‘വിപ്ലവം ഇല്ലാത്ത വിപ്ലവം’- ഫ്രഞ്ച് വിപ്ലവത്തിന്‍റെ നേതാക്കളില്‍ ഒരാളായ മാക്സിമിലിയൻ ഡി റോബെസ്പിയറിന്‍റെ ഈ പരാമര്‍ശത്തോട് അടുത്ത് കിടക്കുന്നതാണ് ആധുനിക ജനാധിപത്യത്തിന്‍റെ അവസ്ഥ. സത്യസന്ധമോ സുതാര്യമോ അല്ലാത്ത ഭരണസംവിധാനങ്ങളാല്‍ മൂല്യച്ഛ്യുതി സംഭവിച്ച് ജനാധിപത്യത്തില്‍ നിന്ന് ‘ജനാധിപത്യം’ നാടു നീങ്ങുന്ന സ്ഥിതിവിശേഷം. ഈ പ്രസ്താവന സാധൂകരിക്കാന്‍ ലോകത്തില്‍ വച്ചേറ്റവും മഹത്തായ ജനാധിപത്യ രാഷ്ട്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയെ തന്നെ ഉദാഹരണമായെടുക്കാം.
നാലുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് തന്നെയാണ് അമേരിക്കന്‍ ജനാധിപത്യത്തെ വിഖ്യാതമാക്കുന്നത്. എന്നാല്‍ കാലാന്തരത്തില്‍ സ്വതന്ത്ര്യവും നീതിയും സുതാര്യതയും നഷ്ടപ്പെട്ട തിരഞ്ഞെടുപ്പുകള്‍ ഈ ഖ്യാതിയുടെ അപചയത്തിന് കാരണമാകുന്നു. ജനവിധികളെ അട്ടിമറിച്ചുകൊണ്ടുള്ള ബാഹ്യ ഇടപെടലുകള്‍ അമേരിക്കന്‍ ജനാധിപത്യ പ്രക്രിയയില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ ജനാധിപത്യത്തെ ഉദാഹരിക്കാന്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പോകേണ്ടി വരും. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് ഇത് ഒരു അവസരമാകുമെങ്കിലും ഫെഡറല്‍ സംവിധാനത്തില്‍ അഹങ്കരിക്കുന്ന അമേരിക്കയ്ക്ക് അത് തീരാനഷ്ടമായി ഭവിക്കും.
കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന ആശങ്കകള്‍ക്ക് നടുവില്‍ അമേരിക്കൻ ജനത ഈ നവംബർ മൂന്നിന് ഒരു വിധിയെഴുത്തിനൊരുങ്ങുകയാണ്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥി, മുൻ വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡനും തമ്മിലാണ് മുഖ്യമത്സരം. വംശീയ ചേരിതിരിവുകള്‍, ആഭ്യന്തര ദൗർബല്യങ്ങള്‍, നിയമ രാഹിത്യം, അരാജകത്വം, തകരുന്ന സമ്പദ്‌വ്യവസ്ഥ തുടങ്ങി വിവിധങ്ങളായ വെല്ലുവിളികള്‍ നേരിടുന്ന അമേരിക്ക ഇനി ആരുടെ കൈകളിലെന്നതാണ് ലോകം ഉറ്റുനോക്കുന്നത്.
അമേരിക്കന്‍ ജനാധിപത്യത്തിന്‍റെ നട്ടെല്ലായ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വിള്ളല്‍ വീഴ്ത്താനുള്ള ബാഹ്യ ഇടപെടലുകള്‍ ഇത്തവണയും ഉണ്ടാകുമെന്നതിന്‍റെ ലാഞ്ചനകള്‍ ഇതിനോടകം തന്നെ തെളിഞ്ഞുവരുന്നുണ്ട്. ഡെമോക്രാറ്റ് വോട്ടര്‍മാരുടെ സൈബര്‍ ഡാറ്റ ബാഹ്യശക്തികള്‍ കൈവശപ്പെടുത്തിയെന്ന് സമ്മതിച്ചുകൊണ്ട് രാജ്യത്തിന്റെ ഇന്റലിജന്‍സ് ഡയറക്ടര്‍ തന്നെ രംഗത്ത് വന്ന സാഹചര്യമാണ് കാണാനിരിക്കുന്ന പൂരത്തിന്‍റെ കൊടിയേറ്റം. ഡെമോക്രാറ്റിക് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന ഇമെയിലുകള്‍ അയച്ചതിന്റെ ഉത്തരവാദിത്തം ഇറാനാണെന്നും തീവ്ര വലതുപക്ഷ- ട്രംപ് അനുകൂല ഗ്രൂപ്പാണ് ഇത്തരം ഇമെയിലുകള്‍ക്ക് പിന്നിലെന്നുമായിരുന്നു ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
Also Read: “യുഎസ് തെരഞ്ഞെടുപ്പ്; വോട്ടർമാരെ ഭീഷണിപ്പെടുത്തി ഇ-മെയിൽ സന്ദേശങ്ങൾ”
അനുഭവങ്ങളുടെ വെളിച്ചത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ബാഹ്യശക്തികളുടെ ഇടപ്പെടലുകളെ ചെറുക്കാന്‍ അതിനൂതന സൈബര്‍ സുരക്ഷയടക്കം ഒരുക്കിയിട്ടുണ്ടെന്ന അവകാശവാദങ്ങളെ കാറ്റില്‍പ്പറത്തുകയാണ് ഇറാന്‍- റഷ്യ- ചൈന തുടങ്ങിയ രാഷ്ട്രങ്ങള്‍ അമേരിക്കന്‍ വോട്ടര്‍മാരുടെ സൈബര്‍ ഡാറ്റാ തരപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ത്ഥികള്‍ തന്നെ ഇത്തരം ദുഷ്പ്രവര്‍ത്തികള്‍ക്ക് ചരടുവലിക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമായ മറ്റൊരു വസ്തുത.
