവരുടെ മകന്‍.
ഒരു സൈനിക ഉദ്യോഗസ്ഥന്റെ മകനായതിനാല്‍ രാജ്യത്തിന്‍റെ വിവിധയിടങ്ങളിലായാണ് അര്‍ണാബ് തന്‍റെ പഠനം പൂര്‍ത്തീകരിച്ചത്. ഡല്‍ഹി സര്‍വ്വകലാശാലയ്ക്ക് കീഴിലിലുള്ള ഹിന്ദു കോളേജില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദം നേടിയ അദ്ദേഹം ഓക്സ്ഫോർഡ് സർവകലാശാലയിലെ സെന്റ് ആന്റണീസ് കോളേജിൽ നിന്ന് സോഷ്യൽ ആന്ത്രോപോളജിയിൽ ബിരുദാനന്തര ബിരുദം നേടി.
കൊല്‍ക്കത്തയിലെ ‘ദ ടെലഗ്രാഫി’ ലൂടെയാണ് അര്‍ണാബ് ഗോസ്വാമി മാധ്യമപ്രവര്‍ത്തകനായി രംഗപ്രവേശം ചെയ്യുന്നത്. ഒരു വർഷത്തിനുശേഷം അദ്ദേഹം ഡല്‍ഹിയില്‍ എൻഡിടിവിയുടെ ഭാഗമായി. 1996 മുതല്‍ 2006 വരെയുള്ള കാലയളവില്‍ അര്‍ണാബ് എന്‍ഡിടിവിയില്‍ പ്രവര്‍ത്തിച്ചു. അര്‍ണാബ് അവതരിപ്പിച്ചിരുന്ന ന്യൂസ് നൈറ്റ് എന്ന വാര്‍ത്താ പരിപാടിക്ക് 2004 ലെ ഏഷ്യൻ ടെലിവിഷൻ അവാർഡുകളിൽ ഏഷ്യയിലെ മികച്ച വാർത്താ അവതാരകനുള്ള അവാർഡ് അടക്കം ലഭിച്ചിരുന്നു.
2006ലാണ് അര്‍ണാബ് എൻഡിടിവി വിട്ട് പുതുതായി ആരംഭിച്ച ‘ടൈംസ് നൗ’ ന്യൂസ് ചാനലിൽ എഡിറ്റർ ഇൻ ചീഫ് ആയി ചുമതലയേല്‍ക്കുന്നത്. പ്രൈം ടൈമില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ന്യൂസ് അവര്‍, ഫ്രാങ്ക്ലി സ്പീക്കിംങ് വിത്ത് അര്‍ണാബ് തുടങ്ങി പ്രേക്ഷക ശ്രദ്ധ നേടിയ പരിപാടികള്‍ അര്‍ണാബിന്‍റെ മാധ്യമ ജീവിതത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിച്ചു. ബെനസീർ ഭൂട്ടോ, മുൻ യുകെ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ, അഫ്ഗാനിസ്ഥാൻ പ്രസിഡന്‍റായിരുന്ന ഹമീദ് കർസായി, ടിബറ്റൻ രാഷ്ട്രത്തലവൻ ദലൈലാമ, മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റൺ തുടങ്ങി നിരവധി പ്രമുഖരാണ് അര്‍ണാബുമായുള്ള അഭിമുഖത്തില്‍ പങ്കെടുത്തത്. 2014ല്‍ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അഭിമുഖം നടത്തിയ ആദ്യത്തെ മാധ്യമ അവതാരകന്‍ കൂടിയാണ് അര്‍ണാബ്.
