സംസ്ഥാനത്തെ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് നിര്‍വ്വചനമായിരുന്നു ശംഖുമുഖം ബീച്ച്. തലസ്ഥാന നഗരത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന്. വിശ്രമത്തിനുള്ള എല്ലാ ചേരുവകളും ചേര്‍ന്ന കേന്ദ്രം. ജനക്കൂട്ടത്തില്‍ നിന്നകന്ന് ഉല്ലാസത്തുടിപ്പിന്‍റെ സായാഹ്നങ്ങള്‍ നല്‍കിയ ഇടം. അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം രാജ്യന്തര സഞ്ചാരികളെ വരെ ആകര്‍ഷിച്ച കേരളത്തിന്‍റെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്ന്. എന്നാല്‍ ഈ തീരത്തേക്ക് ആഞ്ഞടിക്കുന്ന തിരകൾ മുമ്പില്ലാത്ത വിധം രൗദ്രമാവുകയാണ്. പൂര്‍ണ്ണ ദുഃഖത്തോടെ അവ സ്വീകരിക്കുന്ന നിരാലംബയായ കരയെ അറബിക്കടല്‍ വിഴുങ്ങാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായിരിക്കുന്നു. വികസനത്തിന് വിധേയപ്പെട്ട് ദിനം പ്രതി ശോഷിക്കുന്ന തീരദേശം. പഴയ പ്രൗഢിയും പ്രതാപവും നഷ്ടപ്പെട്ട കിരീടമില്ലാത്ത രാജാവ്. ശംഖുമുഖത്തിന്‍റെ പുതിയ വിശേഷണം ഇങ്ങനെയാണ്.
ഓഖി ആഞ്ഞുവീശിയതിൽ പിന്നെ ശംഖുമുഖത്ത് ഉല്ലാസത്തിരകൾ കണ്ടിട്ടില്ല. കൂടാതെ മണൽതിട്ടകൾ പൂർണമായും കടലെടുത്തു. നടപ്പാതകളുടെ അടിഭാഗം തുരന്ന് കടൽ കരയിലേക്കു കയറി. തീരം കടലെടുത്തതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. ബീച്ചിനെ ആശ്രയിച്ചു ജീവിതം നയിച്ചിരുന്നവർ ബുദ്ധിമുട്ടിലായി. വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിനെ തലസ്ഥാന നഗരവുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ വലിയൊരു ഭാഗമുൾപ്പെടെ ഇതിനോടകം പൂർണമായും കടലെടുത്തുകഴിഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അശാസ്ത്രീയ നിർമാണമാണ് ശംഖുമുഖം കടപ്പുറത്തിന്റെ ഈ ശോചനീയാവസ്ഥയ്ക്കു കാരണമെന്നാണ് തീരദേശ സംരക്ഷണം മുന്‍നിര്‍ത്തി മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദരുടെ വിലയിരുത്തല്‍. കോവളം, വിഴിഞ്ഞം, വേളി, കല്ലുമൂടു, മുട്ടത്തറ, ബീമാ പള്ളി തുടങ്ങിയ പ്രദേശങ്ങളെല്ലാം അപ്രത്യക്ഷമാകാൻ ഇനി അധികനാളില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ വാദങ്ങളെ സാധൂകരിക്കുന്ന ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകളും പ്രസ്താവനകളും കപട പരിസ്ഥിതി വാദത്തിന്‍റെയും വികസന വിരുദ്ധതയുടെയും നാമത്തില്‍ തള്ളുകയാണ് അധികാരികള്‍. ഇത് മൂലം നമുക്കുണ്ടാകാന്‍ പോകുന്ന വിലപിടിച്ച നഷ്ടങ്ങളെ പൂര്‍ണ്ണമായും വിസ്മരിക്കുകയാണോ ഇവിടെ? അതോ വികസനത്തിന്‍റെ പുതിയ മാനങ്ങള്‍ വ്യാഖ്യാനിക്കാന്‍ മനഃപ്പൂര്‍വ്വം കണ്ണടയ്ക്കുന്നതോ? തുറമുഖത്തിന്‍റെ 40 ശതമാനം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് നികത്താനാകാത്ത നഷ്ടങ്ങള്‍ തീരദേശം നേരിടുന്നത്. അങ്ങനെയെങ്കില്‍ പദ്ധതി പൂര്‍ണ്ണമാകുമ്പോഴേക്കും എന്താകും അവസ്ഥ?