ട്രംപ്- ഹിലരി പോരാട്ടം നല്‍കുന്ന പാഠം
അമേരിക്കന്‍ തെരഞ്ഞെടുപ്പ് വിദഗ്ദര്‍ക്കും ലോക മാധ്യമങ്ങള്‍ക്കും ഉറപ്പായിരുന്നു 2016ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്‍റന്‍ ജയിക്കുമെന്നത്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ തമ്മില്‍ ഏതാണ്ട് പൂര്‍ണ്ണമായ അഭിപ്രായ ഐക്യവും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ഒരു ദിവസം മുന്‍പ്, ന്യൂയോര്‍ക്ക് ടൈംസ് ഹിലരി ക്ലിന്‍റന് 270 വോട്ടിന്‍റെ വ്യക്തമായ വിജയസാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു. ക്ലിന്‍റന്‍ പ്രസിഡന്‍റ് സ്ഥാനം അലങ്കരിക്കാന്‍ 84 ശതമാനം സാധ്യതയുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് വിധിയെഴുതിയപ്പോള്‍ റോയിട്ടേഴ്സ് ക്ലിന്‍റന്‍റെ ജയത്തിന് 90ശതമാനം സാധ്യത നിസ്സംശയം പ്രഖ്യാപിച്ചു. 9.8 ദശലക്ഷം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹിലരി ജയിക്കാനുള്ള സാധ്യത 98.5 ശതമാനമാണെന്ന് ഹഫിങ്ങ്ടണ്‍ പോസ്റ്റിലെ തെരഞ്ഞെടുപ്പ് അവലോകന വിദഗ്ദരും രേഖപ്പെടുത്തി. എന്നാല്‍, അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളിലെ ഇലക്ട്രറൽ കോളേജിൽ നിന്നുളള ഭൂരിപക്ഷ അംഗങ്ങളുടെ വോട്ടു നേടി ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായി. ക്ലിന്‍റന്‍ പോരാട്ടത്തിനൊടുവില്‍ പരാജയപ്പെട്ടു. എന്തു കൊണ്ടാണ് ഇത്രയും വലിയ തെറ്റ് ഊ വിദഗ്ദര്‍ക്കൊക്കെ സംഭവിച്ചത്?
ട്രംപിനെ പോലെ അസ്വീകാര്യനായ, യാതൊരു രാഷ്ട്രീയ പരിചയവുമില്ലാത്ത ഒരു വ്യക്തിക്ക് ജനാധിപത്യ മൂല്യങ്ങളെ വാനോളം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും ഒരു വിദഗ്ദനും തയ്യാറായില്ലെന്നത് ഈ തെറ്റിന്‍റെ ഒരു വശം. മറ്റൊന്ന് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചുകൊണ്ടുള്ള ബാഹ്യ ശക്തികളുടെ ഇടപെടല്‍.
ഹിലരി ക്ലിന്‍റന്‍ വഞ്ചകിയാക്കി ചിത്രീകരിച്ചുകൊണ്ടുള്ള ക്രൂക്ക്ഡ് ഹിലരി (Crooked Hillary) എന്ന കൊണ്ടുപിടിച്ച ക്യാംപെയ്‌നിലൂടെ, അവര്‍ക്കെതിരായി ദുഷ്പ്രചരണങ്ങളും അപവാദങ്ങളും അഴിച്ചുവിട്ട്, വോട്ടുകള്‍ ട്രംപിന് അനുകൂലമാക്കുകയുമായിരുന്നു ഈ ബാഹ്യ ഇടപെടല്‍. ഇതിനു പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണെന്ന വ്യക്തമായ സൂചന നല്‍കി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ രംഗത്ത് വരികയായിരുന്നു.