ടൈംസ് നൗ എന്ന ചാനൽ കെട്ടി പടുക്കാൻ മുഖ്യ പങ്ക് വഹിച്ച അർണാബ് ടൈംസ് നൗ ഗ്രൂപ്പുമായുണ്ടായ സ്വരച്ചേർച്ചയെത്തുടർന്ന് 2016 നവംബര്‍ ഒന്നിന് രാജിവെച്ചു. പിന്നീട് കുറഞ്ഞ കാലയളവിൽ തന്നെ ഏഷ്യാനെറ്റ് മുൻ ചെയർമാൻ രാജീവ് ചന്ദ്രശേഖറിന്റെ കൂടി സഹായത്തോടെ റിപ്പബ്ലിക് ടിവി തുടങ്ങുകയായിരുന്നു. 2017 മെയ് ആറാം തീയതിയായിരുന്നു റിപ്ബ്ലിക് ടിവി ഔദ്യോഗികമായി സംപ്രേക്ഷണം ആരംഭിച്ചത്. എന്നാല്‍, ബിജെപി ടിക്കറ്റില്‍ രാജ്യസഭാ എംപിയായതോടെ രാജീവ് ചന്ദ്രശേഖര്‍ റിപ്പബ്ലിക് ടിവി എംഡി സ്ഥാനത്ത് നിന്നും, എആർജി ഔട്ട് ലൈനർ-ഏഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബോർഡ് ഡയറക്ടർ സ്ഥാനത്ത് നിന്നും ഒഴിഞ്ഞു. ഓഹരികൾ നിലനിർത്തിയാണ് രാജീവ് ചന്ദ്രശേഖർ സ്ഥാനങ്ങൾ ഒഴിഞ്ഞതെങ്കിലും അര്‍ണാബ് അവ തിരികെ വാങ്ങി. അതോടെയാണ് റിപ്പബ്ലിക് ചാനല്‍ അര്‍ണാബിന്‍റെ പൂര്‍ണ്ണ നിയന്ത്രണത്തിലായത്.
അര്‍ണാബിന്‍റെ ഭാര്യ സംയബ്രത റേ, വിദ്യാഭ്യാസ വിദഗ്ധരായ രാംദാസ് പൈ, രാമകാന്ത പാണ്ട എന്നിവരാണ് സാർഗ് മീഡിയ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴി ചാനലിന് വേണ്ടി നിക്ഷേപം നടത്തിയവര്‍. അര്‍ണാബ് മാനേജിംഗ് ഡയറക്ടറും എഡിറ്റർ ഇൻ ചീഫുമായ ചാനലില്‍ ചിത്ര സുബ്രഹ്മണ്യം എഡിറ്റോറിയൽ ഉപദേഷ്ടാവായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ടൈംസ് നൗവുമായി ബന്ധപ്പെട്ട നിരവധി വ്യക്തികൾ റിപ്പബ്ലിക്കിലേക്ക് ചേക്കേറി.
അര്‍ണാബും വിവാദങ്ങളും
രണ്ടാം യുപിഎ ഭരണകാലത്ത് നിരന്തരമായ അഴിമതിക്കഥകള്‍ പുറത്തെത്തിച്ചു കൊണ്ട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരിലൊരാളാണ് അര്‍ണാബ് ഗോസ്വാമി. ‘ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ മൂവ്‌മെന്‍റ് ‘എന്ന പരിപാടിയിലൂടെയാണ് അര്‍ണാബ് വിജയകരമായി കരുക്കള്‍ നീക്കിയത്. തനിക്കു ചുറ്റും ഒരു അഴിമതി വിരുദ്ധ പോരാളിയുടെ പരിവേഷവും അദ്ദേഹം ഉണ്ടാക്കിയെടുത്തു. പിന്നീട് ‘നേഷൻ വാണ്ട്സ് ടു നോ’ എന്ന പരിപാടിയിലൂടെ അര്‍ണാബ് ഇന്ത്യയുടെ പ്രതിനിധിയായി സ്വയം പ്രതിഷ്ഠിക്കുകയായിരുന്നു. അതേസമയം, മോദി സർക്കാരിന്റെ അഴിമതികൾ മറച്ച് പിടിക്കാനും അധികാര വർഗമെന്ന പരിവേഷമുള്ളവരെ ഉയർത്തി കാണിക്കാനും അർണാബ് മറന്നില്ല. അതിനിടയില്‍ വിവാദങ്ങളും അര്‍ണാബിനെ വിടാതെ പിന്തുടര്‍ന്നു.
അർണാബ് ഗോസ്വാമി Vs രാജ്ദീപ് സർദേശായി
2002 ലെ ഗുജറാത്ത് കലാപത്തിൽ എൻഡിടിവിക്ക് വേണ്ടി റിപ്പോർട്ട് ചെയ്യാനായി പോയ അർണാബിനേയും സംഘത്തേയും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ വസതിക്ക് 50 മീറ്റർ മാറി കലാപകാരികൾ ആക്രമിച്ചെന്നും വളരെ കഷ്ടപ്പെട്ടാണ് താൻ ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്തതെന്നും പറഞ്ഞുകൊണ്ടുള്ള അർണാബിന്റെ പരാമർശം ശ്രദ്ധ പിടിച്ച് പറ്റിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു മുതിർന്ന മാധ്യമ പ്രവർത്തകനായ രാജ്ദീപ് സർദേശായിയുടെ ട്വീറ്റ് വന്നത്.