വിഴിഞ്ഞം തുറമുഖ പദ്ധതിയും തീരശോഷണവും
അഞ്ചുവർഷം മുമ്പാണ് വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമാണത്തിനുള്ള കരാർ അഹമ്മദാബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പ് നേടിയെടുത്തത്. കേരളത്തിലെ ഭരണകക്ഷികളും പ്രതിപക്ഷവും ബിജെപി ഉൾപ്പെടെയുള്ള എല്ലാ പാർട്ടികളും അതിനെ അനുകൂലിച്ചു. പദ്ധതിയുടെ ആകെ ചെലവ് 7,525 കോടി രൂപയാണ്. അതിൽ 2,454 കോടി രൂപ അദാനിഗ്രൂപ്പിന്റെ സ്വന്തം ഫണ്ടാണ്. 1,635 കോടി രൂപ കേന്ദ്ര സർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ടായി നൽകുന്നുണ്ട്. സംസ്ഥാന സർക്കാരിൽ നിന്നുള്ള വിഹിതം 3,436 കോടി രൂപയാണ്. സമുദ്രത്തിൽ നിന്ന് 130 ഏക്കർ നികത്തിയെടുക്കാൻ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നൽകിയതിനു പുറമേ 360 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ നിലവിൽ സംഭാവന ചെയ്യുകയും ചെയ്തിരിക്കുന്നു.
പദ്ധതി രേഖകൾ പറയുന്നത് പ്രകാരം, രാജ്യത്തിന്റെ 80 ശതമാനം ചരക്ക് കൈമാറ്റവും കൈകാര്യം ചെയ്യാൻ കഴിയുന്ന ഇന്ത്യയുടെ ഏറ്റവും ആഴമേറിയ തുറമുഖമാണിത്. കരാർ പ്രകാരം 40 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് തുറമുഖം പ്രവർത്തിപ്പിക്കാം, ഇത് 20 വർഷം കൂടി നീട്ടുകയും ചെയ്യാം, 15 വർഷത്തിന് ശേഷം സംസ്ഥാന സർക്കാരിന് തുറമുഖത്തുനിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കും. 2019 ഡിസംബർ 3ന് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാര്‍ നിർദേശിച്ചെങ്കിലും പുലിമുട്ട് നിർമ്മാണത്തിന് ആവശ്യമായ സാമഗ്രികൾ ലഭ്യമാകുന്നതിൽ വന്ന കാലതാമസം ഇതിന് തടസ്സമായി. പിന്നീട് ഓഖി ദുരന്തം വന്നതോടെ ജോലികൾ നിർത്തിവച്ചിരുന്നു. എന്നാല്‍, കോവിഡ് വ്യാപനവും ലോക്ക്ഡൗണുമെല്ലാം കണക്കിലെടുത്ത് നിർമ്മാണ പൂർത്തീകരണത്തിനുള്ള കാലാവധി സർക്കാർ 12 മാസം കൂടി നീട്ടി.
തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി നടത്തുന്ന ഡ്രഡ്ജിംഗ് (കടല്‍ കുഴിക്കല്‍), പുലിമുട്ട് നിർമ്മാണം എന്നിവയാണ് വലിയതുറ, ശംഖുമുഖം പോലെയുള്ള തീരങ്ങളിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന തീരശോഷണത്തിന് കാരണമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. “കടല്‍ക്കുഴിച്ച് കൃത്രിമമായി കരയുണ്ടാക്കിക്കഴിഞ്ഞപ്പോള്‍ തീരത്തു കൂടി ഒഴുകുന്ന മണല്‍ ഈ ഭാഗത്ത് അടിഞ്ഞു. ഇതിന്‍റെ ഭാഗമായാണ് കടല്‍ വിഴുങ്ങുന്ന ശംഖുമുഖം പോലുള്ള തീരങ്ങളില്‍ മണല്‍ തിരികെ വരാത്തത്. അല്ലാത്തപക്ഷം അല്‍പം തീരം നഷ്ടപ്പെട്ടാല്‍ പോലും മാസങ്ങള്‍ക്ക് ശേഷം ഇവിടങ്ങളില്‍ വിശാലമായ ബീച്ച് രൂപപ്പെടാറുണ്ട്,” പ്രമുഖ സമുദ്ര പഠന വിദഗ്ധനും വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾ ഏകീകരിക്കുന്ന പീപ്പിൾസ് വിജിലൻസ് ഫോറമെന്ന സിവിൽ സൊസൈറ്റി ഗ്രൂപ്പിന്‍റെ നേതാവുമായ ജോസഫ് വിജയന്‍ അന്വേഷണം.കോമിനോട് പ്രതികരിച്ചു.