Also Read: “അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ദുര്‍ബ്ബലാവസ്ഥ തുടരുകയാണ്”
റഷ്യന്‍ താത്പര്യമുള്ളവരെ ഹിലരി ക്ലിന്‍റന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ സംഘത്തിലേക്ക് തിരുകി കയറ്റാന്‍ റഷ്യക്ക് കഴിഞ്ഞിരുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തി. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിക്കിലീക്‌സ് പോലുള്ള വെബ് സൈറ്റുകള്‍ക്ക് ഹിലരിയുടെ ഇമെയിലുകള്‍ പുറത്തുവിടാന്‍ സാധിച്ചതടക്കമുള്ള വസ്തുതകള്‍ മുന്‍നിര്‍ത്തിയായിരുന്നു അന്വേഷണ സംഘത്തിന്‍റെ നിഗമനം.
അമേരിക്കയിൽ രാഷ്ട്രീയവും സാമൂഹികവുമായ അഭിപ്രായവ്യത്യാസം വർദ്ധിപ്പിച്ചുകൊണ്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നേരിട്ട് ഈ ഓപ്പറേഷനില്‍ ഇടപെട്ടതായായിരുന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറർനെറ്റ് റിസർച്ച് ഏജൻസി (ഐആർഎ) ആയിരക്കണക്കിന് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിക്കുകയും തീവ്ര രാഷ്ട്രീയ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന അമേരിക്കക്കാരാണെന്ന് അവകാശപ്പെടുകയും ട്രംപിനെ പിന്തുണയ്ക്കുകയും ക്ലിന്റനെതിരെ ആസൂത്രിതമായി നീങ്ങുകയുമാണ് ചെയ്തത്.
ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വന്‍ഷന്റെയും ഹിലരിയുടെ പ്രചാരണവിഭാഗം ചെയര്‍മാന്‍ ജോണ്‍ പൊഡസ്റ്റയുടെയും ഇ-മെയിലുകള്‍ സൈബര്‍ ആക്രമണത്തിലൂടെ റഷ്യ ചോര്‍ത്തിയതായും പിന്നീടവ വിക്കിലീക്സിലൂടെ പുറത്തുവിട്ടതായും കണ്ടെത്തിയിരുന്നു. വിവാദങ്ങള്‍ ചൂടുപിടിച്ചപ്പോള്‍ അന്വേഷണങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. 2017 ജനുവരി ആറിന് അമേരിക്കയിലെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ), ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ), നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്എ) തുടങ്ങി മൂന്ന് രഹസ്യാന്വേഷണ ഏജന്‍സികളുംകൂടി സംയുക്തമായി ഇറക്കിയ 50 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ റഷ്യന്‍ ഇടപെടല്‍ എന്ന ആരോപണം ശക്തമായി ഉയര്‍ന്നു. ആദ്യഘട്ടത്തില്‍ റഷ്യക്കെതിരെ ഉന്നയിച്ച ആരോപണത്തിന് വേണ്ടത്ര വ്യക്തതയില്ലെന്ന വിമര്‍ശനത്തിന്റെ മുനയൊടിച്ചു കൊണ്ടായിരുന്നു ഈ റിപ്പോര്‍ട്ട് പുറത്തു വന്നത്.
റഷ്യ നടത്തിയ സൈബര്‍ ആക്രമണത്തിന് വിശ്വാസ്യതയുടെ നിറം പകര്‍ന്ന് അഞ്ച് പ്രധാന നിഗമനങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവച്ചു. ഹിലരിക്ക് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ലഭിച്ച മുന്‍തൂക്കം ഇല്ലാതാക്കാനായാണ് റഷ്യ ഇടപെട്ടത്. പുടിനെ അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന് വിളിച്ച ഹിലരിക്കെതിരെ മറുപടി നല്‍കുകയായിരുന്നു സൈബര്‍ ആക്രമണത്തിന്റെ ലക്ഷ്യം. അമേരിക്കന്‍ ജനാധിപത്യത്തെയും ലിബറല്‍ ചിന്താഗതിയെയും തകര്‍ക്കാനുള്ള റഷ്യയുടെ നീക്കമായിരുന്നു സൈബര്‍ ആക്രമണം. പനാമ രേഖകള്‍ പുറത്തിറക്കിയതിലും പുടിന്‍ രോഷാകുലനായിരുന്നു- തുടങ്ങിയവയാണവ.