അർണാബ് പറഞ്ഞ സംഭവങ്ങളെല്ലാം സത്യമാണ്, പക്ഷെ അത് സംഭവിച്ചത് അർണബിനായിരുന്നില്ല, തനിക്കായിരുന്നു എന്നായിരുന്നു ട്വീറ്റ്. അതിൽ നിന്നും തുടങ്ങിയ വിവാദത്തിനൊടുവിൽ അർണബിന്റെ വാദം തെറ്റായിരുന്നുവെന്ന് തെളിയുകയായിരുന്നു. മേൽപറഞ്ഞ സംഭവം രാജ്ദീപ് സർദേശായിയുടെ ‘ദി ഇലക്ഷൻ ദാറ്റ് ചേഞ്ച്ഡ് ഇന്ത്യ’ എന്ന പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
തരൂര്‍ പണികൊടുത്തപ്പോള്‍…
ശശി തരൂരിന്റെ ഭാര്യയായ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണത്തെചൊല്ലിയുള്ള വാദപ്രതിവാദങ്ങളരങ്ങേറിയ ചാനൽ ചർച്ചയില്‍ ശശി തരൂരിനെ അർണാബ് കൊലയാളിയായി ചിത്രീകരിക്കുകയും ക്രിമിനൽ എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു. ഇതിനെതിരെ ശശി തരൂർ ഡൽഹി ഹൈക്കോടതിയില്‍ ഒരു ഹർജി നൽകുകയും തരൂരിന് അനുകൂലമായി വിധി വരുകയും ചെയ്തു.
അന്വേഷണം പുരോഗമിക്കുന്ന ഒരു കേസിൽ വിധി വരും മുൻപ് ഒരാളെ കൊലയാളിയെന്ന് മുദ്ര കുത്തുന്നത് നിയമവിരുദ്ധമാണെന്നും കേസുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമിയോ റിപ്പബ്ലിക് ചാനലോ ഇനി റിപ്പോർട്ടുകൾ ഒന്നും ചെയ്യരുതെന്നുമായിരുന്നു വിധി.
കേരളത്തിലേക്കൊരു കണ്ണേറ്…
പ്രളയത്തിൽനിന്നും കര കയറാനായി കേരളത്തിന് യുഎഇ പ്രഖ്യാപിച്ച 700 കോടിയുടെ ധനസഹായം കേന്ദ്രത്തെ അവഹേളിക്കാൻ കേരളം മെനഞ്ഞെടുത്ത കെട്ട് കഥയാണെന്നും കേരളത്തിലെ ജനങ്ങളെല്ലാം നാണം കെട്ടവരാണെന്നും പറഞ്ഞാണ് അര്‍ണാബ് ഏറെ വിമര്‍ശനാത്മകമായ ഒരു വിവാദത്തിന് തിരികൊളുത്തിയത്. #FloodAidLie എന്ന പേരിൽ നടത്തിയ ചർച്ചയിലായിരുന്നു വിവാദ പരാമർശം. കേരളത്തിന് എത്ര ധനസഹായം നൽകണമെന്നുള്ളതിനുള്ള അവസാന ഘട്ട തീരുമാനമായിട്ടില്ലെന്നും ഫണ്ട് ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും യുഎഇയുടെ ഇന്ത്യൻ അമ്പാസിഡർ അഹ്മദ് അൽബണ്ണ പറഞ്ഞത് വളച്ചൊടിച്ചായിരുന്നു അർണാബിന്റെ പ്രയോഗം.
ഈ വിവാദ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധങ്ങൾ അരങ്ങേറി. അര്‍ണാബ് കേരളത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മലയാളികള്‍ റിപ്പബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജിലും അര്‍ണാബിന്റെ പേജിലും പ്രതിഷേധ പൊങ്കാലയിട്ടു. അര്‍ണാബിനെതിരെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. അര്‍ണാബിന്റെ സര്‍ട്ടിഫിക്കറ്റ് കേരളത്തിന് ആവശ്യമില്ലെന്നും ബിജെപിക്ക് വേണ്ടി കുഴലൂതുകയാണ് അര്‍ണാബിന്റെ ജോലിയെന്നും തുടങ്ങി പരിഹാസങ്ങളാല്‍ വലിച്ചു കീറുകയായിരുന്നു മലയാളി സമൂഹം.