പോർട്ടുകളുടെയും ഹാർബറുകളുടെയും നിർമ്മാണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ, കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം 2010 ൽ പുറത്തിറക്കിയ പാരിസ്ഥിതിക ആഘാത മാർഗരേഖയിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പുലിമുട്ടിന്റെ നിർമ്മാണം മാത്രമല്ല, അനധികൃതമായി സമുദ്രപ്രദേശത്ത് ആഴത്തിൽ കുഴിയെടുക്കുന്നതടക്കമുള്ള പ്രവർത്തികൾ മൂലം ശക്തമായ കടൽക്ഷോഭം ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ടെന്നാണ് ഈ പഠനം ചൂണ്ടിക്കാണിച്ചത്.
ഉയർന്ന രീതിയിൽ കടലേറ്റം ഉണ്ടാകുന്ന പ്രദേശമാണ് വിഴിഞ്ഞം. കോസ്റ്റൽ റെഗുലേഷൻ സോൺ വിജ്ഞാപന പ്രകാരം, ഉയർന്ന കടലേറ്റ സാധ്യതയുള്ള തീരപ്രദേശങ്ങളിൽ തുറമുഖങ്ങളുടെ നിർമ്മാണം അനുവദനീയമല്ല. പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. എംഎസ് സ്വാമിനാഥന്‍ തീരസംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അഥവ ഇവിടങ്ങളില്‍ തുറമുഖം നിര്‍മ്മിക്കുകയാണെങ്കില്‍ അത് മൂലമുണ്ടാകുന്ന തീരശോഷണത്തിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി പരിഹാരമുണ്ടാക്കണമെന്നും അല്ലെങ്കില്‍ തീരദേശ വാസികളെ പുനരധിവസിപ്പിക്കണമെന്നും എംഎസ് സ്വാമിനാഥന്‍ പ്രസ്തുത പഠന റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
എന്നാല്‍, ഇത്രയും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സാഹചര്യം സംസ്ഥാനത്ത് നിലവിലില്ല. അതായത് വിഴിഞ്ഞം വാണിജ്യ തുറമുഖം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആയിരക്കണക്കിന് വരുന്ന ജനം വഴിയാധാരമാകുമെന്ന് സാരം- ജോസഫ് വിജയന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, 3.1 കിലോമീറ്റർ ബ്രേക്ക്‌വാട്ടറിന്റെ 600 മീറ്റർ മാത്രമാണ് ഇതുവരെ വിഴിഞ്ഞത്ത് പൂർത്തിയാക്കിയത്. അങ്ങനെയെങ്കില്‍ ജോലി പൂർത്തിയായിക്കഴിഞ്ഞാൽ ഇതിലും ഭയാനകമായ സാഹചര്യം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ജോസഫ് വിജയന്‍ നല്‍കുന്നു.