എന്നാല്‍, ഈ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത വ്യാപകമായി ചോദ്യംചെയ്യപ്പെട്ടു. അമേരിക്കന്‍ വോട്ടിങ്ങിനെയോ വോട്ടെണ്ണലിനെയോ റഷ്യ സ്വാധീനിച്ചതായി റിപ്പോര്‍ട്ട് ആരോപിക്കുന്നില്ല. റിപ്പോര്‍ട്ടിലുള്ള വസ്തുതകളുടെയും വിവരങ്ങളുടെയും ഉറവിടത്തെക്കുറിച്ച് മൗനം പാലിക്കുന്നെന്നുമാത്രമല്ല പുടിന്റെയും റഷ്യയുടെയും നേരിട്ടുള്ള പങ്ക് വെളിപ്പെടുത്തുന്ന ഒരു വസ്തുതയും റിപ്പോര്‍ട്ടിലില്ല. മാത്രമല്ല, റഷ്യ ഹാക്ക് ചെയ്ത ഇ-മെയിലുകളുടെ ഉള്ളടക്കത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല- തുടങ്ങി വിമര്‍ശനങ്ങള്‍ നീണ്ടു. ലോകപ്രശസ്തരായ പല പത്രപ്രവര്‍ത്തകരും അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്ന് അഭിപ്രായപ്പെടുകയുണ്ടായി.
2017 മെയിലാണ് പ്രസതുത കേസ് അന്വേഷിക്കാന്‍ മുന്‍ എഫ്ബിഐ ഡയറക്ടർ റോബർട്ട് മുള്ളറെ സ്പെഷ്യൽ കൗൺസലായി നിയമിക്കുന്നത്. 22 മാസത്തെ അന്വേഷണത്തിനു ശേഷം 2019 ഏപ്രിലിൽ നൽകിയ റിപ്പോർട്ടിൽ ആരോപണങ്ങള്‍ അദ്ദേഹം സ്ഥിരീകരിക്കുകയാണ് ചെയ്തത്. റഷ്യൻ ഇടപെടൽ വ്യാപകവും ആസൂത്രിതവും യുഎസ് ക്രിമിനൽ നിയമം ലംഘിക്കുകയും ചെയ്തതായായിരുന്നു മുള്ളറുടെ നിഗമനം. ഇരുപത്തിയാറ് റഷ്യൻ പൗരന്മാരെയും മൂന്ന് റഷ്യൻ സംഘടനകളെയും കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തു.
എന്നാൽ, അതിനുവേണ്ടി ട്രംപോ സഹായികളോ റഷ്യയുമായി കൂട്ടുകൂടുകയും ഗൂഢാലോചനയിൽ ഏർപ്പെടുകയും ചെയ്തുവെന്നതിനു തെളിവില്ലെന്നായിരുന്നു മുള്ളറുടെ കണ്ടെത്തല്‍. മൂന്ന് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം സെനറ്റ് ഇന്‍റലിജന്‍സ് കമ്മിറ്റി 2020 ആഗസ്ത് 18ന് പുറത്തുവിട്ട റിപ്പോര്‍ട്ടും ട്രംപിന് അനുകൂലമായി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ റഷ്യൻ സർക്കാർ വിപുലമായ പ്രചാരണത്തിൽ ഏർപ്പെട്ടതായി കണ്ടെത്തി. അതിൽ ട്രംപിന്റെ സ്വന്തം ഉപദേഷ്ടാക്കളിൽ ചിലരുടെ സഹായം ഉൾപ്പെട്ടതായും വിലയിരുത്തപ്പെട്ടിരുന്നു.
ഹിലരി ക്ലിന്റൻ; അൽ ഗോറിന്റെ രണ്ടാം പതിപ്പ്
പോൾ ചെയ്ത പോപ്പുലർ വോട്ടുകളിൽ ഭൂരിപക്ഷം നേടിയിട്ടും പരാജയം ഏറ്റുവാങ്ങേണ്ടിവന്ന രണ്ടാമത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്നു ഹിലരി ക്ലിന്‍റന്‍. 2000ൽ ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായി മത്സരിച്ച അൽ ഗോറിന് ഹിലരിക്കുണ്ടായ സമാന അനുഭവം തന്നെയായിരുന്നു. 54ാമത് പ്രസിഡന്റ് തിരഞ്ഞെടുപ്പായിരുന്നു 2000 നവംബർ 7ന് നടന്നത്. ടെക്സസ് ഗവർണറും 41ാമത് പ്രസിഡന്‍റ് ജോര്‍ജ്ജ് എച്ച് ഡബ്ല്യൂ ബുഷിന്‍റെ മൂത്ത മകനുമായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോർജ്ജ് വാക്കര്‍ ബുഷ് തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോള്‍ ഡെമോക്രാറ്റിക് നോമിനി അൽ ഗോർ പരാജയപ്പെട്ടു.