ശ്വേതാ കോത്താരിയുടെ രാജി
അർണാബ് ഗോസ്വാമിയും ചില എഡിറ്റർമാരും തന്നെ മാനസിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ റിപ്പബ്ലിക്ക് ടിവിയുടെ സീനിയർ എഡിറ്റർമാരിലൊരാളായിരുന്ന ശ്വേതാ കോത്താരി ചാനലിൽ നിന്നും രാജി വച്ചിരുന്നു. ശശി തരൂർ ഡൽഹി ഹൈക്കോടതിയിൽ കൊടുത്ത ഹർജി അർണാബിനെതിരായി വന്ന സാഹചര്യത്തിൽ, ട്വിറ്ററിൽ ശശി തരൂർ ശ്വേതയെ ഫോളോ ചെയ്യുന്നു എന്ന കാരണത്താൽ ശ്വേത ചാനലിൽ നിന്ന് കൊണ്ട് തരൂരിന് ചാരപ്പണി ചെയ്യുകയാണെന്ന് ആരോപിച്ചായിരുന്നു മാനസിക പീഢനം. ഇക്കാര്യം വിശദീകരിച്ച് ശ്വേത പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു.
ചാനൽ ചർചകളിലെ ജനാധിപത്യ വിരുദ്ധത
ആക്രോശിക്കുന്ന ചാനൽ ചർചകളിലൂടെ വാർത്തയുടെ മൂല്യം കളഞ്ഞ് വാർത്ത ചാനലിനെ കച്ചവടമായി മാത്രം കാണുന്ന ബിസ്നസ് മാധ്യമപ്രവർത്തകനായാണ് അർണാബ് വിഹരിച്ചത്. ഇതില്‍ പ്രധാനപ്പെട്ടത് ജെഎന്‍യു വിഷയത്തില്‍ നടത്തിയ ചര്‍ച്ചയായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനെ രാജ്യദ്രോഹിയെന്ന് വിളിച്ചായിരുന്നു അര്‍ണാബിന്‍റെ കടന്നു കയറ്റം. ഈ പരാമര്‍ശം പിന്നീട് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചു.
ചര്‍ച്ചയില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കാതെ പ്രകോപനം തുടർന്നപ്പോള്‍ അര്‍ണാബിന് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി ടിഎംസി വനിതാ എംപി മെഹുവ മൊയിത്ര പ്രതിഷേധിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
സോണിയ ഗാന്ധിക്കെതിരെ കുലച്ച വില്ല്…
മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരും അവരുടെ ഡ്രൈവറും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട വിഷയത്തിലാണ് അര്‍ണാബ് ഗോസ്വാമി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് നേരെ വിദ്വേഷ പരാമര്‍ശവുമായെത്തുന്നത്. റിപ്പബ്ലിക് ടിവിയുടെ ഹിന്ദി ചാനലായ റിപ്പബ്ലിക് ഭാരതില്‍ തന്റെ പ്രൈം ടൈം ടിവി ഷോയ്ക്കിടെയായിരുന്നു അര്‍ണാബിന്‍റെ ആക്രമണം. സന്യാസിമാര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ സോണിയാ ഗാന്ധി മൗനം പാലിക്കുകയാണെന്ന ആരോപണത്തില്‍ തുടങ്ങിയ അര്‍ണാബ് പിന്നീട് അവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു.
താന്‍ മഹാരാഷ്ട്രയില്‍ ഒരു സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ടെന്നും അവിടെ ഹിന്ദുക്കളെ തല്ലിക്കൊല്ലാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും സോണിയാ ഗാന്ധി ഇറ്റലിയിലേക്ക് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്, ഇതിന് മറുപടിയായി ‘സോണിയ മെയ്‌നോ’യെ ഇറ്റലിയില്‍ നിന്ന് അഭിനന്ദിച്ചെന്നുമാണ് അര്‍ണാബ് ചര്‍ച്ചയ്ക്കിടെ പറഞ്ഞത്. ഇതിനു പിന്നാലെ സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനും ഇയാള്‍ ശ്രമിച്ചു. ഹിന്ദുക്കള്‍ ഇതൊക്കെ കേട്ടിട്ട് മിണ്ടാതിരിക്കുമെന്ന് തോന്നുന്നുണ്ടോ എന്ന അര്‍ണാബിന്‍റെ ചോദ്യത്തിന് പ്രതികാരം ചെയ്യുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാള്‍ പറയുകയും ചെയ്തു.
പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം അര്‍ണാബിനെതിരെ തിരിയുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്യത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി അർണാബിനെതിരെ കേസുകളും ഫയല്‍ ചെയ്തു. സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖരും ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. 22 വയസില്‍ ഇന്ത്യയില്‍ വന്ന സോണിയാ ഗാന്ധി 52 വര്‍ഷം ഈ മണ്ണിലാണ് ജീവിച്ചതെന്ന് മറക്കരുതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞത്. എല്ലാ പരിധിയും ലംഘിക്കുന്നതാണ് അര്‍ണബ് ഗോസ്വാമിയുടെ ആക്രമണമെന്ന് അപലപിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അര്‍ണാബിന്‍റെ സമനില തെറ്റിയിരിക്കുകയാണെന്നും അയാള്‍ക്ക് സ്വയം നാണക്കേട് തോന്നേണ്ടതാണെന്നും ആഞ്ഞടിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും കൂടിയാണ് അര്‍ണാബ് ഗോസ്വാമിമാരെ വളര്‍ത്തുന്നതെന്നായിരുന്നു കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി രണ്‍ദീപ് സിംഗ് സുര്‍ജെവാലെയുടെ ആരോപണം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേലും രൂക്ഷമായ പ്രതികരണമാണ് അര്‍ണാബ് ഗോസ്വാമിക്കെതിരെ നടത്തിയത്. എഡിറ്റേഴ്‌സ് ഗില്‍ഡും ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനും അര്‍ണാബിനെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. സോണിയാ ഗാന്ധിക്കെതിരെ അര്‍ണാബ് ഗോസ്വാമിയും അയാളുടെ ചാനലുകളും നടത്തുന്ന ഈ പ്രസ്താവനകളാണോ ജേര്‍ണലിസം? യാതൊരു വിധത്തിലുള്ള അന്തസുമില്ലാത്ത പെരുമാറ്റമാണിത്. ഇത്തരത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നത് ക്രിമിനല്‍ കുറ്റവും ശിക്ഷാര്‍ഹവുമാണ്… ഇങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍.
ഇതിനു പിന്നാലെ എഡിറ്റേഴ്‌സ് ഗില്‍ഡ് ചിലരുടെ ചൊല്‍പ്പടിയിലാണെന്ന് ചൂണ്ടിക്കാട്ടി താന്‍ എഡിറ്റേഴ്‌സ് ഗില്‍ഡില്‍ നിന്ന് രാജി വയ്ക്കുന്നതായി അര്‍ണാബ് ഗോസ്വാമി വിപ്ലവകരമായ പ്രസ്താവനയും നടത്തിയിരുന്നു. പ്രസ്തുത കേസില്‍ അര്‍ണാബ് നിയമ നടപടികള്‍ നേരിടുകയാണ് ഇപ്പോഴും. അധികാര കേന്ദ്രങ്ങളോട് സത്യം വിളിച്ച് പറയാനുളള മൗലികമായ അവകാശം മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടെന്നും എന്നാല്‍ എന്തും വിളിച്ച് പറയാനുള്ള അവകാശമല്ല ഇതെന്നുമായിരുന്നു കേസില്‍ അര്‍ണാബിന്‍റെ ജാമ്യ ഹര്‍ജി പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി നിരീക്ഷിച്ചത്.
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ പ്രധാനപെട്ടതാണ് മാധ്യമ സ്വാതന്ത്ര്യം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് തുറന്നു പറയാനുള്ള അവകാശം നിലനില്‍ക്കുന്നിടത്തോളം ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപം 2020 ഏപ്രില്‍ 14 ന് കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധിച്ച സംഭവം സമീപത്തെ മുസ്ലിം പള്ളിയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിച്ചതിനും അര്‍ണാബിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.