ശംഖുമുഖത്തെ റോഡ് സംരക്ഷിക്കാൻ അല്ലെങ്കിൽ പുതുക്കി പണിയാൻ കോടികൾ മുടക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഡയഫ്രം ഭിത്തികള്‍ സ്ഥാപിക്കാനാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. “ബീച്ച് നഷ്ടമായിക്കൊണ്ടിരിക്കുന്നതിൽ അധികൃതർക്ക് വലിയ പ്രയാസമൊന്നുമില്ല. കടലേറ്റത്തെ നേരിടുന്ന വിധം എങ്ങനെ റോഡ് നിർമ്മിക്കാമെന്നാണ് വിദഗ്ദരോട് ഗവണ്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാതെ ബീച്ച് നിലനിർത്താനല്ല. അതിനുള്ള പോംവഴികൾ അവരുടെ അജണ്ടയിൽ ഇല്ല,” ജോസഫ് വിജയന്‍ പറഞ്ഞു. ഈ വിധം ശംഖുമുഖത്തെ റോഡ് രക്ഷിക്കാനായി വലിയ കോൺക്രീറ്റ് നിർമ്മാണം നടത്തിയാൽ സമീപ തീരങ്ങളിൽ കടലേറ്റം രൂക്ഷമാകും. അതായത് കണ്ണാന്തുറ, വെട്ടുകാട്, വേളി എന്നിവിടങ്ങളിൽ തീരശോഷണം വളരെ വലുതായിരിക്കും എന്നർത്ഥം- അദ്ദേഹം അഭിപ്രായപ്പെട്ടു.
1970 കളിൽ വിഴിഞ്ഞം ഫിഷിംഗ് ഹാർബറിനായി ഒരു ചെറിയ പുലിമുട്ട് നിർമ്മിച്ചപ്പോൾ തന്നെ ഈ പ്രദേശം കടലെടുക്കാൻ തുടങ്ങിയിരുന്നു. എന്നാല്‍, വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം തുടങ്ങിയതോടു കൂടിയാണ് കടൽ മുൻപില്ലാത്തവിധം തീരത്തെ വിഴുങ്ങാനാരംഭിച്ചത്. തലസ്ഥാനത്തെ മനോഹരമായ ബീച്ചുകളെ മാത്രമല്ല കടലിനെ ആശ്രയിച്ചു മാത്രം ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെപ്പോലും തുടച്ചു നീക്കുന്ന തരത്തിൽ കടൽത്തിരകളെ അക്രമകാരികളാക്കിയതിനു പിന്നിൽ പ്രസ്തുത പദ്ധതിക്ക് വലിയ പങ്കുണ്ട്.
തലസ്ഥാനത്തെ സമുദ്രമേഖലയിലെ ജൈവവൈവിധ്യത്തിനും തുറമുഖത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ഭീഷണിയാണ്. മത്സ്യ പ്രജനന മേഖലകൾ നശിപ്പിക്കുക, മത്സ്യബന്ധനം കുറയ്ക്കുക, മത്സ്യബന്ധന മൈതാനങ്ങളിലേക്കുള്ള തൊഴിലാളികളുടെ പ്രവേശനം നഷ്ടപ്പെടുക, ഷിപ്പിംഗ് കപ്പലുകളുമായുള്ള സംഘർഷം തുടങ്ങി നിലവിലെ പ്രതിസന്ധികൾ എണ്ണിയാൽ തീരില്ല. 50,000 ത്തിലധികം മത്സ്യത്തൊഴിലാളികളെയാണ് പദ്ധതി നേരിട്ട് ബാധിക്കുക.
“വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചതിന് പിന്നാലെ തീരം നഷ്ടപ്പെടുന്നത് ഇരട്ടി വേഗത്തിലാണ്. 2016ന് ശേഷം വ്യാപകമായ നാശനഷ്ടമാണ് തീരദേശ ഗ്രാമങ്ങളില്‍ ഉണ്ടായിട്ടുള്ളത്. വീടുകള്‍, തെങ്ങുകള്‍, അവശ്യസൗകര്യങ്ങള്‍ എന്നിവയ്ക്ക് പുറമെ വിശാലമായ കളി സ്ഥലങ്ങള്‍, താത്കാലിക സിനിമ കോട്ടകള്‍, കലാ-കായിക ക്ലബ്ലുകള്‍ തുടങ്ങി തീരദേശ വാസികളുടെ സാംസ്കാരിക ഇടം തന്നെ നഷ്ടമായി. കൂടാതെ കമ്പവല പോലുള്ള മത്സ്യ ബന്ധന രീതികളും പണ്ടക ശാലകള്‍ പോലുള്ള പാരമ്പര്യ മത്സ്യ സംസ്കരണ മാര്‍ഗ്ഗങ്ങളും സാരമായി ബാധിക്കപ്പെട്ടു. മത്സ്യബന്ധന യാനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതും സംഘര്‍ഷമുണ്ടാക്കുന്നു. തീരമില്ലാതാകുന്നതാണ് ഇതിന്‍റെയൊക്കെ ആത്യന്തിക കാരണം,”തീരദേശ വനിത ഫെഡറേഷന്‍ പ്രസിഡന്‍റ് മാഗ്ലിന്‍ ഫിലോമിന അന്വേഷണം.കോമിനോട് പറഞ്ഞു.