രണ്ട് പ്രധാന കക്ഷി സ്ഥാനാർത്ഥികളും ആഭ്യന്തര പ്രശ്‌നങ്ങളായ ബജറ്റ്, നികുതി ഇളവ്, ഫെഡറൽ സോഷ്യൽ ഇൻഷുറൻസ് പദ്ധതികൾക്കുള്ള പരിഷ്കാരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്തത്. അവസാന നിമിഷം വരെ അല്‍ ഗോറിന് അനുകൂലമായിരുന്നു സ്ഥിതിഗതികള്‍. അൽഗോർ അഞ്ച് കോടി 9 ലക്ഷം പോപ്പുലർ വോട്ടുകള്‍ നേടിയപ്പോള്‍ ജോർജ് ഡബ്ല്യു. ബുഷിന് അഞ്ച് കോടി നാല് ലക്ഷം വോട്ടുകളായിരുന്നു ലഭിച്ചത്. അതായത് പോള്‍ ചെയ്തതിന്റെ 48.4 ശതമാനം വോട്ട് അൽ ഗോറിന് ലഭിച്ചു. ബുഷിന് 47.9 ശതമാനം വോട്ട് മാത്രം.
എന്നാൽ, ഗോര്‍ 5,43,895 വോട്ട് അധികം നേടിയിട്ടും തോറ്റു. കാരണം, സാധാരണ ജനങ്ങള്‍ നേരിട്ടല്ല അമേരിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. അവര്‍ ഇലക്ടറല്‍ കോളേജിനെയാണ് നിശ്ചയിക്കുന്നത്. ബുഷിന് 271 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ കിട്ടിയപ്പോള്‍ ഗോറിന് 266 മാത്രമാണ് കിട്ടിയത്. അങ്ങനെ 5 വോട്ട് ഭൂരിപക്ഷത്തില്‍ ബുഷ് ജയിച്ചു. അന്തിമഫലം ഓർക്കപ്പുറത്ത് വിപരീതമായപ്പോൾ വിവാദങ്ങളുടെ കേന്ദ്രം ഫ്ലോറിഡയായിരുന്നു. ഈ ഒരൊറ്റ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലമാണ് അൽ ഗോറിന്റെ പ്രസിഡന്റ് പദവി കയ്യെത്തും ദൂരത്ത് നിന്ന് തട്ടിക്കളഞ്ഞത്.
ഫ്‌ളോറിഡയില്‍ 25 ഇലക്ടറല്‍ കോളേജ് വോട്ടുകളാണുള്ളത്. ജനങ്ങളില്‍ നിന്ന് നേരിട്ടുള്ള വോട്ടുകള്‍ കൂടുതല്‍ നേടുന്നവര്‍ക്ക് ആ വോട്ടുകള്‍ ലഭിക്കും. ബുഷിന് ജനങ്ങളുടെ 29,12,790 വോട്ട് ലഭിച്ചപ്പോള്‍ ഗോറിന് 29,12,253 വോട്ട് മാത്രം. ഫ്‌ളോറിഡയില്‍ അധികം നേടിയ വെറും 537 വോട്ടുകളാണ് ബുഷിനെ പ്രസിഡന്റാക്കിയത് എന്നര്‍ത്ഥം. ഒരു മാസം നീണ്ടുനിന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ബുഷിനെ പ്രസിഡന്‍റായി പ്രഖ്യാപിച്ചത്. ജോര്‍ജ്ജ് വാക്കര്‍ ബുഷിന്റെ സഹോദരന്‍ ജെബ് ബുഷ് ഫ്‌ളോറിഡയില്‍ ഗവര്‍ണ്ണറായിരുന്നു. സഹോദരനു വേണ്ടി ജെബ് നടത്തിയ അട്ടിമറിയാണ് അന്തിമ ഫലത്തെ സ്വാധീനിച്ചതെന്ന ആരോപണങ്ങളും ഏറെക്കുറെ തെളിഞ്ഞിരുന്നു. 2001 ജനുവരി 20 നാണ് ബുഷ് സത്യപ്രതിജ്ഞ ചെയ്തത്. 2004 ലെ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി വിജയിച്ച ബുഷ് അടുത്ത എട്ട് വർഷം സേവനമനുഷ്ഠിച്ചു.
ട്രംപിന് പണികൊടുത്ത യുക്രെയ്ന്‍ ബന്ധം
ഡൊണാൾഡ് ട്രംപിനെ പ്രസിഡന്റ് പദത്തിൽ എത്തിച്ച തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടിരുന്നുവെന്ന ആരോപണം കത്തി നില്‍ക്കുമ്പോഴാണ് രണ്ടാം തവണയും പ്രസിഡന്റാകാനുള്ള ട്രംപിന്‍റെ ശ്രമം വിവാദത്തിലായത്. ഇത്തവണ റഷ്യയോടൊപ്പം സോവിയറ്റ് യൂണിയന്റെ ഘടകമായിരുന്ന കിഴക്കന്‍ യുറോപ്പിലെ യുക്രെയ്നായിരുന്നു ബാഹ്യ ശക്തി. യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ളോഡിമീർ സെലൻസ്കിയുമായി ട്രംപ് നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ നിന്നായിരുന്നു വിവാദത്തിന്റെ തുടക്കം.
നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയസാധ്യതയ്ക്കു തുരങ്കം വയ്ക്കാനായി അദ്ദേഹത്തെ കരിതേച്ചുകാണിക്കാനായിരുന്നുവത്രെ ട്രംപിന്‍റെ ശ്രമം. യുക്രെയിനിലെ ബുരിസ്മ ഹോൾഡിങ് എന്ന വൻകിട ഗ്യാസ് കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളായ ബൈഡന്‍റെ രണ്ടാമത്തെ മകൻ ഹണ്ടറിനെ ലക്ഷ്യം വച്ചായിരുന്നു പദ്ധതി. ബുരിസ്മയുമായി ബന്ധപ്പെട്ട ഒരു അഴിമതിക്കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ മകനെ രക്ഷിക്കാനായി ബൈഡൻ ഇടപെട്ടുവെന്ന ആരോപണമാണ് സംഭവത്തിന്റെ പശ്ചാത്തലം.
ആരോപണം വാസ്തവമാണെങ്കിൽ അതു ഗുരുതരമായ ക്രമക്കേടിന് ഉദാഹരണമാണ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ബൈഡനെ അതു പ്രതിരോധത്തിലാക്കുകയും ചെയ്യുമായിരുന്നു. യുക്രെയിനു നൽകാൻ തീരുമാനിച്ചിരുന്ന 40 കോടി ഡോളറിന്റെ യുഎസ് സഹായം പിടിച്ചുവച്ച് സെലൻസ്കിയെ സമ്മർദത്തിലാക്കിയായിരുന്നു ട്രംപിന്‍റെ നീക്കം. എന്നാല്‍, രഹസ്യമായി നടന്ന ട്രംപ്-സെലൻസ്കി ഫോൺ സംഭാഷണത്തിന്റെ വിവരം വൈറ്റ്ഹൗസിലെ തന്നെ ഒരു ഉദ്യോഗസ്ഥന്‍ പുറത്തുവിട്ടതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു.
സംഭവം പരസ്യമായതോടെ ഫോൺ സംഭാഷണത്തിന്റെ രേഖ ട്രംപ് തന്നെ പുറത്തുവിടുകയായിരുന്നു. താൻ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിൽ ട്രംപ് ഉറച്ചുനിൽക്കുകയും ചെയ്തു. എന്നാല്‍, അധികാര ദുര്‍വിനിയോഗം, പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ട്രംപിനെതിരെ ഇംപീച്ച്മെന്‍റ് നടപടികള്‍ പുരോഗമിച്ചു. ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റ് പ്രമേയം തള്ളി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ സെനറ്റ് പ്രമേയം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സാകണമായിരുന്നു. ഇതോടെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുകയും സെനറ്റ് പ്രമേയം തള്ളുകയും ചെയ്ത മൂന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്. ( 1868 ല്‍ ആന്‍ഡ്രൂ ജോണ്‍സണും 1999 ല്‍ ബില്‍ ക്ലിന്റണുമാണ് ജനപ്രതിനിധി സഭയില്‍ ഇംപീച്ച് ചെയ്യപ്പടുകയും സെനറ്റില്‍ സംരക്ഷിക്കപ്പെടുകയും ചെയ്ത പ്രസിഡന്റുമാര്‍ )
ഇതിനിടയിൽതന്നെ മറ്റൊരു കാര്യവും വെളിപ്പെട്ടു. ട്രംപ് കരുതിയതുപോലുള്ള ഒരു കേസ് യുക്രെയിനിൽ ബൈഡന്റെ മകന്റെ പേരിലുണ്ടായിരുന്നില്ല. അവിടത്തെ കമ്പനിയിൽ അദ്ദേഹം ചേർന്നത് 2014ലാണ്. അന്വേഷണം നടന്നത് ആ കമ്പനിയുമായി ബന്ധപ്പെട്ട് അതിനുമുൻപ് നടന്ന അഴിമതിയെക്കുറിച്ചായിരുന്നു. അതിനാൽ മകനെ രക്ഷിക്കാൻ ബൈഡൻ ഇടപെട്ടുവെന്ന ആരോപണത്തിൽ കഴമ്പുണ്ടായിരുന്നില്ല. പകരം ട്രംപിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുകയും ചെയ്തു.