അര്‍ണാബും ഉദ്ധവ് താക്കറെയും പിന്നെ മുംബൈ പൊലീസും
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ റായ്ഗഡിലെ ഫാം ഹൗസിലേയ്ക്ക് അതിക്രമിച്ചുകയറിയതിന് റിപ്പബ്ലിക്ക് ടിവിയിലെ ജീവനക്കാരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് അര്‍ണാബ്-ഉദ്ധവ് താക്കറെ പോര് മുറുകുന്നത്. റായ്ഗഡ് ജില്ലയിലെ ഭിലാവാലെയിലുള്ള ഉദ്ധവ് താക്കറെയുടെ ഫാം ഹൗസിലായിരുന്നു സംഭവം. റിപ്പോർട്ടറായ അൻജു കുമാറും വിഡിയോ ജേർണലിസ്റ്റ് യഷ്പൽജിത് സിങും കാര്‍ ഡ്രൈവറുമായിരുന്നു അറസ്റ്റിലായത്. സെക്യൂരിറ്റി ജീവനക്കാരനെ കൈയേറ്റം ചെയ്ത ശേഷമാണ് ഇവര്‍ അകത്തുകടന്നതെന്നാണ് പൊലീസിന്‍റെ ആരോപണം.
എന്നാല്‍, റിപ്പോർട്ടറെയും വിഡിയോ ജേർണലിസ്റ്റിനെയും പൊലീസ് അനധികൃതമായി കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്നും ജനാധിപത്യത്തിന്‍റെ നാലാം തൂണായി പ്രവർത്തിക്കുന്ന മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശിവസേന സർക്കാറിന്‍റെ നടപടിയാണിതെന്നുമായിരുന്നു റിപ്പബ്ലിക് ടിവിയുടെ വിശദീകരണം. അതേസമയം, മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അധിക്ഷേപിച്ചു എന്നാരോപിച്ച് റിപ്പബ്ലിക്ക് ടിവി എംഡിയും മാനേജിംഗ് ഡയറക്ടറുമായ അര്‍ണാബ് ഗോസ്വാമിക്കെതിരെ, ശിവസേന എംഎല്‍എ മഹാരാഷ്ട്ര നിയമസഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയ സംഭവവും ഉണ്ടായിട്ടുണ്ട്. പിന്നീട് മഹാരാഷ്ട്ര സര്‍ക്കാരിനെതിരെയും ഉദ്ധവ് താക്കറെയ്ക്കെതിരെയും ചാനലിന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നടക്കം രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
ഇതിനിടെ സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണം മുന്‍നിര്‍ത്തിക്കൊണ്ടും അര്‍ണാബ്, ഉദ്ധവ് താക്കറയെയും മുംബൈ പൊലീസിനെയും പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം നടത്തിയിരുന്നു. അങ്ങനെയാണ് താക്കറെയെ വാർത്തകളിലൂടെ അപമാനിക്കുന്ന അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്ക് ബഹിഷ്കരിക്കണമെന്ന് ശിവകേബിൾസേന കേബിൾ ഓപ്പറേറ്റർമാരോട് ആവശ്യപ്പെടുന്നത്. ഇതോടെ പ്രശ്നം അടുത്ത തലത്തിലേക്ക് പോയി.
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സംഭവത്തെക്കുറിച്ച് മതസ്പര്‍ദ ഉണ്ടാക്കുന്ന തരത്തിലുള്ള അര്‍ണാബിന്റെ പരാമര്‍ശത്തിലും, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെ അവാസ്തവമായ കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് അര്‍ണാബ് എത്തിയിരുന്നു. പ്രൈം ടൈം ഷോയായ റിപ്പബ്ലിക് ഭാരതിലൂടെയും സ്ഥാപനത്തിന്‍രെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയും മുംബൈ പൊലീസിനെ നിരന്തരം ആക്ഷേപിക്കുകയാണെന്ന് കാട്ടി മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ചാനലിലൂടെ അര്‍ണാബ് നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പുറമെ അര്‍ണാബ് ഗോസ്വാമിയുടെ പണപ്പെരുപ്പവും മുംബൈ പൊലീസ് അന്വേഷണ വിധേയമാക്കിയിരുന്നു. ചെറിയ കാലത്തിനുള്ളില്‍ അര്‍ണാബിന്റെ റിപബ്ലിക് ടിവി നേടിയ വലിയ സാമ്പത്തിക വിജയത്തിന്റെ പിന്നിലുള്ള ഉറവിടങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തിനായിരുന്നു ചുമതല.