“ഞങ്ങളുടെ തൊഴിലിടം, വാസസ്ഥലം, വരുമാനം എന്നിങ്ങനെ പലതും നഷ്ടപ്പെടുത്തിയാണ് അദാനിയുടെ തുറമുഖം വരുന്നത്. ആ പദ്ധതിക്ക് ലാഭം കണക്കു കൂട്ടുമ്പോള്‍ മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ നഷ്ടം കൂടി കണക്കിലെടുത്ത് വേണം. അല്ലാതെ അതെങ്ങനെ ലാഭമാകും” മാഗ്ലിന്‍ ഫിലോമിന ചോദിക്കുന്നു. ഇതുവരെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടായ പ്രത്യാഘാതങ്ങളും പ്രതിസന്ധികളും പരിഹരിച്ചതിനു ശേഷം മാത്രമേ തുറമുഖ നിര്‍മ്മാണം ഇനി മുന്നോട്ട് കൊണ്ടു പോകാന്‍ പാടുള്ളൂ എന്നും അതുവരെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കണമെന്നുമാണ് തീരദേശ സംരക്ഷകരുടെ ആവശ്യം.
ആശങ്കകളുടെ സ്വപ്ന പദ്ധതി
തീരശോഷണം സംബന്ധിച്ച റിപ്പോര്‍ട്ടുകളെയും ആരോപണങ്ങളെയും ഖണ്ഡിച്ചുകൊണ്ട് ശംഖുമുഖം-വലിയതുറ തീരത്ത് കഴിഞ്ഞ 5 വർഷമായി പുതിയ തീരശോഷണമൊന്നും നടന്നിട്ടില്ലെന്നാണ് അദാനി ഗ്രൂപ്പിന്‍റെ വാദം. മാത്തമാറ്റിക് മോഡലിംഗ് പഠനത്തിലൂടെ ഈ റിപ്പോർട്ട് അദാനിക്ക് വേണ്ടി ഓരോ 6 മാസത്തിലും ഉണ്ടാക്കിയത് എല്‍ ആന്‍റ് ടി ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ് ലിമിറ്റഡ് (L&T IEL) എന്ന കമ്പനിയാണ്. അദാനിക്ക് ഇങ്ങനെ റിപ്പോർട്ട് ഉണ്ടാക്കേണ്ടത് അവരുടെ നിക്ഷിപ്ത താൽപ്പര്യം കൊണ്ടാണെന്ന് പറയാം. എന്നാല്‍ ഇത് അംഗീകരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലേക്ക് അയക്കുന്ന സര്‍ക്കാര്‍ സ്ഥാപനം വിഐഎസ്എല്‍ (വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്) നടപടിയെ എങ്ങനെ വ്യാഖ്യാനിക്കും. “ഇതുവരെ നടന്നിട്ടുള്ള പഠനങ്ങളെല്ലാം തന്നെ എങ്ങനെയെങ്കിലും ഈ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ്. അല്ലാതെ മുന്‍വിധികളൊന്നുമില്ലാതെ സ്വതന്ത്രമായ നീക്കങ്ങളായിരുന്നില്ല. സത്യങ്ങള്‍ മറച്ചു വച്ചുകൊണ്ട് മുന്നോട്ട് പോയാല്‍ അദാനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. നഷ്ടം, തീരവും വീടുകളുമില്ലാതാകുന്ന തീരദേശങ്ങളിലെ പാവങ്ങള്‍ക്ക് മാത്രമാണ്” ജോസഫ് വിജയന്‍ വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതി പൂർത്തിയായാൽ 15 വർഷത്തിൽ വരുമാനം എന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ നിർഭാഗ്യവശാൽ സംസ്ഥാന സർക്കാർ ലാഭം നേടുന്നതിനു മുൻപ് തന്നെ ഗുതുതരമായ പ്രത്യാഘാതങ്ങൾ പ്രദേശത്ത് നേരിടേണ്ടി വരുമെന്നതാണ് വസ്തുത. കടൽക്ഷോഭ സാധ്യതയേറിയ പ്രദേശങ്ങളിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ഈ മേഖലകളിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളേക്കുറിച്ച് പൂർണമായ വിലയിരുത്തൽ പോലും ഇതുവരെ നടത്തിയിട്ടില്ല എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