ദുഃസൂചനകള്‍ സജീവമാകുന്ന തെരഞ്ഞെടുപ്പ്
2016ലെ ദുരനുഭവം കണക്കിലെടുത്ത് ഇക്കുറി അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ആശാസ്യമല്ലാത്ത ബാഹ്യ ഇടപ്പെടലുകള്‍ മുന്നില്‍ കണ്ടുള്ള കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ഫെഡറല്‍ ഭരണകൂടത്തിന്റെ അവകാശവാദം. ഫെഡറല്‍, സ്റ്റേറ്റ്, ലോക്കല്‍ ഓഫീസര്‍മാര്‍ വോട്ടിങ് സംവിധാനങ്ങള്‍ സുരക്ഷിതമാക്കുന്നതിന് മുന്‍ഗണന നല്‍കി കഴിഞ്ഞു.
തെരഞ്ഞെടുപ്പ് പ്രക്രിയയെ ദുര്‍ബ്ബലപ്പെടുത്തുന്നതിനായി മുഖ്യമായും ബ്യൂറോക്രസിയെ തകര്‍ക്കുകയെന്നതിലാണ് ബാഹ്യശക്തികളുടെ ഊന്നല്‍. ഇത് മുന്‍കൂട്ടി കണ്ട് സാധ്യതയുള്ള ഭീഷണികളെ തടയിടുന്നതിനായുള്ള കുറ്റമറ്റ സുരക്ഷ നടപടികളിലൂന്നി കൃത്യമായ ഇടവേളകളില്‍ അവലോകനങ്ങളും നടന്നു വരുന്നു. ബാഹ്യശക്തികളുടെ സൈബര്‍ ഭീഷണികളും സംശയാസ്പദ പ്രവര്‍ത്തനങ്ങളും കണ്ടെത്തുന്നതിന് മികവുറ്റ നെറ്റ്‌വർക്ക് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
റഷ്യയും ചൈനയുമടക്കമുള്ള ബാഹ്യശക്തികള്‍ ഇടപ്പെട്ടേക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നു. സൈബര്‍ ഇടപ്പെടലുകളില്‍ മാത്രം ഒതുങ്ങുന്നതായിരിക്കില്ല ഇപ്പറഞ്ഞ രാജ്യങ്ങളുടെ ഇടപ്പെടലെന്നാണ് സൂചന. വോട്ടര്‍ രജിസ്‌ട്രേഷന്‍ ഡാറ്റയിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്താനോ ഡാറ്റാ അലങ്കോലമാക്കുവാനോ ശേഷിയുള്ള റാന്‍സവെയര്‍ ആക്രമണമാണ് മുന്നില്‍ കാണുന്നത്. അത്തരം ആക്രമണമുണ്ടായാല്‍ തന്നെ അത് വേഗത്തില്‍ പരിഹരിച്ച് പുന:സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതും.
Also Read: “തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ എല്ലാവർക്കും സൗജന്യ കൊവിഡ് വാക്‌സിനെന്ന് ജോ ബൈഡൻ”
എന്നാല്‍, ഡമോക്രാറ്റ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ഇ-മെയില്‍ സന്ദേശങ്ങളെത്തുന്നുവെന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളാണ് മുന്നൊരുക്കങ്ങളെ ദുര്‍ബ്ബലമാക്കുന്നത്. ഇക്കാര്യത്തിൽ ഇന്റലിജൻസ് ഏജൻസികൾ ആശങ്കയിലാണ്. ഇറാനും റഷ്യയും ചില വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ നേടിയതായി യുഎസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുമ്പോള്‍ ആരോപണം നിഷേധിച്ച് റഷ്യ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍, റഷ്യൻ ടെലിവിഷൻ ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ട്രംപിനെ ഉയർത്തിക്കാട്ടാനുള്ള പ്രചാരണങ്ങള്‍ നടക്കുന്നതായി അമേരിക്കയുടെ നാഷണൽ കൗണ്ടർ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി സെന്റർ ഡയറക്ടർ വില്യം ഇവാനിന കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.
അമേരിക്കൻ വോട്ടർമാരെ ഭീഷണിപ്പെടുത്താനും തെരഞ്ഞെടുപ്പിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയെ അലങ്കോലമാക്കാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രൗഡ് ബോയ്സാണ് ഈ വ്യാജ മെയിലുകൾക്ക് പിന്നിലെന്നാണ് പ്രസിഡന്റ് ട്രംപിൻ്റെ വെളിപ്പെടുത്തൽ. വിദ്വേഷ ആശയങ്ങളെയും സംഘടനകളെയും എതിര്‍ക്കുന്ന അമേരിക്കയിലെ ആന്‍റി ഡെഫമേഷന്‍ ലീഗ് (ADL) നിര്‍വചനം അനുസരിച്ച് വലതുപക്ഷ തീവ്രആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് പ്രൗഡ് ബോയ്‍സ്‍. കുടിയേറ്റ വിരുദ്ധത, ഇസ്ലാം വിരുദ്ധത, ട്രാന്‍സ്‍ജെണ്ടര്‍ വിരുദ്ധത, സ്ത്രീവിരുദ്ധത എന്നിവയാണ് വിവാദ സംഘടന ശീലിക്കുന്നത്.
