ന്യൂഡെല്‍ഹി: അതിപുരാതന ഇന്ത്യയില്‍ പാലുല്പാദനം നിലനിന്നിരുന്നുവെന്ന് പുരാവസ്തു ഗവേഷകര്‍. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് സിന്ധു നദീതട നാഗരികതയില്‍ പാലുല്പാദനം നിലനിന്നിരുന്നുവെന്നാണ് പുരാവസ്തു ഗവേഷണ കണ്ടെത്തല്‍. മൃഗസംരക്ഷണത്തില്‍ അതിപുരാതന ഇന്ത്യന്‍ നാഗരികത സജീവമായിരുന്നുവെന്നതിന്റെ പുരാവസ്തു തെളിവാണിത്. ഇന്ത്യ- കാനഡ പുരാവസ്തു ഗവേഷകരുടേതാണീ കണ്ടെത്തല്‍ – ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.
സിന്ധു നദീതട നാഗരികതയെ പലപ്പോഴും മൂന്ന് ഘട്ടങ്ങളയാണ് വേര്‍തിരിക്കുന്നത്. ക്രി.മു. 3300 മുതല്‍ 2600 വരെയുള്ള ആദ്യകാല ഹാരപ്പന്‍ ഘട്ടം. പക്വതയാര്‍ന്ന ഹാരപ്പന്‍ ഘട്ടം 2600 – 1900. പില്‍ക്കാല ഹാരപ്പന്‍ ഘട്ടം 1900 – 1300. ടൊറന്റോ മിസിസ്സാഗയിലെ യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ്‌ഡോക്ടറല്‍ ഗവേഷകനായ കല്യാണ്‍ ശേഖര്‍ ചക്രബര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് അതിപുരാതന നാഗരികത പാലുല്പാദനത്തിലേര്‍പ്പെട്ടിരുന്നുവെന്ന പുരാവസ്തു തെളിവ് നിരത്തിയിട്ടുള്ളത്.
ഗുജറാത്തിലെ ഗ്രാമീണ വാസസ്ഥലമായ കൊടട ഭഡ്ലി പുരാവസ്തു മേഖലയില്‍ നിന്ന് കണ്ടെത്തിയ മണ്‍പാത്ര അവശിഷ്ടങ്ങളുടെ തന്മാത്ര രാസ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഫലങ്ങള്‍. ഗവേഷണ വിധേയമാക്കിയ 59 സാമ്പിളുകളില്‍ 22 എണ്ണത്തില്‍ പാല്‍ കൊഴുപ്പിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു . സ്റ്റേബിള്‍ ഐസോടോപ്പ് അനാലിസിസ് പ്രക്രിയയിലൂടെ പാല്‍ അയവിറക്കുന്ന മൃഗത്തിന്റേതെന്ന് തിരിച്ചറിയാനും ഗവേഷകര്‍ക്ക് കഴിഞ്ഞു. ആടുകളെയും ആടുകളെയും അപേക്ഷിച്ച് പശുക്കകള്‍ / എരുമകള്‍ പോലുള്ള കാലികളുടേതാണ് പാലെന്ന് നിഗമനത്തിലെത്തി.
സിന്ധു നദീതട നാഗരികതയില്‍ പാലുല്പാപാദനം നടന്നിരുന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നത് ഇതാദ്യമാണ്.