പരിസ്ഥിതി, ഉപജീവന പ്രശ്നങ്ങൾ മാത്രമല്ല ഈ പദ്ധതിയുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ചും ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ ഇപ്പോഴും വ്യക്തതയായിട്ടില്ല. ഈ മേഖലയിൽ ചരക്കുനീക്കത്തിന്റെ 35 ശതമാനം കയ്യടക്കിയിരിക്കുന്ന കൊളംബോ തുറമുഖവുമായി വിഴിഞ്ഞത്തിന് കടുത്ത മത്സരം നേരിടേണ്ടിവരും. ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷന്റെ റിപ്പോർട്ട് പ്രകാരം നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ തീരത്തിന്റെ സാധ്യതകളെ പരിമിതമായ തോതിലേ ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്.
പദ്ധതിയിൽ നിരവധി കൃത്യതയില്ലായ്മകൾ കണ്ടെത്തിയതായി 2017 ലെ സിഎജി റിപ്പോർട്ടിലും പറയുന്നുണ്ട്. 40 വർഷത്തെ ഇളവ് കാലാവധി അവസാനിക്കുമ്പോൾ പദ്ധതിക്ക് 5,608 കോടി രൂപയുടെ നഷ്ടമാകും സംഭവിക്കുക. മറ്റ് സംസ്ഥാനങ്ങളിലെ സമാന തുറമുഖങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തം പദ്ധതിച്ചെലവിൽ വരെ കാര്യമായ പിഴവുകളും സിഎജി കണ്ടെത്തിയിരുന്നു. ഇതെല്ലാം ചർച്ചയായിട്ടും പദ്ധതിയിൽ നിന്ന് പിറകോട്ട് പോയില്ലെന്നു മാത്രമല്ല ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാർ അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെടുന്നത്.
തുറമുഖ നിർമ്മാണത്തിനായി ഇതിനോടകം 6 ലക്ഷം ടൺ ഗ്രാനൈറ്റ് കടലിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും പശ്ചിമഘട്ടത്തിലെ സെൻസിറ്റീവ് മേഖലകളില്‍ നിന്നാണ്. ബാക്കി ജോലികൾ പൂർത്തിയാക്കാൻ ഒരു കോടി ടൺ ഗ്രാനൈറ്റ് ആവശ്യമാണ്. ഈയിനത്തിലെല്ലാം പാഴായിക്കൊണ്ടിരിക്കുന്ന പണം പൊതു ഖജനാവിൽ നിന്നാണെന്നത് ഓര്‍ക്കണം. അതേസമയം, 88 വർഷം പഴക്കമുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തിപ്പിക്കാനും കൈകാര്യം ചെയ്യാനും വികസിപ്പിക്കാനുമുള്ള 50 വർഷത്തെ പാട്ടം അദാനി എന്‍റര്‍പ്രൈസസ് കരസ്ഥമാക്കിയിട്ടുമുണ്ട്. വിമാനത്താവളവും കടലെടുക്കുന്ന ദിനങ്ങൾ വിദൂരമല്ല. അങ്ങനെയെങ്കില്‍ തുറമുഖവും വിമാനത്താവളവും സമന്വയിപ്പിച്ച് നടത്തുന്നതിനുള്ള ബഹുമതി അദാനി ഗ്രൂപ്പിന് സ്വന്തമാകും.