പ്രൗഡ് ബോയ്‍സ്‍ സംഘടന അമേരിക്കയില്‍ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാള്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആണ്. ആശയപരമായ ഈ യോജിപ്പിനെ സാധൂകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ടെലിവിഷന്‍ സംവാദത്തിലായിരുന്നു ട്രംപ് നിഷ്പക്ഷ നിലപാട് സ്വീകരിച്ചത്. പ്രൗഡ് ബോയ്‌സിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍, ട്രംപിന്റെ സഹജാവബോധം കൂടുതല്‍ കഠിനമായി വ്യക്തമാക്കുന്നു. എതിരാളിക്കെതിരെ പോരാടാനും വ്യക്തിപരമായ ആക്രമണങ്ങള്‍ തീവ്രമാക്കാനും എങ്ങനെ പെരുമാറണമെന്ന് ഇതു കാണിക്കുന്നതായി ഡെമോക്രാറ്റിക്ക് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
അതേസമയം, മറ്റേതൊരു രാജ്യത്തെക്കാളും ചൈന ഉയർത്തുന്ന സുരക്ഷാ ഭീഷണി അത്യന്തം അപകടകരമാണെന്നാണ് ദേശീയ സുരക്ഷ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. സാമ്പത്തികമായും സൈനികമായും സാങ്കേതികമായും ചൈന മറ്റേതൊരു രാജ്യത്തേക്കാളും യുഎസിന് വലിയ ദേശീയ സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്. നയരൂപീകരണത്തിൽ ഇടപെടാവുന്ന തരത്തിൽ തെരഞ്ഞെടുപ്പിനുമുമ്പ് അമേരിക്കയിൽ സ്വാധീനം വർധിപ്പിക്കാൻ ചൈന ശ്രമിക്കുന്നതായാണ് വിലയിരുത്തല്‍.
ഡെമോക്രാറ്റിക് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന ഇമെയിലുകള്‍ അയച്ചതിന്റെ ഉത്തരവാദിത്തം ഇറാനാണെന്ന് പറയുന്നതിലെ വൈരുദ്ധ്യമാണ് മറ്റൊരു ചര്‍ച്ചാ വിഷയം. ട്രംപിന്‍റെ ശത്രുസ്ഥാനത്ത് നില്‍ക്കുന്ന ഇറാന്‍ ട്രംപിനെ ജയിപ്പിക്കാന്‍ തുനിഞ്ഞിറങ്ങുമോ എന്നതു തന്നെയാണ് ഇവിടെ മുഴച്ചു നില്‍ക്കുന്ന സംശയം. പശ്ചിമേഷ്യന്‍ സമാധാന കരാറുകള്‍ക്ക് ചുക്കാന്‍ പിടിച്ച് കൂടെ നില്‍ക്കുന്ന ട്രംപിനെ വീണ്ടും പ്രസിഡന്‍റ് സ്ഥാനത്ത് കാണാന്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ അതിരറ്റ് കൊതിക്കും. അങ്ങനെയെങ്കില്‍ ആ വഴിക്കും ഒരു അട്ടിമറിക്ക് സാധ്യതകള്‍ തെളിയുന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാഹ്യശക്തികളുടെ ഇടപ്പെടലുകളില്‍ നിന്ന് രക്ഷിക്കാന്‍ ഫെഡറല്‍ ഉദ്യോഗസ്ഥ ഭരണ സംവിധാനങ്ങള്‍ മാത്രം ഉണര്‍ന്നു പ്രവര്‍ത്തിച്ചതുകൊണ്ടു കാര്യമായില്ല. ജനാധിപത്യ പ്രക്രിയയിലെ മുഖ്യപങ്കാളികളായ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളും ഇവിടെ നിര്‍ണ്ണായകമാണ്. ബാഹ്യശക്തികളെ ക്ഷണിച്ചു വരുത്തുന്ന രീതിയിലുള്ള നടപടികളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളും പിന്‍മാറണം. നാടു നീങ്ങുന്ന ജനാധിപത്യം പുനഃസ്ഥാപിച്ചുകൊണ്ട് ലോകാധിപതിയായി തുടരാന്‍ ഇത് അനിവാര്യമാണ്. മറിച്ചാണെങ്കില്‍ അമേരിക്കന്‍ ജനാധിപത്യത്തില്‍ അധഃപതനത്തിന്‍റെ നാളുകളായിരിക്കും സംജാതമാകുന്നത്.