ടിആര്‍പി തട്ടിപ്പ്
റിപ്പബ്ലിക് ടിവിയടക്കം ചില ചാനലുകള്‍ ടെലിവിഷൻ റേറ്റിങ് പോയിന്റിൽ (ടിആർപി) കൃത്രിമം കാട്ടിയതായി തെളിഞ്ഞതിനു പിന്നാലെയാണ് അര്‍ണാബ് വീണ്ടും വിവാദനായകനാകുന്നത്. ടിആര്‍പി റേറ്റിംഗ് വിവരങ്ങള്‍ നല്‍കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലില്‍ (ബാര്‍കോഡ്) രഹസ്യമായി ഇടപെട്ട് വിവരങ്ങളില്‍ കൃത്രിമത്വം കാണിച്ചെന്നതാണ് പൊലീസിന്‍റെ ആരോപണം. റിപ്പബ്ലിക് ടിവിയടക്കം 3 ചാനലുകളുടെ ഡയറക്ടർമാരെയും ഉടമകളെയും പ്രതി ചേർത്താണ് മുബൈ പൊലീസ് കേസെടുത്തത്. ചാനല്‍ ട്യൂണ്‍ ചെയ്യുന്നതിന് ആളുകള്‍ക്ക് പ്രതിമാസം 400-500 രൂപയാണ് റിപബ്ലിക്ക് ചാനല്‍ നല്‍കിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കിയതാണ്.
എന്നാല്‍, സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ പൊലീസിന്‍റെ നടപടികള്‍ ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് തീര്‍ക്കുന്നതെന്നായിരുന്നു അര്‍ണാബിന്‍റെ പ്രതിവാദം. ശിവസേന, കോൺഗ്രസ്, എൻസിപി സഖ്യം ഭരിക്കുന്ന മഹാരാഷ്ട്ര സർക്കാർ രാഷ്ട്രീയവേട്ട നടത്തുകയാണെന്നും അര്‍ണാബ് ആരോപിച്ചിരുന്നു. 200 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീർ സിങ്ങിന് അര്‍ണാബ് നോട്ടീസ് അയച്ചതും ഏറെ ചര്‍ച്ചയായിരുന്നു. ടിആര്‍പി തട്ടിപ്പ് കേസിലും അര്‍ണാബ് നിയമ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ബോളിവുഡില്‍ നിന്നും തിരിച്ചടി…
തങ്ങൾക്കെതിരെ അപകീർത്തികരമായ വാർത്തകൾ നൽകുന്നെന്നാരോപിച്ച് റിപ്പബ്ലിക് ടിവി, ടൈംസ് നൗ ചാനലുകൾക്കെതിരേ ബോളിവുഡിലെ 34 നിർമാണക്കമ്പനികളും നാല് പ്രമുഖ സംഘടനകളും ഡൽഹി ഹൈക്കോടതിയെ സമീപിച്ച സംഭവവും ഇതിനിടെ ഉണ്ടായി. റിപ്പബ്ലിക് ടിവിയിലെ അർണാബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, ടൈംസ് നൗവിലെ നവിക കുമാർ, രാഹുൽ ശിവശങ്കർ, വിവിധ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ അജ്ഞാതർ എന്നിവർക്കെതിരെയായിരുന്നു പരാതി.
മാധ്യമവിചാരണയാണ് ബോളിവുഡിനെതിരെ നടത്തുന്നത്. സിനിമക്കാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നു. അതിനാൽ ഇത്തരം പരിപാടികൾ പിൻവലിക്കണം- ഇതായിരുന്നു പരാതിക്കാരുടെ ആവശ്യം. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം, മയക്കുമരുന്ന് ഇടപാട് എന്നീ വിഷയങ്ങളിലാണ് ചാനലുകൾ ബോളിവുഡിനെതിരെ വാർത്തകൾ നൽകിയിരുന്നത്. ആമിർഖാൻ, ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, അനിൽ കപൂർ തുടങ്ങിയവരുടെ നിർമാണ കമ്പനികളും യഷ് രാജ് ഫിലിംസ്, ധർമ പ്രൊഡക്ഷൻസ്, നാദിയവാല, എക്സെൽ, വിനോദ് ചോപ്ര ഫിലിംസ്, വിശാൽ ഭരദ്വാജ്, റിലയൻസ് ബിഗ് തുടങ്ങിയവരും പരാതിക്കാരില്‍പ്പെടുന്നു. ടിആര്‍പി തട്ടിപ്പ് അടക്കം ആകെ പ്രതിസന്ധിയിലായ റിപ്പബ്ലിക് ടിവിക്കും അര്‍ണാബ് ഗോസ്വാമിയുടെ പ്രതിച്ഛായയ്ക്കും ഏറെ ആഘാതമായിരുന്നു ബോളിവുഡിന്‍റെ പ്രതികരണം.
അൻവായ് നായിക് ആത്മഹത്യ കേസ്
2018ല്‍ ഒരു ഇന്റീരിയര്‍ ഡിസൈനറായ വ്യക്തിയും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അര്‍ണാബ് ഇപ്പോള്‍ അടിമുടി പെട്ടിരിക്കുന്നത്. കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എംഡിയായിരുന്ന അന്‍വായ് നായികും (53) അദ്ദേഹത്തിന്‍റെ അമ്മയും അലിഭാഗിലെ ഫാം ഹൗസില്‍ വച്ചാണ് ആത്മഹത്യ ചെയ്യുന്നത്. അര്‍ണാബ് ഗോസ്വാമിയും ഫിറോസ് ഷെയ്ഖ്, നിതീഷ് സാര്‍ധ എന്നിവരും ചേര്‍ന്ന് തന്റെ കയ്യില്‍ നിന്ന് 5.4 കോടി രൂപ വാങ്ങിയിരുന്നുവെന്ന് അന്‍വായ് നായിക് ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു. സ്റ്റുഡിയോ ഡിസൈന്‍ ചെയ്ത വകയില്‍ അര്‍ണാബ് ഗോസ്വാമി നല്‍കാനുള്ള 83 ലക്ഷം രൂപ അന്‍വായ് നായികിന് നല്‍കാനുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആത്മഹത്യ പ്രേരണക്കുറ്റത്തിന് 2018ല്‍ തന്നെ അര്‍ണാബിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ തെളിവുകളില്ലെന്ന് കാണിച്ച് അന്നത്തെ ബിജെപി സര്‍ക്കാര്‍ കേസ് തള്ളി. പിന്നീട് കഴിഞ്ഞ മെയ് മാസത്തില്‍ കേസ് പുനരന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. അലിഭാഗ് പൊലീസ് സംഭവത്തില്‍ വേണ്ട അന്വേഷണം നടത്തിയില്ലെന്ന് അന്‍വായ് നായികിന്റെ ഭാര്യ അദന്യ നായിക് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അന്വേഷണം പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായി 2020 നവംബര്‍ നാലാം തീയതി അര്‍ണാബ് അറസ്റ്റിലായി.
എന്നാല്‍ അറസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ബിജെപി മന്ത്രിമാരുള്‍പ്പെടെ രംഗത്ത് വന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനേറ്റ ആഘാതമായാണ് പ്രസ്താവനകള്‍ വരുന്നത്. മഹാരാഷ്ട്രയില്‍ മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അര്‍ണാബിനോടുള്ള വൈരവും രാഷ്ട്രീയ ലക്ഷ്യങ്ങളുമാണ് അറസ്റ്റിന് പിന്നിലെന്നാണ് വാദങ്ങള്‍.
മാധ്യമപ്രവര്‍ത്തകരെയും മനുഷ്യാവകാശ സംരക്ഷകരെയും കാര്യകാരണമില്ലാതെ നാടു നീളെ അറസ്റ്റ് ചെയ്ത് നീങ്ങുന്ന ബിജെപി സര്‍ക്കാരിന്‍റെ പ്രതിനിധികള്‍ തന്നെ അര്‍ണാബ് ഗോസ്വാമി ക്രമിനല്‍ കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായതിനെ അടിയന്തരാവസ്ഥയോട് ഉപമിക്കുന്ന നടപടിയാണ് ദഹിക്കാതെ കിടക്കുന്നത്. വിരോധാഭാസം എന്നല്ലാതെ ഒറ്റവാക്കില്‍ ഈ കൂത്ത് എങ്ങനെ വിശേഷിപ്പിക്കും…!